Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നിങ്ങളുടെ വീട്ടുവേലക്കാരിയല്ല ഞാൻ എന്ന് അമ്മായിഅമ്മയോട് പൊട്ടിത്തെറിച്ച് താലി മാല പൊട്ടിച്ച് എറിഞ്ഞപ്പോൾ അശ്വതി ഓർത്തില്ല ശ്രീഹരി ജീവൻ ഒടുക്കുമെന്ന്; ഭർത്താവിന്റെ മരണശേഷം ആകെ മാനസികമായി തകർന്ന നിലയിൽ; ഒടുവിൽ അശ്വതി എസ് കൃഷ്ണനും ജീവനൊടുക്കി

നിങ്ങളുടെ വീട്ടുവേലക്കാരിയല്ല ഞാൻ എന്ന് അമ്മായിഅമ്മയോട് പൊട്ടിത്തെറിച്ച് താലി മാല പൊട്ടിച്ച് എറിഞ്ഞപ്പോൾ അശ്വതി ഓർത്തില്ല ശ്രീഹരി ജീവൻ ഒടുക്കുമെന്ന്; ഭർത്താവിന്റെ മരണശേഷം ആകെ മാനസികമായി തകർന്ന നിലയിൽ; ഒടുവിൽ അശ്വതി എസ് കൃഷ്ണനും ജീവനൊടുക്കി

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം:  അമ്മയും ഭാര്യയും തമ്മിലുള്ള തർക്കത്തിൽ മാനസിക സമ്മർദ്ദം സഹിക്ക വയ്യാതെ ആത്മഹത്യ ചെയ്ത ശ്രീഹരിയുടെ വേർപാട് താങ്ങാൻ ആവാതെയാണ് അശ്വതിയും കഴിഞ്ഞ ദിവസം ജീവനൊടുക്കിയത്. കൊല്ലം നെടുമ്പന പള്ളിമൺ സ്വദേശികളെ ഞെട്ടിച്ച സംഭവം ആയിരുന്നു ജൂലൈ 12 ന് മർച്ചന്റ് നേവി ജീവനക്കാരനായ ശ്രീഹരിയുടെ ആത്മഹത്യ. സംഭവത്തെ തുടർന്ന് സ്വന്തം വീട്ടിലായിരുന്ന അശ്വതി കടുത്ത മാനസിക വിഷമത്തിൽ ആയിരുന്നുവെന്ന് സഹോദരൻ അനന്ദുകൃഷ്ണൻ പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു. വീട്ടിലെ വലിയ മുറിയിൽ ഫാനിൽ, അച്ഛന്റെ കൈലി മുണ്ട് കെട്ടിയാണ് അശ്വതി തൂങ്ങി മരിച്ചത്.

ഭർതൃവീട്ടിലുണ്ടായ തർക്കങ്ങളും ശ്രീഹരിയുടെ അപ്രതീക്ഷിത മരണവും അശ്വതിയെ വല്ലാതെ ഉലച്ചിരുന്നു. വീട്ടിൽ ആരും ഇല്ലാതിരുന്ന സമയച്ച് വീട് പൂട്ടിയിട്ടാണ് അശ്വതി ജീവനൊടുക്കിയത്.

ശ്രീഹരിയുടെ ആത്മഹത്യയിലേക്ക് നയിച്ച സംഭവം

അമ്മയും ഭാര്യയും തമ്മിൽ നടന്ന തർക്കവും അതേറ്റുപിടിച്ച് ശ്രീഹരിയുമായുണ്ടായ വഴക്കുമാണ് കാര്യങ്ങൾ വഷളാക്കിയത്. നെടുമ്പന പള്ളിമൺ ഐക്കരഴികത്ത് വീട്ടിൽ ഉണ്ണികൃഷ്ണപിള്ളയുടെ മകൻ ശ്രീഹരി തന്റെ പ്രണയവിവാഹം പരാജയമെന്ന തോന്നലിലാണ് ജീവനൊടുക്കാൻ ശ്രമിച്ചതും പിന്നീട് മരണത്തിന് കീഴടങ്ങിയതും.

ശ്രീഹരി പ്രണയിച്ച് വിവാഹം കഴിച്ച ഇളവൂർ സ്വദേശിനി അശ്വതി വീട്ടിൽ ജോലിയൊന്നും ചെയ്യാതെ മൊബൈൽ ഫോണിൽ നോക്കി ഇരിക്കുന്നത് പതിവായിരുന്നു എന്നായിരുന്നു ആരോപണം. വീട്ടിലെ ജോലിയൊന്നും ചെയ്യാതിരിക്കുന്നതിനാൽ ശ്രീഹരിയുടെ അമ്മ മണിയമ്മ അശ്വതിയോട് എന്തെങ്കിലും ജോലിയൊക്കെ ചെയ്യണം എന്ന് പറയുമായിരുന്നു. എന്നാൽ അശ്വതി ഇത് ചെവിക്കൊള്ളില്ലായിരുന്നു. ശ്രീഹരിയുടെ കുടുംബം വളരെ നിർദ്ധനരായിരുന്നു. അതിനാൽ അച്ഛനും അമ്മയും കൂലിപ്പണിക്ക് പോയാണ് ജീവിതം പുലർത്തിയിരുന്നത്. ശ്രീഹരി താൽക്കാലികമായി മർച്ചന്റ് നേവിയിൽ ജോലിക്ക് കയറിയിരിക്കുകയായിരുന്നു.

ജൂലൈ 12 ന് കശുവണ്ടി ഫാക്ടറിയിലെ ജോലി കഴിഞ്ഞ് തിരികെയെത്തിയ ശ്രീഹരിയുടെ അമ്മ വീടിന്റെ മുറ്റം അഴുക്കായി കിടക്കുന്നതു കണ്ട് മുറ്റം വൃത്തിയാക്കിയിട്ടുകൂടെ എന്ന് അശ്വതിയോട് ചോദിച്ചു. ഇത് കേട്ട് പ്രകോപിതയായ അശ്വതി നിങ്ങളുടെ വീട്ടു വേലക്കാരിയായല്ല ഞാൻ ഇവിടെ വന്നത്, എന്റെ ഭർത്താവിന്റെ കാര്യങ്ങൾ നോക്കാനാണ് വന്നത് എന്ന് പറഞ്ഞ് വലിയ ഒച്ചപ്പാടുണ്ടാക്കി. ഇത് കേട്ട ശ്രീഹരി അശ്വതിയെ മുറിയിൽ വിളിച്ചു വരുത്തി തല്ലി. ഇതോടെ കഴുത്തിൽ കിടന്ന താലിയും മാലയും വലിച്ചു പൊട്ടിച്ച് ശ്രീഹരിയുടെ മുഖത്തേക്ക് വലിച്ചെറിഞ്ഞു. ഇതോടെ ശ്രീഹരി താലിയും മാലയും അമ്മയുടെ കയ്യിൽ കൊടുത്തതിന് ശേഷം ഈ താലി ഇനി വേണ്ട, ശരിയാകില്ല. അതിനാൽ ഇത് വിറ്റ് ഉള്ള കടം തീർക്കണമെന്ന് പറഞ്ഞു. പിന്നീട് മുറിയിൽ കയറി പോകുകയായിരുന്നു.

അൽപ്പ സമയം കഴിഞ്ഞപ്പോൾ മുറിയിൽ നിന്നും ശബ്ദമൊന്നും കേൾക്കാതായതോടെ വീട്ടുകാർ വാതിലിൽ തട്ടിവിളിച്ചു. എന്നാൽ യാതൊരു പ്രതികരണവുമുണ്ടായില്ല. തുടർന്ന് പുറത്തെ ജനൽ വഴി നോക്കിയപ്പോൾ മറ്റൊരു മുറിയിൽ ശ്രീഹരി തൂങ്ങിനിൽക്കുന്നത് കാണുകയായിരുന്നു. ഉടൻ തന്നെ വാതിൽ ചവിട്ടിപ്പൊളിച്ച് അകത്ത് കയറിയ പിതാവും സഹോദരനും നാട്ടുകാരും ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചു. എന്നാൽ കഴിഞ്ഞ രാത്രിയിൽ ശ്രീഹരി മരണപ്പെടുകയായിരുന്നു. സംഭവം നടന്ന ദിവസം തൈറോയിഡിനുള്ള ഗുളികകൾ അശ്വതി കഴിച്ചിരുന്നു. ഇക്കാര്യം സ്വന്തം വീട്ടിൽ അറിയിച്ചപ്പോൾ വീട്ടുകാർ വന്ന് അശുപത്രിയിലേക്ക് കൊണ്ടു പോയി. ഇരുവരും മീയണ്ണൂർ അസീസിയ മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ഇതിനിടയിലാണ് ശ്രീഹരി മരണപ്പെടുന്നത്.

പ്രണയ വിവാഹം സഫലമായി ഒരു മാസം പിന്നിട്ടപ്പോഴാണ് പ്രശ്‌നം വഷളായത്. ശ്രീഹരിയും അശ്വതിയും വിവാഹം കഴിക്കുന്നതിനെ ഇരുവരുടെയും വീട്ടുകാർ ആദ്യം എതിർത്തു. എന്നാൽ പിന്നീട് ശ്രീഹരിയുടെ രക്ഷിതാക്കൾ വിവാഹത്തിൽ സഹകരിച്ചു. എന്നാൽ വിവാഹം കഴിഞ്ഞതോടെ ഇരുവരും തമ്മിൽ അഭിപ്രായഭിന്നതകൾ ഉണ്ടാകുകയും പിണങ്ങി സ്വന്തം വീട്ടിലേക്ക് പോകുകയും ചെയ്തു. പിന്നീട് അനുനയിപ്പിച്ച് തിരികെ കൊണ്ടു വരികയായിരുന്നു. പഠിക്കുന്ന കാലം തൊട്ട് ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നു.

ഐ.ടി പഠനത്തിന് ശേഷം താൽക്കാലിക ജോലി ലഭിക്കുകയും പിന്നീട് അശ്വതിയെ വിളിച്ചിറക്കി കൊണ്ടു വരികയുമായിരുന്നു. എൻ.എസ്.എസ് കരയോഗം ഇടപെട്ട് അശ്വതിയുടെ വീട്ടുകാരുമായി സംസാരിച്ച് ഇളവൂർ ക്ഷേത്രത്തിൽ വച്ച് വിവാഹവും നടത്തുകയായിരുന്നു.

അശ്വതിയുടെ മരണം

ഇളവൂർചേരിയിൽ അനന്ദുഭവനിൽ രാധാൃകൃഷ്ണപിള്ളയുടെ മകൻ അനന്ദുകൃഷ്ണൻ കണ്ണനല്ലൂർ പൊലീസ് സ്റ്റേഷനിൽ നല്കിയ മൊഴി പ്രകാരം, ഉച്ചയ്ക്ക് 3.30 നും 4.30 നും ഇടയ്ക്കുള്ള സമയത്താണ് അശ്വതി ഫാനിൽ തൂങ്ങി മരിച്ചത്. കൊല്ലം ജില്ലാ ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. ഉച്ചയ്ക്ക് ശേഷം ഇരുവരുടെയും അമ്മ തൊഴിലുറപ്പ് ജോലിക്ക് പോയി. അനന്ദു കൃഷ്ണൻ റബർ ഷീറ്റ് വിൽക്കാൻ നെടുൺകാവിലേക്കും. പോകും മുമ്പ് വീടിന്റെ സിറ്റൗട്ടിൽ നിൽക്കുക ആയിരുന്ന അശ്വതിയോട് പോയിട്ട് വരുമ്പോൾ എന്തു കൊണ്ടുവരണം എന്ന് ചോദിച്ചു. കേക്ക് വാങ്ങി കൊണ്ടുവരണം എന്നായിരുന്നു മറുപടി. റബർഷീറ്റ് വിറ്റ് തിരിച്ചുവന്നപ്പോൾ, അശ്വതിയെ അന്വേഷിച്ച് നിൽക്കുന്ന അച്ഛനെയാണ് കണ്ടത്. വീട് പൂട്ടി കിടക്കുകയായിരുന്നു. ഒടുവിൽ അന്വേഷണത്തിന് ഒടുവിൽ വീടിന്റെ വലിയ മുറിയിലെ ജനാല തുറന്നുനോക്കിയപ്പോഴാണ് സംഭവം കണ്ടത്. ശ്രീഹരിയുടെ മരണത്തിന് ശേഷം അശ്വതി മാനസികമായി വളരെ തകർന്ന നിലയിലായിരുന്നു എന്നും അനന്ദുവിന്റെ മൊഴിയിൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP