Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പേരാവൂർ ചിട്ടി തട്ടിപ്പിൽ സിപിഎമ്മിൽ ശുദ്ധികലശം തുടങ്ങി; ആരോപണ വിധേയനായ നേതാവിനെ പാർട്ടി ഭാരവാഹിത്വത്തിൽ നിന്നും നീക്കം ചെയ്തു: നിക്ഷേപകർക്കു മുൻപിൽ പുതിയ ഫോർമുലയുമായി ജില്ലാ നേതൃത്വം

പേരാവൂർ ചിട്ടി തട്ടിപ്പിൽ സിപിഎമ്മിൽ ശുദ്ധികലശം തുടങ്ങി; ആരോപണ വിധേയനായ നേതാവിനെ പാർട്ടി ഭാരവാഹിത്വത്തിൽ നിന്നും നീക്കം ചെയ്തു: നിക്ഷേപകർക്കു മുൻപിൽ പുതിയ ഫോർമുലയുമായി ജില്ലാ നേതൃത്വം

മറുനാടൻ മലയാളി ബ്യൂറോ

കണ്ണുർ: പേരാവൂർ സഹകരണ ഹൗസ് ബിൽഡിങ് സൊസൈറ്റി ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട് സിപിഎമ്മിൽ അച്ചടക്ക നടപടി തുടങ്ങി' പാർട്ടി നിയോഗിച്ച അന്വേഷണ സമിതിയുടെ റിപ്പോർട്ട് പ്രകാരമാണ് കടുത്ത നടപടികളുമായി സിപിഎം മുൻപോട്ടു പോകുന്നത്. സഹകരണ ഹൗസ് ബിൽഡിങ് സൊസൈറ്റി ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ സൊസൈറ്റി മുൻ പ്രസിഡന്റിനെ സിപിഎം പാർട്ടി ഭാരവാഹിത്വത്തിൽ നിന്നും നീക്കം ചെയ്തിട്ടുണ്ട്.

കെ. പ്രിയനെയാണ് നെടുംപൊയിൽ ലോക്കൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയത്. പകരം പുതിയ സെക്രട്ടറിയായി പി. പ്രഹ്ലാദനെ കഴിഞ്ഞ ദിവസം ചേർന്ന ലോക്കൽ സമ്മേളനം തെരഞ്ഞെടുത്തു. പ്രിയനെ സംഘടനാ പുനഃക്രമീകരണങ്ങളുടെ ഭാഗമായി മാറ്റിയതാണെന്ന് സിപിഎം പറയുന്നുണ്ടെങ്കിലും ചിട്ടിപ്പണം നഷ്ടപ്പെട്ട നിക്ഷേപകരുടെ സമരസമിതി പ്രവർത്തകർ കഴിഞ്ഞ ദിവസം പ്രിയന്റെ വീട്ടിലേക്ക് മാർച്ച് നടത്താൻ ഒരുങ്ങിയ പശ്ചാത്തലത്തിലാണ് സംഘടനാ സംവിധാനത്തിൽ നിന്നും ഇയാളെ നീക്കം ചെയ്തത്.എന്നാൽ സിപിഎം ജില്ലാ നേതൃത്വത്തിന്റെ അഭ്യർത്ഥന പ്രകാരം സമരസമിതി പ്രതിഷേധ മാർച്ചു പിൻവലിച്ചിരുന്നു.

ഇതേ സമയം, പേരാവൂർ സഹകരണ ആശുപത്രി വിൽപ്പന വിവാദത്തിൽ പാർട്ടി അച്ചടക്ക നടപടിക്ക് വിധേയനായ കെ.പി. സുരേഷ്‌കുമാറിനെ നെടുംപൊയിൽ ലോക്കൽ കമ്മിറ്റിയിലേക്കും പേരാവൂർ ഏരിയാ സമ്മേളന പ്രതിനിധിയായും തെരഞ്ഞെടുത്തിട്ടുണ്ട്.ചിട്ടി തട്ടിപ്പു പോലെ പാർട്ടിക്കുള്ളിൽ വിവാദമായ കേസായിരുന്നു സഹകരണ. ആശുപത്രി വിൽപ്പനയും 2018 ൽ വിവാദവുമായി ബന്ധപ്പെട്ട് പേരാവൂർ ഏരിയാ കമ്മിറ്റിയംഗമായിരുന്ന കെ.പി. സുരേഷ്‌കുമാറിനെ ഞാലിൽ ബ്രാഞ്ച് കമ്മറ്റിയിലേക്ക് തരം താഴ്‌ത്തിയിരുന്നു. അന്ന് കോളയാട് പഞ്ചായത്ത് പ്രസിഡന്റായിരുന്ന സുരേഷ് കുമാറിന് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവും നഷ്ടപ്പെട്ടിരുന്നു.എന്നാൽ ഇപ്പോൾ ആരോപണ വിധേയനായ വ്യക്തിയെ പാർട്ടി നേതൃതലത്തിലേക്ക് കൊണ്ടുവന്നത് അണികൾക്കിടെയിൽ ചൂടേറിയ ചർച്ചയായിട്ടുണ്ട്

ഇതിനിടെ പേരാവൂർ ഹൗസ് ബിൽഡിങ് സൊസൈറ്റിയിലെ ചിട്ടി തട്ടിപ്പിനിരയായനിക്ഷേപകർക്ക് പണം തിരികെ നൽകാൻ ഫോർമുലയുമായി സിപിഎം രംഗത്തെത്തിയത് പാർട്ടി സമ്മേളനങ്ങൾ കഴിയും വരെ പിടിച്ചു നിൽക്കാനാണെന്ന. ആരോപണവും വിവിധ കോണുകളിൽ നിന്നും ഉയർന്നിട്ടുണ്ട്. സംഘത്തിന്റെ ആസ്തിയായ കെട്ടിടം വിറ്റ് നിക്ഷേപകർക്ക് പണം തിരികെ നൽകുന്നതുൾപ്പെടെയാണ് സിപിഎം മുന്നോട്ടു വച്ച ഫോർമുലയിലുള്ളത്.

എന്നാൽ ഇതു പ്രായോഗികമല്ലെന്നാണ് സഹകരണ രംഗത്തെ വിദഗ്ദ്ധർ പറയുന്നത്. സഹകരണ നിയമങ്ങളനുസരിച്ച് സ്ഥാപനങ്ങൾ ലിക്വഡേറ്റ് ചെയ്യുന്നതിന് ഒട്ടേറെ കടമ്പകളുണ്ട്.നടപടികൾ പുർത്തിയാക്കി 15 വർഷമായിട്ടും ലിക്വിഡേറ്റ് ചെയ്യാൻ കഴിയാത്ത സ്ഥാപനങ്ങളുണ്ട്. എന്നാൽ ഇതൊക്കെ വ്യക്തമായി അറിയാമെങ്കിലും സമ്മേളന കാലം കഴിയുന്നതുവരെ നിക്ഷേപകരുമായി ഒരു താൽക്കാലിക ഫോർമുലയുണ്ടാക്കി തടിയൂരാനാണ് ജില്ലാ നേതൃത്വം ശ്രമിക്കുന്നത്.

ഫോർമുല വിഷയം ചർച്ച ചെയ്യുന്നതിന് 19ന് ജില്ലാ സെക്രട്ടറി എം വി ജയരാജൻ സമരസമിതി നേതാക്കളുമായും പേരാവൂർ ഏരിയാ കമ്മറ്റി നേതാക്കളുമായും ചർച്ച നടത്തും . നിലവിൽ പാർട്ടി മുൻപോട്ടുവച്ച നിർദേശത്തിൽ മെമ്പർമാരുടെ പൊതുയോഗം വിളിച്ച് തീരുമാനമെടുക്കുമെന്നാണ് സൂചന. ഇക്കാര്യത്തിൽ തീരുമാനമായാൽ സഹകരണ വകുപ്പിൽ സമ്മർദ്ദം ചെലുത്തി കെട്ടിടം വിറ്റ് ബാധ്യതകൾ തീർക്കുമെന്നും നേതാക്കൾ പറയുന്നു.

നിലവിൽ സഹകരണ വകുപ്പിന്റെ ഓഡിറ്റ് പ്രകാരം ബാങ്കിലേക്ക് തിരിച്ചുകിട്ടാനുള്ളത് ഒരു കോടി 86 ലക്ഷം രൂപ മാത്രമാണ്. ഇതിൽ ഏകദേശം 90 ശതമാനത്തോളം ബിനാമി ഇടപാട് നടത്തി മതിയായ രേഖകൾ വയ്ക്കാതെ നൽകിയ വായ്പയാണ്. അതിനാൽ രേഖകളുടെ അടിസ്ഥാനത്തിൽ 25 ലക്ഷത്തോളം രൂപ മാത്രമേ തിരിച്ചു ലഭിക്കുകയുള്ളുവെന്നും കണ്ടെത്തിയിരുന്നു. കുടിശിക പൂർണമായും പിരിച്ചെടുത്താലും നിക്ഷേപകർക്ക് നൽകാനുള്ള പണം മുഴുവനായും നൽകാനാവില്ല. ഈ സഹാചര്യത്തിലാണ് സ്വന്തമായുള്ള കെട്ടിടം വിൽപന നടത്തി ബാധ്യത തീർക്കുകയെന്ന നിലപാടിലെത്തിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP