Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

'ഒറ്റക്കാലൻ മമ്മൂട്ടിയുടെ' കഥ തിരുത്തി ദേവാസുരം; മാറ്റത്തിന് വഴങ്ങാതെ മായാമയൂരം; മാണിക്യക്കല്ലിൽ എംടിയുടെ വിട്ടുവീഴ്ച; പത്മരാജന്റെ മരണത്തിന് പിന്നാലെ താനും നിതീഷ് ഭരദ്വാജും അപകടത്തിൽപെട്ടത് ഗന്ധർവശാപമോ? അവിശ്വസനീയ വെളിപ്പെടുത്തലുമായി ഗുഡ്‌നൈറ്റ് മോഹൻ

'ഒറ്റക്കാലൻ മമ്മൂട്ടിയുടെ' കഥ തിരുത്തി ദേവാസുരം; മാറ്റത്തിന് വഴങ്ങാതെ മായാമയൂരം; മാണിക്യക്കല്ലിൽ എംടിയുടെ വിട്ടുവീഴ്ച; പത്മരാജന്റെ മരണത്തിന് പിന്നാലെ താനും നിതീഷ് ഭരദ്വാജും അപകടത്തിൽപെട്ടത് ഗന്ധർവശാപമോ? അവിശ്വസനീയ വെളിപ്പെടുത്തലുമായി ഗുഡ്‌നൈറ്റ് മോഹൻ

എം റിജു

കൊച്ചി: മലയാളിക്ക് ഒരിക്കലും മറക്കാനാവാത്ത നിർമ്മാതാവാണ് തൃശൂർ പൂങ്കുന്നം സ്വദേശി ആർ. മോഹൻ എന്ന ഗുഡ്നൈറ്റ് മോഹൻ. മലയാള സിനിമയെ ഞെട്ടിക്കുന്ന ഒരു പാട് അനുഭവങ്ങളാണ് അദ്ദേഹം, സഫാരി ടീവിയിലെ 'ചരിത്രം എന്നിലൂടെ' എന്ന പരിപാടിയിലൂടെ പങ്കുവെക്കുന്നത്.

മലയാളത്തിലടക്കം ഇന്ത്യയിൽ ഇന്നും യാതൊരു പ്രിപ്പറേഷനുമില്ലാതെയാണ് സിനിമ എടുക്കുന്നതെന്നും, ചെലവ് കൂടുന്നതിന് ഇത് പ്രധാന കാരണമാവുന്നെന്നും അദ്ദേഹം ഈ പങ്്തിയിൽ പറഞ്ഞിരുന്നു. ഒപ്പം കുടിവെള്ളം തൊട്ട്, കോസ്റ്റിയൂമിൽ വരെ മലയാള സിനിമയിൽ അടിമുടി അഴിമതിയാണെന്നും, ഗുഡ്നൈറ്റ് മോഹൻ തുറന്നു പറഞ്ഞിരുന്നു. ഇതോടൊപ്പം ആ മോഹൻ പറഞ്ഞ മറ്റു ചില കാര്യങ്ങളും സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്. തീർത്തും ബാലിശമായ രംഗങ്ങൾ ഉൾപ്പെട്ടഭാഗങ്ങൾ എഴുതിവച്ചാലും പൊതുവെ മലയാളത്തിലെ ചലച്ചിത്രകാരന്മാർക്ക് അത് തിരുത്താൻ വല്ലാത്ത മടിയാണെന്ന് തന്റെ അനുഭവത്തിൽനിന്ന് അദ്ദേഹം പറയുന്നുണ്ട്.

അങ്ങനെ തിരുത്താനുള്ള മനസ്സ് സംവിധാകർക്കും എഴുത്തുകാർക്കും ഇല്ലാത്തതിനെ തുടർന്ന് പരാജയപ്പെട്ടുപോയ ചിത്രങ്ങളെകുറിച്ച് അദ്ദേഹം പറയുന്നുണ്ട്. ഒപ്പം പത്മരാജന്റെ മരണത്തിന് പിന്നാലെ താനും നിതീഷ് ഭരദ്വാജും അപകടത്തിൽപെട്ടത് ഗന്ധർവശാപമാണോ എന്ന അവിശ്വസനീയ വെളിപ്പെടുത്തലും ഗുഡ്നൈറ്റ് മോഹൻ നടത്തുന്നു.

തീയേറ്ററിൽ എഡിറ്റ് ചെയ്യേണ്ടി വന്ന ഗന്ധർവൻ

'ഞാൻ ഗന്ധർവൻ' എന്ന സിനിമയിൽ പി പത്മരാജന്റെ തിരക്കഥ വായിച്ചപ്പോൾ പലയിടത്തും കല്ലുകടി അനുഭവപ്പെട്ടതായി മോഹൻ പറയുന്നുണ്ട്. ഒരു സീനിൽ നായിക ഒരു ലൈബ്രറിയിൽ കയറി ഉദ്ദേശിച്ച പുസ്തകം കിട്ടാതെ വന്നപ്പോൾ ഗന്ധർവൻ പുസ്തകുമായി വരുന്ന സീനൊക്കെയാണ് എഴുതിവെച്ചിരിക്കുന്നത്. പപ്പേട്ടാ, ഇതൊക്കെ എന്തൊരു ബാലിശമായ സീനാണ്, പുതിയ തലമുറയ്ക്ക് ഇഷ്ടപ്പെടുമോ എന്ന് ചോദിച്ചപ്പോൾ, ഞാൻ പത്മരാജനാണ് എന്ന് മറുപടിയാണ് അദ്ദേഹത്തിൽനിന്ന് ഉണ്ടായത്. ക്ലൈമാകസിലെ നീണ്ട സീനും മാറ്റണമെന്ന് മോഹൻ അഭിപ്രായപ്പെട്ടെങ്കിലും പത്മരാജൻ ചെവിക്കൊണ്ടില്ല.

ഗുഡ്നൈറ്റ് മോഹൻ പറയുന്നു- '' പടം ഇറങ്ങിയപ്പോഴാണ് ഈ സീനുകളിലെ അപാകതകൾ ബോധ്യമായത്. ചിത്രത്തിന് ആദ്യ ദിനങ്ങളിൽ തന്നെ ആളു കുറഞ്ഞു. ഇതോടെ അടിയന്തിരമായി ചിത്രം എഡിറ്റ് ചെയ്ത് ലെങ്്ത്ത് കുറയ്ക്കണം എന്നായി. എന്നാൽ പപ്പേട്ടൻ എഡിറ്റിങ്ങിന് തയ്യാറായില്ല. ഒടുവിൽ നാളെ നിങ്ങൾ വന്നില്ലെങ്കിൽ ഞാൻ എനിക്ക് അറിയാവുന്നവരെവെച്ച് എഡിറ്റ് ചെയ്യും, അതിലും നല്ലത് പപ്പേട്ടൻ വന്ന് എഡിറ്റ് ചെയ്യുന്നതാണ് എന്ന് പറഞ്ഞു. അത് പ്രകാരം മനസ്സില്ലാമനസ്സോടെ പപ്പേട്ടൻ വന്ന് എന്തൊക്കെയോ എഡിറ്റ് ചെയ്തു. പക്ഷേ അതുകൊണ്ടൊന്നും ഫലം ഉണ്ടായില്ല. ചിത്രം പൊങ്ങുന്നില്ല. അപ്പോൾ പിന്നെ എന്ത് വഴി എന്ന് ആലോചിച്ചപ്പോഴാണ്, അന്ന് നിതീഷ് ഭരദ്വാജിനെ ചിത്രം പ്രദർശിപ്പിക്കുന്ന തീയേറ്ററുകളിൽ കൊണ്ടുവന്നാലോ എന്ന് ആലോചിച്ചത്. അന്ന് മഹാഭാരതത്തിലെ ശ്രീകൃഷ്ണന്റെ കീർത്തിയിൽ ജ്വലിച്ച് നിൽക്കയാണ് നിതീഷ് ഭരദ്വാജ്. അപ്പോൾ പപ്പേട്ടനും പറഞ്ഞും തീയേറ്റർ സന്ദർശനത്തിന് ഞാനും വരാം. അങ്ങനെ ഈ ടീം ഗന്ധർവൻ പ്രദർശിപ്പിക്കുന്ന എല്ലാ തീയേറ്ററിലെത്തി. അഭൂതപൂർവമായ ജനക്കൂട്ടമായിരുന്നു എല്ലായിടത്തും. തീയേറ്ററിന് അകത്ത് കയറാൻ പോലും പൊലീസ് സഹായം വേണ്ടി വന്നു. പക്ഷേ തീയേറ്ററിൽ പടം കാണാൻ എത്തിയവർ ആകെ പത്തു പതിനേഴ് പേർ മാത്രമായിരുന്നു. ആളുകൾ ഇടിച്ച് കയറിവന്നത് നിതീഷ് ഭരദ്വാജിനെ നേരിട്ട് കാണാൻ മാത്രമായിരുന്നു!

പക്ഷേ ഇത്രയും എഫേർട്ട് എടുത്ത് സിനിമയെ ലിഫ്റ്റ് ചെയ്യാൻ ശ്രമിച്ചത് പപ്പേട്ടന് ശരിക്കും ബോധിച്ചു. അദ്ദേഹം പറഞ്ഞു. മോഹൻ, ഞാൻ ഇന്നുവരെയും ഒരു സിനിമ ചെയ്തുതരാമെന്ന് ആരോടും അങ്ങോട്ട് പറഞ്ഞിട്ടില്ല. ഈ സിനിമ നിങ്ങൾക്ക് നഷ്ടമായിരിക്കും. പക്ഷേ അടുത്ത സിനിമ ഞാൻ നിങ്ങൾക്കുവേണ്ടി ചെയ്തു തരും. പക്ഷേ ആ വാക്ക് പാലിക്കാൻ പപ്പേട്ടൻ ഉണ്ടായില്ല. പിറ്റേന്നാണ് അദ്ദേഹം കോഴിക്കോട്ട്വെച്ച് ഹൃദയാഘാതത്തെ തുടർന്ന് മരിക്കുന്നത്.''- ഗുഡ്നൈറ്റ് മോഹൻ ചൂണ്ടിക്കാട്ടുന്നു.

''പക്ഷേ സിനിമാ ഇൻഡസ്ട്രിയിൽ പ്രചരിച്ച കഥ ഞാനും പത്മരാജനും ബദ്ധ ശത്രുക്കൾ ആയി എന്നൊക്കെയായിരുന്നു. പത്മരാജന്റെ ഭാര്യ എഴുതിയ ഒരു പുസ്‌കത്തിൽ ഗുഡ്നൈറ്റ് മോഹൻ എന്ന നിർമ്മാതാവ് മാനസികമായി പീഡിപ്പിച്ചു എന്നൊക്കെ എഴുതിയിരുന്നു. ഞാൻ പ്രതികരിക്കാൻ പോയില്ല. പക്ഷേ പിന്നീട് ഒരു ഇന്റവ്യൂവിൽ പത്മരാജൻ എന്ന പ്രതിഭയോടുള്ള എന്റെ ബഹുമാനവും സ്നേഹവുമൊക്കെ ഞാൻ പ്രകടിപ്പിച്ചു. അദ്ദേഹത്തിന്റെ അടുത്ത സിനിമ ചെയ്യാൻ കഴിയാത്തതാണ് തന്റെ ഏറ്റവും വലിയ നഷ്ടമെന്ന് പറഞ്ഞു. അതോടെ പപ്പേട്ടന്റെ ഭാര്യ എന്നെ വിളിക്കുകയും ഞങ്ങൾ സംസാരിച്ച് തെറ്റിദ്ധാരണ മാറ്റുകയും ചെയ്തു. അന്നും ഇന്നും തന്റെ പ്രിയപ്പെട്ട സംവിധായകൻ പത്മരാജനാണ്''- ഗുഡ്നൈറ്റ് മോഹൻ വെളിപ്പെടുത്തുന്നു.

പപ്പേട്ടന്റെ മരണത്തിന് പിന്നിൽ ഗന്ധർവശാപമോ?

ഞാൻ ഗന്ധർവൻ സിനിമക്ക് പിന്നിലെ അണിയറക്കഥകളും ഗുഡ്നൈറ്റ് മോഹൻ പറയുന്നുണ്ട്. '' ഒരു ദിവസം സംവിധായകൻ പത്മരാജൻ, മണ്ണിൽ മുഹമ്മദ് എന്ന നിർമ്മാതാവിനെയും കൂട്ടി മുബൈയിലെ എന്റെ വസതിയിൽ എത്തി. അവരുടെ പ്രോജക്റ്റ് ആയ 'ഞാൻ ഗന്ധർവനിലേക്ക്' നിതീഷ് ഭരദ്വാജിനെ ഒന്ന് ബന്ധപ്പെടുത്തിക്കൊടുക്കണം എന്ന് പറയാനാണ് വന്നത്. മണ്ണിൽ മുഹമ്മദ് ബാത്ത് റൂമിലേക്കോ മറ്റോ പോയപ്പോൾ ഞാൻ പപ്പേട്ടനോട് പറഞ്ഞു. ഇതുപോലെ ഒരു പ്രൊജക്റ്റ് എനിക്കുവേണ്ടി ചെയ്തു തരണമെന്ന് ഞാൻ എത്രകാലമായി പറയുന്നു. നമുക്ക് അടുത്തത് ആലോചിക്കാമെന്നാണ് പപ്പേട്ടൻ പറഞ്ഞത്.

പക്ഷേ മണ്ണിൽ മുഹമ്മദിന്റെ പ്രോജക്റ്റ് നടന്നില്ല. ഒരു ദിവസം പത്മരാജന്റെ അസിസ്റ്റന്റ് ജോഷി മാത്യൂ വിളിക്കയാണ്. അവരെ ചെന്നൈയിലെ ഒരു ഹോട്ടലിൽ ഉപക്ഷേിച്ച് നിർമ്മാതാവ് മുങ്ങിയെന്നും ആ പ്രോജക്റ്റ് ഏറ്റെടുക്കാൻ കഴിയുമോ എന്നുമായിരുന്നു അദ്ദേഹം ചോദിച്ചത്. ഞാൻ എന്റെ ഓഫീസിൽനിന്ന് ആ ബില്ലുകൾ ഒക്കെ അടപ്പിച്ച്, ഫ്ളൈറ്റ് ടിക്കറ്റ് എടുപ്പിച്ച് അവരെ ചെന്നെയിൽനിന്ന് എറണാകളുത്ത് എത്തിച്ചു. അപ്പോൾ പത്മരാജൻ പറയുന്നത് 'മോഹൻ ജീ ഈ സിനിമചെയ്യാനുള്ള യോഗം മോഹൻ ജിക്കാണ് എന്നാണ്''- ഗുഡ്നൈറ്റ് മോഹൻ ചൂണ്ടിക്കാട്ടി.

''ഗന്ധർവൻ സിനിമ എടുക്കുന്നതിന് മുമ്പ് ഗുഡ്നൈറ്റിന്റെ കേരള മാനേജർ ആയ രാജൻ അടക്കമുള്ളവർ ഗന്ധർവശാപം ഉണ്ടാകുമെന്നും ഈ ചിത്രം എടുക്കരുതെന്നും പറഞ്ഞിരുന്നു. എന്നാൽ ഞാൻ അതൊന്നും കാര്യമാക്കിയില്ല. പക്ഷേ അതിനുശേഷം നിരവധി സംഭവങ്ങൾ ഉണ്ടായി. ഗന്ധർവന്റെ പ്രോമോഷനായി എത്തിയ നിതീഷ് ഭരര്വാജും ഞാനും ഒരു ഹോട്ടൽ മുറിയിലും, പത്മരാജനും, ഗാന്ധിമതി ബാലനും മറ്റൊരു മുറിയിലുമാണ് കിടന്നത്. തലേന്ന് രാത്രി 12 മണിവരെ ഞങ്ങൾ സംസാരിച്ചാണ് കിടക്കാൻ പോയത്. എന്നാൽ പിറ്റേന്ന് രാവിലെ ഗാന്ധിമതി ബാലൻ പേടിച്ചരണ്ട് വിളിക്കുന്നതാണ് കേട്ടത്. പപ്പേട്ടൻ വിളിച്ചിട്ട് ഉണരുന്നില്ല. നിതീഷ് ഭരദ്വാജ് ഒരു വെറ്റിനറി ഡോക്ടറാണ്. നിതീഷ് പൾസ് പിടിച്ചുനോക്കിയപ്പോഴാണ്, പത്മരാജൻ മരിച്ച വിവരം അറിയുന്നത്. അതോടെ ഞങ്ങൾ ആകെ നടുങ്ങിപ്പോയി. എന്റെ മനസ്സിലേക്ക് ആദ്യം ഓടിയെന്നതിയത് ഈ ഗന്ധർവശാപമായിരുന്നു'- ഗുഡ്നൈറ്റ് മോഹൻ പറഞ്ഞു.

'ഗുഡ്നൈറ്റ് മോഹൻ മരിച്ചുപോയി'

'പത്മരാജന്റെ മൃതദേഹം അടക്കിയശേഷം ഞാനും ഗാന്ധിമതി ബാലനും ചേർന്ന് നേരെ കാറിൽ തിരുവനന്തപുരത്തേക്ക് കയറി. തലേന്നത്തെ ക്ഷീണം കാരണം കാറിൽ കയറിയപ്പോൾ തന്നെ ഉറങ്ങിപ്പോയി. അതിഭയങ്കരമായ ഒരു ശബ്ദം കേട്ടാണ് ഉണർന്നത്. അപ്പോൾ എന്റെ തലപൊട്ടി ചോര ഒലിക്കയാണ്. ചോര കാരണം കണ്ണു തുറക്കാൻ വയ്യ. കാർ ഹെഡ്ഡ് ഓൺ കൊളീഷനിലൂടെ ഇടിച്ച് മറിഞ്ഞിരിക്കയാണ്. പരിക്കേറ്റ ഡ്രൈവർക്കും, ഗാന്ധിമതി ബാലനും ബോധമില്ല. വണ്ടി വെട്ടിപ്പൊളിച്ചാണ് ഞങ്ങളെ പുറത്തെടുത്തത്. ഉടൻ തന്നെ മറ്റൊരു വാഹനത്തിൽ ഞങ്ങളെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

പക്ഷേ അപ്പോഴേക്കും പ്രചരിച്ച വാർത്ത വാഹനാപകടത്തിൽ ഗുഡ്നൈറ്റ് മോഹനും ഗാന്ധിമതി ബാലനും മരിച്ചുവെന്നാണ്. തിരുവനന്തപുരത്തെ ഹോസ്പിറ്റലിൽ ചികിത്സക്ക് ശേഷം ഞാൻ മുബൈയിലെ വീട്ടിലേക്ക് വിളിച്ചു. ഫോണെടുത്ത ഭാര്യ കരയുകയാണ്. ഗുഡ്നൈറ്റ് മോഹൻ മരിച്ചുപോയി എന്ന വാർത്ത അപ്പോഴേക്കും ആരോ അവിടെ വിളിച്ചു പറഞ്ഞിരുന്നത്. ഞാൻ തന്നെയാണ് സംസാരിക്കുന്നതെന്ന് ആവർത്തിച്ച് പറഞ്ഞാണ് ഭാര്യയെ ശാന്തയാക്കിയത്. പിറ്റേന്ന് ബോംബെയിലെത്തിയ ഞാൻ നിതീഷ് ഭരദ്വാജിനെ വിളിച്ച് അപകട വിവരം പറഞ്ഞു.

നിതീഷ് ഞെട്ടിപ്പോയി. അതേസമയത്തിൽ നിതീഷും പൂനയിൽ അപകടത്തിൽ പെട്ടു. ഗന്ധർവശാപം എന്ന് പറയുന്നതിൽ എന്തെങ്കിലും സത്യമുണ്ടോ എന്നാണ് അപ്പോഴും ഞാൻ ചിന്തിച്ചത്. പിന്നീട് വർഷങ്ങൾക്ക്ശേഷം തിരുവനന്തപുരത്തുനിന്ന് കൊച്ചിയിലേക്ക് വരവേ, മുമ്പ് അപകടം ഉണ്ടായ അതേ സ്ഥലത്തുവെച്ച് ഏന്റെ കാറിന്റെ ആക്സിൽ ഒടിഞ്ഞു. ഇതും എന്തുകൊണ്ടാണെന്ന് അറിയില്ല.''- ഗുഡ്നൈറ്റ് മോഹൻ പറയുന്നു.

'മായാമയൂര'ത്തിന്റെ പരാജയത്തിന് പിന്നിൽ

അതുപോലെതന്നെ മോഹൻലാൽ- സിബിമലയിൽ- രഞ്ജിത്ത് കൂട്ടുകെട്ടിൽ ഇറങ്ങിയ 'മായാമയൂരം' എന്ന സിനിമയിൽ തനിക്കുണ്ടായ ദുരനുഭവങ്ങളും ഗുഡ്നൈറ്റ് മോഹൻ വിവരിക്കുന്നുണ്ട്. ''മായാമയൂരത്തിന്റെ കഥ കേട്ടപ്പോൾ തന്നെ അതിന്റെ സെക്കൻഡ് ഹാഫിൽ പ്രശ്നങ്ങളുണ്ടെന്ന് എനിക്ക് മനസ്സിലായി. ഞാൻ അത് തുറന്നു പറഞ്ഞു.

രണ്ടാം പകുതിയിൽ സിനിമ ദുർബലമായിപ്പോയെന്നും, അതിലെ മോഹൻലാലിലെ ഒരു റൗഡിയാക്കിയോ മറ്റോ മാറ്റി, ശോഭനയുടെ കഥാപാത്രം അയാളെ നന്നാക്കി എടുക്കുന്നതായി ചിത്രീകരിച്ചാൽ നന്നാവുമെന്ന് പറഞ്ഞു. പക്ഷേ അത് ആരും അംഗീകരിച്ചില്ല. സിബിമലയിലും രഞ്ജിത്തുമൊക്കെ എത്രയോ എക്സ്പീരിയൻസ് ഉള്ള ആളുകൾ അല്ലേ, അവർ ചെയ്യുന്ന ചിത്രം മോശം ആവുമോ എന്നാണ് എന്റെ കൂടെയുള്ളവരും ചോദിച്ചത്.

അങ്ങനെ അവരെ വിശ്വസിച്ച് ചിത്രം ചെയ്തു. അത് വൻ പരാജയമായി. '- ഗുഡ്നൈറ്റ് മോഹൻ പറഞ്ഞു. താൻ പറഞ്ഞ രീതിയിൽ രണ്ടാം പകുതിയിൽ മാറ്റം വരുത്തിയിരുന്നെങ്കിൽ ആ പടം വിജയം ആകാൻ സാധ്യതയുണ്ടായിരുന്നെന്നാണ്, മോഹൻ പറയുന്നത്.

തിരുത്തിയതുകൊണ്ട് ഹിറ്റായ ദേവാസുരം

എന്നാൽ കഥ തിരുത്തിയെഴുതിയതുകൊണ്ട് ഹിറ്റായ ചിത്രങ്ങളെക്കുറിച്ചും അഭിമുഖത്തിൽ ഗുഡ്നൈറ്റ് മോഹൻ പറയുന്നുണ്ട്.-'' ഒരിക്കൽ ഒരാൾ എന്റെ അടുത്ത് ഒരു കഥ പറയാൻ വന്നു. മമ്മൂട്ടിയെ വെച്ച് ചെയ്യാൻ ഉദ്ദേശിക്കുന്ന സബ്ജക്റ്റ് ആയിരുന്നു അത്. ഒരു ഗ്രാമത്തിലെ ഒരു ചട്ടമ്പിയുടെ കഥയാണ്. ജഗ പോക്കിരിയായ ഇയാൾ കാണിക്കാത്ത കുരുത്തക്കേടുകൾ ഇല്ല. അങ്ങനെ ഒരു ദിവസം ഇയാൾ ഒരു നർത്തകിയെ ബലമായി പടിച്ചുകൊണ്ടുവന്ന് സ്വന്തം വസതിയിൽ നൃത്തം ചെയ്യിപ്പിക്കുന്നു.

മനസ്സു തകർന്ന നർത്തകി അയാളെ ശപിക്കുന്നു. അതിനുശേഷം ഒരു സംഘട്ടനത്തിൽ അയാളുടെ ഒരു കാൽ നഷ്ടമാവുന്നു. തുടർന്നുള്ള രംഗങ്ങളിൽ അയാൾ ഒരു കാൽ ഇല്ലാതെയാണ് പ്രത്യക്ഷപ്പെടുന്നത്. അങ്ങനെ അയാൾ ഒറ്റക്കാൽകൊണ്ട് വില്ലനെ നേരിടുന്ന രംഗങ്ങളാണ് ചിത്രത്തിൽ. കഥകേട്ട് ഞാൻ പറഞ്ഞു. രണ്ടുകാലും രണ്ടും കൈയും വെച്ച് മമ്മൂട്ടിയെകൊണ്ട് മൂന്നോ നാലോ പടങ്ങൾ ചെയ്തു. ഒന്നും മരിയാദക്ക് ഓടിയിട്ടില്ല. അപ്പോൾ ഒരുകാലില്ലാത്ത മമ്മൂട്ടിയെ ഇറക്കിയാൽ എന്തു സംഭവിക്കും.

ഇത് കേട്ടാണ് ആ പ്രൊജക്റ്റ് മാറിയത്. പിന്നീട് ആ കഥയിൽ ഒരു പാട് മാറ്റങ്ങൾ വന്നു. സെക്കൻഡ് ഹാഫിൽ ഉഴിച്ചിൽ നടത്തി കാല് ശരിയാക്കി. അങ്ങനെ ആ പടം ഇറങ്ങി. ചിത്രത്തിന്റെ പേര് ഞാൻ പറയണ്ടല്ലോ. എല്ലാവർക്കും അറിയാം. ദേവാസുരം''- ആർ മോഹൻ വ്യക്തമാക്കി.

മധൂർഭണ്ഡാർക്കറുടെ കള്ളത്തരം

നിരന്തരമായി കള്ളത്തരങ്ങൾ ആവർത്തിക്കയെന്നത് മലയാളത്തിൽ മാത്രമല്ല ഹിന്ദിയിലെവരെ ചില സംവിധായകരുടെ രീതിയാണെന്നത് ദേശീയ അവാർഡു നേടിയ ചാന്ദിന് ബാറിന്റെ സംവിധായകൻ മധൂർ ഭണ്ഡാർക്കറുമൊത്തുള്ള അനുഭവത്തിൽനിന്ന് ഗുഡ് നൈറ്റ് മോഹൻ പറയുന്നു. അദ്ദേഹത്തിന്റെ വാക്കുകളുടെ പ്രസക്തഭാഗങ്ങൾ ഇങ്ങനെ- '' എന്റെ മകനാണ് മധൂർ ഭണ്ഡാർക്കറെ പരിചയപ്പെടുത്തുന്നത്. രാഗോംപാൽ വർമ്മയുടെ അസിസ്റ്റന്റായി ഒരു സിനിമയിൽ അദ്ദേഹം വർക്ക് ചെയ്തിട്ടുണ്ട്. ഒരു ബാർ ഡാൻസറുടെ കഥയിൽ തുടങ്ങി മുംബൈ അധോലോകത്തിന്റെ കഥയാണ് ഭണ്ഡാർക്കർ പറഞ്ഞത്. അപ്പോൾ ഞാൻ പറഞ്ഞു. അധോലോക സത്യയിൽ രാംഗോപാൽ വർമ്മയൊക്കെ പറഞ്ഞിട്ടുണ്ട്. അതിൽ അപ്പുറം നമുക്ക് ഒന്നും ചെയ്യാനില്ല. പക്ഷേ ആ ബാർഗേളിന്റെ കഥ പുതുമയുണ്ട്. പക്ഷേ മധൂർ അതിൽ തുടർന്ന് ഒന്നും ചെയ്തില്ല. അങ്ങനെ ഞാൻ എന്റെ പരിചയക്കാരനായ ബോംബെയിൽ ഡാൻസ് ബാർ നടത്തുന്ന ഒരാളെ വിളിച്ചു. അയാൾ വഴി ഒരു ബാർ ഗേളിനെ പരിചയപ്പെട്ടു. ഏറെ സമ്മർദങ്ങൾക്കൊടുവിൽ അവർ ദിവസങ്ങൾ എടുത്ത് തന്റെ കഥ പറഞ്ഞു. ഞാൻ അത് എന്റെ റൈറ്ററെ വെച്ച് എഴുതിയെടുത്തു. എന്നിട്ട് ഈ സിനിമാണ് എടുക്കേണ്ടത് എന്ന് പറഞ്ഞു. ആ കഥയാണ് ദേശീയ അവാർഡ് നേടിയ ചാന്ദിനി ബാർ.

മധൂർ ഭണ്ഡാർക്കറുടെ മനസ്സിൽ അപ്പോഴും ഉണ്ടായിരുന്നത് ഒരു കോമേർഷ്യൽ അധോലോക സിനിമയായിരുന്നു. ഈ ചിത്രത്തിൽ പാട്ടുകൾ ഉണ്ടായിരുന്നില്ല. പാട്ടില്ലാത്ത ഹിന്ദി സിനിമയോ! മധൂർ പലതവണ ചിത്രത്തിൽ പാട്ടുകൾ വേണമെന്ന് പറഞ്ഞു. പക്ഷേ അത് വേണ്ട എന്നും ഈ ചിത്രത്തിന്റെ മൂഡ് അതല്ലെന്നും പറഞ്ഞ് ഞാൻ തള്ളിക്കളഞ്ഞു. ചിത്രത്തിന്റെ ക്ലൈമാക്സ് ഷൂട്ട് ചെയ്തത് തീർത്തും ദുർബലമായിട്ടാണ്. ഞാൻ മുഴുവൻ പേരെയും വിളിച്ചു കൂട്ടി അത് റീ ഷൂട്ട് ചെയ്തു. ചിത്രത്തിൽ തബുവിനെ നിശ്ചയിച്ചതും, അവരെ നേരിട്ട് പോയി കണ്ടതും എല്ലാം ഞാൻ തന്നെയായിരുന്നു. അന്ന് മധൂർ ഭണ്ഡാർക്കാർ ഒന്നും ആയിരുന്നില്ല.

രാജീവ് രവി ക്യാമറ നിർവഹിച്ച ചിത്രത്തിന് വലിയ സ്വകീരണമാണ് ലഭിച്ചത്. പ്രിവ്യൂ കണ്ട മാധുരി ദീക്ഷിത് ഒക്കെ കരഞ്ഞുപോയി. മികച്ച ചിത്രത്തിന് ദേശീയ അവാർഡും ലഭിച്ചു. പക്ഷേ അതിന്റെ ഗുണം എന്റെ ഭാര്യക്കാണ് ലഭിച്ചത്. കാരണം എഡിറ്റിങ്ങ് നിർവഹിച്ച എന്റെ മകന്റെ കാഴ്ചപ്പാടിൽ ഈ ചിത്രം ഒരു ലൊ പ്രൈാഫൈൽ ചിത്രമായിരുന്നു. ഇത്രയും നല്ല ചിത്രങ്ങൾ എടുത്ത അച്ഛന്റെ പേര് ചീത്തയാക്കാൻ സമ്മതിക്കില്ലെന്ന് പറഞ്ഞ് മകൻ എന്റെ ഭാര്യയുടെ പേരാണ് ചിത്രത്തിന് ചേർത്തത്. കഥയും എന്റെതാണെങ്കിലും അവിടെയും മറ്റൊരു പേരാണ് വെച്ചത്. അതുകൊണ്ടുതന്നെ ഈ ചിത്രത്തിലൂടെ ദേശീയ അവാർഡ് രാഷ്ട്രപതിയിൽനിന്ന് നേടിയതാവട്ടെ എന്റെ ഭാര്യയാണ്. ''- ഗുഡ്നൈറ്റ് മോഹൻ പറഞ്ഞു.

'പിന്നീട് മാസങ്ങൾക്ക് ശേഷം ഞാൻ ഒരു ചാനലിൽ മധൂർ ഭണ്ഡാർക്കരുടെ ഒരു അഭിമുഖം കണ്ടു. അതിൽ അയാൾ പറയുന്നത്, ഈ ചിത്രത്തിൽ പാട്ടുകൾ വേണമെന്ന് നിർമ്മാതാവ് നിർബന്ധം പിടിച്ചുവെന്നും, സംവിധായകനായ താൻ അതിന് സമ്മതിച്ചില്ല എന്നും. എന്താണോ സംഭവിച്ചത് അതിന് നേർ വിപരീതമാണ് അദ്ദേഹം പറയുന്നത്. എനിക്ക് ഉച്ചിമുതൽ ദേഷ്യം ഇരച്ചുകയറിവന്നു. ഞാൻ നേരെ മധൂർ ഭണ്ഡാർക്കരെ വിളച്ചു. ഞാൻ വിചാരിച്ചാലും ഒരു അഭിമുഖം അറേഞ്ച് ചെയ്യാൻ കഴിയും. അപ്പോൾ മധൂർ പറഞ്ഞു. അറിയാതെ പറ്റിയതാണെന്നും ഒരു ഓളത്തിന് പറഞ്ഞുപോയതാണെന്നും.''- ഇങ്ങനെയാണ് ഗുഡ്നൈറ്റ് മോഹൻ ആ സംഭവം വിശദീകരിക്കുന്നത്.

എം ടിയെ തിരുത്തിയ നിർമ്മാതാവ്

പൊതുവെ താൻ പിടിച്ച മുയലിന് മൂന്ന് കൊമ്പ് എന്ന് പറയുന്നവരാണ് മലയാളത്തിലെ എഴുത്തുകാരും സംവിധായകരുമെങ്കിലും അപൂർവമായ നല്ല അനുഭവങ്ങൾ ഗുഡ്നൈറ്റ് മോഹൻ രേഖപ്പെടുത്തുന്നുണ്ട്. സാക്ഷാൽ എം ടി വാസുദേവൻ നായർ, മോഹന്റെ നിർദ്ദേശം മുഖവിലക്ക് എടുത്ത് 'മാണിക്യക്കല്ല്' എന്ന സിനിമയുടെ തിരക്കഥ തിരുത്താമെന്ന് പറഞ്ഞതായിരുന്നു അത്. ആ സംഭവം ഗുഡ്നൈറ്റ് മോഹൻ വിവരിക്കുന്നത് ഇങ്ങനെയാണ്.

''ഞാൻ ഏഴോ എട്ടോ ക്ലാസിൽ നോൺ ഡീറ്റെലായി പഠിച്ച പുസ്തകമാണ് എം ടിയുടെ മാണിക്യക്കല്ല്. ഇടക്ക് എപ്പഴോ അത് സിനിമയാക്കണം എന്ന ആഗ്രഹം മനസ്സിൽ വന്നു. അങ്ങനെ അന്വേഷിച്ചപ്പോഴാണ് അറിയുന്നത് ഈ കഥ 'പെരുന്തച്ചൻ' എടുത്ത അജയൻ എന്ന സംവിധായകന്റെ കൈയിലാണെന്ന്. ഞാൻ ഉടനെ അജയനുമായി ബന്ധപ്പെട്ടു. അന്ന് എനിക്ക് ഏറെ തിരക്ക് പിടിച്ച് സമയമായിരുന്നു. അതിനാൽ എറണാംകളത്ത്നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെയാവാം തിരക്കഥ വായന എന്ന് തീരുമാനിക്കുന്നു. അപ്രകാരം അജയൻ ട്രെയിനിൽ എത്തി. തിരക്കഥ വായിച്ചുകേട്ടപ്പോഴാണ് ഞാൻ അതിൽ ഒന്ന് രണ്ട് പ്രശ്നങ്ങൾ ഉണ്ട് എന്ന് മനസ്സിലാക്കുന്നത്. ഒന്ന് പാമ്പ് മാണിക്യക്കല്ല് താഴെവെച്ച് രണ്ട് കുതിരകളെ വിഴുങ്ങുന്ന സീനോടെയാണ് ചിത്രം തുടങ്ങുന്നത്. ഇത്രയും നന്നായി തുടങ്ങിയ സ്ഥിതിക്ക് ക്ലൈമാക്സ് അതിന്റെ മുകളിൽപോകണം. ഇടക്ക് ചിലയിടത്തൊക്കെ വരുന്ന ലാഗും ശരിയാക്കണം. എന്നാൽ ഇത് കേട്ടതോടെ അജയൻ ഞെട്ടി. ഈ കറക്ഷൻ എങ്ങനെയാണ് എം ടി സാററോട് പറയുക. ഞാൻ പറയില്ല, എനിക്ക് പേടിയാണെന്ന് അജയൻ തീർത്തു പറഞ്ഞു.

അപ്പോൾ ഞാൻ പറഞ്ഞു. ഞാൻ പറയാം. അങ്ങനെ രണ്ടും കൽപ്പിച്ച് എം ടിയെ കാണാനെത്തി. സ്വയം പരിചയപ്പെടുത്തി. ഒരു ബീഡി വലിച്ച് സൂക്ഷിച്ച് നോക്കുകയല്ലാതെ എം ടി ഒന്നു പറഞ്ഞില്ല. രണ്ടും കൽപ്പിച്ച് ഞാൻ കാര്യങ്ങൾ പറഞ്ഞു. ഒപ്പം അജയനുമുണ്ട്. മാണിക്യക്കല്ലിന്റെ ക്ലൈമാക്സിന്റെ പ്രശ്നവും, ചില സീനുകളിലെ ലാഗും പറഞ്ഞു. എം ടി ഒന്നും പറയാതെ ബീഡി വലി തുടർന്നു. അപ്പോൾ ഞാൻ വിചാരിച്ചത് അദ്ദേഹം ഗെറ്റൗട്ട് അടിക്കുമെന്നാണ്. എന്നാൽ ഞങ്ങളെ ഞെട്ടിച്ചുകൊണ്ട് എം ടി പറഞ്ഞത് ഇങ്ങനെയായിരുന്നു. ' ഈ സ്‌ക്രിപ്റ്റ് ഞാൻ പത്തു പതിനേഴ് വർഷങ്ങൾക്ക് മുമ്പ് എഴുതിയതാണ്. അതിന്റെ പ്രശ്നങ്ങളാണ്. സ്‌ക്രിപറ്റ് കൊടുത്തയച്ചാൽ മതി. ഞാൻ കറകട് ചെയ്തുതരാം''- അപ്പോഴാണ് ഞങ്ങൾക്കൊക്കെ ശ്വാസം വീണത്.''- ഗുഡ്നൈറ്റ് മോഹൻ പറയുന്നു.

നമ്മൾ പറയുന്നത് ജനുവിനായ കറക്ഷൻ ആണെന്ന് ബോധ്യമുണ്ടെങ്കിൽ പ്രതിഭയുള്ളവർക്ക് തിരുത്താൻ യാതൊരു മടിയും ഉണ്ടാവില്ലെന്നാണ്, ഗുഡ്നൈറ്റ് മോഹൻ തുടർന്ന് പറയുന്നത്. അല്ലാതെ ഈ സീനിൽ സിൽക്ക് സ്മിതയുടെ ഡാൻസ്വേണമെന്നൊക്കെ ആവശ്യപ്പെട്ടിരുന്നെങ്കിൽ സ്ഥിതി എന്താവുമായിരുന്നുവെന്നും ഗുഡ്നൈറ്റ് മോഹൻ ചോദിക്കുന്നു.

കടപ്പാട്: സഫാരി ടിവി

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP