Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പൊലീസ് സ്‌റ്റേഷനിൽ കെണിയൊരുക്കി കാത്തിരുന്നവനെ ഒരു ദിവസം മുഴുവൻ ക്രൈംബ്രാഞ്ച് പൊക്കിക്കൊണ്ടു പോയി പൊരിച്ചെന്ന് വിനു; ഇര ചമഞ്ഞു ചാനലുകളിൽ നിറഞ്ഞു നിന്ന ഇറ്റലിക്കാരി അനിത പുല്ലയിലിനേയും ചോദ്യം ചെയ്യും; മോൻസൻ മാവുങ്കൽ വിഷയത്തിൽ സഹീൻ ആന്റണിക്ക് പിന്നാലെ പ്രവാസി വനിതയും കുരുക്കിലേക്ക്

പൊലീസ് സ്‌റ്റേഷനിൽ കെണിയൊരുക്കി കാത്തിരുന്നവനെ ഒരു ദിവസം മുഴുവൻ ക്രൈംബ്രാഞ്ച് പൊക്കിക്കൊണ്ടു പോയി പൊരിച്ചെന്ന് വിനു; ഇര ചമഞ്ഞു ചാനലുകളിൽ നിറഞ്ഞു നിന്ന ഇറ്റലിക്കാരി അനിത പുല്ലയിലിനേയും ചോദ്യം ചെയ്യും; മോൻസൻ മാവുങ്കൽ വിഷയത്തിൽ സഹീൻ ആന്റണിക്ക് പിന്നാലെ പ്രവാസി വനിതയും കുരുക്കിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മോൻസൻ മാവുങ്കലിന്റെ സാമ്പത്തിക തട്ടിപ്പ് കേസിൽ മാധ്യമ പ്രവർത്തകനായ സഹീൻ ആന്റണിയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തതിന് പിന്നാലെ പ്രവാസി മലയാളി അനിത പുല്ലയിലിനെ ക്രൈംബ്രാഞ്ച് വിളിച്ചുവരുത്തി ചോദ്യം ചെയ്യും. ഇറ്റലിയിലുള്ള അനിതയ്ക്ക് നോട്ടീസയക്കും. ഉന്നത പൊലീസുദ്യോഗസ്ഥരുമായി അനിത നടത്തിയ ചാറ്റുകൾ അന്വേഷണ സംഘത്തിന് ലഭിച്ചു. ചാറ്റുകളിൽ പലതും ഡിലീറ്റ് ചെയ്ത നിലയിലാണ്. അനിതയുമായി മോൻസണ് സാമ്പത്തിക ഇടപാടുകൾ ഉണ്ടോയെന്നും പരിശോധിക്കും.

അനിത അറിഞ്ഞുകൊണ്ടാണ് മോൻസന്റെ പല ഇടപാടും നടന്നതെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് വിളിച്ച് വരുത്തുന്നത്. മോൻസനും അനിതയും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളും അനിതയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും പരിശോധിക്കും. ശേഖരത്തിലെ ചില വസ്തുക്കൾ ഇറ്റലിയിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ചെന്നും സൂചനയുണ്ട്.

മോൻസൻ മാവുങ്കലിനെ മുൻ ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്ക് പരിചയപ്പെടുത്തിയത് താൻ ആണെന്ന് അനിത പുല്ലായിൽ മുൻപ് ചാനൽ ചർച്ചയിൽ വെളിപ്പെടുത്തിയിരുന്നു. തട്ടിപ്പ് തിരിച്ചറിഞ്ഞപ്പോൾ അത് പൊലീസിനെ അറിയിച്ചെന്നും അനിത പറഞ്ഞിരുന്നു. പ്രവാസി മലയാളി ഫെഡറേഷനുമായി ബന്ധപ്പെട്ട ബന്ധം മാത്രമാണ് മോൻസനുമായി ഉണ്ടായിരുന്നതെന്നാണ് അനിത വിശദീകരിച്ചത്.

ഏകദേശം മൂന്ന് വർഷം മുമ്പാണ് മോൻസൻ സംഘടനയുടെ ഭാഗമായത്. അച്ഛന്റെ സംസ്‌കാര ചടങ്ങിൽ വച്ചാണ് മോൻസനെ ആദ്യമായി പരിചയപ്പെടുന്നത്. മോൻസനുമായി മറ്റ് ബിസിനസ് ബന്ധങ്ങളില്ല. ഡിഐജി സുരേന്ദ്രനെ മോൻസന്റെ വീട്ടിൽ വച്ചാണ് കാണുന്നത്. സൗഹൃദം വളർത്തി എടുക്കാൻ മോൻസന് പ്രത്യേക കഴിവുണ്ട്. മോൻസന്റെ സൗഹൃദത്തിൽ പെട്ടുപോയ ആളാണ് താനെന്നും അനിത പറഞ്ഞിരുന്നു.

മോൻസനുമായുള്ള സഹീന്റെ അടുപ്പം സംബന്ധിച്ച് പരാതിക്കാർ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് 24 ന്യൂസിലെ റിപ്പോർട്ടറായ സഹീനെ വിളിപ്പിച്ചത്. മോൻസനും മാധ്യമപ്രവർത്തകനുമായുള്ള സാന്പത്തിക ഇടപാടുകളും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്.

ചില ഉന്നതരെ ഈ മാധ്യമപ്രവർത്തകനാണ് തങ്ങൾക്ക് പരിചയപ്പെടുത്തിയതെന്ന് പണം നഷ്ടപ്പെട്ടവർ മൊഴി നൽകിയിരുന്നു. ക്രൈംബ്രാഞ്ച് ഓഫീസിൽ വിളിച്ചു വരുത്തിയാണ് ചോദ്യം ചെയ്തത്. മോൻസനുമായുള്ള ബന്ധത്തെ കുറിച്ച് ക്രൈംബ്രാഞ്ച് സഹിൻ ആന്റണിയോട് ചോദിച്ചു. മോൻസനുമായുള്ള സാമ്പത്തിക ഇടപാടുകളിൽ അടക്കം വിശദീകരണം തേടി.

അതേ സമയം വിഷയത്തിൽ പ്രതികരണവുമായി ഏഷ്യാനെറ്റ് ന്യൂസ് അവതാരകൻ വിനു വി ജോൺ പ്രതികരണവുമായി രംഗത്തെത്തി. 'പൊലീസ് സ്റ്റേഷനിൽ കെണിയൊരുക്കി വീഴ്‌ത്താൻ കാത്തിരുന്നത് എന്നെ ... ക്രൈംബ്രാഞ്ച് പൊക്കിക്കൊണ്ടുപോയി ഒരു ദിവസം മുഴുവൻ ചോദ്യം ചെയ്തത് അവനെ..... ദൈവമുണ്ട്' എന്നായിരുന്നു വിനു വി ജോണിന്റെ പ്രതികരണം.

 

ശബരിമലയ്ക്കെതിരെ മോൻസൻ മാവുങ്കലിന്റെ വ്യാജരേഖ ഉപയോഗിച്ച് വാർത്ത നൽകിയെന്നതാണ് സഹിനെതിരായ ആരോപണം. വ്യാജ രേഖ പ്രചരിപ്പിച്ച് ഹിന്ദു സമൂഹത്തിൽ ജാതീയമായ ഭിന്നിപ്പും സ്പർദ്ധയും സൃഷ്ടിക്കാനും ശബരിമല വിശ്വാസികളുടെ ഐക്യം തകർക്കാനും ശ്രമിച്ചെന്ന് കാട്ടി നിരവധി പരാതികൾ ഉയർന്നിരുന്നു.

മോൻസൻ മാവുങ്കലിന്റെ കൈവശമുള്ള ശബരിമലയിലെ ' ചെമ്പോല തീട്ടൂരം ' എന്ന പേരിലാണ് സഹിൻ ആന്റണി ജോലി ചെയ്തിരുന്ന 24 ന്യൂസ് അടക്കമുള്ള മാധ്യമങ്ങൾ വാർത്ത നൽകിയത്. ശബരിമലയുടെ 351 മലയാളവർഷം പഴക്കമുള്ള രാജമുദ്രയുള്ള രേഖയാണ് മോൻസന്റെ കൈയിലുള്ളതെന്നാണ് വാർത്തയിൽ പറഞ്ഞിരുന്നത്.

ശബരിമലയിൽ ഈഴവർക്കും മലയരയർക്കും മാത്രമേ ആരാധനയ്ക്കും ആചാരങ്ങൾക്കും അധികാരമുള്ളൂ എന്നും താഴ്മൺ മഠം എന്ന തന്ത്രി കുടുംബം ക്ഷേത്രത്തിലെ സുപ്രധാന സ്ഥാനത്ത് എത്തിയതിൽ ദുരൂഹത ഉണ്ടെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു. യുവതീ പ്രവേശന വിലക്ക് സംബന്ധിച്ചും ഈ രേഖ ഒന്നും പറയുന്നില്ലെന്നും വാർത്തകളിൽ പറഞ്ഞിരുന്നു.

മോൻസന്റെ സാമ്പത്തിക സ്രോതസ്സുകൾ കണ്ടെത്താനുള്ള ക്രൈം ബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണ്. ഇയാളുടെ അടുപ്പക്കാരെയും അന്വേഷണ സംഘം ചോദ്യം ചെയ്തു തുടങ്ങിയിട്ടുണ്ട്. നേരത്തേ മോൻസന്റെ ഫോൺകാളുകളും വീട്ടിൽനിന്നുള്ള സിസിടിവി ദൃശ്യങ്ങളും ക്രൈംബ്രാഞ്ച് ശേഖരിച്ചിരുന്നു. ഇത് പരിശോധിച്ച് ഇയാളുമായി സ്ഥിരമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്തിയാണ് ചോദ്യം ചെയ്യുന്നത്.

മോൻസൺ മാവുങ്കലിനെതിരെ അഞ്ച് കേസുകളാണ് ഇതുവരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഡി ആർ ഡി ഒ വ്യാജരേഖ കേസിലും വിഗ്രഹങ്ങളും ശില്പങ്ങളും വാങ്ങിയശേഷം കബളിപ്പിച്ചെന്ന സന്തോഷിന്റെ പരാതിയിലും മോൻസൻ മാവുങ്കലിനെ ക്രൈംബ്രാഞ്ച് ഇതുവരെയും ചോദ്യം ചെയ്തിട്ടില്ല. വരും ദിവസങ്ങളിൽ ഈ രണ്ടു കേസുകളിലും മോൻസനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനാണ് ക്രൈംബ്രാഞ്ച് നീക്കം.

മോൻസൺ മാവുങ്കലിന്റെ കലൂരിലെ വീട്ടിൽനിന്നും ഒരു ശിൽപം കൂടി ക്രൈംബ്രാഞ്ച് സംഘം പിടിച്ചെടുത്തു. മോൻസന്റെ സാമ്പത്തിക ഇടപാടുകളെ കുറിച്ചും ശിൽപ്പങ്ങളും വിഗ്രഹങ്ങളും വിൽപ്പന നടത്തിയതിനെക്കുറിച്ചുമുള്ള കൂടുതൽ രേഖകളും ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടുണ്ട്. ശില്പി സുരേഷിന്റെ പരാതിയിൽ മോൻസൻ മാവുങ്കലിനെ ക്രൈംബ്രാഞ്ച് സംഘം വീട്ടിലെത്തിച്ച് തെളിവെടുത്തു.

മാവുങ്കൽ വാടകയ്ക്ക് എടുത്തിരുന്ന കലൂരിലെ വീട്ടിൽ ക്രൈംബ്രാഞ്ച് സംഘം തെളിവെടുപ്പ് നടത്തിയത്. മോൻസൻ മാവുങ്കലിനെയും ഇവിടെ എത്തിച്ചിരുന്നു. മോൻസൻ ആണ് ശിൽപം കാണിച്ചുകൊടുത്തത്. സിംഹത്തിന്റെ തലയുടെ രൂപത്തിലുള്ളതാണ് ശിൽപം. ഇത് ക്രൈംബ്രാഞ്ച് സംഘം പിടിച്ചെടുത്തു. നേരത്തെ സുരേഷ് നൽകിയ വിശ്വരൂപം ഉൾപ്പെടെ മോൻസൻ മാവുങ്കലിന്റെ വീട്ടിൽനിന്നും ക്രൈംബ്രാഞ്ച് പിടികൂടിയിരുന്നു. വിവിധ തവണകളായി 70 ലക്ഷം രൂപയുടെ ശിൽപ്പങ്ങളും വിഗ്രഹങ്ങളും ആണ് സുരേഷ് നിന്ന് മോൻ സൺ വാങ്ങിയിട്ടുള്ളത്. ഇതിൽ ഏഴു ലക്ഷം രൂപ മാത്രമാണ് തിരികെ നൽകിയിട്ടുള്ളത്. ബാക്കി തുക നൽകാതെ സുരേഷിനെ മോൻസൺ കബളിപ്പിക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP