Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

എയർലൈൻ നഷ്ടത്തിലോടിയാൽ ആര് നഷ്ടപരിഹാരം നൽകുമെന്ന് അന്ന് മിസ്റ്റർ ടാറ്റ ചോദിച്ചിരുന്നുവത്രേ; അങ്ങനെ ഉണ്ടായാൽ താൻ നഷ്ടപരിഹാരം നൽകാമെന്ന് പറഞ്ഞ ചിത്തിരതിരുന്നാൾ; ജിവി രാജ ആകാശ സ്വപ്‌നങ്ങൾ വികസിപ്പിച്ചു; അദാനി സ്വന്തമാക്കുന്നത് ഈ വിമാനത്താവളം; വികസന പ്രതീക്ഷയിൽ തിരുവനന്തപുരത്തിന്റെ ആകാശവും

എയർലൈൻ നഷ്ടത്തിലോടിയാൽ ആര് നഷ്ടപരിഹാരം നൽകുമെന്ന് അന്ന് മിസ്റ്റർ ടാറ്റ ചോദിച്ചിരുന്നുവത്രേ; അങ്ങനെ ഉണ്ടായാൽ താൻ നഷ്ടപരിഹാരം നൽകാമെന്ന് പറഞ്ഞ ചിത്തിരതിരുന്നാൾ; ജിവി രാജ ആകാശ സ്വപ്‌നങ്ങൾ വികസിപ്പിച്ചു; അദാനി സ്വന്തമാക്കുന്നത് ഈ വിമാനത്താവളം; വികസന പ്രതീക്ഷയിൽ തിരുവനന്തപുരത്തിന്റെ ആകാശവും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം ഇനി അദാനി ഗ്രൂപ്പിന് സ്വന്തം. 1935ലാണ് തിരുവനന്തപുരത്തേക്ക് ആദ്യ വിമാനം പറന്നിറങ്ങിയത്. ടാറ്റ എയർലൈൻസിന്റെ വിമാനത്തിന്റെ വരവിന് വഴിയൊരുക്കിയത് ചിത്തിര തിരുനാളിന്റെ താൽപര്യമായിരുന്നു.

തിരുവിതാംകൂർ രാജകുടുംബത്തിന്റെ ദീർഘവീക്ഷണമായിരുന്ന വിമാനത്താവളം വികസിപ്പിച്ചത് ജി.വി.രാജയെന്ന കേണൽ ഗോദവർമ രാജയായിരുന്നു. വിമാനത്താവളത്തിന് രാജകുടംബം നൽകിയ സംഭാവനകൾ ഗോദവർമ രാജയുടെ മകൾ പൂയം തിരുന്നാൾ ഗൗരി പാർവതി ഭായി ഓർത്തെടുക്കുമ്പോൾ അദാനിക്കും അത് അറിയാം. രാജകുടുംബത്തിന്റെ പിന്തുണ തേടി വിമാനത്താവള മാനേജ്‌മെന്റും എത്തിയിരുന്നു. അതിവേഗ വികസനത്തിലേക്ക് വിമാനത്താവളത്തെ എത്തിക്കുമെന്നാണ് രാജകുടുംബത്തിന് നൽകിയിരിക്കുന്ന ഉറപ്പ്.

'ടാറ്റാ എയർലൈൻസിന്റെ രണ്ടാമത്തെ സർവീസ് തിരുവനന്തപുരത്തേക്കായിരുന്നു. എയർലൈൻ നഷ്ടത്തിലോടിയാൽ ആര് നഷ്ടപരിഹാരം നൽകുമെന്ന് അന്ന് മിസ്റ്റർ ടാറ്റ ചോദിച്ചിരുന്നുവത്രേ. അപ്പോൾ ചിത്തിര തിരുനാൾ പറഞ്ഞു, നഷ്ടത്തിൽ ഓടില്ല, അങ്ങനെ ഉണ്ടായാൽ താൻ നഷ്ടപരിഹാരം നൽകാമെന്ന്. അന്ന് വിമാനം കാണാനായിട്ട് നാട്ടുകാരൊക്കെ എത്തി. വിമാനത്തിന്റെ അകത്തൊക്കെ അന്നു കയറി കാണാമായിരുന്നു' ഗൗരി ഭായി പറയുന്നു.

പിന്നീട് ജി.വി.രാജ അഥവാ കേണൽ പി.ആർ.ഗോദവർമ വിമാനത്താവളം വികസിപ്പിച്ചു. നവംബർ 1ന് മുംബൈലേക്കായിരുന്നു ആദ്യ ടേക്ക് ഓഫ്. പത്മനാഭസ്വാമി ക്ഷേത്രവും വിമാനത്താവളവും തമ്മിലുള്ള ബന്ധം പ്രസിദ്ധമാണ്. ക്ഷേത്രത്തിലെ ആറാട്ട് കടന്നുപോയിരുന്നത് വിമാനത്താവളത്തിന്റെ റൺവേ നിർമ്മിച്ച സ്ഥലത്തിൽ കൂടിയായിരുന്നു. റൺവേ നിർമ്മിച്ചശേഷം, ഇപ്പോഴും അതു മാറ്റമില്ലാതെ തുടരുന്നു.

പൈലറ്റ് കൂടിയായിരുന്ന ഗോദവർമ രാജയ്ക്ക് മികച്ച പൈലറ്റുമാരെ വാർത്തെടുക്കണമെന്നത് വലിയ ആഗ്രഹമായിരുന്നു. അങ്ങനെയാണ് രാജ്യത്തെ മികച്ച് പൈലറ്റുമാരെ വാർത്തെടുക്കുന്ന ഫ്‌ളൈയിങ് ക്ലബ് തിരുവനന്തപുരത്ത് സ്ഥാപിച്ചത്. വലിയ വിമാനം തിരുവനന്തപുരത്ത് ഇറങ്ങണമെന്നത് ജി.വി.രാജയുടെ വലിയ മോഹമായിരുന്നു. എന്നാൽ ഉത്തരേന്ത്യയിൽ വിമാനപകടത്തിൽ മരിച്ച ജി.വി.രാജയുടെ മൃതദേഹവും വഹിച്ചുകൊണ്ടാണ് 1971ൽ ഒരു വലിയ വിമാനം തിരുവനന്തപുരത്ത് എത്തിയതെന്നതാണ് മറ്റൊരു ചരിത്ര ദുഃഖം.

ലോകനിലവാരത്തിൽ വിമാനത്താവളത്തെ മാറ്റുമെന്ന വാഗ്ദ്ധാനവുമായാണ് 50 വർഷത്തെ നടത്തിപ്പ് അദാനി ഏറ്റെടുക്കുന്നത്. ഭരണനിർവഹണമാവും ആദ്യം ഏറ്റെടുക്കുക. വിഴിഞ്ഞം തുറമുഖത്തോടൊപ്പം വിമാനത്താവളവും ലഭിക്കുന്നതോടെ കപ്പൽ - വിമാന ഹബ്ബാക്കി തിരുവനന്തപുരത്തെ മാറ്റുമെന്നാണ് അദാനിയുടെ ഉറപ്പ്. വിമാനത്താവളവും കൂട്ടിച്ചേർത്തുള്ള ലോജിസ്റ്റിക്‌സ് ബിസിനസിലും കണ്ണുണ്ട്. ചരക്കുനീക്കത്തിലൂടെ വിമാനത്താവളം ലാഭത്തിലാക്കാനും കോവിഡ് പ്രതിസന്ധി മാറിയാൽ അന്താരാഷ്ട്ര, ആഭ്യന്തര സർവീസുകളുടെ എണ്ണം ഇരട്ടിയാക്കാനുമാണ് ലക്ഷ്യം.

വർഷങ്ങളായി പൂട്ടിക്കിടക്കുന്ന ഡ്യൂട്ടിഫ്രീ ഷോപ്പ് നടത്തിപ്പിനായി ഫ്ളൈമിങ് ഗോയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.അദാനി ഗ്രൂപ്പിന്റെ 10 വിമാനത്താവളങ്ങൾ കൂട്ടിയിണക്കി സർവീസുകളുണ്ടാവും. ദേശീയ തീർത്ഥാടന സർക്യൂട്ടിലും ഇടംപിടിക്കാൻ സാദ്ധ്യതയുണ്ട്. ഓപ്പറേഷൻ, മെയിന്റനൻസ് എന്നിവയ്ക്കായി ജർമ്മനിയിലെ മ്യൂണിക്ക് വിമാനത്താവളത്തിന്റെ നടത്തിപ്പുകാരും ജർമ്മൻ സർക്കാരിന് 26 ശതമാനം ഓഹരിയുമുള്ള എഫ്.എം.ജി കമ്പനിയാണ് പരിഗണനയിലുള്ളത്. ജർമ്മൻ കമ്പനി വന്നാൽ യൂറോപ്പിലേക്ക് ഉൾപ്പെടെ സർവീസ് തുടങ്ങാനാവും.

വിമാനത്താവളത്തിലെ ചെറിയ ഡ്യൂട്ടിഫ്രീ ഷോപ്പ് വിസ്തൃതമാക്കും. നെടുമ്പാശേരിയിൽ അരലക്ഷം ചതുരശ്രഅടിയിലാണ് ഡ്യൂട്ടിഫ്രീ. കണ്ണൂർ വിമാനത്താവളത്തിലേതുപോലെ ആഭ്യന്തര ടെർമിനലിലു ംബാർ വരും. അന്താരാഷ്ട്ര ടെർമിനലിലെ ബാർ വിപുലീകരിക്കും. ടെർമിനലിൽ ഷോപ്പിങ്, സേവന കേന്ദ്രങ്ങൾ വരും. സെക്യൂരിറ്റി ഏരിയയിലെ കടകളും വിസ്തൃതമാക്കിയും വരുമാനം കൂട്ടാം. അങ്ങനെ വമ്പൻ വികസന പദ്ധതികളാണ് അദാനി മുമ്പോട്ട് വയ്ക്കുന്നത്.

എയർപോർട്ട് അഥോറിറ്റി ജീവനക്കാരുടെ പങ്കാളിത്തത്തോടെയാവും വിമാനത്താവളത്തിന്റെ പ്രവർത്തനം. നിലവിലുള്ള ജീവനക്കാർക്കു 3 വർഷം വരെ ഇവിടെ തുടരാം. അതിനുശേഷം അദാനി എയർപോർട്സിന്റെ ഭാഗമാകുകയോ എയർപോർട്ട് അഥോറിറ്റിയുടെ മറ്റേതെങ്കിലും വിമാനത്താവളത്തിലേക്കു മാറുകയോ ചെയ്യണം. തിരുവനന്തപുരം ഇന്റർനാഷനൽ എയർപോർട്ട് എന്ന പേരു മാറ്റേണ്ടെന്നാണ് അദാനി ഗ്രൂപ്പിന്റെ തീരുമാനം. മറ്റ് പല സംസ്ഥാനങ്ങളിലും വിമാനത്താവളത്തിന്റെ പേരിനൊപ്പം അദാനി എയർപോർട്ട് എന്ന് കൂടി ചേർത്തിരുന്നു. ഇത് വിവാദങ്ങൾക്ക് വഴിവച്ചു. ഈ സാഹചര്യത്തിലാണ് അദാനിയുടെ പുതിയ നീക്കം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP