Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സംസ്ഥാന ചലച്ചിത്ര അവാർഡ് നാളെ; പുരസ്‌കാരത്തിനായി അന്തിമ പട്ടികയിലുള്ളത് 30 ചിത്രങ്ങൾ; കടുത്ത മത്സരം മികച്ച നടി- നടൻ വിഭാഗത്തിൽ; പൂർത്തിയായത് ചലച്ചിത്ര അവാർഡിന്റെ പുതുക്കിയ നിയമാവലി അനുസരിച്ചുള്ള ആദ്യ അവാർഡ് നിർണയം

സംസ്ഥാന ചലച്ചിത്ര അവാർഡ് നാളെ; പുരസ്‌കാരത്തിനായി അന്തിമ പട്ടികയിലുള്ളത് 30 ചിത്രങ്ങൾ; കടുത്ത മത്സരം മികച്ച നടി- നടൻ വിഭാഗത്തിൽ;  പൂർത്തിയായത് ചലച്ചിത്ര അവാർഡിന്റെ പുതുക്കിയ നിയമാവലി അനുസരിച്ചുള്ള ആദ്യ അവാർഡ് നിർണയം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം ശനിയാഴ്ച നടക്കും. വൈകീട്ട് മൂന്ന് മണിക്കാണ് പ്രഖ്യാപനം. ഇത്തവണ 30 സിനിമകളാണ് അവാർഡിനായി അന്തിമ പട്ടികയിലുള്ളത്. മികച്ച നടൻ, നടി വിഭാഗങ്ങളിൽ ശക്തമായ മത്സരം തന്നെയാണ് നടക്കുന്നത്. സുഹാസിനി മണിരത്‌നമാണ് അന്തിമ ജൂറി അദ്ധ്യക്ഷ. ചലച്ചിത്ര അവാർഡിന്റെ പുതുക്കിയ നിയമാവലി അനുസരിച്ചുള്ള ആദ്യ അവാർഡ് നിർണയമാണ് ഇത്തവണത്തേത്.

ബിജു മേനോൻ, ഫഹദ് ഫാസിൽ, ജയസൂര്യ, ഇന്ദ്രൻസ്, സുരാജ് വെഞ്ഞാറമ്മൂട്, ടൊവിനോ തോമസ് തുടങ്ങിയവർ മികച്ച നടനുള്ള സംസ്ഥാന അവാർഡിനു മത്സരിക്കാൻ രംഗത്തുണ്ട്. നടിക്കുള്ള അവാർഡ് കരസ്ഥമാക്കാൻ ശോഭന, അന്ന ബെൻ, നിമിഷ സജയൻ, പാർവതി തിരുവോത്ത്, സംയുക്ത മേനോൻ തുടങ്ങിയവരും ഉണ്ട്.വെള്ളം, കപ്പേള, ഒരിലത്തണലിൽ, സൂഫിയും സുജാതയും, ആണും പെണ്ണും,കയറ്റം, അയ്യപ്പനും കോശിയും, പാപം ചെയ്യാത്തവർ കല്ലെറിയട്ടെ തുടങ്ങിയവയും മികച്ച സിനിമകളുടെ പട്ടികയിലുണ്ട്. അടുത്തിടെ അന്തരിച്ച നടൻ നെടുമുടി വേണു, അനിൽ നെടുമങ്ങാട്, സംവിധായകൻ സച്ചി എന്നിവർക്കും പുരസ്‌കാര സാധ്യതയുണ്ട്.

സിനിമകളുടെ സ്‌ക്രീനിങ് അന്തിമ ജൂറി ഏതാണ്ട് പൂർത്തിയാക്കി.പ്രശസ്ത ചലച്ചിത്ര താരവും സംവിധായികയും തിരക്കഥാകൃത്തും ആയ സുഹാസിനി മണിരത്നം ആണ് അന്തിമ ജൂറിയുടെ അധ്യക്ഷ. പ്രശസ്ത കന്നഡ സംവിധായകൻ പി.ശേഷാദ്രി, സംവിധായകൻ ഭദ്രൻ എന്നിവരായിരുന്നു പ്രാഥമിക ജൂറികളുടെ അധ്യക്ഷന്മാർ.ഏതെങ്കിലും സിനിമകൾ കാണാൻ അവർക്ക് താല്പര്യമുണ്ടെങ്കിൽ വെള്ളിയാഴ്ച വീണ്ടും കാണും.

കഴിഞ്ഞ വർഷത്തെ 80 സിനിമകൾ സംസ്ഥാന അവാർഡിനു മത്സരിക്കുന്നുണ്ട്.40 സിനിമകൾ വീതം 2 പ്രാഥമിക ജൂറികൾ കണ്ടു. അതിൽ മികച്ച 30% സിനിമകളാണ് അന്തിമ ജൂറിയുടെ പരിഗണനയ്ക്കായി അവർ ശുപാർശ ചെയ്തത്.ശേഷാദ്രിയും ഭദ്രനും അന്തിമ ജൂറിയിലും അംഗങ്ങൾ ആണ്. പ്രാഥമിക റൗണ്ടിൽ തഴയപ്പെട്ട ഏതെങ്കിലും ചിത്രത്തിലെ ആരെങ്കിലും മികച്ച വ്യക്തിഗത പ്രകടനം കാഴ്ച വച്ചിട്ടുണ്ടെങ്കിൽ ആ ചിത്രങ്ങൾ അന്തിമ ജൂറിക്കു മുന്നിലേക്കു വിളിച്ചു വരുത്താമെന്നാണ് വ്യവസ്ഥ.

സംസ്ഥാന ചലച്ചിത്ര അവാർഡിന്റെ പുതുക്കിയ നിയമാവലി അനുസരിച്ചുള്ള ആദ്യ അവാർഡ് നിർണയം ആണ് ഇപ്പോൾ നടക്കുന്നത്.ശേഷാദ്രിക്കും ഭദ്രനും പുറമേ ഛായാഗ്രാഹകൻ സി.കെ.മുരളീധരൻ,സംഗീത സംവിധായകൻ മോഹൻ സിത്താര, സൗണ്ട് ഡിസൈനർ എം.ഹരികുമാർ, നിരൂപകനും തിരക്കഥാകൃത്തുമായ എൻ.ശശിധരൻ എന്നിവരും അന്തിമ ജൂറിയിൽ അംഗങ്ങൾ ആണ്.

ഇവർക്കു പുറമേ രചനാ വിഭാഗം അവാർഡുകൾ നിശ്ചയിക്കുന്നതിനു പ്രശസ്ത നിരൂപകൻ ഡോ.പി.കെ.രാജശേഖരന്റെ അധ്യക്ഷതയിൽ പ്രത്യേക സമിതിയെ നിയോഗിച്ചിട്ടുണ്ട്.ചലച്ചിത്ര അക്കാദമി സെക്രട്ടറി സി.അജോയ് ആണ് എല്ലാ ജൂറികളുടെയും മെംബർ സെക്രട്ടറി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP