Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പത്തനംതിട്ട നഗരസഭാ കൗൺസിലർ ജോൺസനെ സിപിഎം സസ്പെൻഡ് ചെയ്തത് എസ് ഡി പി ഐ ബന്ധം ഉന്നയിച്ചതിനല്ല: ആരോഗ്യമന്ത്രിയും നഗരസഭാ ചെയർമാനും തമ്മിലുള്ള ശീത സമരം യഥാർഥ കാരണം: ഒരു നഗരസഭാ ചെയർമാനോട് മത്സരിക്കാൻ സംസ്ഥാന മന്ത്രി തുനിയുമ്പോൾ

പത്തനംതിട്ട നഗരസഭാ കൗൺസിലർ ജോൺസനെ സിപിഎം സസ്പെൻഡ് ചെയ്തത് എസ് ഡി പി ഐ ബന്ധം ഉന്നയിച്ചതിനല്ല: ആരോഗ്യമന്ത്രിയും നഗരസഭാ ചെയർമാനും തമ്മിലുള്ള ശീത സമരം യഥാർഥ കാരണം: ഒരു നഗരസഭാ ചെയർമാനോട് മത്സരിക്കാൻ സംസ്ഥാന മന്ത്രി തുനിയുമ്പോൾ

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: നഗരസഭയിലെ കൗൺസിലറും ടൗൺ നോർത്ത് ലോക്കൽ കമ്മറ്റിയംഗവും വെട്ടിപ്രം ബ്രാഞ്ച് സെക്രട്ടറിയുമായിരുന്ന വിആർ ജോൺസനെ ഒരു വർഷത്തേക്ക് സിപിഎം പുറത്താക്കിയത് വലിയ വാർത്തയായിരുന്നു. നഗരസഭയിൽ എസ്ഡിപിഐയുമായി കൂട്ടു ചേർന്ന് സിപിഎം ഭരണം നടത്തുന്നതിനെ എതിർത്തതിനാണ് ജോൺസനെ സസ്പെൻഡ് ചെയ്തത് എന്ന രീതിയിലുള്ള വാർത്തകളാണ് പ്രചരിച്ചത്. പുറത്താക്കലിന് കാരണമായി പാർട്ടി പറഞ്ഞത് ജോൺസൺ വിഭാഗീയത പ്രവർത്തനങ്ങൾ നടത്തി എന്നുള്ളതായിരുന്നു. എന്നാൽ, ജോൺസന്റെ സസ്പെൻഷന് പിന്നിലുള്ള യഥാർഥ കാരണം ഇതൊന്നുമല്ല. ആരോഗ്യമന്ത്രി വീണാ ജോർജും നഗരസഭാ ചെയർമാനും സിപിഎം ജില്ലാ കമ്മറ്റി അംഗവുമായ അഡ്വ. ടി. സക്കീർഹുസൈനും തമ്മിലുള്ള ശീതസമരമാണ് ഇത്തരമൊരു സ്ഥിതിയിലേക്ക് കാര്യങ്ങൾ കൊണ്ടു ചെന്നെത്തിച്ചിരിക്കുന്നത്. മന്ത്രിയുടെ ഏറ്റവും വിശ്വസ്തനാണ് പുറത്താക്കപ്പെട്ട ജോൺസൺ. പുറത്താക്കലിന് നേതൃത്വം നൽകിയ കമ്മറ്റിയിൽ ഉണ്ടായിരുന്നത് സക്കീർ ഹുസൈനും അദ്ദേഹത്തെ അനുകൂലിക്കുന്നവരുമാണ്.

സംസ്ഥാനത്തെ ഒരു മന്ത്രി ഒരു നഗരസഭയുടെ ചെയർമാനോട് മത്സരിക്കുന്ന വിചിത്രമായ കാഴ്ചയാണ് ഇവിടുത്തെ ജനങ്ങൾ കണ്ടു കൊണ്ടിരിക്കുന്നത്. നിലവിൽ ഏറ്റവും പ്രാധാന്യമുള്ള വകുപ്പ് കൈകാര്യം ചെയ്യുന്ന വകുപ്പ് മന്ത്രിയുടെ ശ്രദ്ധ നഗരസഭയിലെ നിസാരകാര്യങ്ങളിൽ എങ്ങനെ ഇടപെടാമെന്നതാണെന്ന വിമർശനം നിലനിൽക്കുന്നു. ഇവരുടെ ശീതസമരം മൂലം നഗരസഭയ്ക്ക് ജില്ലാ ആസ്ഥാനത്ത് നടക്കുന്ന ഒരു പരിപാടിയിലും പ്രാതിനിധ്യം കിട്ടുന്നില്ലെന്ന ആക്ഷേപവുമായി പ്രതിപക്ഷവും രംഗത്ത് വന്നു കഴിഞ്ഞു. കൗൺസിലിൽ പ്രതിപക്ഷാംഗങ്ങൾ ഈ വിഷയം ഉന്നയിച്ചപ്പോൾ ഉദ്യോഗസ്ഥരെ പഴിപറഞ്ഞ് രക്ഷപ്പെടുകയാണ് ചെയർമാൻ ചെയ്തത്.
മന്ത്രി വീണാ ജോർജിന്റെ അതിവിശ്വസ്തനായി അറിയപ്പെടുന്നയാളാണ് വിആർ ജോൺസൺ. സക്കീർ ഹുസൈനുമായി നേരത്തേ തന്നെ അത്ര രസത്തിലല്ല ജോൺസൺ. സക്കീറിനെ പരസ്യമായി വിമർശിച്ചതിന് മുൻപും പാർട്ടി നടപടി നേരിടേണ്ടി വന്നിട്ടുണ്ട്. മറ്റു ചില ഗൗരവമേറിയ വിഷയങ്ങളിൽ ജോൺസനെ കുറ്റക്കാരനായി കണ്ട് പാർട്ടി നടപടി എടുക്കാൻ തീരുമാനിച്ചിരുന്നു. പാർട്ടി സമ്മേളനം നടക്കുന്നതിനാൽ അത് മാറ്റി വച്ചിരിക്കുകയായിരുന്നു. നഗരസഭയിലെ എസ്ഡിപിഐ ബന്ധം തുറന്നു പറഞ്ഞതിന് ആദ്യം പുറത്താക്കിയതുകൊടുന്തറയിലെ ബ്രാഞ്ച് സെക്രട്ടറി റോബിൻ വിളവിനാലിനെ ആണ്. മന്ത്രി വീണയുടെ പക്ഷത്ത് നിൽക്കുന്നയാളാണ് റോബിൻ. തൊട്ടു പിന്നാലെയാണ് വിആർ ജോൺസൺ രംഗത്തു വന്നത്. എസ്ഡിപിഐ ബന്ധത്തിനെതിരേ രുക്ഷമായ പ്രസ്താവനയാണ് ജോൺസൺ നടത്തിയത്. ചെയർമാനെ പ്രത്യക്ഷത്തിലും പരോക്ഷമായും വിമർശിച്ച് ജോൺസൺ ഫേസ്‌ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. താഴേവെട്ടിപ്രം ബ്രാഞ്ച് സമ്മേളനത്തിൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരം കൊണ്ടുവരാൻ ഇടയാകുന്ന തരത്തിൽ ജോൺസൺ പ്രവർത്തിച്ചുവെന്ന കുറ്റം ചുമത്തിയാണ് ഇപ്പോൾ സസ്പെൻഷൻ. തന്റെ നോമിനിയായ ഷിയാസ് ഖാനെ സെക്രട്ടറി സ്ഥാനത്തേക്ക് വിജയിപ്പിക്കണമെന്ന് ജോൺസൺ പറയുന്ന ഓഡിയോ ക്ലിപ്പ് പുറത്തു വന്നിരുന്നു. ഇതു സംബന്ധിച്ച് തൃപ്തികരമായ വിശദീകരണം നൽകാത്തതിനാണ് ജോൺസനെ അടിയന്തരി ലോക്കൽ കമ്മറ്റി ചേർന്ന് സസ്പെൻഡ് ചെയ്തത്. എന്നാൽ, എസ്ഡിപിഐ ബന്ധം എതിർത്തതിന് ജോൺസനെ പുറത്താക്കി എന്ന തരത്തിലാക്കി സാമൂഹിക മാധ്യമ പ്രചാരണം നടത്തുകയാണ് ചെയ്തത്.

ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് മുതലാണ് വീണയും സക്കീറും തമ്മിലുള്ള അഭിപ്രായ ഭിന്നത രൂക്ഷമാകുന്നത്. പ്രചാരണത്തിൽ നിന്നും മുതിർന്ന നേതാക്കൾ വിട്ടു നിൽക്കുന്നുവെന്നുള്ള പരാതിയെ തുടർന്ന് ആക്ടിങ് സെക്രട്ടറി എ. വിജയരാഘവൻ പത്തനംതിട്ടയിലെത്തി സക്കീർ അടക്കമുള്ള നേതാക്കളെ താക്കീത് ചെയ്തിരുന്നു. വീണാ ജോർജ് റെക്കോഡ് ഭൂരിപക്ഷത്തോടെ വിജയിക്കുകയും മന്ത്രിയാവുകയും ചെയ്തതോടെ അസ്വാരസ്യം വർധിച്ചു. തനിക്ക് വേണ്ടി പ്രവർത്തിച്ചില്ലെന്ന കാരണത്താൽ പലരേയും ശത്രുതാ മനോഭാവത്തോടെയാണ് മന്ത്രി കാണുന്നതെന്ന ആക്ഷേപം വ്യാപകമാണ്. മന്ത്രിയായ വീണ പങ്കെടുക്കുന്ന നഗരസഭയിലെ ഉദ്ഘാടന ചടങ്ങിൽ പ്രോട്ടോക്കോൾ പ്രകാരം ലഭിക്കേണ്ട അവസരം ചെയർമാനായ സക്കീർ ഹുസൈന് നൽകുന്നില്ല. പത്തനംതിട്ട ജനറൽ ആശുപത്രി നഗരസഭയുടെ ഉടമസ്ഥതയിലുള്ളതാണ്. ഇവിടെ നടന്ന ഹൈടെക് അമ്മത്തൊട്ടിൽ ഉദ്ഘാടനത്തിന് ചെയർമാനെ വെറും ആശംസാ പ്രാസംഗികനാക്കി. ശിശുക്ഷേമ സമിതി ചെയർമാൻ ഷിജു ഖാനെ അധ്യക്ഷനാക്കി. വാർഡ് കൗൺസിലറെയും നഗരസഭാ ആരോഗ്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാനെയും ചടങ്ങിന് ക്ഷണിച്ചതു പോലുമില്ല. നഗരകുടിവെള്ള പദ്ധതിയുടെ പൈപ്പ് സ്ഥാപന ചടങ്ങിൽ ചെയർമാനെ വെറും വിഷയാവതാരകനാക്കി. രണ്ടു മന്ത്രിമാർ പങ്കെടുത്ത ഈ ചടങ്ങിൽ സ്വാഗതം പറയേണ്ടിയിരുന്നത് ചെയർമാനായ സക്കീർ ഹുസൈനായിരുന്നു. ഈ അവസരം നൽകാതിരിക്കുന്നതിന് വേണ്ടി സ്വാഗതസംഘം രൂപീകരിച്ച് സിപിഎം പത്തനംതിട്ട ഏരിയാ സെക്രട്ടറി എൻ സജികുമാറിനെ ചെയർമാനാക്കി. എന്നിട്ട് ഉദ്ഘാടന ചടങ്ങിൽ സ്വാഗതം പറയാനുള്ള അവസരം സജികുമാറിന് നൽകി.

വീണാ ജോർജിനെതിരേ സിപിഎമ്മിന്റെയും എൽഡിഎഫിന്റെയും വേദികളിൽ രൂക്ഷ വിമർശനം ഉയർന്നിരുന്നു. പാർട്ടി നേതാക്കളോ പ്രവർത്തകരോ വിളിച്ചാൽ ഫോൺ അറ്റൻഡ് ചെയ്യുന്നില്ല എന്നുള്ളതാണ് പ്രധാന പ്രശ്നം. സിപിഎമ്മിന്റെ നേതാക്കളേക്കാൾ ഉപരി സിപിഐയുടെ പ്രവർത്തകരുമായിട്ടാണ് മന്ത്രിയുടെ ബന്ധമെന്നാണ് പരാതി. ഇതിനെതിരേ മുഖ്യമന്ത്രിക്ക് പരാതി നൽകാൻ നഗരസഭയിലെ എൽഡിഎഫ് കമ്മറ്റി ഉപസമിതി രൂപീകരിച്ചു. ഈ വിഷയം റിപ്പോർട്ട് ചെയ്ത മാധ്യമങ്ങൾക്കെതിരേ നിയമ നടപടി സ്വീകരിക്കുമെന്ന് പറഞ്ഞ് വിരട്ടാൻ സിപിഎം ജില്ലാ നേതൃത്വം ശ്രമിക്കുകയും ചെയ്തിരുന്നു.

ആറന്മുള മണ്ഡലത്തിലെ 267 സജീവ പാർട്ടി അംഗങ്ങൾ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ നിന്ന് വിട്ടു നിന്നതായി സിപിഎമ്മിന്റെ ആറന്മുള നിയോജക മണ്ഡലം കമ്മിറ്റിയുടെ തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ട് അടുത്തിടെ പുറത്തു വന്നിരുന്നു. തുടർഭരണം ഉണ്ടാവില്ലെന്ന് കരുതിയാണ് പലരും പ്രവർത്തനങ്ങളിൽ നിന്ന് വിട്ടു നിന്നതെന്നും ഇത്തരക്കാരുടെ ആവശ്യങ്ങൾക്ക് കത്ത് നൽകരുതെന്നും പലയിടത്തും ബ്രാഞ്ച് കമ്മിറ്റികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

ഇരവിപേരൂർ, കോഴഞ്ചേരി, പന്തളം, പത്തനംതിട്ട ഏരിയ കമ്മിറ്റികളുടെ കീഴിലുള്ള 22 ലോക്കൽ കമ്മിറ്റികളിൽ 20 ഇടത്ത് പാർട്ടി പ്രവർത്തകർ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ നിന്ന് വിട്ടു നിന്നതായി റിപ്പോർട്ടിൽ പറയുന്നു. തെരഞ്ഞെടുപ്പ് കാലത്ത് മൊബൈൽ ആപ്പിന്റെ സഹായത്തോടെ സിപിഎം പ്രവർത്തന അവലോകനം നടത്തിയിരുന്നു. ഇതിന് പുറമേ പ്രാദേശികമായി ശേഖരിച്ച വിവരവും ക്രോഡീകരിച്ചാണ് ഇത്രയും പാർട്ടി അംഗങ്ങൾ പ്രവർത്തനത്തിൽ നിന്ന് വിട്ടു നിന്നതായി അവലോകന റിപ്പോർട്ട് വന്നിട്ടുള്ളത്.

കുമ്പഴ, കുളനട, ഇരവിപേരൂർ, വള്ളംകുളം, എന്നിവിടങ്ങളിലാണ് ഏറ്റവുംകൂടുതൽ കേഡർ വിട്ടു നിന്നത്. ഇരവിപേരൂർ 20, വള്ളംകുളം 24, കുമ്പനാട് 19, ഓതറ 16, പുല്ലാട് 25, ഇലവുംതിട്ട 16, മെഴുവേലി 3, കിടങ്ങന്നൂർ 6, മല്ലപ്പുഴശേരി 9, കോഴഞ്ചേരി 3, തോട്ടപ്പുഴശ്ശേരി 16, നാരങ്ങാനം 9, പ്രക്കാനം 5, ഓമല്ലൂർ 15, പത്തനംതിട്ട സൗത്ത് 3, പത്തനംതിട്ട നോർത്ത് 24, കുമ്പഴ 25, കുളനട 29 എന്നിങ്ങനെയാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രവർത്തനങ്ങളിൽ നിന്ന് വിട്ടു നിന്ന പാർട്ടി അംഗങ്ങളുടെ കണക്ക്. കൂടാതെ ഇലന്തൂരിൽ രണ്ട് എൽസി അംഗങ്ങൾ വിട്ടു നിന്നതായും മല്ലപ്പുഴശ്ശേരിയിൽ എൽസി അംഗം സ്ലിപ്പ് വിതരണം ചെയ്തില്ലെന്നും ഇത് സംസ്ഥാന കമ്മിറ്റി അംഗം കൂടിയായ കെ അനന്തഗോപന്റെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പ് ദിവസം കണ്ടെടുത്തെന്നും റിപ്പോർട്ടിലുണ്ട്.

പ്രവർത്തകർ സജീവമല്ലെന്ന് തിരഞ്ഞെടുപ്പ് സമയത്ത് വീണ ജോർജ് സംസ്ഥാന നേതൃത്വത്തിന് പരാതി നൽകിയിരുന്നു. ഒടുവിൽ ആക്ടിങ് സെക്രട്ടറി എ വിജയരാഘവൻ നേരിട്ടെത്തി ഏരിയാ നേതാക്കൾ അടക്കമുള്ളവരെ താക്കീത് ചെയ്തതിന് ശേഷമാണ് ചിലർ പ്രവർത്തനത്തിന് ഇറങ്ങിയത. ആറന്മുളയിൽ വീണ റെക്കോഡ് ഭൂരിപക്ഷത്തിന് ജയിച്ചപ്പോൾ തങ്ങൾ സുരക്ഷിതരാണെന്നാണ് പ്രവർത്തിക്കാത്ത നേതാക്കൾ കരുതിയിരുന്നത്. അവരെ വെട്ടിലാക്കിയാണ് ഇപ്പോൾ അവലോകന റിപ്പോർട്ട് വന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP