Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'എനിക്ക് ലാലിനോട് വല്ലാത്ത അസൂയയുണ്ട്; ഒരു കഥകളി നടനായി അഭിനയിക്കാനുള്ള ഭാഗ്യം എനിക്ക് ഉണ്ടായില്ല'; അന്ന് തുറന്നു പറഞ്ഞ് നെടുമുടി വേണു; ജ്യേഷ്ഠ സഹോദരനെപ്പോലെ ചേർത്തുപിടിച്ച വാത്സല്യമെന്ന് മോഹൻലാൽ

'എനിക്ക് ലാലിനോട് വല്ലാത്ത അസൂയയുണ്ട്; ഒരു കഥകളി നടനായി അഭിനയിക്കാനുള്ള ഭാഗ്യം എനിക്ക് ഉണ്ടായില്ല'; അന്ന് തുറന്നു പറഞ്ഞ് നെടുമുടി വേണു; ജ്യേഷ്ഠ സഹോദരനെപ്പോലെ ചേർത്തുപിടിച്ച വാത്സല്യമെന്ന് മോഹൻലാൽ

ന്യൂസ് ഡെസ്‌ക്‌

തിരുവനന്തപുരം: മലയാള സിനിമയുടെ ആരാധകർ എന്നും മനസിൽ സൂക്ഷിക്കുന്ന ചില അപൂർവ കൂട്ടുകെട്ടുകൾ ഉണ്ട്. മോഹൻലാൽ - ജഗതി ശ്രീകുമാർ കൂട്ടുകെട്ട് പോലെ ഏറ്റവും മിഴിവുള്ള കോമ്പിനേഷനുകളിൽ ഒന്നായിരുന്നു നെടുമുടി വേണു- മോഹൻലാൽ.

ചിത്രം, ഓർക്കാപ്പുറത്ത്, തേന്മാവിൻ കൊമ്പത്ത്, അപ്പു തുടങ്ങി വ്യത്യസ്ത സ്വഭാവ വിശേഷങ്ങളിലുള്ള നിരവധി കഥാപാത്രങ്ങൾ. ഈ രണ്ട് അഭിനേതാക്കൾ അവരെ അവതരിപ്പിച്ചപ്പോൾ കാണികളുടെയും മനസ് നിറഞ്ഞു. ആ ചിത്രങ്ങൾ ഒക്കെ വീണ്ടും ടെലിവിഷനിൽ വിരുന്നെത്തുമ്പോൾ ആവർത്തന വിരസത തെല്ലുമില്ലാതെ ഇന്നും പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിക്കുന്നു. സുഹൃത്തുക്കളായും അച്ഛനും മകനുമായും ഒക്കെ ഇവർ എത്രയോ വട്ടം ഒന്നിച്ചിരിക്കുന്നു.

എന്നാൽ ഒരു നടൻ എന്ന നിലയിൽ മോഹൻലാലിനോട് തനിക്കുള്ള അസൂയയെക്കുറിച്ചും നെടുമുടി ഒരിക്കൽ പറഞ്ഞിട്ടുണ്ട്. ഷാജി എൻ കരുൺ ചിത്രം 'വാനപ്രസ്ഥ'ത്തിലെ അഭിനയത്തിന് മോഹൻലാലിന് ദേശീയ അവാർഡ് ലഭിച്ച സമയത്ത് ദൂരദർശൻ മോഹൻലാലിന്റെ ഒരു അഭിമുഖ പരിപാടി ചെയ്തിരുന്നു.

അന്ന് മോഹൻലാലിനെ ഇന്റർവ്യൂ ചെയ്തത് നെടുമുടി വേണുവായിരുന്നു. ചോദ്യങ്ങൾക്കിടെയാണ് ഒരു കാര്യത്തിൽ മോഹൻലാലിനോട് തനിക്ക് അസൂയയുണ്ടെന്ന കാര്യം നെടുമുടി പറഞ്ഞത്. കഥകളി എന്ന കലയെ ഏറെ സ്‌നേഹിക്കുന്ന തനിക്ക് ഇതുവരെ സിനിമയിൽ ഒരു കഥകളിവേഷം അവതരിപ്പിക്കാൻ ആയിട്ടില്ലെന്നായിരുന്നു നെടുമുടി അന്ന് പറഞ്ഞത്.

മോഹൻലാലിനോട് നെടുമുടി വേണു പറഞ്ഞത്
എനിക്ക് ലാലിനോട് വല്ലാത്ത അസൂയയുണ്ട്. അസൂയ എന്ന് പറയുന്നത് വേറൊന്നുമല്ല. എത്ര പ്രാവശ്യം ദേശീയ പുരസ്‌കാരമോ അതിനപ്പുറത്തുള്ള പുരസ്‌കാരമോ അർഹതയുള്ളവർക്ക് കിട്ടുന്നതുകൊണ്ട് നമ്മൾ അസൂയപ്പെട്ടിട്ട് കാര്യമില്ല. അതിന്റെ പേരിലല്ല അസൂയ. ജീവിതത്തിൽ നമ്മൾ ആകാൻ കൊതിക്കുന്ന പല കാര്യങ്ങൾ, ഉദാഹരണത്തിന് ഒരു ഗായകൻ, മൃദംഗവാദന വിദഗ്ധൻ, കഥകളി നടൻ ഇങ്ങനെ ഒരുപാട് ആഗ്രഹങ്ങൾ ഭാഗ്യവശാൽ നമ്മൾ സിനിമയിലൂടെ അഭിനയിച്ച്, അനുഭവിച്ച് തീർക്കുകയാണ് ചെയ്യുക. അങ്ങനെയുള്ള പല ഭാഗ്യങ്ങൾ ഉണ്ടായിട്ടുണ്ട്.

പക്ഷേ ഞാൻ ഏറ്റവുമധികം ഇഷ്ടപ്പെടുന്ന കലാരൂപം എന്ന നിലയിൽ, ഒരു കഥകളി നടനായി അഭിനയിക്കാനുള്ള ഭാഗ്യം എനിക്ക് ഉണ്ടായില്ല. പിന്നെ വേറൊരു കാര്യം എന്താണെന്നുവച്ചാൽ, വാനപ്രസ്ഥത്തിൽ ലാൽ മിനുക്കുവേഷം (പൂതന) കെട്ടുന്നു. പച്ചവേഷത്തിലും (അർജുനൻ) കത്തിവേഷത്തിലും (കീചകൻ) വട്ടമുടിയിലും (ഹനുമാൻ) താടിയിലും (ദുശ്ശാസനൻ) എത്തുന്നു. കഥകളി ജീവിതവൃത്തി ആക്കിയിട്ടുള്ള കലാമണ്ഡലം കൃഷ്ണൻ നായർ ആശാനെപ്പോലെയുള്ള കലാകാരന്മാർക്കുപോലും ജീവിതത്തിൽ ഇത്രയും വൈവിധ്യമാർന്ന വേഷങ്ങൾ ജീവിതത്തിൽ കഥകളിയരങ്ങിൽ കെട്ടാൻ അവസരം ഉണ്ടായിക്കാണില്ല. ആ വേഷങ്ങൾ മുഴുവൻ ലാലിന് കെട്ടാൻ സാധിച്ചു എന്നതാണ് എനിക്ക് ലാലിനോടുള്ള ഏറ്റവും വലിയ അസൂയയെന്ന് നെടുമുടി വേണു തുറന്നു പറയുന്നു.

അതുല്യ നടൻ നെടുമുടി വേണുവിന്റെ വിയോഗ വാർത്തയുടെ ഞെട്ടലിലാണ് മലയാള ചലച്ചിത്ര ലോകം. പ്രമുഖരടക്കം അദ്ദേഹത്തെ അനുസ്മരിച്ചിരുന്നു. ജേഷ്ഠതുല്യമായ ബന്ധമുണ്ടായിരുന്ന ആൾക്ക് ഔപചാരികമായ ആദരാഞ്ജലി നൽകാൻ കഴിയുന്നില്ല എന്ന് പറഞ്ഞുകൊണ്ടാണ് മോഹൻലാലിന്റെ കുറിപ്പ്.

ജ്യേഷ്ഠ സഹോദരനെപ്പോലെ ചേർത്തുപിടിച്ച വാത്സല്യം: മോഹൻലാൽ
അരനൂറ്റാണ്ടുകാലം മലയാളസിനിമയുടെ ആത്മാവായി നിലകൊണ്ട് പ്രിയപ്പെട്ട വേണുച്ചേട്ടൻ നമ്മെ വിട്ടുപിരിഞ്ഞു. നാടക അരങ്ങുകളിൽ നിന്നു തുടങ്ങി സ്വാഭാവിക അഭിനയത്തിന്റെ ഹിമാലയശൃംഗം കീഴടക്കിയ ആ മഹാപ്രതിഭയുടെ വേർപാട് മലയാളത്തിന്റെ ഏറ്റവും വലിയ നഷ്ടങ്ങളിലൊന്നാണ്. വ്യക്തിപരമായി എനിക്കതൊരു വലിയ വേദനയും. ഒരു ജേഷ്ഠസഹോദരനെപ്പോലെ, ചേർത്തുപിടിച്ച വാത്സല്യമായിരുന്നു വേണുച്ചേട്ടൻ എനിക്ക്. എത്ര സിനിമകളിൽ ഒന്നിച്ചു ഞങ്ങൾ. മലയാളം നെഞ്ചോടുചേർത്ത എത്ര വൈകാരിക സന്ദർഭങ്ങൾ ഒന്നിച്ചു സമ്മാനിക്കാനായി ഞങ്ങൾക്ക്. ആഴത്തിലുള്ള വായനയും അതിലൂടെ നേടിയ അറിവും കൊണ്ട്, തുല്യം വെക്കാനില്ലാത്ത വ്യക്തിത്വമായി മാറിയ എന്റെ വേണു ചേട്ടന് ഔപചാരികമായ ഒരു ആദരാഞ്ജലി നൽകാൻ ആവുന്നില്ല. കലയുടെ തറവാട്ടിലെ ഹിസ് ഹൈനസ് ആയ ആ വലിയ മനസ്സിന്റെ സ്‌നേഹച്ചൂട് ഹൃദയത്തിൽ നിന്ന് ഒരിക്കലും മായില്ല...

ഉദരംസംബന്ധമായ അസുഖങ്ങളെത്തുടർന്ന് തിരുവനന്തപുരത്തെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് നെടുമുടി വേണുവിന്റെ മരണം. മരണസമയത്ത് ഭാര്യയും മക്കളും ഒപ്പമുണ്ടായിരുന്നു. മലയാളത്തിലും തമിഴിലുമായി 500ൽ അധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. നിരവധി സിനിമകൾക്ക് തിരക്കഥ രചിച്ച അദ്ദേഹം ഒരു ചിത്രം സംവിധാനം ചെയ്തിട്ടുമുണ്ട്. സിനിമയിലെ വിവിധ പ്രകടനങ്ങൾക്ക് രണ്ട് ദേശീയ ചലച്ചിത്ര അവാർഡുകളും ആറ് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകളും അദ്ദേഹം നേടിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP