Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മകളുടെ ചോരക്കുഞ്ഞിനെ ശിശുക്ഷേമ സമിതിക്ക് നൽകിയത് പേരുർക്കടയിലെ വിപ്ലവ കുടുംബം; കൊച്ചു മകളെ തട്ടിയെടുത്തത് അച്ഛന്റെ പേരിൽ വീമ്പു പറഞ്ഞു നടക്കുന്ന മകൻ! കേരളത്തെ ഞെട്ടിച്ച നെയ്യാർ മെഡിസിറ്റിലെ രഹസ്യ സിസേറിയനും കുട്ടിയെ കടത്തലിനും ചുക്കാൻ പിടിച്ചത് പേരൂർക്കട സദാശിവന്റെ പുത്രൻ; അനുപമയുടേയും അജിത്തിന്റേയും കണ്ണീർ പൊലീസ് കാണാത്തതിന് പിന്നിൽ ഈ ബന്ധങ്ങൾ

മകളുടെ ചോരക്കുഞ്ഞിനെ ശിശുക്ഷേമ സമിതിക്ക് നൽകിയത് പേരുർക്കടയിലെ വിപ്ലവ കുടുംബം; കൊച്ചു മകളെ തട്ടിയെടുത്തത് അച്ഛന്റെ പേരിൽ വീമ്പു പറഞ്ഞു നടക്കുന്ന മകൻ! കേരളത്തെ ഞെട്ടിച്ച നെയ്യാർ മെഡിസിറ്റിലെ രഹസ്യ സിസേറിയനും കുട്ടിയെ കടത്തലിനും ചുക്കാൻ പിടിച്ചത് പേരൂർക്കട സദാശിവന്റെ പുത്രൻ; അനുപമയുടേയും അജിത്തിന്റേയും കണ്ണീർ പൊലീസ് കാണാത്തതിന് പിന്നിൽ ഈ ബന്ധങ്ങൾ

വിഷ്ണു ജെജെ നായർ

തിരുവനന്തപുരം: പ്രണയിച്ച് ഒരുമിച്ചിട്ടും സ്വന്തം ചോരയിൽ പിറന്ന കുട്ടിയില്ല. ഇതാണ് തിരുവനന്തപുരം സ്വദേശികളായ അജിത്തും അനുപമയും അനുഭവിക്കുന്ന വേദന. ഇവർക്ക് ലഭിച്ച കുട്ടിയെ അനുപമയുടെ മാതാപിതാക്കൾ ജനിച്ചയുടൻ വേർപ്പെടുത്തി. പ്രസവം അനുപമയുടെ വീട്ടുകാർക്കൊപ്പം ആയതിനാൽ കുട്ടിയെ ബലമായി പിടിച്ചെടുത്തു എന്നാണ് ആരോപണം. അതിന് ശേഷം ശിശു ക്ഷേമ സമിതിക്ക് നിയമപരമായി കൈമാറി. അതാണ് സാക്ഷര കേരളം.

പണമുള്ള വീട്ടിലെ കുട്ടികളുടെ വിവാഹത്തിന് മുമ്പുള്ള ഗർഭത്തിൽ ശിശുക്ഷേമ സമിതി ഇടപെടുമോ എന്നതാണ് ഇപ്പോൾ ഉയരുന്ന ചോദ്യം. കുട്ടിയെ ഭർത്താവിന്റെ അടുത്താക്കി കാമുകനൊപ്പം ഓടുന്ന അമ്മമാരെ ജുവനൈൽ ജസ്റ്റീസ് നിയമ പ്രകാരം അകത്തിടുന്ന നാടാണ് കേരളം. എന്നാൽ തന്റെ കുട്ടിയെ അച്ഛൻ മോഷ്ടിച്ചെടുത്തുവെന്ന് അനുപമ പറയുമ്പോഴും കേരളത്തിലെ പൊലീസ് അനുമപയുടെ വാക്കുകളെ കള്ളമെന്ന് പറയുന്നു. അച്ഛൻ ജയചന്ദ്രനാണ് ശരിയെന്ന് പൊലീസ് വിധിയെഴുതുന്നു. ഇതിന് പിന്നിൽ രാഷ്ട്രീയ കരുത്താണ്.

തിരുവനന്തപുരത്തെ സിപിഎം ശക്തികേന്ദ്രമാണ് പേരുർക്കട. ഇവിടെ ലോക്കൽ കമ്മറ്റി അംഗം മാത്രമാണ് ജയചന്ദ്രൻ. എന്നാൽ സാധാരണ ലോക്കലുകൾക്ക് കിട്ടുന്നതിനേക്കാൾ പിന്തുണ ജയചന്ദ്രന് പാർട്ടിയിലുണ്ട്. അതിന് കാരണം സഖാവ് പേരൂർക്കട സദാശിവൻ എന്ന അച്ഛന്റെ മകനെന്ന ലേബലാണ്. തിരുവനന്തപുരത്ത് സിപിഎമ്മിനെ കെട്ടിപെടുക്കുന്നതിൽ മുമ്പിൽ നിന്ന നേതാവാണ് പേരൂർക്കട സദാശിവൻ. സിപിഎം സംസ്ഥാന സമിതിയിലെ മുൻ അംഗം. സാദാശിവന്റെ ഭാര്യയെ തിരുവനന്തപുരം മേയറായി പോലും പരിഗണിച്ചിരുന്നു. അങ്ങനെ ആഴത്തിൽ കമ്യൂണിസ്റ്റുകളായ കുടുംബം. ഈ കുടുംബത്തിലെ പാർട്ടി അംഗമാണ് മകളുടെ കുട്ടിയെ തട്ടിക്കൊണ്ടു പോയതെന്നാണ് ആരോപണം.

പ്രസവിച്ച ശേഷം മൂന്നു ദിവസം മാത്രമാണ് അനുപമയ്ക്ക് കുട്ടിയെ കാണാൻ കഴിഞ്ഞത്. ഒന്നുകിൽ ആത്മഹത്യ ചെയ്യാം അല്ലെങ്കിൽ ഞങ്ങൾ ഭ്രാന്താശുപത്രിയിൽ അടയ്ക്കും എന്നാണ് അനുപമയോട് സ്വന്തം മാതാപിതാക്കൾ പറഞ്ഞത്. കഅജിത്ത് മുൻ ഡിവൈഎഫ്‌ഐ നേതാവും കുടുംബം പാർട്ടി കുടുംബവുമാണ്. പക്ഷെ പ്രശ്‌നത്തിൽ സിപിഎം അനുപമയുടെ കുടുംബത്തോടോപ്പമാണ് നിലയുറപ്പിച്ചത്. സിപിഎം ജില്ലാ നേതൃത്വം ഇടപെട്ടതിനാൽ അവർക്ക് പൊലീസിൽ നിന്നും നീതി ലഭിച്ചില്ല. നെയ്യാർ മെഡിസിറ്റിയിലായിരുന്നു പ്രസവം. കാട്ടക്കടയിലെ ആശുപത്രിയിൽ നിന്നാണ് കൂട്ടിയെ കൊണ്ടു പോയതെന്നാണ് അനുപമ പറയുന്നത്.

കുട്ടി നഷ്ടമായപ്പോൾ ബന്ധു വീട്ടിൽ നിന്ന് ഒളിച്ചോടിയാണ് അനുപമ അജിത്തിനൊപ്പം പോയത്. മുഖ്യമന്ത്രിക്ക് പരാതി നൽകിയപ്പോൾ ആ പരാതിയും ഇവർക്ക് നീതി നിഷേധിച്ച പേരൂർക്കട പൊലീസ് സ്റ്റേഷനിൽ തന്നെയാണ് വന്നത്. ഒടുവിൽ അസിസ്റ്റന്റ്‌റ് പൊലീസ് കമ്മിഷണറുടെ ഇടപെടൽ വഴിയാണ് കുട്ടിയെ മാതാപിതാക്കൾ അമ്മത്തോട്ടിലിൽ ഏൽപ്പിച്ചു എന്ന കാര്യം പോലും ഈ ദമ്പതികൾക്ക് മനസിലാകുന്നത്. തന്നിൽ ബലമായി ഒപ്പിട്ട് വാങ്ങിയ കത്തിൽ വാചകങ്ങൾ എഴുതി ചേർത്ത ശേഷം കുട്ടിയെ അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കുകയായിരുന്നു എന്നാണ് അനുപമ പറയുന്നത്.

കുഞ്ഞിനെ തമിഴ്‌നാടിൽ ഒരിടത്ത് ഏൽപ്പിച്ചു എന്ന് മാമൻ പറയുമ്പോൾ മറ്റൊരിടത്ത് ഏൽപ്പിച്ചു എന്ന് ബന്ധുക്കളും അമ്മത്തൊട്ടിലിൽ എന്ന് മാതാപിതാക്കളും പറയുന്നു. പക്ഷെ കുട്ടി ജീവിച്ചിരിപ്പുണ്ടോ എന്ന് പോലും അനുപമയ്ക്ക് അറിയില്ല. ഇനി കോടതിയുടെ സഹായം തേടാനാണ് ദമ്പതികൾ ഒരുങ്ങുന്നത്. അനുപമയുടെ ചേച്ചിയുടെ വിവാഹാവശ്യത്തിന് എന്ന് പറഞ്ഞ് പ്രസവത്തിന് രണ്ട് ദിവസം മുമ്പ് ജയചന്ദ്രൻ ഏതൊക്കെയോ പേപ്പറുകളിൽ അനുപമയെ കൊണ്ട് ഒപ്പിടുവിച്ചിരുന്നു. കുട്ടിയെ ശിശുക്ഷേമസമിതിക്ക് കൈമാറിയത് അനുപമയുടെ അനുമതിയോടെയാണെന്ന് കാണിക്കാൻ ആ പേപ്പറുകളാണ് ജയചന്ദ്രൻ ഹാജരാക്കുന്നതെന്ന് അജിത്ത് ആരോപിക്കുന്നു.

അനുപമയുടെ പ്രസവത്തിന് രണ്ട് ദിവസംമുമ്പ് സിപിഎമ്മിന്റെ രണ്ട് പ്രാദേശികനേതാക്കളായ അഭിഭാഷകർ വീട്ടിലെത്തിയാണ് ചേച്ചിയുടെ വിവാഹത്തിന്റെ ആവശ്യത്തിനെന്ന് പറഞ്ഞ് അനുപമയുടെ ഒപ്പ് വാങ്ങിയത്. കുട്ടിയെ വിട്ടുകിട്ടാൻ മാസങ്ങളായി പൊലീസ് സ്റ്റേഷനിലും പാർട്ടി ഘടകങ്ങളിലും പരാതിപ്പെടുന്നു. എന്നാൽ ശിശുക്ഷേമസമിതിക്കാണ് കുട്ടിയെ കൈമാറിയത് എന്ന് പോലും ആരും വെളിപ്പെടുത്തിയില്ല. പേരൂർക്കട പൊലീസ് സ്റ്റേഷനിൽ പല തവണ വിളിച്ചുവരുത്തി മണിക്കൂറുകളോളം കാത്തിരുത്തിക്കും. എന്നിട്ട് ജയചന്ദ്രൻ വന്നില്ലെന്ന് പറഞ്ഞ് പറഞ്ഞുവിടും. നിരവധി ദിവസങ്ങളിൽ ഇത് ആവർത്തിച്ചു. തങ്ങൾ പലവട്ടം ആവശ്യപ്പെട്ടിട്ടും ജയചന്ദ്രൻ ഹാജരാക്കിയ രേഖകളൊന്നും സ്റ്റേഷനിൽ നിന്നും കാണിച്ചില്ലെന്നും അജിത്ത് മറുനാടനോട് പറഞ്ഞു.

പേരൂർക്കട സ്റ്റേഷനിൽ നീതി ലഭിക്കാതെയതോടെ എസിപിക്ക് പരാതി നൽകി. രണ്ട് മാസം മുമ്പ് എസിപിയുടെ ഓഫീസിൽ വച്ചാണ് ജയചന്ദ്രൻ ഹാജരാക്കിയ രേഖകൾ കാണുന്നത്. അപ്പോഴാണ് ശിശുക്ഷേമസമിതിയിലാണ് കുട്ടിയെ നൽകിയതെന്ന് അറിയുന്നത്. നേരത്തെ ഇതറിഞ്ഞിരുന്നുവെങ്കിൽ കുട്ടിയെ തിരിച്ചെടുക്കാൻ കഴിയുമായിരുന്നുവെന്നും അജിത്ത് സങ്കടപ്പെടുന്നു. എൽസി മെമ്പർ കൂടിയായ ജയചന്ദ്രൻ കുട്ടിയെ എടുത്തുമാറ്റിയതിനെതിരെ ഏര്യാ സെക്രട്ടറി മുതൽ പിബി മെമ്പർ വ്യന്ദാ കാരാട്ട് വരെയുള്ളവർക്ക് പരാതികൾ നൽകി. എന്നാൽ അതിൽ അനുഭാവപൂർവം പെരുമാറിയത് വൃന്ദാകാരാട്ട് മാത്രമാണ്. ശ്രീമതി ടീച്ചർ ഉരുണ്ടുകളിക്കുകയായിരുന്നു. ജില്ലാ സെക്രട്ടറി അടക്കമുള്ള നേതാക്കൾ തങ്ങളെ ഭീഷണിപ്പെടുത്തുന്ന നിലപാടാണ് കൈക്കൊണ്ടത്. തന്നെ ഇവിടെ ജീവിക്കാൻ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തി. പൊലീസ് സ്റ്റേഷനിൽ നിരന്തരം ഇടപെട്ട് കേസിൽ നീതി നിഷേധിച്ചു. പാർട്ടി തങ്ങളെ വേട്ടയാടുകയാണെന്നും മുൻ പാർട്ടി മെമ്പർ കൂടിയായ അജിത്ത് പറയുന്നു.

എന്നാൽ ജയചന്ദ്രന്റെ വാദങ്ങളെ ശരിവയ്ക്കുന്ന നിലപാടാണ് പേരൂർക്കട പൊലീസിന്റേത്. മുമ്പുതന്നെ ഇതുസംബന്ധിച്ച് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും പരാതി ട്രാൻസ്ഫർ ചെയ്തിരുന്നുവെന്നും. കേസന്വേഷിച്ചപ്പോൾ കുട്ടിയുടെ അമ്മയുടെ അനുമതിയോടെയാണ് ശിശുക്ഷേമസമിതിക്ക് കൈമാറിയതെന്ന് തെളിഞ്ഞെന്നും പൊലീസ് പറയുന്നു. അതിന്റെ ഭാഗമായി കേസ് ക്ലോസ് ചെയ്‌തെന്നും പേരൂർക്കട പൊലീസ് അവകാശപ്പെടുന്നു.

സിപിഎം നേതാവായ അച്ഛൻ എടുത്തുമാറ്റിയ കുഞ്ഞിനെ തേടി ഓഫീസികൾ കയറിഇറങ്ങുന്ന അച്ഛന്റേയും അമ്മയുടെയും കഥ ഇന്നലെയാണ് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തത്. എസ്എഫ്ഐ പ്രവർത്തകയായിരുന്ന അനുപമയും ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറിയായിരുന്ന അജിത്തും തമ്മിൽ പ്രണയത്തിലായിരുന്നു. അജിത്ത് അന്ന് വിവാഹിതൻ ആയിരുന്നതുകൊണ്ടും ദളിത് ക്രിസ്ത്യൻ ആയതുകൊണ്ടും ആ ബന്ധത്തെ വീട്ടുകാർ എതിർത്തു. ഇരട്ട വിവാഹം നിയമം അംഗീകരിക്കുന്നില്ല. അതുകൊണ്ട് തന്നെ ഈ സമയത്തെ എതിർപ്പിന് നിയമപരമായ പിന്തുണയുണ്ടെന്ന് അവകാശപ്പെടാം. എന്നാൽ പിന്നീട് സംഭവിച്ചതെല്ലാം ഞെട്ടിക്കുന്നതായിരുന്നു.

വിവാഹത്തെ അച്ഛനും അമ്മയും എതിർക്കുന്നതിനിടെയിൽ അനുപമ ഗർഭിണിയായി. വീട്ടുകാരുടെ നേതൃത്വത്തിൽ തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ഒക്ടോബർ 19 ന് സിസേയറിനിലൂടെ ആൺകുഞ്ഞിന് ജന്മം നൽകി. ജനുവരിയിൽ വിവാഹമോചനം നേടിയ അജിത്ത് മാർച്ച് മാസം മുതൽ അനുപമയ്ക്കൊപ്പം താമസം തുടങ്ങി. ഏപ്രിൽ 19 ന് കുഞ്ഞിനെ കാണാനില്ലെന്ന പരാതി അനുപമ പേരൂർക്കട പൊലീസിൽ നൽകി. പക്ഷേ ഗുണമൊന്നും ഉണ്ടായില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP