Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

രാജ്യത്തെ കൽക്കരി ക്ഷാമം: അമിത് ഷായുടെ അധ്യക്ഷതയിൽ ഡൽഹിയിൽ ഉന്നതതല യോഗം; വൈദ്യുതി പ്രതിസന്ധി ചർച്ചയായി; താൽക്കാലിക പരിഹാരം കാണുമെന്ന് കോൾ ഇന്ത്യ

രാജ്യത്തെ കൽക്കരി ക്ഷാമം: അമിത് ഷായുടെ അധ്യക്ഷതയിൽ ഡൽഹിയിൽ ഉന്നതതല യോഗം; വൈദ്യുതി പ്രതിസന്ധി ചർച്ചയായി; താൽക്കാലിക പരിഹാരം കാണുമെന്ന് കോൾ ഇന്ത്യ

ന്യൂസ് ഡെസ്‌ക്‌

ന്യൂഡൽഹി: രാജ്യത്തെ കൽക്കരി ക്ഷാമത്തെ തുടർന്നുള്ള വൈദ്യുതി പ്രതിസന്ധി ചർച്ച ചെയ്യാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയിൽ ഡൽഹിയിൽ ഉന്നതതല യോഗം ചേർന്നു. കൽക്കരി മന്ത്രി പ്രൾഹാദ് ജോഷിയും ഊർജ്ജ മന്ത്രി ആർ. കെ സിങ്ങും ഇരു മന്ത്രാലയത്തിലേയും ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.

കൽക്കരിയുടെ ശേഖരം, വൈദ്യുതിയുടെ വിതരണം എന്നിവ യോഗത്തിൽ ചർച്ചയായി. ചൊവ്വാഴ്‌ച്ച പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയോട് നിലവിലെ സാഹചര്യങ്ങൾ കൽക്കരി, ഊർജ്ജ മന്ത്രാലയ സെക്രട്ടറിമാർ വിശദീകരിക്കും.

അതേ സമയം രാജ്യത്തെ കൽക്കരി ക്ഷാമത്തിന് താൽക്കാലിക പരിഹാരം കാണുമെന്ന് കോൾ ഇന്ത്യ അറിയിച്ചു. ഇതിനായി 17.11 ലക്ഷം ടൺ കൽക്കരി വിവിധ സംസ്ഥാനങ്ങളിലേക്ക് അയച്ചു. നിലവിലെ പ്രതിസന്ധി പരിഹരിക്കാനുള്ള നടപടി സ്വീകരിക്കാൻ ഉപകമ്പനികൾക്ക് ക്ഷാമം പരിഹരിക്കാൻ നിർദ്ദേശം നൽകിയതായി കോൾ ഇന്ത്യ ചെയർമാൻ പി എം പ്രസാദ് വ്യക്തമാക്കി.

രാജ്യം നേരിട്ട കൽക്കരി പ്രതിസന്ധി എത്രയും വേഗം പരിഹരിക്കാനുള്ള നീക്കത്തിലാണ് കേന്ദ്രം. രണ്ട് ആഴ്ചക്കുള്ളിൽ കൂടുതൽ കൽക്കരി വിവിധ സംസ്ഥാനങ്ങൾക്ക് വിതരണം ചെയ്യും. പല സംസ്ഥാനങ്ങളിലും താപ വൈദ്യുതി നിലയങ്ങളുടെ പ്രവർത്തനം നിലച്ച സാഹചര്യത്തിലാണ് പ്രശ്‌ന പരിഹാരത്തിന് അടിയന്തിര നടപടികൾ സ്വീകരിച്ചത്.

വൈദ്യുതി ക്ഷാമം രൂക്ഷമായതോടെ യുപി, പഞ്ചാബ്, രാജസ്ഥാൻ സംസ്ഥാനങ്ങൾ പവർകട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഡൽഹിയിലെ താപനിലയങ്ങളിൽ രണ്ടോ മൂന്നോ ദിവസത്തേക്കുള്ള കൽക്കരി മാത്രമെ ബാക്കിയുള്ളുവെന്ന് വൈദ്യുതി മന്ത്രി സത്യേന്ദ്ര ജയിൻ അറിയിച്ചു.കൂടാതെ, വൈദ്യുതി ഉൽപാദനം 55 ശതമാനം മാത്രമാണ്. വൈദ്യുതി ക്ഷാമത്തിന് പരിഹാരം കാണാൻ യുപിയിൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ വൈകീട്ട് യോഗം ചേരുന്നുണ്ട്.

അതേസമയം, കൽക്കരി ക്ഷാമമവും വൈദ്യുതി പ്രതിസന്ധിയുമില്ലെന്ന് പ്രൾഹാദ് ജോഷിയും ആർ.കെ സിങ്ങും നേരത്തെ വ്യക്തമാക്കിയിരുന്നു. രാജ്യത്തെ താപവൈദ്യുത നിലയങ്ങളുടെ കൈവശം അടുത്ത 24 ദിവസത്തേക്ക് ആവശ്യമായ കൽക്കരി ഉണ്ടെന്ന് പ്രൾഹാദ് ജോഷി പറഞ്ഞു. 43 ദശലക്ഷം കൽക്കരിയാണ് കോൾ ഇന്ത്യാ ലിമിറ്റഡിന്റെ പക്കൽ സ്റ്റോക്കുള്ളതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. കൽക്കരി ക്ഷാമത്തിന്റെ പേരിൽ അനാവശ്യമായ ഭീതിയുണ്ടാക്കരുതെന്ന് ആർ.കെ സിങ്ങ് വ്യക്തമാക്കി.

ഗെയിലും ടാറ്റയും തമ്മിലുള്ള ആശയവിനിമയത്തിലെ പാളിച്ചയാണ് തെറ്റായവിവരങ്ങൾ പ്രചരിക്കാനുള്ള കാരണമെന്നും അദ്ദേഹം പറഞ്ഞു. ഡൽഹി അടക്കം രാജ്യത്തെ ആറിലധികം സംസ്ഥാനങ്ങളിൽ വൈദ്യുതി പ്രതിസന്ധിക്ക് സാധ്യതയുണ്ടെന്നായിരുന്നു റിപ്പോർട്ട്. നമുക്ക് ആവശ്യത്തിനുള്ള വൈദ്യുതി ലഭ്യമാണ്. രാജ്യത്ത് മുഴുവൻ സുഗമമായി വൈദ്യുതിവിതരണം നടക്കുന്നുണ്ട്. ആർക്കാണ് വൈദ്യുതിവേണ്ടത്? എനിക്കൊരു അപേക്ഷ തന്നാൽ അവർക്ക് വൈദ്യുതി ലഭ്യമാക്കും-മന്ത്രി പറഞ്ഞു.

ഇപ്പോഴുള്ള ഭീതി അനാവശ്യമാണ്. നാലു ദിവസം പ്രവർത്തിക്കാനുള്ള കൽക്കരി ശേഖരം ഇപ്പോൾ രാജ്യത്തുണ്ട്. അത് കരുതൽ ശേഖരമാണ്. രാജ്യത്ത് വിതരണം തുടരുന്നുണ്ട്-ആർ.പി സിങ് വ്യക്തമാക്കി. ഡൽഹിയിലേക്ക് ആവശ്യമായ വൈദ്യുതി ലഭ്യമാക്കും, ലോഡ് ഷെഡിങ് ഉണ്ടാവില്ല. പണം നോക്കാതെ കൽക്കരിയുടെ വിതരണം തുടരുമെന്നും അദ്ദേഹം അറിയിച്ചു.

എന്നാൽ ഇരുവരേയും വിമർശിച്ച് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും രംഗത്തെത്തിയിരുന്നു. കോവിഡിന്റെ രണ്ടാംഘട്ട വ്യാപനത്തിനിടെ കടുത്ത ഓക്‌സിജൻ ക്ഷാമം നേരിട്ടപ്പോഴും അത്തരത്തിൽ ഒരു പ്രതിസന്ധിയേ ഇല്ല എന്നാണ് കേന്ദ്ര സർക്കാർ പറഞ്ഞതെന്ന് സിസോദിയ ചൂണ്ടിക്കാട്ടി.

കൽക്കരി ക്ഷാമം രൂക്ഷമായതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണം. രാജ്യത്തെ വൈദ്യുതി ഉത്പാദനത്തിന്റെ 70 ശതമാനവും കൽക്കരിയെ ആശ്രയിച്ചാണ് നിലനിൽക്കുന്നത്. കൽക്കരി ഉപയോഗിക്കുന്ന 135 താപവൈദ്യുതി നിലയങ്ങളാണു രാജ്യത്തുള്ളത്. വ്യാഴാഴ്ചത്തെ കണക്കുപ്രകാരം 110 നിലയങ്ങളിലും ക്ഷാമം അതിരൂക്ഷമാണ്. കൽക്കരി ക്ഷാമത്തെ തുടർന്നുണ്ടായ പ്രതിസന്ധിയിൽ മഹാരാഷ്ട്രയിലെ 13 താപവൈദ്യുത യൂണിറ്റുകളും പഞ്ചാബിൽ മൂന്നു താപവൈദ്യുത നിലയങ്ങളും അടച്ചുപൂട്ടിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP