Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അമ്പലപ്പുഴയിലെ വോട്ട് ചോർച്ചയിൽ വെട്ടി വീഴ്‌ത്താൻ ആരിഫും കൂട്ടരും; ഷംസീറും റിയാസും തമ്മിലെ ഭിന്നതയിൽ മുഖ്യമന്ത്രിയുടെ മനസ്സ് അറിഞ്ഞ് ഗോളടിച്ച് സുധാകരനും; പൊതുമരാമത്തിൽ പിണറായിയുടെ മരുമകന് മുൻഗാമിയുടെ ക്ലീൻ ചിറ്റ്; ആലപ്പുഴ സിപിഎമ്മിൽ ഇറങ്ങി കളിക്കാൻ സുധാകരൻ സഖാവ്

അമ്പലപ്പുഴയിലെ വോട്ട് ചോർച്ചയിൽ വെട്ടി വീഴ്‌ത്താൻ ആരിഫും കൂട്ടരും; ഷംസീറും റിയാസും തമ്മിലെ ഭിന്നതയിൽ മുഖ്യമന്ത്രിയുടെ മനസ്സ് അറിഞ്ഞ് ഗോളടിച്ച് സുധാകരനും; പൊതുമരാമത്തിൽ പിണറായിയുടെ മരുമകന് മുൻഗാമിയുടെ ക്ലീൻ ചിറ്റ്; ആലപ്പുഴ സിപിഎമ്മിൽ ഇറങ്ങി കളിക്കാൻ സുധാകരൻ സഖാവ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: റോഡ് നിർമ്മാണക്കരാറിലെ അവിശുദ്ധ കൂട്ടുകെട്ടിനെക്കുറിച്ച് തുറന്ന് പറഞ്ഞ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന് ആരും പ്രതീക്ഷിക്കാത്ത നേതാവിന്റേയും പിന്തുണ. അതും മുൻഗാമിയുടെ. എംഎ‍ൽഎ.മാർ കരാറുകാരുമായി മന്ത്രിയെക്കാണാൻ പോകേണ്ടകാര്യമില്ലെന്നു മുൻ പൊതുമരാമത്തുമന്ത്രി ജി. സുധാകരൻ പറയുന്നു. ഇക്കാര്യത്തിൽ മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞതിൽ ഒരുതെറ്റുമില്ല. മുൻസർക്കാറിന്റെ കാലത്തും ഇതേ നിലപാടായിരുന്നു. ഇടതുപക്ഷ സമീപനമാണത്- അദ്ദേഹം വിശദീകരിക്കുന്നു.

ആലപ്പുഴയിൽ സിപിഎമ്മിൽ ഒറ്റപ്പെട്ടു നിൽക്കുന്ന സുധാകരനാണ് റിയാസിനെ പിന്തുണയ്ക്കുന്നത്. ഇങ്ങനെ പിന്തുണ നൽകുമ്പോൾ ഒറ്റപ്പെടുന്നത് തലശ്ശേരിയിലെ സിപിഎം എംഎൽഎ എഎൻ ഷംസീറും. അമ്പലപ്പുഴയിലെ തോൽവിയിൽ സുധാകരനെതിരെ കടുത്ത നടപടിക്ക് ആലപ്പുഴയിൽ ആരിഫ് പക്ഷം കോപ്പു കൂട്ടിയിരുന്നു. വീണ്ടും മത്സരിക്കാനും എംഎൽഎയാകാനും മന്ത്രിയാകാനും സുധാകരന് മോഹമുണ്ടായിരുന്നു. എന്നാൽ പാർട്ടി അതിന് അനുദവിച്ചില്ല. ഇതിന് പിന്നാലെയാണ് ആലപ്പുഴയിലെ പാർട്ടിയിൽ സുധാകരൻ ഒറ്റപ്പെട്ടത്. അതിന് ശേഷം സുധാകരൻ നടത്തുന്ന അതിസമർത്ഥ ഇടപെടലാണ് ഇതെന്ന വാദവും സജീവമാണ്. മുഖ്യമന്ത്രിയുടെ പിണറായി വിജയനുമായി വീണ്ടും അടുത്ത് സമ്മേളന കാലത്ത് കരുത്ത് തെളിയിക്കാനുള്ള നീക്കമായും ഇതിനെ കരുതുന്നവരുണ്ട്.

സുധാകരൻ പൊതുമരാമത്ത് മന്ത്രിയായിരിക്കെ നടത്തിയ ദേശീയപാത പുനർനിർമ്മാണത്തിൽ വിജിലൻസ് അന്വേഷണം വേണമെന്ന് കാണിച്ച് എ.എം. ആരിഫ് എംപി നേരത്തെ പൊതുമരാമത്ത് മന്ത്രിക്ക് കത്ത് നൽകിയിരുന്നു. ദേശീയപാത 66 ൽ അരൂർ മതൽ ചേർത്തല വരെ പുനർനിർമ്മിച്ചതിൽ ക്രമക്കേട് ഉണ്ടെന്ന് ആരിഫ് ആരോപിച്ചിരുന്നു. വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന് എഎം ആരിഫ് എംപി കത്ത് നൽകിയത് വിവാദമായിരുന്നു. കുറ്റക്കാർക്കെതിരെ നിയമനടപടി വേണമെന്നും കത്തിൽ പറയുന്നു. എന്നാൽ ഈ വിഷയത്തിൽ സുധാകരനെ പിന്തുണയ്ക്കുകയായിരുന്നു സിപിഎമ്മും പൊതുമരാമത്ത് മന്ത്രിയും. ഇതിന്റെ തുടർച്ചയെന്നോണമാണ് റിയാസിന് വേണ്ടിയുള്ള സുധാകര ഇടപെടലെന്നും നിരീക്ഷണമുണ്ട്.

സി.എ.ജി. റിപ്പോർട്ടിലെ പരാമർശത്തെത്തുടർന്ന് മന്ത്രി പറഞ്ഞതിലെ വസ്തുതകളാണ് സുധാകരനും ശരിവയ്ക്കുന്നത്. പൊതുമരാമത്ത് ഉദ്യോഗസ്ഥരും കരാറുകാരും തമ്മിലുള്ള ഒത്തുകളിയിലൂടെ കോടികളുടെ അധികപണം സർക്കാരിന് നൽകേണ്ടിവരുന്നുവെന്നാണ് സി.എ.ജി.യുടെ കണ്ടെത്തൽ. റോഡുനിർമ്മാണത്തിനുള്ള ബിറ്റുമിൻ വാങ്ങിയതിന് ഓരോ ബില്ല് ഹാജരാക്കി അഞ്ചുതവണവരെ കരാറുകാർ പണം വാങ്ങിയിട്ടുണ്ടെന്നും സി.എ.ജി. ചൂണ്ടിക്കാട്ടുന്നു. ഈ റിപ്പോർട്ടിനെ തുടർന്നായിരുന്നു റിയാസിന്റെ നിയമസഭയിലെ വിമർശനം. ഇതിനെതിരെയാണ് സിപിഎം നിയമസഭാ കക്ഷി യോഗത്തിൽ എ എൻ ഷംസീർ ആഞ്ഞടിച്ചത്. മുഖ്യമന്ത്രിയുടെ മരുമകൻ കൂടിയായ മന്ത്രി റിയാസിനെതിരായ ഈ വിമർശനത്തെ സുധാകരനും പിന്തുണയ്ക്കാൻ കഴിയുന്നില്ല.

ഉദ്യോഗസ്ഥ-കരാറുകാർ ബന്ധത്തിൽ തട്ടിയെടുക്കുന്ന കോടികളെക്കുറിച്ച് ബോധ്യമായതോടെയാണ് മുഹമ്മദ് റിയാസ് ഇക്കാര്യത്തിൽ നിലപാട് കടുപ്പിച്ചത്. ഇതിൽ സിപിഎം മന്ത്രിക്കൊപ്പമാണ്. രാജ്യത്ത് ചില ഉദ്യോഗസ്ഥരും കരാറുകാരും രാഷ്ട്രീയക്കാരും തമ്മിൽ അവിശുദ്ധ ബന്ധമുണ്ടെന്നു ദേശീയതലത്തിൽ നിയോഗിച്ച കമ്മിഷൻ കണ്ടെത്തിയിരുന്നു. ഇതു പലവട്ടം നിയമസഭയിൽ പറഞ്ഞിട്ടുള്ളതാണ്. തന്റെകാലത്ത് ഈ കൂട്ടുകെട്ടു തകർത്തിരുന്നു. എന്റെ മുൻപിൽ കരാറുകാരനുമായി ഒരു എംഎ‍ൽഎ.യും വന്നിട്ടില്ല. റിയാസ് പറഞ്ഞതിനെ ആരും വ്യക്തിപരമായി കാണേണ്ടതില്ലെന്ന് സുധാകരനും പറയുമ്പോൾ അത് റിയാസിന് കരുത്താകും.

വകുപ്പിനുകീഴിലെ നിർമ്മാണങ്ങൾക്ക് ഭാരത് പെട്രോളിയം കോർപ്പറേഷനിൽനിന്ന് ബിറ്റുമിൻ വാങ്ങണമെന്നാണ് ചീഫ് എൻജിനിയറുടെ നിർദ്ദേശം. ഈ വ്യവസ്ഥ കരാറിൽ ഉൾപ്പെടുത്താറുണ്ട്. പൊതുമരാമത്ത് വകുപ്പ് എക്സിക്യുട്ടീവ് എൻജിനിയറാണ് ബി.പി.സി.എല്ലിന് ഓർഡർ നൽകുക. ഇതനുസരിച്ച് പണം നൽകി കരാറുകാരന് ബിറ്റുമിൻ വാങ്ങാം. എക്‌സിക്യുട്ടീവ് എൻജിനിയറുടെ പേരിലാണ് ഇൻവോയിസ് ബി.പി.സി.എൽ. നൽകുക. കേന്ദ്ര ഉപരിതല ഗതാഗതവകുപ്പിന്റെ നിർദ്ദേശമനുസരിച്ച് കരാറുകാരന് പണം നൽകുമ്പോൾ 'ഒറിജിനൽ ഇൻവോയിസ്' ഹാജരാക്കണമെന്നാണ് വ്യവസ്ഥ. ഈ ഭാഗം പൊതുമരാമത്ത് നൽകുന്ന പലറോഡുകളുടെയും കരാറിൽ ഉൾപ്പെടുത്താറില്ലെന്നാണ് സി.എ.ജി. കണ്ടെത്തൽ.

ഇത് ഒത്തുകളിയുടെ ഭാഗമാണെന്ന് വെട്ടിപ്പുകൾ ചൂണ്ടിക്കാട്ടി സി.എ.ജി. നിരീക്ഷിക്കുന്നു. പൊതുമരാമത്ത് വകുപ്പിന്റെ ഏഴ് റോഡ് ഡിവിഷനുകൾക്ക് കീഴിൽ നടന്ന 1762 കോടിരൂപയുടെ 442 പണികളാണ് സി.എ.ജി. പരിശോധിച്ചത്. ഇതിൽ കണ്ണൂർ ഡിവിഷനിലെ ഒരുകരാറുകാരൻ ബിറ്റുമിൻ വാങ്ങിയവകയിൽ 31 ഇൻവോയിസുകളാണ് നൽകിയത്. ഇതേ കരാറുകാരൻ വയനാട് ഡിവിഷനിൽ ഏറ്റെടുത്ത കരാറിന്, കണ്ണൂരിൽ നൽകിയ നാല് ഇൻവോയിസുകളുടെ പകർപ്പും ഹാജരാക്കി. ഇതിലൂടെ 18.43 ലക്ഷം രൂപ അധികമായി നേടിയതായി സി.എ.ജി. റിപ്പോർട്ടിലുണ്ട്. കരാറുകാരൻ അധികപണം കൈപ്പറ്റിയതിന് പുറമേ ബിറ്റുമിനിൽ 59.79 മെട്രിക് ടൺ കുറച്ച് ഉപയോഗിച്ചെന്നതും ഗൗരവമുള്ളതാണെന്ന് സി.എ.ജി. ചൂണ്ടിക്കാട്ടുന്നു. മൂന്നുറോഡുകളുടെ നിർമ്മാണത്തിൽ അഞ്ചുതവണവരെ ഒരേ ഇൻവോയിസ് ഉപയോഗിച്ച് 12.22 ലക്ഷം തട്ടിയെടുത്തുവെന്നും റിപ്പോർട്ടിൽ പറയുന്നു.

കരാറുകാർക്ക് പണം നൽകാൻ ബിറ്റുമിൻ വാങ്ങിയതിന്റെ യഥാർഥ ഇൻവോയിസ് നിർബന്ധമാക്കിയതായി പൊതുമരാമത്ത് വകുപ്പ് സി.എ.ജി.യെ അറിയിച്ചിട്ടുണ്ട്. ഇതിനു പുറമേ ബിറ്റുമിൻ പൊതുമരാമത്തിന്റെ മറ്റൊരുഡിവിഷനിലേക്ക് കൊണ്ടുപോകാൻ കരാറുകാർക്ക് ചീഫ് എൻജിനിയറുടെ അനുമതിപത്രവും വേണം. ബിറ്റുമിൻ വാങ്ങിയതിന് സർക്കാരിൽനിന്ന് പണം ഈടാക്കിയിട്ടില്ലെന്ന സർട്ടിഫിക്കറ്റും നിർബന്ധമാക്കി. ഈ രണ്ടുനടപടികളും വകുപ്പുതലത്തിൽ സ്വീകരിച്ചതിന് പുറമേയാണ് ജനപ്രതിനിധികളും ഇക്കാര്യത്തിൽ ജാഗ്രതപാലിക്കണമെന്ന ആവശ്യം റിയാസ് മുന്നോട്ടുവെച്ചത്. ഇതിനെയാണ് സിപിഎം യോഗത്തിൽ റിയാസ് വിമർശിച്ചത്. എന്നാൽ റിയാസ് ആണ് ശരിയെന്ന് സുധാകരൻ പറഞ്ഞു വയ്ക്കുന്നു.

എംഎ‍ൽഎ. മാർക്കും കരാറുകാർക്കും മന്ത്രിയെ കാണാം. പക്ഷേ, അവർ ഒരുമിച്ചുവരുന്നതു ശരിയല്ല. നിയമമനുസരിച്ച് കരാറുകാരന്റേത് ഉന്നതമായ പദവിയാണ്. അവരതു മനസിലാക്കുകയാണു വേണ്ടത്. സർക്കാരുമായാണ് അവർ കരാർ വെക്കുന്നത്. വ്യവസ്ഥകൾ ലംഘിച്ചാൽ പി.ഡബ്ല്യൂ.ഡി. മാന്വലനുസരിച്ച് സർക്കാരിനു പിഴയീടാക്കാൻ കഴിയും. ആലപ്പുഴയിൽ വിവിധ പാലങ്ങളുടെ പണിയിൽ വീഴ്ചവരുത്തിയ കരാറുകാരനിൽനിന്നു താൻ അഞ്ചുകോടിരൂപ പിഴയീടാക്കിയിരുന്നു. പുതിയ ടെൻഡർ വിളിച്ച് ആളെ മാറ്റുകയും ചെയ്തു. വലിയ പദ്ധതികൾ വരുമ്പോൾ യോഗം വിളിക്കുകയാണു പതിവ്. അതിൽ കരാറുകാർക്കും അവരുടെ പ്രശ്നങ്ങൾ പറയാം. ശരിയായ വിഷയമാണെങ്കിൽ പരിഹരിക്കും. ആലപ്പുഴ ബൈപ്പാസിനായി 63 യോഗങ്ങൾ വിളിച്ചിരുന്നു-സൂധാകരൻ പറയുന്നു.

അഴിമതിയുണ്ടാകാതിരിക്കാനുള്ള ഇടതുനിലപാടാണത്. കഴിഞ്ഞസർക്കാരിന്റെ അവസാനകാലത്ത് കരാറുകാരെ ഉൾപ്പെടുത്തി കോൺട്രാക്ടേഴ്സ് അക്കാദമി രൂപവത്കരിക്കാൻ ആലോചിച്ചിരുന്നു. എന്നാൽ, തിരഞ്ഞെടുപ്പു വന്നതോടെ അതുമായി മുന്നോട്ടുപോകാൻ കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP