Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കൂട്ടിക്കലിലെ ഉരുൾപൊട്ടൽ കവർന്നത് ഒരു കുടുംബത്തെ ഒന്നാകെ; പ്രകൃതി ദുരന്തത്തിന് ഇരയായത് ഒറ്റലാങ്കൽ മാർട്ടിന്റെ കുടുംബം; മൂന്ന് മക്കൾ ഉൾപ്പെടെ ആറു പേരുടെ ജീവൻ പൊലിഞ്ഞു; ആറ് മൃതദേഹങ്ങൾ കണ്ടെടുത്തു

കൂട്ടിക്കലിലെ ഉരുൾപൊട്ടൽ കവർന്നത് ഒരു കുടുംബത്തെ ഒന്നാകെ; പ്രകൃതി ദുരന്തത്തിന് ഇരയായത് ഒറ്റലാങ്കൽ മാർട്ടിന്റെ കുടുംബം; മൂന്ന് മക്കൾ ഉൾപ്പെടെ ആറു പേരുടെ ജീവൻ പൊലിഞ്ഞു; ആറ് മൃതദേഹങ്ങൾ കണ്ടെടുത്തു

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: കൂട്ടിക്കലിലെ ഉരുൾ പൊട്ടൽ കവർന്നെടുത്തത് ഒരു കുടുംബത്തെ ഒന്നാകെ. ചോലത്തടം കൂട്ടിക്കൽ വില്ലേജ് പ്ലാപ്പള്ളി കാവാലി ഒറ്റലാങ്കൽ മാർട്ടിന്റെ ആറംഗ കുടുംബമാണ് പ്രകൃതി ദുരന്തത്തിന് ഇരയായത്. മാർട്ടിൻ, അമ്മ അന്നക്കുട്ടി, മാർട്ടിന്റെ ഭാര്യ സിനി, മക്കളായ സ്‌നേഹ, സോന, സാന്ദ്ര എന്നിവരാണ് ദുരന്തത്തിൽ പെട്ടത്. അപകടം ഉണ്ടാകുന്ന സമയത്ത് എല്ലാവരും വീട്ടിൽ ഉണ്ടായിരുന്നു. മൂന്ന് കുട്ടികളും വിദ്യാർത്ഥികളാണ്.

വീടിന് മുകൾഭാഗത്തുണ്ടായ ഉരുൾപ്പൊട്ടലിൽ ഇവരുടെ വീട് ഒലിച്ചുപോയതായാണ് നാട്ടുകാർ നൽകുന്ന വിവരം. ആറ് പേരുടെ മൃതദേഹം കണ്ടെടുത്തു. കെട്ടിട നിർമ്മാണ വസ്തുക്കൾ വിൽക്കുന്ന കടയിൽ സ്റ്റോർ കീപ്പറായിരുന്നു മാർട്ടിൻ. അച്ഛൻ മൂന്ന് വർഷം മുമ്പ് മരണപ്പെട്ടിരുന്നു. ഒരു കുടുംബത്തെ ഒന്നാകെയാണ് ഉരുൾപൊട്ടൽ കവർന്നെടുത്തത്. കൂട്ടിക്കൽ വില്ലേജ് പ്ലാപ്പള്ളി ഭാഗത്താണ് ഉരുൾപൊട്ടൽ ഉണ്ടായത്. പ്രദേശത്ത് മൂന്ന് വീടുകൾ ഒലിച്ചുപോയതെന്നാണു റിപ്പോർട്ട്.

ഉരുൾപൊട്ടലിൽ 13 പേരെ കാണാതായതിൽ 6 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയതായി നാട്ടുകാർ അറിയിച്ചു. ബാക്കിയുള്ളവർക്കായി തിരച്ചിൽ തുടരുകയാണ്. കൂട്ടിക്കൽ വില്ലേജ് പ്ലാപ്പള്ളി ഭാഗത്താണ് ഉരുൾപൊട്ടൽ ഉണ്ടായത്. മൃതദേഹങ്ങൾ കണ്ടെത്തിയെങ്കിലും പുറത്തെടുക്കാൻ കഴിയാത്ത നിലയിലാണെന്നും നാട്ടുകാർ പറഞ്ഞു. മൂന്നു കുടുംബങ്ങളിലെ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവരാണ് അപകടത്തിൽ പെട്ടത്. കുടുംബത്തിലെ ചിലർ വെള്ളം കെട്ടിനിൽക്കുന്നത് ഒഴുക്കിവിടാൻ മറ്റൊരു ഭാഗത്തേക്കു പോയ സമയത്താണ് ഉരുൾപൊട്ടി വീടുകൾ ഒലിച്ചു പോയതെന്നു രക്ഷാപ്രവർത്തകർ പറഞ്ഞു.



കൂട്ടിക്കൽ കവലയിൽ ഒരാൾപൊക്കത്തിൽ വെള്ളമുണ്ട്. പ്രദേശത്തെ പ്രധാനപ്പെട്ട കവലകളായ കൂട്ടിക്കൽ, ഏന്തയ്യാർ, കൂട്ടക്കയം കവലകളിലും കാഞ്ഞിരപ്പള്ളി നഗരത്തിലും വെള്ളം കയറിയിട്ടുണ്ട്. റോഡ് മാർഗം പ്രദേശത്ത് എത്താൻ നിലവിൽ വഴികളൊന്നുമില്ലെന്നാണ് ജില്ലാ ഭരണകൂടം അറിയിക്കുന്നത്. പ്രദേശത്ത് പലരും വീടുകളുടെ രണ്ടാം നിലയിലേക്ക് കയറി നിൽക്കുകയാണെന്നാണ് വിവരം. ഇവരെ സുരക്ഷിത സ്ഥാനത്തേക്ക് എത്തിക്കാനുള്ള സംവിധാനങ്ങളാണ് ഇപ്പോൾ ആലോചിക്കുന്നത്.

കെ.കെ റോഡിൽ വാഹന ഗതാഗതം നിരോധിച്ചു. പെന്തുവന്താനം, കാഞ്ഞിരപ്പള്ളി, മുണ്ടക്കയം മേഖലകളിൽ വെള്ളപ്പൊക്കത്തിൽ റോഡ് മുങ്ങി. ഉരുൾപൊട്ടലിനെ തുടർന്നു വെള്ളത്തിനടിയിലായ കൂട്ടിക്കലടക്കം കിഴക്കൻ മേഖലയിലെ രക്ഷാപ്രവർത്തനത്തിന് സൈന്യത്തിന്റെ സഹായം തേടിയതായി ജില്ലാ കലക്ടർ അറിയിച്ചു. ഒറ്റപ്പെട്ട സ്ഥലങ്ങളിൽനിന്ന് ആളുകളെ മാറ്റുന്നതിന് എയർ ലിഫ്റ്റിങ്ങിനാണ് സഹായം തേടിയത്. കൂട്ടിക്കലിൽ രക്ഷാപ്രവർത്തനത്തിന് സേന എത്തും.

മണിമലയാറ്റിലും മീനച്ചിലാറ്റിലും ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണ്. മുണ്ടക്കയം ഇളംകാട്‌വാഗമൺ റോഡിൽ ഉരുൾപൊട്ടി. ജനവാസ മേഖലയല്ലാത്തതിനാൽ ജീവാപായത്തെപ്പറ്റി ആശങ്കയില്ല. കൊടുങ്ങ ഭാഗത്തും വനത്തിൽ ചെറിയ ഉരുൾപൊട്ടലുകൾ ഉണ്ടായിട്ടുണ്ട്. പ്രധാന റോഡുകളിലും ഇട റോഡുകളിലും വെള്ളം കയറുന്നു. തോടുകൾ കരകവിഞ്ഞതിനെ തുടർന്ന് പറമ്പുകളിലും വെള്ളം കയറുകയാണ്. പൂജാ അവധിയുടെ ഭാഗമായി യാത്രയ്ക്കിറങ്ങിയവർ പല സ്ഥലങ്ങളിലും കുടുങ്ങി.

കനത്ത മഴയിൽ മുണ്ടക്കയം നഗരത്തിലെ ഒരു പ്രദേശം വെള്ളത്തിനടിയിലായി. മുണ്ടക്കയംഎരുമേലി റോഡിലെ കോസ് വേയും സമീപത്തെ വീടുകളും മുങ്ങി. വീടുകളുടെ ഒന്നാംനില വരെ വെള്ളമെത്തി. വീട്ടുകാർ വീടിനു മുകളിൽ കയറിയിരിക്കുന്നു. മുണ്ടക്കയംഎരുമേലി റോഡിൽ ഗതാഗതം നിരോധിച്ചു. ഇളംകാട് ഉരുൾ പൊട്ടിയതാണ് വെള്ളപ്പൊക്കത്തിനു കാരണം.

പൊന്തൻപുഴ രാമനായി ഭാഗത്ത് തോട്ടിൽനിന്നു വെള്ളം കയറിയതിനെ തുടർന്ന് ആറു കുടുംബങ്ങളെ തൊട്ടടുത്ത വീടുകളിലേക്ക് മാറ്റി പാർപ്പിച്ചു. ഇടക്കുന്നം വില്ലേജ് മുറികല്ലുംപുറം ഭാഗത്ത് വീടുകളിൽ വെള്ളം കയറി. പ്രദേശം ഒറ്റപ്പെട്ട സാഹചര്യത്തിൽ ആളുകളെ മാറ്റാൻ സാധിച്ചിട്ടില്ല. സിഎസ്‌ഐ പള്ളിയുടെ അടുത്ത് മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന് ഒരു കുടുംബത്തെ ബന്ധുവീട്ടിലേക്ക് മാറ്റി പാർപ്പിച്ചു.

കുറവാമൂഴി പാലത്തിനു സമീപം താമസിക്കുന്ന 15 കുടുംബങ്ങളെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റി. എങ്ങലി വടക്ക് പുത്തൻചന്ത ഭാഗത്ത് മുപ്പതോളം വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് വീട്ടുകാരെ വരിക്കാനി എസ്എൻ സ്‌കൂളിലെ ക്യാംപിലേക്ക് മാറ്റുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

കാഞ്ഞിരപ്പള്ളി പ്രസ് സെന്ററിൽ വെള്ളം കയറി. താഴത്തെ നില പൂർണമായും വെള്ളത്തിലായി. പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് ചോലത്തടം ഭാഗത്ത് ഉരുൾ പൊട്ടിയതായി റിപ്പോർട്ടുണ്ട്. മന്നം ഭാഗത്ത് ആൾ താമസം ഇല്ലാത്ത വീട് ഉരുൾപൊട്ടലിൽ ഒലിച്ചു പോയി. പാതാമ്പുഴ കുഴുമ്പള്ളിയിൽ ഉരുൾ പൊട്ടി പന്നി ഫാം ഒലിച്ചു പോയതായി സൂചനയുണ്ട്.

കോട്ടയം ജില്ലയിലെ കിഴക്കൻ മേഖലകളിൽ രക്ഷാപ്രവർത്തനത്തിന് വ്യോമസേനയുടെ സഹായം ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചതായി സഹകരണ - രജിസ്ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവൻ അറിയിച്ചു. ഈരാറ്റുപേട്ട- മുണ്ടക്കയം കൂട്ടിക്കൽ ഭാഗത്ത് രക്ഷാപ്രവർത്തനം നടക്കുന്ന മേഖലയിൽ മന്ത്രി ഉടൻ എത്തുമെന്നും അറിയിച്ചിട്ടുണ്ട്.

പൂഞ്ഞാർ ബസ്സ്‌റ്റോപ് നിലവിൽ പൂർണ്ണമായും വെള്ളത്തിലാണെന്നാണ് വിവരം. ശക്തമായ മലവെള്ളപ്പാച്ചിലിൽ ഏന്തയാറും മുക്കളവും തമ്മിൽ ബന്ധിപ്പിക്കുന്ന വലിയ പാലം തകർന്നിട്ടുണ്ട്. വർഷങ്ങൾ പഴക്കമുള്ള പാലമായിരുന്നു ഇത്.

കൺട്രോൾ റൂമുകൾ തുറന്നു
കോട്ടയം ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചതിന്റെ അടിസ്ഥാനത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ജില്ലാ-താലൂക്ക് കൺട്രോൾ റൂമുകൾ തുറന്നതായി ജില്ലാ കലക്ടർ അറിയിച്ചു. ജില്ലാ എമർജൻസി ഓപ്പറേഷൻസ് സെന്റർ-0481 2565400, 2566300, 9446562236, 9188610017.

താലൂക്ക് കൺട്രോൾ റൂമുകൾ: മീനച്ചിൽ-04822 212325, ചങ്ങനാശേരി-0481 2420037, കോട്ടയം-0481 2568007, 2565007, കാഞ്ഞിരപ്പള്ളി-04828 202331, വൈക്കം-04829 231331.

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിൽ ഫയർഫോഴ്സ് കൂടുതൽ ടീമിനെ എത്തിച്ചു തുടങ്ങി. പാലായിൽ (രണ്ട്), ഈരാറ്റുപേട്ട (രണ്ട്) കാഞ്ഞിരപ്പള്ളി (ഏഴ് ) എന്നിങ്ങനെ 11 ടീമുകളാണ് ദുരന്ത മേഖലയിൽ പ്രവർത്തിക്കുന്നത്. കാഞ്ഞിരപ്പള്ളിയിലെ രണ്ടു ടീമും പാമ്പാടി, ചങ്ങനാശ്ശേരി, കോട്ടയം, കടുത്തുരുത്തി, വൈക്കം എന്നിവിടങ്ങളിൽനിന്നുള്ള ഓരോ ടീമുമാണ് കാഞ്ഞിരപ്പള്ളിയിലുള്ളത്. കോട്ടയം, മീനച്ചിൽ താലൂക്ക് പ്രദേശങ്ങളിൽ വെള്ളം ഉയരാനുള്ള സാധ്യത കണക്കിലെടുത്ത് ആലപ്പുഴ, എറണാകുളം, തൃശൂർ എന്നിവടങ്ങളിൽ നിന്നായി 20 പേരടങ്ങുന്ന ടീം ജില്ലയിൽ ഉടൻ എത്തിച്ചേരും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP