Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഷംസീർ ചർച്ചയാക്കിയത് പ്രതിപക്ഷം പോലും പ്രശ്‌നമാക്കാത്ത പോയിന്റ്; ശൈലജയ്ക്കും പി ജയരാജനും പിന്നാലെ കണ്ണൂരിൽ മറ്റൊരു കരട്! മുഖ്യമന്ത്രിയുടെ മരുമകനെ കൊണ്ട് പിഴവിൽ പരോക്ഷ ഖേദപ്രകടനം നടത്തിച്ച് തലശ്ശേരി എംഎൽഎ; സമ്മേളനകാലത്തെ വെട്ടിനിരത്തലിന് ആരൊക്കെ ഇരയാകും? സിപിഎമ്മിൽ ചർച്ച സജീവം

ഷംസീർ ചർച്ചയാക്കിയത് പ്രതിപക്ഷം പോലും പ്രശ്‌നമാക്കാത്ത പോയിന്റ്; ശൈലജയ്ക്കും പി ജയരാജനും പിന്നാലെ കണ്ണൂരിൽ മറ്റൊരു കരട്! മുഖ്യമന്ത്രിയുടെ മരുമകനെ കൊണ്ട് പിഴവിൽ പരോക്ഷ ഖേദപ്രകടനം നടത്തിച്ച് തലശ്ശേരി എംഎൽഎ; സമ്മേളനകാലത്തെ വെട്ടിനിരത്തലിന് ആരൊക്കെ ഇരയാകും? സിപിഎമ്മിൽ ചർച്ച സജീവം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസിനെതിരെ സിപിഎം പാർലമെന്ററി പാർട്ടി യോഗത്തിലെ വിമർശനം ചർച്ചയാകുമ്പോൾ പാർട്ടി സമ്മേളന കാലത്ത് ഉയരുന്നത് ആരെല്ലാം പാർട്ടിയിൽ വെട്ടി നിരത്തപ്പെടുമെന്ന ചോദ്യം. കണ്ണൂരിൽ പി ജയരാജനും കെകെ ശൈലജയ്ക്കും പുറമേ കണ്ണിലെ കരടായി എഎൻ ഷംസീറും മാറുകയാണ്. പ്രതിപക്ഷം പോലും പ്രശ്‌നമാക്കാതിരുന്ന മുഹമ്മദ് റിയാസിന്റെ വാക്കുകളാണ് സിപിഎം പാർലമെന്ററി പാർട്ടി യോഗത്തിൽ വിമർശിക്കപ്പെട്ടത്.

കരാറുകാരെ കൂട്ടി, അല്ലെങ്കിൽ കരാറുകാർ എംഎൽഎമാരുടെ ശുപാർശയിൽ മന്ത്രിയുടെ അടുത്ത് വരുന്ന ഒരു സ്ഥിതി ഉണ്ടാകാൻ പാടില്ല. അങ്ങനെ വന്നാൽ അത് ഭാവിയിൽ പല രീതിയിലേക്കും ദോഷത്തിന് കാരണമാകും എന്നായിരുന്നു കഴിഞ്ഞ 7ാം തീയതി നിയമസഭയിലെ ചോദ്യോത്തരവേളയിൽ വെച്ച് മന്ത്രി പറഞ്ഞത്. ഇതാണ് ഷംസീർ ഉയർത്തുന്നത്. രണ്ടാം പിണറായി മന്ത്രിസഭയിൽ ഷംസീർ മന്ത്രിയാകുമെന്ന് ഏവരും കരുതിയിരുന്നു. എന്നാൽ തലശ്ശേരിയിലെ നേതാവിനെ വെട്ടി മുഖ്യമന്ത്രിയുടെ മരുമകൻ കൂടിയായ റിയാസ് മന്ത്രിയായി. ഇതോടെയാണ് ഷംസീർ വിമതനായി മാറുന്നതും.

എംഎൽഎമാർ കരാറുകാരെ കൂട്ടി കാണാൻ വരരുതെന്ന് നിയമസഭയിൽ പൊതുമരാമത്ത് മന്ത്രി പറഞ്ഞതിനെ എ.എൻ.ഷംസീറാണ് വിമർശിച്ചത്. ആരെയൊക്കെ കൂട്ടി കാണാൻ വരണമെന്ന് മന്ത്രിയല്ല തീരുമാനിക്കേണ്ടതെന്ന് ഷംസീർ തുറന്നടിച്ചു. വിമർശനത്തോട് മുഹമ്മദ് റിയാസ് യോഗത്തിൽ പ്രതികരിച്ചില്ല. മുഖ്യമന്ത്രി പിണറായി വിജയന്റെ അസാന്നിധ്യത്തിലായിരുന്നു പാർലമെന്ററി പാർട്ടി യോഗം ചേർന്നത്. എന്നാൽ യോഗത്തെ ഗൗരവത്തോടെ തന്നെ മുഖ്യമന്ത്രി കണ്ടിട്ടുണ്ട്. നേരത്തേയും ഷംസീർ വിമർശനങ്ങളിലൂടെ പാർട്ടിയുടെ കണ്ണിലെ കരടായിരുന്നു. സ്പീക്കർ എംബി രാജേഷിനെ കടന്നാക്രമിച്ചതും ചർച്ചയായിരുന്നു.

ഒക്ടോബർ 7ന് നിയമസഭയിലെ ചോദ്യോത്തരവേളയിൽ മുഹമ്മദ് റിയാസ് നടത്തിയ പരാമർശമാണ് ഷംസീറിനെ ചൊടിപ്പിച്ചത്. എംഎൽഎമാർക്ക് സ്വന്തം മണ്ഡലത്തിലെ കാര്യങ്ങൾ നോക്കണം, പ്രശ്‌നങ്ങൾ പരിഹരിക്കണം. അതിന് മണ്ഡലത്തിലുള്ള പലരെയും കൂട്ടിവന്ന് മന്ത്രിയെ കാണേണ്ടിവരും. ആരെയൊക്കെ കൂട്ടിവരണമെന്ന് മന്ത്രിയല്ല തീരുമാനിക്കുന്നത്. അങ്ങനെ അഹങ്കാരത്തോടെ പറയുന്നത് ശരിയല്ലെന്നും മുഹമ്മദ് റിയാസിന്റെ പേരു പറയാതെ ഷംസീർ തുറന്നടിച്ചു. ഇത് കേട്ട് യോഗത്തിലുണ്ടായിരുന്നവർ എല്ലാം ഞെട്ടി.

തുടർഭരണം കിട്ടിയ സാഹചര്യത്തിൽ എല്ലാവരും കൂടുതൽ വിനയാന്വിതരാകണമെന്ന പാർട്ടി മാർഗരേഖ കൂടി ഓർമിപ്പിച്ചാണ് ഷംസീർ അവസാനിപ്പിച്ചത്. യോഗത്തിൽ അധ്യക്ഷനായിരുന്ന സിപിഎം നിയമസഭാകക്ഷി സെക്രട്ടറി ടി.പി.രാമകൃഷ്ണൻ റിയാസിന് പ്രതിരോധവുമായി രംഗത്തെത്തി. അഴിമതിക്കുള്ള സാഹചര്യം ഒഴിവാക്കുന്നതിനു വേണ്ടിയാവണം അങ്ങനെ പറഞ്ഞതെന്നു പറഞ്ഞ് ടി.പി.രാമകൃഷ്ണൻ രംഗം തണുപ്പിക്കാൻ ശ്രമിച്ചു.

ഷംസീറിന് പിന്നാലെ അഴീക്കോട് എംഎൽഎ കെവി സുമേഷും കഴക്കൂട്ടം എംഎൽഎ കടകംപള്ളി സുരേന്ദ്രനും വിമർശനവുമായി രംഗത്തെത്തുകയായിരുന്നു. മണ്ഡലത്തിലെ വിവിധങ്ങളായ പ്രശ്‌നങ്ങൾ പരിഹരിക്കാൻ എംഎൽഎമാർക്ക് കരാറുകാർ അടക്കമുള്ളവരുമായി ബന്ധപ്പെടേണ്ടി വരും. ചിലപ്പോൾ അവരുമായി മന്ത്രിമാരെ കാണേണ്ടിയും വരും. ഇതിൽ തെറ്റായി ചിത്രീകരിക്കുന്ന തരത്തിലുള്ള പരാമർശം നിയമസഭ പോലുള്ള വേദിയിൽ വെച്ച് മന്ത്രിയിൽ നിന്ന് ഉണ്ടാകാൻ പാടില്ലായിരുന്നുവെന്നാണ് നിയമസഭാ കക്ഷി യോഗത്തിൽ ഉയർന്ന പൊതുവികാരം.

എംഎൽഎമാർ വിമർശനം ആവർത്തിച്ചതോടെ നിയമസഭാ സെക്രട്ടറി ടിപി രാമകൃഷ്ണൻ ഇടപെടുകയായിരുന്നു. തുടർന്ന്, തന്റെ പരാമർശം തെറ്റായ ഉദ്ദേശത്തിലല്ലെന്ന് വിശദീകരിച്ച മന്ത്രി പിഴവ് സംഭവിച്ചതിൽ പരോക്ഷമായി ഖേദപ്രകടനവും നടത്തി. റിയാസ് ഖേദം പ്രകടിപ്പിച്ചുവെന്ന് മാതൃഭൂമിയാണ് റിപ്പോർട്ട് ചെയ്തത്‌. പുതിയ അംഗങ്ങൾ നിയമസഭയിൽ കാര്യങ്ങൾ പഠിച്ച് പറയണമെന്ന് ആമുഖമായി സംസാരിച്ച പാർലമെന്ററികാര്യ മന്ത്രി കൂടിയായ കെ.രാധാകൃഷ്ണൻ പറഞ്ഞിരുന്നു.

പിന്നാലെ, പരമാവധി കാര്യങ്ങൾ പഠിച്ചാണ് സംസാരിക്കുന്നതെന്നും ചില മന്ത്രിമാരുടെ ഓഫിസിൽനിന്ന് വേണ്ടത്ര വിവരങ്ങൾ കിട്ടുന്നില്ലെന്നും അഴീക്കോട് എംഎൽഎ കെ.വി.സുമേഷ് കുറ്റപ്പെടുത്തി. ഇതും റിയാസിനെതിരെയാണെന്നാണ് വിലയിരുത്തൽ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP