Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഈ സമയത്ത് നാടു ഭരിക്കാൻ ഭേദം ബോറിസ് ജോൺസൺ തന്നെ; ചാൾസിനെ ഏൽപ്പിക്കാതെ അധികാരം രാജ്ഞി വില്യമിനു കൈമാറണം; ഹാരിയും മേഗനും വെറുക്കപ്പെട്ടവർ; ബ്രിട്ടീഷുകാർ ചിന്തിക്കുന്നതിങ്ങനെ

ഈ സമയത്ത് നാടു ഭരിക്കാൻ ഭേദം ബോറിസ് ജോൺസൺ തന്നെ; ചാൾസിനെ ഏൽപ്പിക്കാതെ അധികാരം രാജ്ഞി വില്യമിനു കൈമാറണം; ഹാരിയും മേഗനും വെറുക്കപ്പെട്ടവർ; ബ്രിട്ടീഷുകാർ ചിന്തിക്കുന്നതിങ്ങനെ

സ്വന്തം ലേഖകൻ

മെയിൽ ഓൺ സണ്ടേ നടത്തിയ സൂപ്പർപോളിൽ വ്യക്തമാകുന്നത് ബ്രിട്ടീഷ് ജനത ഇപ്പോഴും പ്രധാനമന്ത്രി ബോറിസ് ജോൺസനോടൊപ്പമാണെന്നാണ്. സാധാരണ നടത്താറുള്ള അഭിപ്രായ സർവ്വേകളേക്കാൾ ഇരട്ടിയോളം പേരെ പങ്കെടുപ്പിച്ച ഈസൂപ്പർപോളിൽ പങ്കെടുത്തവരിൽ 42 ശതമാനം പേരും പറഞ്ഞത് ഇന്നത്തെ സാഹചര്യത്തിൽ രാജ്യത്തെ നയിക്കുവാൻ ബോറിസ് ജോൺസൺ തന്നെയാണ് നല്ലതെന്നാണ്. 33 ശതമാനം പേർ മാത്രമാണ് മറിച്ചൊരു അഭിപ്രായം രേഖപ്പെടുത്തിയത്.

അത്യന്തം രസകരമായ ചോദ്യങ്ങൾ നിറഞ്ഞ സർവ്വേയിൽ പങ്കെടുത്തവരിൽ 47 ശതമാനം പേർ പറയുന്നത് ചായകുടിക്കുവാനും മദ്യപിക്കുവാനുമൊക്കെ ഒരു സുഹൃത്തായി കൂട്ടാൻ ഇഷ്ടപ്പെടുന്നത് ബോറിസ് ജോൺസനെയാണെന്നാണ്. 26 ശതമാനം പേർ മാത്രമാണ് പ്രതിപക്ഷ നേതാവ് കീർ സ്റ്റാർമറോടൊപ്പം സായാഹ്നം ചെലവഴിക്കാൻ ഇഷ്ടപ്പെടുന്നത്. എന്നാൽ, ഭർത്താവാകാൻ ഏറ്റവും ഉത്തമം കീർ സ്റ്റാർമർ തന്നെയാണെന്നാണ് ഭൂരിഭാഗം പേരും അഭിപ്രായപ്പെടുന്നത്. ഒരു സുഹൃത്തിന് ഒരു നല്ല ഭർത്താവാകാൻ കഴിയില്ലെന്ന് അടിവരയിട്ടു പറയുന്നതായിരുന്നു സർവ്വേഫലം.

33 ശതമാനം പേർ സ്റ്റാർമർ ഒരു നല്ല ഭർത്താവായിരിക്കും എന്നു പറഞ്ഞപ്പോൾ 20 ശതമാനം പേർ മാത്രമാണ് ബോറിസ് ജോൺസനെ അനുകൂലിച്ചത്. ഏറ്റവും അദ്ഭുതപ്പെടുത്തുന്ന കാര്യം സർക്കാർ അടുത്തിടെ എൻ എച്ച് എസിനേയും സോഷ്യൽ കെയർ മേഖലയേയും സഹായിക്കാനായി നാഷണൽ ഇൻഷുറൻസ് വർദ്ധിപ്പിച്ച നടപടിയെ ഭൂരിഭാഗം പേരും അനുകൂലിക്കുന്നു എന്നതാണ്. അതുപോലെ 45 ശതമാനം പേർ, ഊർജ്ജ വിലവർദ്ധനവിനെ തുടർന്ന് പ്രതിസന്ധിയിലായ സ്ഥാപനങ്ങളെ സഹായിക്കുവാനുള്ള സർക്കാർ തീരുമാനത്തെ പിന്തുണയ്ക്കുമ്പോൾ 35 ശതമാനം പേർ മാത്രമാണ് ഇതിനെ എതിർക്കുന്നത്.

ബ്രിട്ടീഷ് ലോറി ഡ്രൈവർമാർക്ക് കൂടുതൽ ശമ്പളം നൽകി ഈ രംഗത്തേക്ക് കൂടുതൽ പേരെ ആകർഷിക്കണമെന്ന ജോൺസന്റെ ആഹ്വാനത്തെ 52 ശതമാനം പേർ അനുകൂലിക്കുമ്പോൾ 32 ശതമാനം മാത്രമാണ് ഇതിനെ എതിർക്കുന്നത്. എന്നിരുന്നാലും ബ്രിട്ടനിലെ ജനങ്ങൾ പൊതുവേ ആശങ്കയിലും ഭയത്തിലുമാണ് ജീവിക്കുന്നതെന്നും സർവേഫലം ചൂണ്ടിക്കാണിക്കുന്നു. 80 ശതമാനത്തോളം പേർ നാണയപ്പെരുപ്പത്തെ ഭയക്കുമ്പോൾ, 79 ശതമാനം പേർ, എൻ എച്ച് എസിനു മേൽ സമ്മർദ്ദമേറി ആരോഗ്യ രംഗം താറുമാറാകുമോ എന്ന് ഭയക്കുന്നു. 70 ശതമാനത്തോളം പേർ ഭയപ്പെടുന്നതുകൊറോണയുടേ പുതിയ വകഭേദങ്ങളുടെ വരവിനെയാണ്. അങ്ങനെയൊന്നുണ്ടായാൽ ലോക്ക്ഡൗൺ തിരിച്ചു വന്നേക്കും എന്നും ഇവർ ഭയപ്പെടുന്നു.

കൺസർവേറ്റീവ് പാർട്ടിയുടെ അടുത്ത നേതാവായി ഭൂരിപക്ഷം പേരും കാണുന്നത് ചാൻസലർ ഋഷി സുനാകിനെയാണ്. 24 ശതമാനം പേരാണ് ഇക്കാര്യത്തിൽ ഋഷിയെ അനുകൂലിക്കുന്നത്. തൊട്ടു പുറകുലുള്ള ആരോഗ്യ സെക്രട്ടറി സജിദ് ജാവിദിന് ലഭിച്ചത് 7 ശതമാനം വോട്ടുകൾ മാത്രമാണ്. അതുപോലെ ഏറ്റവും കൂടുതൽ പേർ ഡേറ്റിങ് ചെയ്യുവാൻ ഇഷ്ടപ്പെടുന്നതും ഋഷിയെയാണ്. തൊട്ടുപുറകെ ഹോം സെക്രട്ടറി പ്രീതി പട്ടേലുമുണ്ട്.

രാജകുടുംബത്തെ കുറിച്ചും ബ്രിട്ടീഷുകാർക്ക് വ്യക്തമായ ധാരണകളുണ്ട്. എലിസബത്ത് രാജ്ഞിയും വില്യം രാജകുമാരനുമാണ് ഏറെ ആളുകൾ ഇഷ്ടപ്പെടുന്ന രാജകുടുംബാംഗങ്ങൾ. 61 ശതമാനം വോട്ടാണ് ഇരുവർക്കും ലഭിച്ചിരിക്കുന്നത്. ഇതിൽ രണ്ടാം സ്ഥാനത്തുള്ള കെയ്റ്റ് രാജകുമാരിക്ക് ലഭിച്ചത് 53 ശതമാനം വോട്ടുകളാണ്. മേഗന് 22 ശതമാനം വോട്ടും ആൻഡ്രൂ രാജകുമാരന് 12 ശതമാനം വോട്ടും ലഭിച്ചു. ലൈംഗിക പീഡന കേസിലെ വിചാരണ നേരിടാൻ ആൻഡ്രൂ രാജകുമാരൻ അമേരിക്കയിലേക്ക് പോകണമെന്നാണ് സർവ്വേയിൽ പങ്കെടുത്തവരിൽ പകുതിയോളം പേർ അഭിപ്രായപ്പെട്ടത്.

ഈ കേസിൽ ഉൾപ്പെട്ടതോടെ ആൻഡ്രൂ, രാജ്ഞിയുടേ പ്രതിച്ഛായ തകർത്തു എന്ന് 48 ശതമാനം പേർ വിശ്വസിക്കുമ്പോൾ 37 ശതമാനം പേർ അതിനെ എതിർക്കുന്നു. അതുപോലെ രാജ്ഞിയുടെ കാലശേഷം വില്യം രാജകുമാരന് കിരീടം കൈമാറണമെന്ന് 41 ശതമാനം പേർ ആഗ്രഹിക്കുമ്പോൾ ചാൾസ് രാജകുമാരനെ അനുകൂലിക്കുന്നവർ 30 ശതമാനം മാത്രമാണ്. ഇഷ്ടപ്പെടുന്ന രാജകുടുംബാംഗം എന്ന നിലയിൽ ഹാരിക്ക് കാര്യമായ വോട്ടുകൾ നേടാനായില്ലെങ്കിലും ഒപ്പമിരുന്ന് മദ്യപിക്കാൻ ആഗ്രഹിക്കുന്ന രാജകുടുംബാംഗം എന്നതിൽ ഏറെ വോട്ടുകൾനേടിയത് ഹാരിയാണ്. 19 ശതമാനം പേരാണ് ഹാരിക്കൊപ്പം സമയം ചെലവഴിക്കാൻ ആഗ്രഹിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP