Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഉരുൾപൊട്ടൽ കവർന്നെടുത്ത ആറ് പേർക്കും കാവാലി പള്ളിയിൽ അന്ത്യനിദ്ര; കരൾപിടയും വേദനയോടെ യാത്രചൊല്ലി ഒരു നാട്; കൂട്ടിക്കലിൽ മരിച്ച ഒരു കുടുംബത്തിലെ ആറ് പേരെയും സംസ്‌കരിച്ചു

ഉരുൾപൊട്ടൽ കവർന്നെടുത്ത ആറ് പേർക്കും കാവാലി പള്ളിയിൽ അന്ത്യനിദ്ര; കരൾപിടയും വേദനയോടെ യാത്രചൊല്ലി ഒരു നാട്; കൂട്ടിക്കലിൽ മരിച്ച ഒരു കുടുംബത്തിലെ ആറ് പേരെയും സംസ്‌കരിച്ചു

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: കൂട്ടിക്കലിൽ ഉരുൾപൊട്ടലിൽ മരണമടഞ്ഞ ഒരു കുടുംബത്തിലെ ആറ് പേരുടേയും മൃതദേഹങ്ങൾ സംസ്‌കരിച്ചു. കൂട്ടിക്കൽ കാവാലി ഒട്ടലാങ്കൽ മാർട്ടിൻ(48), അമ്മ ക്ലാരമ്മ(65), ഭാര്യ സിനി മാർട്ടിൻ(45), മക്കളായ സ്നേഹ മാർട്ടിൻ(14), സോന മാർട്ടിൻ (12), സാന്ദ്ര മാർട്ടിൻ(10) എന്നിവരുടെ മൃതദേഹങ്ങളാണ് കാവാലി സെന്റ് മേരീസ് പള്ളിയിൽ എത്തിച്ചത്. വീടിരുന്ന സ്ഥലത്ത് ഒന്നും അവശേഷിച്ചിട്ടില്ലാത്തതിനാൽ പള്ളിയിൽ തന്നെയായിരുന്നു പൊതുദർശനം.

മൂന്ന് കുഞ്ഞുങ്ങളടക്കമുള്ള ആറ് പേരുടെയും മൃതശരീരങ്ങൾ കാവാലി സെന്റ് മേരീസ് പള്ളിയിൽ എത്തിച്ചപ്പോൾ അവർക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയവർ പൊട്ടിക്കരഞ്ഞുകൊണ്ടായിരുന്നു ചടങ്ങിൽ പങ്കാളികളായത്. പതംപറഞ്ഞുകൊണ്ടുള്ള പരിസരവാസികളുടെ കരച്ചിൽ കണ്ടുനിന്നവരുടെ കരൾ പിളർക്കുന്നതായിരുന്നു. ഉരുൾപൊട്ടലിനെ തുടർന്ന് പ്രദേശവാസികളെയാകെ ദുരിതാശ്വാസ ക്യാംപിലേയ്ക്ക് മാറ്റിയതിനാൽ അയൽവാസികൾക്ക് എല്ലാവർക്കും സംസ്‌കാരച്ചടങ്ങിൽ പങ്കെടുക്കാൻ സാധിച്ചില്ല.

സംസ്‌കാര ചടങ്ങിൽ സംസ്ഥാന സർക്കാരിനുവേണ്ടി സഹകരണ-രജിസ്ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവൻ, പട്ടികജാതി-വർഗ വകുപ്പു മന്ത്രി കെ. രാധാകൃഷ്ണൻ എന്നിവർ അന്ത്യോപചാരമർപ്പിച്ചു. ആന്റോ ആന്റണി എംപി., എംഎ‍ൽഎ.മാരായ സെബാസ്റ്റ്യൻ കുളത്തുങ്കൽ, വാഴൂർ സോമൻ, അഡ്വ. മോൻസ് ജോസഫ്, ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ, ജില്ലാ പൊലീസ് മേധാവി ഡി. ശില്പ, എ.ഡി.എം. ജിനു പുന്നൂസ്, ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എസ്. ശരത്ത്, ജില്ലാ പഞ്ചായത്തംഗം പി.ആർ. അനുപമ എന്നിവരുമുണ്ടായിരുന്നു.

ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ മണ്ണിടിച്ചിലിലാണ് മാർട്ടിന്റെ കുടുംബം ഒന്നാകെ അകപ്പെട്ടു പോയത്. അപകടം ഉണ്ടാകുന്ന സമയത്ത് എല്ലാവരും വീട്ടിൽ ഉണ്ടായിരുന്നു. മൂന്ന് കുട്ടികളും വിദ്യാർത്ഥികളാണ്. വീടിന് മുകൾഭാഗത്തുണ്ടായ ഉരുൾപ്പൊട്ടലിൽ ഇവരുടെ വീട് ഒലിച്ചുപോകുകയായിരുന്നു. കെട്ടിട നിർമ്മാണ വസ്തുക്കൾ വിൽക്കുന്ന കടയിൽ സ്റ്റോർ കീപ്പറായിരുന്നു മാർട്ടിൻ. അച്ഛൻ മൂന്ന് വർഷം മുമ്പ് മരണപ്പെട്ടിരുന്നു. ഒരു കുടുംബത്തെ ഒന്നാകെയാണ് ഉരുൾപൊട്ടൽ കവർന്നെടുത്തത്.

ശനിയാഴ്ച തന്നെ ക്ലാരമ്മ, സിനി, സോന എന്നിവരുടെ മൃതദേഹങ്ങൾ ലഭിച്ചിരുന്നു. ഇന്നലെയാണ് മാർട്ടിൻ, സ്‌നേഹ, സാന്ദ്ര എന്നിവരുടെ മൃതദേഹങ്ങൾ ലഭിച്ചത്. തുടർന്ന് ഒരുമിച്ച് സംസ്‌കാരം നടത്താൻ നിശ്ചയിക്കുകയായിരുന്നു. പോസ്റ്റ്‌മോർട്ടത്തിനു ശേഷം മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹങ്ങൾ 12:30 ന് പള്ളിയിൽ എത്തിക്കുകയായിരുന്നു. രണ്ട് കല്ലറകളിലായാണ് സംസ്‌കാരം നടന്നത്.

കൂട്ടിക്കൽ വില്ലേജ് പ്ലാപ്പള്ളി ഭാഗത്താണ് ഉരുൾപൊട്ടൽ ഉണ്ടായത്. മൂന്നു കുടുംബങ്ങളിലെ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവരാണ് അപകടത്തിൽ പെട്ടത്. കുടുംബത്തിലെ ചിലർ വെള്ളം കെട്ടിനിൽക്കുന്നത് ഒഴുക്കിവിടാൻ മറ്റൊരു ഭാഗത്തേക്കു പോയ സമയത്താണ് ഉരുൾപൊട്ടി വീടുകൾ ഒലിച്ചു പോയതെന്നു രക്ഷാപ്രവർത്തകർ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP