Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'കോട്ടയത്ത് കൈരളി ടിവി ബൂറോയിൽ തൂത്ത് വാരി തുടയ്ക്കാൻ എത്തുന്ന ഒരു ചേച്ചിയുടെയും, ഡ്രൈവറുടെയും അലവൻസുകൾ പ്രശാന്ത് മാസങ്ങളോളം അടിച്ച് മാറ്റി'; 'ധർമ്മടം' ന്യായീകരണം തിരിച്ചടിച്ചു; മറുപടിയുമായി എറണാകുളം പ്രസ് ക്ലബ് സെക്രട്ടറിയും; കെയുഡബ്ല്യൂജെയിൽ അടിമൂത്തു

'കോട്ടയത്ത് കൈരളി ടിവി ബൂറോയിൽ തൂത്ത് വാരി തുടയ്ക്കാൻ എത്തുന്ന ഒരു ചേച്ചിയുടെയും, ഡ്രൈവറുടെയും അലവൻസുകൾ പ്രശാന്ത് മാസങ്ങളോളം അടിച്ച് മാറ്റി'; 'ധർമ്മടം' ന്യായീകരണം തിരിച്ചടിച്ചു; മറുപടിയുമായി എറണാകുളം പ്രസ് ക്ലബ് സെക്രട്ടറിയും; കെയുഡബ്ല്യൂജെയിൽ അടിമൂത്തു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മോൻസൺ മാവുങ്കൽ വിവാദത്തിൽ പത്രക്കാർ പരസ്യ പോരിന്. മുട്ടിൽ മരം മുറിയിൽ ആരോപണ വിധേയനായ ദീപക് ധർമ്മടത്തിനെതിരെ നിലപാട് എടുത്ത എറണാകുളം പ്രസ് ക്ലബ് സെക്രട്ടറി പി ശശികാന്തിനെ മാവുങ്കൽ വിവാദത്തിൽ കുടുക്കാനായിരുന്നു പദ്ധതി. ശശികാന്തിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുമെന്നും അതിന് മുമ്പേ ശശികാന്തിനെതിരെ നടപടി എടുക്കണമെന്നും ദീപക് ധർമ്മടം പക്ഷം ആരോപണം ഉന്നയിച്ചു. പ്രതിരോധ വകുപ്പിന്റെ കോഴ്‌സിൽ ദീപക് വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് പങ്കെടുത്തത് അടക്കം ഈ ഘട്ടത്തിൽ ചർച്ചയായിരുന്നു. ദീപക്കിനെതിരെ ശശികാന്ത് എടുത്ത ഇടപെടലാണ് മാവുങ്കൽ വിഷയത്തിലേക്ക് ശശികാന്തിനെ കൊണ്ടു വരാൻ കാരണമെന്നാണ് ഉയരുന്ന വാദം.

ദീപക്കിനെതിരായ നടപടി കെയുഡബ്ല്യൂജെയുടെ അച്ചടക്ക സമിതിയുടെ പരിഗണനയിലാണ്. ഇതിനിടെയാണ് മാവുങ്കൽ വിഷയം എത്തുന്നത്. ശശികാന്തിനെതിരെ സംസ്ഥാന സെക്രട്ടറി കൂടിയായ പി പ്രശാന്ത് പരാതിയും നൽകി. വിവിധ വാട്‌സാപ്പ് ഗ്രൂപ്പുകളിലാണ് പരാതി ആദ്യമെത്തിയത്. ഇതിനോട് അതിരൂക്ഷമായി തന്നെ ശശികാന്ത് പ്രതികരിക്കുകയാണ്. സംസ്ഥാന സെക്രട്ടറി എന്ന സ്ഥാനത്ത് ഇരുന്നു ആരോപണം ഉന്നയിക്കുമ്പോൾ കുറച്ച് കൂടി കാര്യങ്ങൾ പടിച്ച് വേണം പറയാൻ എന്ന് ശശികാന്ത്് പറയുന്നു. ദീപക്ക് വിഷയത്തിലെ ഇടപെടലാണ് ഇതിന് കാരണമെന്ന് ശശികാന്ത് സംശയിക്കുകയും ചെയ്യുന്നു.

ഉത്തരവാദികളായവർക്കെതിരെ ഇമ്മീഡിയറ്റ് ഇഫക്ടോടെ സംഘടനയിൽ നിന്നും പുറത്തു നിർത്തുകയാണ് ചെയ്യേണ്ട പ്രാഥമിക പോംവഴി. അതിന് നേരത്തെ ദീപക് ധർമടത്തിന്റെ പേര് കോൾലിസ്റ്റിൽ വന്നതു പറഞ്ഞ് അയാളെ സസ്പെന്റു ചെയ്തു. അതിന് പരാതി കൊടുത്ത ആൾ തന്നെ അതിനെക്കാളും പതിന്മടങ്ങ് കുറ്റമാണ് ചെയ്തിരിക്കുന്നത്. വൻ അഴിമതിയാണ് ഏറണാകുളം പ്രസ്‌ക്ലബ്ബിന്റെതായി പുറം ലോകം കണ്ടിട്ടുള്ളത്. അതിനാൽ എത്രയും പെട്ടെന്ന് ഉത്തരവാദികൾക്കെതിരെ നടപടി എടുക്കണം എന്നാണ് പറയാനുള്ളത്-ഇതായിരുന്നു പ്രശാന്തിന്റെ പരാതിയിലെ കാതൽ. ദീപക്കിനെതിരെ വനം വകുപ്പിന്റെ റിപ്പോർട്ടിൽ ഗുരുതര ആരോപണമുണ്ടായിരുന്നുവെന്നതാണ് വസ്തുത. ദീപക് ധർമ്മടം വിഷയം സംസ്ഥാന സമിതിയിൽ ചർച്ചയ്ക്ക വന്നപ്പോൾ അതിശക്തമായ നിലപാടാണ് ശശികാന്ത് എടുത്തത്. ഇതിന് പിന്നാലെയാണ് മാവുങ്കൽ വിവാദം എത്തുന്നത്.

തന്നെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടില്ലെന്നും നേരത്തെ തന്നെ ഈ വിഷയത്തിൽ പൊലീസ് ഉദ്യോഗസ്ഥർ ഫോണിലൂടെ കാര്യങ്ങൾ തിരിക്കിയെന്നും ശശികാന്ത് തന്നെ പറയുന്നു. പൊലീസിനോട് എല്ലാം പറഞ്ഞതാണെന്നും വിശദീകരിക്കുന്നു. അതിനിടെ സംസ്ഥാന കമ്മറ്റിക്ക് പരാതി നൽകുന്നതിന് മുമ്പേ പരാതി സോഷ്യൽ മീഡിയയിൽ എത്തിയത് പ്രശാന്തിനും തിരിച്ചടിയാണ്.

സംസ്ഥാന സമിതിയുടെ ഭാഗമായ ഒരംഗത്തിനെതിരേ ആരോപണമുണ്ടെങ്കിൽ ഈ ഗ്രൂപ്പിൽ ഉന്നയിക്കുന്നതിലും ചർച്ച ചെയ്യുന്നതിലും തെറ്റില്ല. പക്ഷേ: നാടായ നാട്ടിലെ വാട്‌സാപ്പ് ഗ്രൂപ്പുകളിലെല്ലാം പ്രചരിപ്പിച്ച ശേഷം, എല്ലാം കഴിഞ്ഞ് ഈ ഗ്രൂപ്പിലുമൊന്ന് സെന്റിയേക്കാം എന്നാണ് നിലപാടെങ്കിൽ, മിതമായ ഭാഷയിൽ പറഞ്ഞാൽ, ചെറ്റത്തരമാണ്. സംസ്ഥാന സെക്രട്ടറിയുടെ ഭാഗത്ത് നിന്നാണെങ്കിൽ പൊറുക്കാനാവാത്ത തെറ്റുമാണ്. അപക്വമായ ഇത്തരം ഇടപെടലുകൾ വിവരമില്ലായ്മയായി വിലയിരുത്തി തള്ളിക്കളയാനാവില്ല. ആസൂത്രിത ഇടപെടൽ തന്നെയാണ് നടന്നിട്ടുള്ളത്; നടപടി വേണം...-എന്നാണ് ആവശ്യം. അങ്ങനെ തെരഞ്ഞെടുപ്പടുക്കുമ്പോൾ ഇഷ്ട ടീമിന് കളമൊരുക്കാൻ കളിക്കുന്ന കളികൾക്കും വേണമൊരു മാന്യത. കളിക്കാരും കോച്ചും, ഗാലറിയിരുന്ന് കളി കാണുന്നവരും ഒരേ പോലെ പിന്തുടരേണ്ട നീതിശാസ്ത്രം ഓർമിപ്പിച്ചെന്നേയുള്ളൂ...എറണാകുളം പ്രസ് ക്ലബ് അഴിമതി പുറത്തു വിട്ട ടി.പി.പ്രശാന്തിനെതിരെ നടപടി ആവശ്യപ്പെട്ട് കെ യുഡബ്ല്യുജെ സംസ്ഥാന കമ്മിറ്റി വാട്‌സാപ് ഗ്രൂപ്പിൽ ചർച്ച അങ്ങനെ പുരോഗമിക്കുകയാണ്. ഇതിനൊപ്പമാണ് ശശികാന്തിന്റെ മറുപടിയും

പ്രശാന്തിന്റെ പരാതിക്ക് ശശികാന്ത് നൽകുന്ന മറുപടി ഇങ്ങനെ

സംസ്ഥാന സെക്രട്ടറി എന്ന സ്ഥാനത്ത് ഇരുന്നു ആരോപണം ഉന്നയിക്കുമ്പോൾ കുറച്ച് കൂടി കാര്യങ്ങൾ പടിച്ച് വേണം പറയാൻ. 2020 ലെ കുടുംബ മേളയ്ക്ക് സാമ്പത്തിക സഹായം തന്നവരുടെ മുഴുവൻ വരവ് ചെലവ് കണക്കുകൾ പുറമെ നിന്നുള്ള ഓഡിറ്റർ ഓഡിറ്റ് ചെയ്ത് പ്രസ് ക്ലബ്ബിൽ കമ്മിറ്റി കൂടി പാസാക്കി പ്രശാന്ത് കുടി പങ്കെടുത്ത 2021 ഫെബ്രുവരി മാസം 28ന് കൂടിയ ജനറൽ ബോഡി പാസാക്കിയതാണ്. മോൻസൻ കുടുംബ മേളയ്ക്ക് എന്താണ് ചെയ്തത് എന്ന് ഈ വിഷയം ഉണ്ടായപ്പോൾ തന്നെ അടിയന്തിര കമ്മിറ്റി കൂടി ചർച്ച ചെയ്തതാണ്.

സഹിൻ വിശദീകരണവും നൽകി താൻ ആണ് കുടുംബ മേളയിലേക്ക് മോൻസനെ കൊണ്ട് വന്നത് എന്നും ഭക്ഷണത്തിന്റെ ബിൽ കൊടുത്തത് മോൻസൺ ആണ് എന്നും പറഞ്ഞിട്ടുള്ളതാണ് ആ കമ്മിറ്റിയിൽ പങ്കെടുക്കാൻ സാധിക്കില്ല എനിക്ക് അവധി നൽകണമെന്നും പ്രശാന്ത് എന്നെ വിളിച്ച് പറഞ്ഞിരിന്നു അത് കമ്മിറ്റിയിൽ ഞാൻ പറയുകയും ചെയ്തിരിന്നു.

പ്രശാന്ത് ഡൽഹിയിൽ കൈരളി ടിവി യിൽ ജോലി ചെയ്യുമ്പോൾ അവിടെ ഓടിയിരിന്ന വാഹനങ്ങളുടെ പേരിൽ സാമ്പത്തിക തട്ടിപ്പ് നടത്തിയതിന്റെ പേരിൽ അല്ലെ കോട്ടയത്തേക്ക് പണിഷ്‌മെന്റ് ടാൻസ്ഫർ ഉണ്ടായത്. കോട്ടയത്ത് കൈരളി ടിവി ബൂറോയിൽ പ്രശാന്ത് ജോലി ചെയ്ത സമയത്ത് അവിടെ ജോലി ചെയ്തിരിന്ന രണ്ട് പേരുടെ(തൂത്ത് വാരി തുടയ്ക്കാൻ എത്തുന്ന ഒരു ചേച്ചിയുടെയും, ഡ്രൈവറുടെയും) അലവൻസുകൾ പ്രശാന്ത് മാസങ്ങളോളം അടിച്ച് മാറ്റുകയും തുടർന്ന് അവരുടെ പരാതിയുടെ അടിസ്ഥാനത്തിൽ പ്രശാന്തിനെ തിരുവനന്തപുരം ഡെസ്‌ക്കിലേക്ക് പണിഷ്‌മെന്റ് ട്രാൻസ്ഫർ ചെയ്യുകയും ഉണ്ടായല്ലോ തുടർന്നുള്ള സംഭവ വികാസങ്ങൾ ഞാൻ ഇവിടെ പറയുന്നില്ല

അത്തരം തരം താന്ന പരിപാടികൾ എന്തായാലും ഞാൻ കാണിക്കില്ല. സെക്രട്ടറി എന്ന നിലയ്ക്ക് പ്രസ് ക്ലബ്ബുമായി ബന്ധപ്പെട്ട് കാര്യങ്ങൾ ചെയ്തിട്ടുണ്ടെങ്കിൽ അതിന് മറുപടി പറയേണ്ട ഇടത്ത് ഞാൻ പറയും ഒരു മടിയും ഇല്ല തെളിവ് സഹിതം പറയും.

പി.ശശികാന്ത്

പ്രശാന്ത് പത്രപ്രവർത്തക യൂണിയന് നൽകിയെന്ന് പറഞ്ഞ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന കത്ത് ചുവടെ

പ്രസിഡണ്ട്, ജനറൽ സെക്രട്ടറി, കൺവീനർ അച്ചടക്കസമിതി

ബഹുമാന്യ സഖാക്കളേ...

വളരെയധികം അശുഭകരമായ സാഹചര്യത്തിലൂടെയാണ് നമ്മൾ കടന്നു പോകുന്നത്. ശരിയായ ഇടപെടലും നടപടിയും ഇല്ലെങ്കിൽ നാണക്കേട് സംഭവിക്കാൻ പോകുന്നത് സംഘടനയ്ക്കാകെയാണ്. ഏറണാകുളം പ്രസ്‌ക്ലബ്ബിന്റെ 2020-ലെ കുടുംബമേള സ്‌പോൺസർ ചെയ്തത് വിവാദ തട്ടിപ്പുകാരൻ മോൻസൺ ആണെന്ന് വ്യക്തമായപ്പോൾ തന്നെ ചില നടപടികൾ തുടങ്ങേണ്ടതായിരുന്നു. കാരണം 2020-ലെ കുടുംബ മേള നടത്തിയതിന്റെ ഒരു സാമ്പത്തികച്ചെലവ് രേഖയും പ്രസ്‌ക്ലബ്ബിന്റെ ഓഡിറ്റ് ചെയ്ത കണക്കിൽ ഇല്ല. ആര് ധനസഹായം ചെയ്താലും ശരി എത്ര രൂപയാണ് തന്നതെന്നും വരവുചെലവുകൾ എത്രയെന്നും പ്രസ്‌ക്ലബ്ബിന്റെ വരവു ചെലവുകണക്കിൽ ഉൾക്കൊള്ളിക്കുക എന്നത് മസ്റ്റ് ആണ്.

ഇത് പാലിച്ചില്ല. അതായത് എത്ര വാങ്ങിയെന്നോ എത്ര ചെലവാക്കിയെന്നോ കണക്കില്ല. എന്തു കൊണ്ടാണ് ഇക്കാര്യം ചർച്ച ചെയ്യാതിരുന്നത്. എന്നിട്ടിപ്പോൾ വ്യാജബില്ല് ഉണ്ടാക്കി വച്ചാൽ പ്രശ്‌നം തീരുമെന്ന് പറയുമ്പോൾ അത് അവിടെ തീരില്ല എന്നതിന് തെളിവ് പുറത്തു വന്നുകൊണ്ടിരിക്കയാണ്. പത്ത് ലക്ഷം രൂപ മോൻസന്റെ കയ്യിൽ നിന്നും ഏറണാകുളം പ്രസ്‌ക്ലബ്ബ് സെക്രട്ടറി കൈപ്പറ്റിയെന്ന് രേഖ സഹിതം, മോൻസന്റെ മൊഴി സഹിതം സംസ്ഥാന ക്രൈംബ്രാഞ്ച് കണ്ടെത്തി സെക്രട്ടറിയെ ചോദ്യം ചെയ്യാൻ വിളിച്ചിരിക്കയാണ്. മാത്രമല്ല അറിയുന്ന ഒരു കാര്യം സെക്രട്ടറി ഈ പണം മറ്റു ചിലർക്കും പങ്കുവെച്ചിട്ടുണ്ട് എന്നാണ്.

24 ന്യൂസിന്റെ പ്രതിനിധി ക്രൈംബ്രാഞ്ചിന് കൊടുത്ത മൊഴിയിൽ പത്ത് ലക്ഷത്തിൽ നിന്നും രണ്ട് ലക്ഷം തനിക്ക് തന്നതായി പറയുന്നുണ്ടെന്നാണ്. ഈ പങ്കിട്ടെടുക്കൽ പ്രസ് ക്ലബ്ബിന്റെ കുടുംബമേളയുടെ പേരിലാണ് നടത്തിയിരിക്കുന്നത്. ക്ലബ്ബിന്റെ രേഖയിൽ ഒരു കണക്കും കാണിക്കാതെ നടത്തിയ ഈ വെട്ടിപ്പ് ചരിത്രത്തിലെ തന്നെ വലിയ തട്ടിപ്പാണ്. വെറുക്കപ്പെട്ടവരിൽ നിന്നും പണം വാങ്ങി പരിപാടി നടത്തുന്നതിനെ ന്യായീകരിച്ച് പലരും നേരത്തെ പറഞ്ഞതായി കണ്ടിരുന്നു. എന്നാൽ പ്രസ് ക്ലബ്ബിൽ ഒരു ചില്ലിക്കാശിന്റെ പോലും വരവും ചെലവും കാണിക്കാതെ നടത്തിയ ഈ എമണ്ടൻ വെട്ടിപ്പിനെ ഏത് തരത്തിലാണ് ന്യായീകരിക്കാൻ പോകുന്നത്..

ഇത്രയും പ്രധാനപ്പെട്ട ജില്ലയിലെ പ്രസ്‌ക്ലബ്ബിന്റെ സെക്രട്ടറിയെ പണാപഹരണക്കേസിൽ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നു എന്നതും പ്രസ് ക്ലബ്ബിന്റെ അക്കൗണ്ടിലേക്ക് വാങ്ങാതെ ലക്ഷക്കണക്കിന് രൂപ ഒരു തട്ടിപ്പുകാരന്റെ കയ്യിൽ നിന്നും വ്യക്തിപരമായി കൈപ്പറ്റി പങ്കിട്ടു എന്ന മൊഴിയും ഈ സംഘടനയുടെ സാമ്പത്തിക ഇടപാടുകളെ ഇരുട്ടിൽ നിർത്തിയിരിക്കുന്നു. ഉത്തരവാദികളായവർക്കെതിരെ ഇമ്മീഡിയറ്റ് ഇഫക്ടോടെ സംഘടനയിൽ നിന്നും പുറത്തു നിർത്തുകയാണ് ചെയ്യേണ്ട പ്രാഥമിക പോംവഴി. അതിന് നേരത്തെ ദീപക് ധർമടത്തിന്റെ പേര് കോൾലിസ്റ്റിൽ വന്നതു പറഞ്ഞ് അയാളെ സസ്‌പെന്റു ചെയ്തു. അതിന് പരാതി കൊടുത്ത ആൾ തന്നെ അതിനെക്കാളും പതിന്മടങ്ങ് കുറ്റമാണ് ചെയ്തിരിക്കുന്നത്.

വൻ അഴിമതിയാണ് ഏറണാകുളം പ്രസ്‌ക്ലബ്ബിന്റെതായി പുറം ലോകം കണ്ടിട്ടുള്ളത്. അതിനാൽ എത്രയും പെട്ടെന്ന് ഉത്തരവാദികൾക്കെതിരെ നടപടി എടുക്കണം എന്നാണ് പറയാനുള്ളത്. പൊലീസ് ചോദ്യം ചെയ്യുന്നതിനേക്കാൾ പണം പങ്കിട്ട മൊഴിയും ക്ലബ്ബിന്റെ കണക്കിൽ പെടുത്താതെ പണം സ്വന്തമാക്കിയെന്ന കാര്യവും വെച്ച് കർക്കശനടപടി തന്നെ എടുക്കാൻ വൈകരുത്. ഇത്തരം പ്രവണതയ്‌ക്കെതിരെ സന്ധിയില്ല എന്ന് സമൂഹത്തെ ബോധ്യപ്പെടുത്തിയില്ലെങ്കിൽ ഉള്ള മാനവും പോകും. അതിനാൽ എത്രയും പെട്ടെന്ന് നേതൃത്വം തീരുമാനം പ്രഖ്യാപക്കണമെന്ന് ആവശ്യപ്പെടുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP