Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

നേത്ര രോഗങ്ങൾക്കെതിരെ ജാഗ്രത വേണം: മന്ത്രി വീണാ ജോർജ്; സ്വന്തം കണ്ണുകളെ സംരക്ഷിക്കാം; ലോക കാഴ്ച ദിനം ഒക്ടോബർ 14 ന്

നേത്ര രോഗങ്ങൾക്കെതിരെ ജാഗ്രത വേണം: മന്ത്രി വീണാ ജോർജ്; സ്വന്തം കണ്ണുകളെ സംരക്ഷിക്കാം; ലോക കാഴ്ച ദിനം ഒക്ടോബർ 14 ന്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നേത്ര രോഗങ്ങൾക്കെതിരെ ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കണ്ണിന്റെ വിവിധ പ്രശ്നങ്ങൾ തടയുന്നതിനും ഭേദമാക്കാനാവാത്ത അന്ധത നിയന്ത്രിക്കുന്നതിനുമുള്ള പൊതുജന അവബോധം വർദ്ധിപ്പിക്കുക എന്നീ ലക്ഷ്യത്തോടെയാണ് ലോകാരോഗ്യ സംഘടന ലോക കാഴ്ചാ ദിനം ആചരിക്കുന്നത്. 'നിങ്ങളുടെ കണ്ണുകളെ സ്നേഹിക്കുക' എന്നതാണ് ഈ വർഷത്തെ ലോക കാഴ്ചാ ദിന സന്ദേശം. സ്‌കൂൾ കുട്ടികൾക്കും പ്രായമായവർക്കും കാഴ്ച പരിശോധന നടത്തി കാഴ്ച കുറവുള്ളവക്ക് കണ്ണടകൾ ഉറപ്പാക്കുക, തിമിരം, ഗ്ലോക്കോമ എന്നിവയ്ക്ക് പരിശോധനകൾ നടത്തുക, എല്ലാ പ്രമേഹ രോഗികളിലും ഡയബറ്റിക് റെറ്റിനോപ്പതിക്കുള്ള സ്‌ക്രീനിങ് നടത്തുക എന്നിവയാണ് ലക്ഷ്യമിടുന്നത്. 40 വയസിന് മുകളിലുള്ളവർ വർഷത്തിലൊരിക്കലെങ്കിലും നേത്ര രോഗ ഡോക്ടറെ കണ്ട് പരിശോധിക്കേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കി.

ആരംഭത്തിലേ കണ്ടെത്തി ചികിത്സിച്ചാൽ പല നേത്രരോഗങ്ങളും ഭേദമാക്കാനാകും. ഈ കോവിഡ് കാലത്ത് കുട്ടികൾ ഉൾപ്പെടെയുള്ളവർ ഓൺലൈനിലാണ് കൂടുതൽ സമയവും ചെലവിടുന്നത്. അല്ലാത്ത സമയങ്ങളിൽ ടിവിയും മൊബൈൽ ഫോണും കാണുന്നത് കുറയ്ക്കുന്നത് നന്നായിരിക്കും. നിശ്ചിത അകലം പാലിച്ച് മാത്രമേ ടിവി കാണാവൂ. കമ്പ്യൂട്ടറോ മൊബൈലോ കുടുതൽ ഉപയോഗിക്കുമ്പോൾ എല്ലാ 20 മിനിറ്റും 20 അടി അകലെ 20 സെക്കന്റ് നോക്കിയിരുന്ന് കണ്ണിന് വിശ്രമം നൽകണം. കൈകൾ കഴുകി ശുദ്ധമാക്കാതെ കണ്ണുകളിൽ സ്പർശിക്കരുത്. കൃത്യമായ ഇടവേളകളിൽ കാഴ്ച പരിശോധന നടത്തുകയും വേണം. സൺ ഗ്ലാസുകൾ ധരിക്കുന്നത് വഴി അൾട്രാവൈലറ്റ് രശ്മികളിൽ നിന്നും കണ്ണുകളെ സംരക്ഷിക്കാൻ കഴിയും. സ്‌കൂളിൽ ചേർക്കുന്നതിന് മുമ്പും സ്‌കൂൾ പഠനത്തിനിടയ്ക്ക് എല്ലാവർഷവും കുട്ടികളുടെ കാഴ്ച പരിശോധന നടത്തുന്നത് വളരെ നല്ലതാണ്. സ്വകാര്യ സ്‌കൂളുകളിലും കാഴ്ച പരിശോധന നടത്തേണ്ടതാണ്.

കുട്ടികളുടെ അന്ധത 70 ശതമാനവും ഒഴിവാക്കാവുന്നതും ചികിത്സിച്ച് ഭേദമാക്കാവുന്നതുമാണ്. ശരിയായ ചികിത്സ ലഭിച്ചിട്ടില്ലാത്ത അപഭംഗ പാളിച്ചകൾ , കണ്ണിലെ അണുബാധ, വിറ്റാമിൻ എയുടെ കുറവ്, കണ്ണിലുണ്ടാകുന്ന മുറിവുകൾ, ജന്മനായുള്ള തിമിരം, ജന്മനായുള്ള ഗ്ലോക്കോമ, കോങ്കണ്ണ്, മാസം തികയാതെ പ്രസവിക്കുന്ന കുട്ടികളിൽ ഉണ്ടാകുന്ന റെറ്റിനോപ്പതി ഓഫ് പ്രിമിച്ചുറിറ്റി തുടങ്ങിയവയാണ് അന്ധതയുടെ പ്രധാന കാരണം. കുട്ടികളുടെ കാഴ്‌ച്ചത്തകരാറുകൾ അവരുടെ സാമൂഹികവും മാനസികവും വിദ്യാഭ്യാസപരവുമായ വളർച്ചയെ ബാധിക്കുന്നു. അതിനാൽ എത്രയും വേഗം തന്നെ കുട്ടികൾക്ക് ചികിത്സ ഉറപ്പ് വരുത്തേണ്ടതാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP