Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ശബരിമല വ്യാജ ചെമ്പോല വിഷയത്തിൽ 24 ന്യൂസ് ചാനലിന് എതിരെ ക്യാമ്പെയിൻ നടത്തുന്ന ശങ്കു ടി ദാസിന് ശ്രീകണ്ഠൻ നായരുടെ വക്കീൽ നോട്ടീസ്; ക്യാമ്പെയിൻ അടിയന്തരമായി അവസാനിപ്പിച്ച് പരാതികൾ പിൻവലിക്കണം

ശബരിമല വ്യാജ ചെമ്പോല വിഷയത്തിൽ 24 ന്യൂസ് ചാനലിന് എതിരെ ക്യാമ്പെയിൻ നടത്തുന്ന ശങ്കു ടി ദാസിന് ശ്രീകണ്ഠൻ നായരുടെ വക്കീൽ നോട്ടീസ്; ക്യാമ്പെയിൻ അടിയന്തരമായി അവസാനിപ്പിച്ച് പരാതികൾ പിൻവലിക്കണം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ശബരിമലവിഷയവുമായി ബന്ധപ്പെട്ട് 24 ന്യൂസ് ചാനൽ അവതരിപ്പിച്ച ചെമ്പോല വ്യാജമാണെന്നും അന്ന് പുറത്തുവിട്ട വ്യാജവാർത്ത ആയിരുന്നുവെന്നും മോൻസൻ പിടിയിലായതോടെ തെളിഞ്ഞിരിക്കുകയാണ്. 24 ന്യൂസിന്റെ കൊച്ചി ബ്യൂറോ സീനിയർ റിപ്പോർട്ടർ സഹിൻ ആന്റണി അവതരിപ്പിച്ച വ്യാജ വാർത്തയ്ക്കെതിരെ നടപടി ആവശ്യപ്പെട്ട് അഡ്വ. ശങ്കു ടി. ദാസ് ഫേസ്‌ബുക്കിലൂടെ നടത്തിയ പരാതി ക്യാംപെയ്ൻ മലയാളി സമൂഹം ഏറ്റെടുത്തിരിക്കുകയാണ്. കേന്ദ്ര ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിന് പരാതികളുടെ പ്രളയമാണ്. ഒരു രാഷ്ട്രീയ പാർട്ടിയുടേയും മത സംഘടനകളുടേയും പിന്തുണ ഇല്ലാതെയാണ് ക്യാംപെയ്‌ന് ഇത്രവലിയ സ്വീകാര്യത ലഭിച്ചിരിക്കുന്നത്. അതേസമയം, ക്യാമ്പെയിൻ അടിയന്തരമായി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് 24 ന്യൂസ് അഡ്വ.ശങ്കു ടി ദാസിന് വക്കീൽ നോട്ടീസ് അയച്ചു.ഈവിഷയത്തിൽ സമർപ്പിച്ച പരാതികൾ എല്ലാം പിൻവലിക്കണം. അത് കൂടാതെ മറ്റൊരു ഫേസ്‌ബുക് പോസ്റ്റിലൂടെ ഇത് വരെ നടത്തിയ ഇടപെടലുകൾക്കെല്ലാം പരസ്യമായി നിരുപധികം മാപ്പ് പറയണം. ഇനി മേലിൽ ഈ വിഷയത്തിൽ 24 ന്യൂസിന് പൊതുസമൂഹത്തിന് മുന്നിൽ അവമതിപ്പ് ഉണ്ടാക്കുന്ന തരത്തിലുള്ള ഒരു നടപടിക്കും മുതിരില്ലെന്ന് ഉറപ്പ് കൊടുക്കാത്ത പക്ഷം 1 കോടി രൂപക്ക് നിയമ നടപടി സ്വീകരിക്കും എന്നാണ് നോട്ടീസിലെ അഭിഭാഷകനുള്ള താക്കീത്.

നോട്ടീസിന് മറുപടി അയയ്ക്കുമെന്ന് അഡ്വ.ശങ്കു.ടി.ദാസ് ഫേസ്‌ബുക്ക് കുറിപ്പിൽ അറിയിച്ചു. ഈ വിഷയത്തിൽ 24 ന്യൂസിന് എതിരെ എഴുതിയതോ പറഞ്ഞതോ ആയ ഒരു പോസ്റ്റോ വാചകമോ പോലും പിൻവലിക്കാൻ താൻ തയ്യാറല്ലെന്നും ഏത് സിവിൽ ക്രിമിനൽ വ്യവഹാരത്തെയും സ്വാഗതം ചെയ്യുന്നു എന്നും അദ്ദേഹം പറഞ്ഞു.

ശങ്കു.ടി.ദാസിന്റെ കുറിപ്പ്:

24 ന്യൂസ് ചീഫ് എഡിറ്റർ ആർ. ശ്രീകണ്ഠൻ നായരുടെ നിർദ്ദേശ പ്രകാരം ഹൈക്കോടതി അഭിഭാഷകനായ അഡ്വ. സി. ഉണ്ണിക്കൃഷ്ണൻ എനിക്കെതിരെ അയച്ച വക്കീൽ നോട്ടീസ് ഇന്ന് ഉച്ചക്ക് ഇമെയിലിലായി കിട്ടി ബോധ്യപ്പെട്ടു.'മൂന്ന് ദിവസത്തിനകം വ്യാജ ചെമ്പോല തിട്ടൂരത്തിന്റെ വിഷയത്തിൽ ഞാനിത് വരെ എഴുതിയ എല്ലാ ഫേസ്‌ബുക് പോസ്റ്റുകളും ഡിലീറ്റ് ചെയ്യുകയും, അതുമായി ബന്ധപ്പെട്ട ചർച്ചകളിലും പരാതികളിലും ഞാൻ ഉന്നയിച്ച വാദങ്ങളും നടത്തിയ പ്രസ്താവനകളും മുഴുവൻ പിൻവലിക്കുകയും, 24 ന്യൂസിന് എതിരെ കേന്ദ്ര സർക്കാരിന് ഓൺലൈനായി പരാതികൾ അയക്കാൻ ആരംഭിച്ച ക്യാമ്പയിൻ അടിയന്തിരമായി അവസാനിപ്പിക്കുകയും, ഈ വിഷയത്തിൽ സമർപ്പിച്ച പരാതികൾ എല്ലാം പിൻവലിക്കുകയും, അത് കൂടാതെ മറ്റൊരു ഫേസ്‌ബുക് പോസ്റ്റിലൂടെ ഇത് വരെ നടത്തിയ ഇടപെടലുകൾക്കെല്ലാം പരസ്യമായി നിരുപധികം മാപ്പ് പറയുകയും, ഇനി മേലിൽ ഈ വിഷയത്തിൽ 24 ന്യൂസിന് പൊതുസമൂഹത്തിന് മുന്നിൽ അവമതിപ്പ് ഉണ്ടാക്കുന്ന തരത്തിലുള്ള ഒരു നടപടിക്കും മുതിരില്ലെന്ന് ഉറപ്പ് കൊടുക്കുകയും ചെയ്യാത്ത പക്ഷം എനിക്കെതിരെ 1 കോടി രൂപക്ക് നിയമ നടപടി സ്വീകരിക്കും എന്നാണ് നോട്ടീസിലെ താക്കീത്.'

നോട്ടീസിന് അടുത്ത ദിവസം തന്നെ വിശദമായ മറുപടി അയക്കുന്നുണ്ട്. അതിൽ ഖണ്ഡിക തിരിച്ച് തന്നെ തെറ്റായ ആരോപണങ്ങൾ നിഷേധിക്കുകയും ശരിയായ വസ്തുതകൾ വിശദീകരിക്കുകയും ചെയ്യുന്നതാണ്. ഇന്നിപ്പോൾ ചുരുക്കത്തിൽ ഇത്ര മാത്രം പറയാം.ഈ വിഷയത്തിൽ 24 ന്യൂസിന് എതിരെ എഴുതിയതോ പറഞ്ഞതോ ആയ ഒരു പോസ്റ്റോ വാചകമോ പോലും പിൻവലിക്കാൻ ഞാൻ തയ്യാറല്ല.

ഞാൻ സമർപ്പിച്ച ഒരു പരാതിയും തിരിച്ചെടുക്കുകയോ അതുമായി ബന്ധപ്പെട്ട് ആരംഭിച്ച എന്തെങ്കിലും നടപടി അവസാനിപ്പിക്കുകയോ ചെയ്യില്ല.
നിരുപാധികമായോ ഉപാധിയോടെയോ, പരസ്യമായോ സ്വകാര്യമായോ, ഫേസ്‌ബുക്കിലൂടെയോ നേരിട്ടോ ഒരു കാരണവശാലും ഞാൻ മാപ്പ് പറയുകയുമില്ല.ഞാനീ വിഷയത്തിൽ ഇന്ന് വരെ എഴുതിയതോ പറഞ്ഞതോ ആയ ഓരോ വാക്കും വരിയും എന്റെ പൂർണ്ണ ബോധ്യത്തിലും ഉത്തമ വിശ്വാസത്തിലും ശരിയായ ധാരണയിലും ഞാൻ ഉന്നയിച്ചിട്ടുള്ളതാണ്.

അതിൽ ഞാൻ ഉറച്ചു നിൽക്കുകയും ആ ബോധ്യത്തിന്റെ അടിസ്ഥാനത്തിൽ ഇനിയും ഈ വിഷയത്തിൽ സാധ്യമായ എല്ലാ തരത്തിലുമുള്ള നടപടികളുമായി മുന്നോട്ട് തന്നെ പോവുകയും ചെയ്യും.അതിന്റെ പേരിൽ നേരിടേണ്ടി വരുന്ന ഏത് സിവിൽ ക്രിമിനൽ വ്യവഹാരത്തെയും പൂർണ്ണ മനസ്സാലേ ഞാൻ ഇതിനാൽ സ്വാഗതം ചെയ്യുന്നു.
തരിമ്പും ഖേദരഹിതനായി,

ശങ്കു തുളസീദാസ്.

അതേസമയം, ആദ്യമായാണ് ഇത്രയധികം പരാതികൾ ഒരു ചാനലിനെതിരെ ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിന് ലഭിക്കുന്നത്. തുടർച്ചയായി വ്യാജവാർത്തകൾ നൽകുകയും മതകലഹത്തിനിടയാക്കുന്നവിധം വാർത്തകൾ നൽകുകയും ചെയ്‌തെന്ന് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിന് ബോധ്യപ്പെട്ടാൽ ബ്രോഡ്കാസ്റ്റിങ് ലൈസൻസ് പിൻവലിക്കുന്നതിന് വരെ അവർക്ക് അധികാരമുണ്ട്.

ഇതേവിഷയത്തിൽ ശങ്കു ടി.ദാസ് നേരത്തേ ഡിജിപിക്ക് പരാതി നൽകിയിരുന്നു. 2018 ഡിസംബർ 10ന് സഹിൻ ആന്റണി നൽകിയ വാർത്തക്കെതിരെയാണ് പരാതി. ശബരിമല ക്ഷേത്രത്തെ സംബന്ധിക്കുന്ന 400 വർഷം പഴക്കമുള്ള ആധികാരിക രേഖ എന്നവകാശപ്പെട്ടാണ് പന്തളം കൊട്ടാരം വക ചെമ്പോല തിട്ടൂരത്തിന്റെ മാതൃകയിൽ വ്യാജമായി നിർമ്മിച്ച കൃത്രിമ രേഖ ഉയർത്തി കാട്ടി 24 ന്യൂസ് തെറ്റായ വാർത്ത അവതരിപ്പിച്ചതെന്ന് പരാതിയിൽ പറയുന്നു. പുരാവസ്തു തട്ടിപ്പ് കേസിൽ ക്രൈം ബ്രാഞ്ചിന്റെ കസ്റ്റഡിയിലുള്ള മോൻസൺ മാവുങ്കൽ എന്നയാളുടെ വ്യാജ പുരാവസ്തു ശേഖരത്തിന്റെ ഭാഗമായിരുന്നു ചെമ്പോല തിട്ടൂരവും. കൊല്ലം വർഷം 843ൽ പുറപ്പെടുവിച്ചതും രാജ മുദ്രയുള്ളതും പ്രാചീന കോലെഴുത്ത് മലയാളത്തിൽ ചെമ്പ് തകിടിൽ എഴുതപ്പെട്ടതുമായ ആ രേഖ പ്രകാരം ശബരിമല ക്ഷേത്രത്തിൽ ബ്രാഹ്മണ പൂജാരികൾക്ക് യാതൊരു അധികാരവും ഇല്ലെന്ന് 24 ന്യൂസ് റിപ്പോർട്ടിൽ ആരോപിച്ചതായും പരാതിയിൽ പറയുന്നു.

ശബരിമല ക്ഷേത്രത്തിൽ ഈഴവർക്കും മലയരയർക്കും മാത്രമേ ആരാധനയ്ക്കും ആചാരങ്ങൾക്കും അധികാരമുള്ളൂ എന്നും അങ്ങനെയിരിക്കെ താഴ്മൺ മഠം എന്ന തന്ത്രി കുടുംബം ക്ഷേത്രത്തിലെ സുപ്രധാന സ്ഥാനത്ത് എത്തിയതിൽ ദുരൂഹത ഉണ്ടെന്നും മറ്റുമുള്ള ദുരുദ്ദേശ്യപരമായ പരാമർശങ്ങളാണ്റിപ്പോർട്ടിൽ ഉൾക്കൊള്ളിച്ചിരുന്നത്. ഈ വാർത്ത പിന്നീട് മറ്റ് മാധ്യമങ്ങളും ഏറ്റെടുത്തു.

ശബരിമലയിലെ ആചാരങ്ങളും അനുഷ്ഠാനങ്ങളും സംരക്ഷിക്കുന്നതിനായി ഹൈന്ദവ വിശ്വാസി സമൂഹം ഒറ്റക്കെട്ടായി മുന്നേറിയിരുന്ന കാലത്ത് ബോധപൂർവ്വം സമാജത്തിൽ ജാതിയുടെ പേരിലുള്ള ഭിന്നിപ്പും സ്പർദ്ധയും സൃഷ്ടിക്കാൻ ഉദ്ദേശിച്ചുള്ള ഗൂഢാലോചന ആയിരുന്നു എന്നാണ് ഇപ്പോൾ പുറത്തു വരുന്ന വിവരങ്ങൾ തെളിയിക്കുന്നത്. സഹിൻ ആന്റണിക്ക് മോൻസൺ മാവുങ്കലുമായുള്ള അടുപ്പം ഇതിനകം വാർത്തയായിട്ടുണ്ട്. മോൻസണിന് പല ഉന്നതരെയും പരിചയപ്പെടുത്തി കൊടുത്തതും, അയാളുടെ പല ഇടപാടുകളുടെയും മധ്യസ്ഥൻനായതും, പല പരാതികളും സ്വാധീനം ഉപയോഗിച്ച് ഒതുക്കി തീർത്തു കൊടുക്കാൻ ഇടപെട്ടതുമെല്ലാം ഇതേ സഹിൻ ആന്റണി ആണെന്ന് പലരും വെളിപ്പെടുത്തൽ നടത്തിയിട്ടുണ്ടെന്നും പരാതിയിൽ ശങ്കു പറയുന്നു.

സഹിൻ ആന്റണിയുടെ അറിവോടും സഹായത്തോടും കൂടിയോ, സഹിൻ ആന്റണിയുടെ ആവശ്യപ്രകാരം തന്നെയോ ആണ് പ്രസ്തുത വ്യാജ രേഖ നിർമ്മിക്കപ്പെട്ടത് എന്ന ആരോപണം സമൂഹ മാധ്യമങ്ങളിൽ വ്യാപകമാണ്. കൃത്യമായ ഒരു അന്വേഷണത്തിലൂടെ മാത്രമേ ഇതിന്റെ യാഥാർഥ്യം പുറത്തു കൊണ്ടു വരാൻ സാധിക്കൂ, എന്നും പരാതിയിൽ പറയുന്നു. എന്നാൽ ആ പരാതിയിൽ യാതൊരു നടപടിയും പൊലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. അത്തരമൊരു സാഹചര്യത്തിലാണ് ഒരു മാസ് പെറ്റിഷൻ മൂവ്‌മെന്റുമായി ഇപ്പോൾ ശങ്കു ടി ദാസ് രംഗത്തെത്തിയിരിക്കുന്നത്. അതിന് പുറമെ പരാതിയുമായി കോടതിയെ സമീപിക്കാനും ഒരുങ്ങുകയാണ് ശങ്കു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP