Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കുഴിയാനയുടെ കുഴി മൂടപ്പെടാതെ കിടക്കുന്നത് പാമ്പ് വരാത്തതിന് തെളിവായി; ദേഹത്തു വീഴുന്ന പാമ്പ് ഒളിക്കാനേ ശ്രമിക്കൂ; സാധാരണ നെറ്റിയിൽ പാമ്പ് കൊത്താറില്ല; ഇത് മരിക്കാൻ വേണ്ടി മനഃപൂർവം കടിപ്പിച്ചത്: വാവ സുരേഷിന്റെ നിഗമനങ്ങൾ എല്ലാം ശരിയായി; ആ ഉറക്ക ഗുളികയും നിർണ്ണായകമായി; ഉത്രാ കൊലയിൽ പൊലീസ് നീങ്ങിയത് വേറിട്ട വഴികളിലൂടെ

കുഴിയാനയുടെ കുഴി മൂടപ്പെടാതെ കിടക്കുന്നത് പാമ്പ് വരാത്തതിന് തെളിവായി; ദേഹത്തു വീഴുന്ന പാമ്പ് ഒളിക്കാനേ ശ്രമിക്കൂ; സാധാരണ നെറ്റിയിൽ പാമ്പ് കൊത്താറില്ല; ഇത് മരിക്കാൻ വേണ്ടി മനഃപൂർവം കടിപ്പിച്ചത്: വാവ സുരേഷിന്റെ നിഗമനങ്ങൾ എല്ലാം ശരിയായി; ആ ഉറക്ക ഗുളികയും നിർണ്ണായകമായി; ഉത്രാ കൊലയിൽ പൊലീസ് നീങ്ങിയത് വേറിട്ട വഴികളിലൂടെ

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: ഉത്രാ കൊലക്കേസിൽ സൂരജിനെ കുടുക്കിയത് ചില മൊഴികളാണ്. സൂരജിന്റെ ബാഗിൽ നിന്നും ഉറക്കഗുളികളും വേദനസംഹാരികളും പൊലീസ് കണ്ടെടുത്തതും നിർണ്ണായകമാണ്. ഡോക്ടറുടെ കുറിപ്പടി ഇല്ലാതെയാണ് സൂരജ് ഗുളികകൾ വാങ്ങിയത്. ഗുളികകൾ നൽകിയ മെഡിക്കൽ സ്റ്റോർ ഉടമയുടെ വാദങ്ങളും നിർണ്ണായകമായി.

അടൂരിലെ വീട്ടിലെ തെളിവ് എടുപ്പ് നടക്കുന്നതിനിടയിലാണ് സൂരജിന്റെ ബാഗിൽ നിന്നു ഉറക്കഗുളികകളുടെ ഒഴിഞ്ഞ സ്ട്രിപ്പുകൾ അന്വേഷണസംഘത്തിന് ലഭിച്ചത്. ഉപയോഗിക്കാത്ത സ്ട്രിപ്പുകളും ഇതിനോടൊപ്പമുണ്ടായിരുന്നു. ഉറക്കഗുളികൾ കൂടാതെ കടുത്തവേദന സംഹാരികളും പൊലീസ് കണ്ടെടുത്തു. അടൂരുള്ള മെഡിക്കൽ സ്റ്റോറിൽ നിന്നുമാണ് ഗുളികൾ വാങ്ങിയതെന്ന് സൂരജ് അന്വേഷണ സംഘത്തിനോട് പറഞ്ഞു.

ഡോക്ടറുടെ കുറിപ്പ് ഇല്ലാതെയാണ് ഉറക്കഗുളികകൾ നൽകിതെന്ന് മെഡിക്കൽ സ്റ്റോർ ഉടമ അന്വേഷണ സംഘത്തെ അറിയിച്ചു. ഉത്രയുടെ ആന്തരികാവയവ പരിശോധനയിൽ മരുന്നുകളുടെ സാന്നിധ്യം കണ്ടെത്തിയതും കേസിനെ മാറ്റി മറിച്ചു. ഉത്ര കൊലക്കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ എല്ലാ ഇനം പാമ്പുകളുടെയും വിവരശേഖരണം പൊലീസ് നടത്തിയിരുന്നു. പാമ്പുപിടുത്തക്കാരൻ വാവാ സുരേഷിനെ അന്വേഷണ സംഘം വിളിപ്പിച്ച് വിവരങ്ങൾ തേടിയതും സൂരജിനെ കുടുക്കി. കേസിൽ സാക്ഷിയുമായിരുന്നു വാവ സുരേഷ്.

ഉത്രയെ കൊത്തിയത് മൂർഖൻ പാമ്പാണെന്ന് വ്യക്തമാണെങ്കിലും കുറ്റപത്രം സമർപ്പിക്കുമ്പോൾ പാമ്പുകളുടെ പൊതുസ്വഭാവത്തെപ്പറ്റി പ്രത്യേകം ഫയൽ തയ്യാറാക്കി. ഉഗ്ര വിഷമുള്ള രാജവെമ്പാല മുതൽ വിഷമില്ലാത്ത പാമ്പുകൾ വരെ റിപ്പോർട്ടിൽ ഉൾപ്പെട്ടു. സംസ്ഥാനത്ത് പത്ത് ഇനം വിഷപ്പാമ്പുകളാണുള്ളത്. അണലിയും മൂർഖനും ശംഖുവരയനുമാണ് മനുഷ്യരെ കടിക്കാറുള്ളതെന്നും ശംഖുവരയന്റെ കടിയേൽക്കുന്നത് അപൂർവമാണെന്നും വാവ സുരേഷ് അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നു.

പാമ്പ് കടിയേറ്റുണ്ടാകുന്ന മുറിവ് ശ്രദ്ധിക്കേണ്ടതാണ്. പാമ്പിനെ കൊണ്ട് കടിപ്പിക്കുമ്പോൾ, അതായത് പാമ്പിനെ പിടിച്ചുവച്ച് കടിപ്പിക്കുകയാണെങ്കിൽ പരമാവധി പല്ല് ആഴ്ന്ന് പോകും. പാമ്പ് സാധാരണ പോലെ കടിക്കുന്നത് പോലെ ആയിരിക്കില്ല. പാമ്പ് കടിച്ചുണ്ടായ മുറിവിന്റെ പാട്, പല്ലിന്റെ അളവ് എല്ലാം നിർണ്ണായകമാകുമെന്നായിരുന്നു വാവ സുരേഷിന്റെ നിലപാട്. ഈ വാക്കുകളെ മുഖവിലയ്‌ക്കെടുത്ത് ഇതെല്ലാം ശാസ്ത്രീയമായി തെളിയിച്ചു.

ശാസ്ത്രീയമായ നിലയിൽ വൈദഗ്ധ്യമുള്ള ഫോറൻസിക് വിദഗ്ദ്ധർ, ഡോക്ടർമാർ, വെറ്റിനറി ഡോക്ടർമാർ എന്നിവരെ സാക്ഷികളാക്കിയതും ഇതിന് പിന്നാലെയാണ്. പാമ്പ് മരക്കൊമ്പിലൂടെയോ ജനലിലൂടെയോ ഇഴഞ്ഞ് മുറിക്കുള്ളിൽ കയറിയതാകാമെന്നുമായിരുന്നു സൂരജിന്റെ വീട്ടുകാർ പറഞ്ഞു പരത്തിയത്. അത്തരമൊരു വാദത്തിനു യാതൊരു കഴമ്പുമില്ലെന്ന് ഉത്രയുടെ വീട് സന്ദർശിച്ച വാവ സുരേഷ് പറഞ്ഞിരുന്നു.

'മാധ്യമങ്ങളിലും മറ്റും പറഞ്ഞുകേട്ട വിവരം ഉത്രയുടെ മുറി മുകളിലത്തെ നിലയിലാണെന്നാണ്. മരത്തിലൂടെയോ ജനൽ വഴിയോ പാമ്പ് മുറിക്കുള്ളിൽ പ്രവേശിച്ചതാകാമെന്നാണ് സൂരജിന്റെ വീട്ടുകാരുടെ വാദം. എന്നാൽ ഉത്രയും സൂരജും കിടന്ന മുറി താഴത്തെ നിലയിലാണ്. ഹാൾ വഴി വേണം ആ മുറിയിൽ കയറാൻ. മുറിയുടെ ജനലിന്റെ പുറത്തുള്ള മണലിൽ പാമ്പ് ഇഴഞ്ഞ പാടില്ല. അവിടെ മാത്രമല്ല മുറ്റത്തെങ്ങും ഈ അടുത്ത് പാമ്പ് ഇഴഞ്ഞിട്ടില്ല. ഭിത്തിയോട് ചേർന്നുള്ള മണ്ണിൽ കുഴിയാനയുടെ കുഴി മൂടപ്പെടാതെ കിടക്കുന്നത് ഇതിന്റെ തെളിവാണ്. നിറയെ കുഴിയാനക്കുഴികൾ വീടിന്റെ ഭിത്തിയോട് ചേർന്നുള്ള മണ്ണിലുണ്ട്-വാവ സുരേഷിന്റെ ഈ കണ്ടെത്തലും സൂരജിനെ കുടുക്കി.

അവർ പറയുന്നത് പോലെ മരത്തിലൂടെ പാമ്പ് മുറിക്കുള്ളിൽ കയറാനുള്ള സാധ്യതയില്ല. അങ്ങനെ ചാഞ്ഞ് കിടക്കുന്ന മരമൊന്നുമില്ല. പിന്നെയുള്ള ഒരു സാധ്യത ബാത്ത്റൂമിന്റെ വെന്റിലേറ്ററിലൂടെ കയറുന്നതാണ്. സിമന്റ് തേച്ച ഭിത്തിയിലൂടെ ഇഴഞ്ഞ് നല്ല പൊക്കമുള്ള വെന്റിലേറ്ററിലൂടെ പാമ്പിന് തനിയെ മുറിയിൽ കടക്കാനാകില്ല. കമ്പോ മുളയോ കൊണ്ട് വെന്റിലേറ്ററിലൂടെ ഇട്ടതാണെങ്കിൽ ആ ഭാഗത്ത് ചിലന്തിവല കാണില്ലായിരുന്നു. എന്നാൽ ഉത്രയുടെ മുറിയിലെ വെന്റിലേറ്ററിന്റെ ഭാഗത്തുള്ള പൊടിയും മാറാലയും അവിടെ തന്നെയുണ്ട്. ബോധപൂർവം പാമ്പിനെ കൊണ്ടുവരാതെ ആ മുറിയിൽ പാമ്പ് കയറില്ലെന്നും സുരേഷ് വിശദീകരിക്കുന്നു. എവിടെനിന്നെങ്കിലും ദേഹത്ത് വീണാലും പാമ്പ് തൊണ്ണൂറു ശതമാനവും കടിക്കില്ല. ദേഹത്തു വീഴുന്ന പാമ്പ് ആദ്യം എവിടേക്കെങ്കിലും ഒളിക്കാനേ ശ്രമിക്കൂ. പാമ്പിന് അത്ര വേദനയെടുത്താൽ മാത്രമേ ദേഹത്തു വീഴുന്ന സമയത്ത് കടിക്കൂ-വാവ വെളിപ്പെടുത്തിയിരുന്നു.

ഉത്രയ്ക്ക് ഒരു കടി ഏറ്റിരിക്കുന്നത് കയ്യിലാണ്, മറ്റൊന്ന് നെറ്റിയിലും. നെറ്റിയിൽ സാധാരഗതിയിൽ പാമ്പ് കൊത്താറില്ല. മരിക്കാൻ വേണ്ടി മനഃപൂർവം കടിപ്പിച്ചതാണ് നെറ്റിയിൽ. മൂർഖനോ അണലിയോ കടിച്ചാൽ സ്വബോധമുള്ള വ്യക്തിക്ക് നന്നായി വേദനിക്കും. മൂർഖന്റെ കടിയേക്കാൾ അണലിയുടെ കടിയാണ് വേദന. ആദ്യതവണ ഉത്രയെ പാമ്പ് കടിച്ചപ്പോൾ തന്നെ ഞാൻ എന്റെ സംശയം പലരോടും പറഞ്ഞിരുന്നതാണ്. കാരണം ആ ഭാഗങ്ങളിൽ അണലി വളരെ കുറവാണ്. അതുപോലെ തന്നെ വീടിന്റെ മുറ്റത്തേക്ക് ഇഴഞ്ഞുവന്ന് അണലി കടിക്കുന്നത് അപൂർവമാണ്. പറമ്പിൽവച്ചാണ് മിക്കവർക്കും അണലിയുടെ കടിയേറ്റിട്ടുള്ളത്. ഉത്രയെ കടിച്ചത് അണലിക്കുഞ്ഞല്ല, വലിയ ഒന്നാണ്-വാവ പറഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP