Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വൃഷ്ടിപ്രദേശത്ത് നീരൊഴുക്ക് കുറഞ്ഞു; ഇടുക്കി, ഇടമലയാർ, കക്കി ഡാമുകൾ ഉടൻ തുറക്കില്ല; ജലനിരപ്പ് നിയന്ത്രണവിധേയം; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കെഎസ്ഇബി; മഴക്കെടുതിയിൽ വൈദ്യുതി ബോർഡിന് കനത്ത നഷ്ടം

വൃഷ്ടിപ്രദേശത്ത് നീരൊഴുക്ക് കുറഞ്ഞു; ഇടുക്കി, ഇടമലയാർ, കക്കി ഡാമുകൾ ഉടൻ തുറക്കില്ല; ജലനിരപ്പ് നിയന്ത്രണവിധേയം; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കെഎസ്ഇബി; മഴക്കെടുതിയിൽ വൈദ്യുതി ബോർഡിന് കനത്ത നഷ്ടം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കനത്ത മഴ തുടരുകയാണെങ്കിലും സംസ്ഥാനത്തെ പ്രധാന അണക്കെട്ടുകൾ തൽക്കാലം തുറക്കേണ്ടതില്ലെന്ന് കെഎസ്ഇബി. വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടിയുടെ നേതൃത്വത്തിൽ വൈദ്യുതി ബോർഡ് സിഎംഡി വിളിച്ച ഉന്നതതല യോഗത്തിലാണ് തീരുമാനം.

ഇടുക്കി, ഇടമലയാർ, കക്കി ഡാമുകൾ ഉടൻ തുറക്കേണ്ടതില്ലെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ. വൃഷ്ടിപ്രദേശത്ത് മഴ കുറഞ്ഞതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നാണ് യോഗം വിലയിരുത്തിയത്.

ഇടുക്കി, കക്കി, ഷോളയാർ, മൂഴിയാർ അണക്കെട്ടുകളിൽ ജലനിരപ്പ് നിയന്ത്രണ വിധേയമാണെന്ന് കെഎസ്ഇബി അറിയിച്ചു. എല്ലാ ഡാമുകളുടെയും ജലനിരപ്പ് 24 മണിക്കൂറും നിരീക്ഷിക്കുന്നുണ്ട്. ദുരന്ത നിവാരണ അഥോറിറ്റിയുടെ നിർദ്ദേശം അനുസരിച്ചായിരിക്കും ഡാമുകൾ തുറക്കുകയെന്നും കെഎസ്ഇബി അറിയിച്ചു.

വൈദ്യുതി ബോർഡിന് ആശങ്ക ഉണ്ടാക്കിയിരുന്നത് കക്കി ഡാമിന്റെ കാര്യത്തിലായിരുന്നു. കക്കി ഡാമിൽ ജലനിരപ്പ് ഇപ്പോൾ 979 അടിയാണ്. 978 മീറ്റർ ഉള്ളപ്പോഴായിരുന്നു റെഡ് അലർട്ട് പ്രഖ്യാപിച്ചത്. എങ്കിലും ഇടുക്കി, ഇടമലയാർ, കക്കി ഡാമുകൾ നിലവിലെ സാഹചര്യത്തിൽ അടിയന്തരമായി തുറക്കേണ്ടതില്ലെന്നാണ് ബോർഡിന്റെയും സർക്കാരിന്റെയും വിലയിരുത്തൽ. ഉത്പാദനം കൂട്ടി ജലവിതാനം നിയന്ത്രിച്ച് നിർത്താൻ സാധിക്കുമെന്നാണ് വിലയിരുത്തുന്നത്.

നിലവിൽ ഡാമുകളുടെ വൃഷ്ടിപ്രദേശത്ത് നീരൊഴുക്ക് കുറഞ്ഞിട്ടുണ്ട്. ഇന്ന് രാത്രിയുള്ള മഴയുടെ സാഹചര്യം കൂടി കണക്കിലെടുത്താകും തുടർ തീരുമാനം. നിലവിലെ കാലാവസ്ഥാ പ്രവചന പ്രകാരം മഴ കുറയും എന്നതുകൊണ്ട് തന്നെ ഈ ഡാമുകൾ തുറക്കേണ്ട സാഹചര്യം ഇല്ല.

വൈദ്യുതി ബോർഡിന് കനത്ത നഷ്ടം
അതേസമയം മഴക്കെടുതിയിൽ കനത്ത നാശനഷ്ടമാണ് വൈദ്യുതി ബോർഡിന് ഉണ്ടായിരിക്കുന്നത്. 13.67 കോടിയുടെ നാശനഷ്ടമാണ് മഴക്കെടുതിയിൽ വൈദ്യുതി ബോർഡിന് നേരിടേണ്ടി വന്നതെന്നാണ് വിലയിരുത്തൽ. 4.18ലക്ഷം വൈദ്യുതി കണക്ഷനുകൾ മഴക്കെടുതി മൂലം തകർന്നു. 60 ട്രാൻസ്‌ഫോർമർ, 11 കെവിക്ക് മുകളിലുള്ള ലൈനുകൾ, 339 പോസ്റ്റുകൾ, 1398 ലോ ടെൻഷൻ പോസ്റ്റുകൾ തുടങ്ങിയവ നശിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ യുദ്ധകാലടിസ്ഥാനത്തിൽ ഇവ പുനഃസ്ഥാപിക്കാനുള്ള നടപടികളും സ്വീകരിച്ച് വരികയാണ്. ചീഫ് എഞ്ചിനീയറുടെ നേതൃത്വത്തിൽ എല്ലാ ജില്ലകളിലും ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കാനും യോഗത്തിൽ തീരുമാനമായിട്ടുണ്ട്.

അതേ സമയം വടക്കൻ കേരളത്തിൽ പാലക്കാട് ജില്ലയിൽ മഴ വീണ്ടും ശക്തിപ്പെട്ടതോടെ പാലക്കാട്ടെ എട്ട് ഡാമുകളിൽ ആറെണ്ണത്തിന്റേയും ഷട്ടറുകൾ തുറന്നു. നീരൊഴുക്ക് കൂടിയതിനാൽ മലമ്പുഴ അണക്കെട്ടിന്റെ ഷട്ടറുകൾ 25 സെന്റീമിറ്റർ ആക്കി ഉയർത്തി. ഭാരതപ്പുഴയിലേക്ക് കൂടുതൽ വെള്ളം ഒഴുകുന്നുണ്ട്.

അട്ടപ്പാടി, നെല്ലിയാംമ്പതി മേഖലകളിലാണ് മഴ ശക്തിപ്പെട്ടത്. ഷോളയൂരിൽ ഒരു വീട് പൂർണ്ണമായും തകർന്നു. ഒരു വീടിന് ഭാഗികമായി കേടുപറ്റി. തെക്കേ കടമ്പാറ സ്വദേശി പഴനി സ്വാമി, ചുണ്ടക്കുളം സ്വദേശി ചെല്ലി രംഗസ്വാമി എന്നിവരുടെ വീടുകളാണ് തകർന്നത്.

വടക്കൻ കേരളത്തിലെ മറ്റ് ജില്ലകളിൽ കാര്യമായ മഴയില്ല. മറ്റ് ജില്ലകളിലെ അണക്കെട്ടുകളുടെ ഷട്ടറുകൾ തുറക്കേണ്ട സാഹചര്യം നിലിവിലില്ല. പുഴകളിലും മറ്റ് ജലാശയങ്ങളിലും ജലനിരപ്പും കുറവാണ്. കാസർഗോഡ് ഒറ്റപ്പെട്ട മഴയുണ്ട്. കോഴിക്കോടും മലപ്പുറത്തും വയനാട്ടിലും കാര്യമായ മഴ ഇല്ല. കണ്ണൂരിലും മഴ വിട്ട് നിൽക്കുകയാണ്. മലപ്പുറത്ത് മണ്ണിടിച്ചിൽ ഭീഷണിയെ തുടർന്ന് 11 കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. പെരിന്തൽമണ്ണയിലെ ക്യാമ്പിലേക്കാണ് മാറ്റിയത്. അടിയന്തര സാഹചര്യം നേരിടാൻ സൈന്യം, ദുരന്ത നിവാരണ പ്രതികരണ സേന എന്നിവയുടെ സംഘങ്ങൾ വടക്കൻ കേരളത്തിലെ വിവിധ ജില്ലകളിൽ എത്തിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP