Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

അടിയും കിട്ടി പുളിയും കുടിച്ചു! സിപിഎം അനുഭാവികളായ കൊലക്കേസ് പ്രതികളുടെ മർദ്ദനത്തിനിരയായ ഗ്രേഡ് എസ് ഐയ്ക്കും കേസെടുത്ത സ്റ്റേഷൻ ഇൻസ്പെക്ടർക്കും സ്ഥലം മാറ്റം; സേനയിൽ പ്രതിഷേധം

അടിയും കിട്ടി പുളിയും കുടിച്ചു! സിപിഎം അനുഭാവികളായ കൊലക്കേസ് പ്രതികളുടെ മർദ്ദനത്തിനിരയായ ഗ്രേഡ് എസ് ഐയ്ക്കും കേസെടുത്ത സ്റ്റേഷൻ ഇൻസ്പെക്ടർക്കും സ്ഥലം മാറ്റം; സേനയിൽ പ്രതിഷേധം

അനീഷ് കുമാർ

കണ്ണൂർ: സി.പി. എം കൊലക്കേസ് പ്രതികളുടെ ക്രൂരമർദ്ദനത്തിനിരയായ ഗ്രേഡ് എസ്. ഐയെ സ്ഥലംമാറ്റിയത് വിവാദത്തിൽ. ഇതോടൊപ്പം പരാതിക്കാരനായ ഗ്രേഡ് എസ്. ഐയ്ക്ക് അനുകൂലമായ നിലപാടു സ്വീകരിച്ച കണ്ണവം സ്റ്റേഷൻ ഇൻസ്പെക്ടറെയും സ്ഥലം മാറ്റിയിട്ടുണ്ട്. സി.പി. എമ്മുകാരായ കൊലക്കേസ് പ്രതികൾ ഉൾപ്പെടെയുള്ളവർക്ക് അനുകൂലമായി ആഭ്യന്തര വകുപ്പ് നടപടി സ്വീകരിച്ചത് പൊലിസ് സേനയിൽ അതൃപ്തിയുണ്ടാക്കിയിട്ടുണ്ട്.

കണ്ണവം ഗ്രേഡ് എസ്. ഐ വി.പിബഷീറിനാണ് കൊലക്കേസ് പ്രതികൾ ഉൾപ്പെടെയുള്ള സി.പി. എം പ്രവർത്തകരുടെ അതിക്രൂരമായ മർദ്ദനമേറ്റത്. ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ സംഘം ചേർന്നു നിന്ന സംഘത്തെ ചോദ്യം ചെയ്യുകയും വാഹനങ്ങൾ കസ്റ്റഡിയിലെടുക്കുകയും ചെയ്തതിനെ തുടർന്ന് ഓടിപ്പോയ സംഘം മടങ്ങിവരികയും എസ്. ഐയെ മർദ്ദിക്കുകയുമായിരുന്നു. എസ്. ഐയുടെ കൈപിടിച്ചു തിരിച്ചതിനാൽ ചതവുപറ്റി ഇദ്ദേഹം ചികിത്സയിലാണ്.

സി.പി. എം പാർട്ടി ഗ്രാമമായ ചിറ്റാരിപ്പറമ്പ് കോട്ടയിൽവെച്ചു രണ്ടാഴച്ചമുൻപാണ് സംഭവം നടന്നത്. രാത്രികാല പെട്രോളിങിനിടെയാണ് പൊലിസിനെതിരെ അക്രമമുണ്ടായത്. സംഭവത്തിൽ ഇരുപതോളം പേർക്കെതിരെ കേസെടുക്കുകയും നാലുപേരെ അറസ്റ്റു ചെയ്യുകയും ചെയ്തിട്ടുണ്ട്. കൊലക്കേസ് പ്രതികളായ ചിലരും അക്രമത്തിലുണ്ടായിരുന്നു. ജയിലിൽ നിന്നും പരോളിലിറങ്ങിയവരുടെ നേതൃത്വത്തിലാണ് അക്രമം നടത്തിയത്. ഇവർക്കെതിരെ പൊലിസ് കേസെടുത്തതാണ് സി.പി. എം നേതൃത്വത്തെ പ്രകോപിപ്പിച്ചത്.

ഇവരെ കേസിൽ നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ടിട്ടും തയ്യാറാവത്തതിനെ തുടർന്നാണ് സ്റ്റേഷൻ ഹൗസ് ഓഫിസർ ശിവൻ ചോടോത്തിനെയും അഭ്യന്തര വകുപ്പ് ഇടപെട്ട് സ്ഥലം മാറ്റിയത്. ശിവൻ ചോടോത്തിനെ കണ്ണൂർ സ്പെഷ്യൽ ബ്രാഞ്ചിലേക്കും ബഷീറിനെ കൂത്തുപറമ്പ് പൊലിസ് സ്റ്റേഷനിലേക്കുമാണ് സ്ഥലം മാറ്റിയത്. എന്നാൽ ഇരു ഉദ്യോഗസ്ഥർക്കുമുള്ള സ്ഥലംമാറ്റം പൊലിസ് സേനയിലുള്ള ജനറൽ ട്രാൻസ്ഫറിന്റെ ഭാഗമായാണെന്നാണ് ആഭ്യന്തര വകുപ്പ് നൽകുന്ന വിശദീകരണം.

ഗ്രേഡ് എസ്. ഐയെ സി.പി. എം പ്രവർത്തകർ അക്രമിച്ചുവെന്ന പരാതി കെട്ടിച്ചമച്ചതാണെന്നു ആരോപിച്ചു കൂത്തുപറമ്പ് ഏരിയാ സെക്രട്ടറി ധനഞ്ജയന്റെ നേതൃത്വത്തിൽ നേതാക്കൾ വാർത്താസമ്മേളനം നടത്തിയിരുന്നു. ഇതിനു ശേഷമാണ് ഉദ്യോഗസ്ഥർക്ക് സ്ഥലമാറ്റമുണ്ടായിരിക്കുന്നത്. സംഭവത്തിൽ ഉന്നത ഉദ്യോഗസ്ഥർ അന്വേഷിക്കണമെന്നു ബിജെപി ജില്ലാപ്രസിഡന്റ് എൻ. ഹരിദാസും ആവശ്യപ്പെട്ടിരുന്നു.

മഹേഷ് വധക്കേസിലെ പ്രതികൾ ഉൾപ്പെടെയുള്ളവരാണ് എസ്. ഐയെ അക്രമിച്ചതെന്നും പിണറായി ഭരണത്തിൽ പൊലിസുകാർക്കു പോലും സ്വാഭാവിക നീതി നിഷേധിക്കുകയാണെന്നും ഹരിദാസ് കുറ്റപ്പെടുത്തി. നിരവധി രാഷ്ട്രീയ കൊലപാതകങ്ങളിൽ പങ്കെടുത്തവർ കോവിഡ് കാലത്തു ലഭിച്ച പരോളിന്റെ മറവിൽ ചിറ്റാരിപ്പറമ്പ് മേഖലയിൽ അക്രമം അഴിച്ചുവിടുകയാണെന്നും ഗ്രേഡ് എസ്. ഐയെ മർദ്ദിച്ചതിനു പിന്നിൽ ഇവരാണെന്നും ഹരിദാസ് ആരോപിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP