Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നെടുമുടി വേണുവിന്റെ നിര്യാണം സാംസ്‌കാരികരംഗത്തിന് അപരിഹാര്യമായ നഷ്ടമെന്ന് മുഖ്യമന്ത്രി; കഥകളി മുതൽ തനതു നാടകവേദി വരെ അരങ്ങിന്റെ എല്ലാ രീതിശാസ്ത്രവും വഴങ്ങിയ പ്രതിഭയെന്ന് വി ഡി സതീശൻ; നെടുമുടി വേണുവിന്റെ നിര്യാണത്തിൽ അനുശോചിച്ച് രാഷ്ട്രീയ രംഗത്തെ പ്രമുഖർ

നെടുമുടി വേണുവിന്റെ നിര്യാണം സാംസ്‌കാരികരംഗത്തിന് അപരിഹാര്യമായ നഷ്ടമെന്ന് മുഖ്യമന്ത്രി; കഥകളി മുതൽ തനതു നാടകവേദി വരെ അരങ്ങിന്റെ എല്ലാ രീതിശാസ്ത്രവും വഴങ്ങിയ പ്രതിഭയെന്ന് വി ഡി സതീശൻ; നെടുമുടി വേണുവിന്റെ നിര്യാണത്തിൽ അനുശോചിച്ച് രാഷ്ട്രീയ രംഗത്തെ പ്രമുഖർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മലയാളത്തിന്റെ അഭിനയപ്രതിഭ നെടുമുടി വേണുവിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. അഭിനയത്തെ ഭാവാത്മകമായ തലത്തിൽ ഉയർത്തുന്നതിൽ ശ്രദ്ധേയമായ പങ്കുവഹിച്ചയാളാണ് നെടുമുടി വേണു. വ്യത്യസ്തതയുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ച് ആസ്വാദകമനസ്സിൽ സ്ഥിരസാന്നിധ്യമുറപ്പിച്ച അനുഗ്രഹീത നടനാണ് അദ്ദേഹം. നടനായിരിക്കെത്തന്നെ സാഹിത്യാദികാര്യങ്ങളിൽ വലിയ താത്പര്യമെടുക്കുകയും നാടൻപാട്ടുകളുടെ അവതരണം മുതൽ പരീക്ഷണ നാടകങ്ങളുടെ അവതരണം വരെ നേതൃപരമായ പങ്കോടെ ഇടപെടുകയും ചെയ്തു.

അദ്ദേഹം ചൊല്ലിയ നാടൻപാട്ടുകൾ ജനമനസ്സുകളിൽ വരുംകാലത്തുമുണ്ടാകും. മലയാളത്തിന്റെ മാത്രമല്ല, പല തെന്നിന്ത്യൻ ഭാഷകളിലും ആസ്വാദകരുടെ മനസ്സിൽ ആ ബഹുമുഖ പ്രതിഭ സ്ഥാനംപിടിച്ചു. തമിഴ് സിനിമാസ്വാദകരുടെ പ്രിയപ്പെട്ട പല കഥാപാത്രങ്ങളും അവതരിപ്പിക്കുന്നതിന് അദ്ദേഹത്തിന് അവസരമുണ്ടായി. സാഹിത്യത്തെയും അഭിനയകലയെയും ഒരുപോലെ സ്‌നേഹിച്ച നെടുമുടി വേണുവിന്റെ നിര്യാണം നമ്മുടെ സാംസ്‌കാരികരംഗത്തിന് അപരിഹാര്യമായ നഷ്ടമാണെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ

തിരുവരങ്ങിലെ വിളക്കണഞ്ഞു... വിസ്മയിപ്പിക്കുന്ന നടനും അതുല്യ കലാകാരനും മനുഷ്യസ്നേഹിയുമായ നെടുമുടി വേണുവിന് ആദരവോടെ പ്രണാമം. എന്തൊരു നടനായിരുന്നു അദ്ദേഹം. അഞ്ഞൂറോളം സിനിമകൾ... ഒന്നിനൊന്ന് മികച്ച റോളുകൾ... അഭിനയത്തിലെന്ന പോലെ വാദ്യകലയിലും സംഗീതത്തിലും നെടുമുടി വേണുവിന്റെ പ്രതിഭാ സ്പർശം നാം കണ്ടതാണ്. കഥകളി മുതൽ തനതു നാടകവേദി വരെ അരങ്ങിന്റെ എല്ലാ രീതിശാസ്ത്രവും നെടുമുടിക്ക് വഴങ്ങി. വള്ളപ്പാട്ടിന്റെയും വേലകളിയുടെയും കുട്ടനാടൻ സംസ്‌ക്കാരമാണ് ആ ഹൃദയത്തിന്റെ താളമായിരുന്നത്. അങ്ങ് ഞങ്ങൾക്ക് സമ്മാനിച്ച കലാനുഭവങ്ങൾക്ക് ആദരം... സ്നേഹം... നന്ദി... പെർഫക്ട് ആക്ടർ, ഗംഭീര താള കലാകാരൻ, നല്ല പാട്ടുകാരൻ, എഴുത്തുകാരൻ. വിട...

നിയമസഭാ സ്പീക്കർ എം.ബി.രാജേഷ്

പതിനഞ്ചു വർഷക്കാലത്തിലേറെയായി നെടുമുടി വേണുവുമായി വ്യക്തിപരമായ സൗഹൃദം ഉണ്ടായിരുന്നു. മലയാള സിനിമ കണ്ട എക്കാലത്തെയും മികച്ച നടന്മാരിൽ ഒരാളായ വേണുവിന്റെ നിര്യാണം മലയാള സിനിമയ്ക്ക് വലിയ നഷ്ടമാണ്. സിനിമാ സുഹൃത്തുക്കളുടെയും അദ്ദേഹത്തിന്റെ ബന്ധുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.

മന്ത്രി സജി ചെറിയാൻ

മലയാളത്തിന്റെ അനുഗ്രഹീത നടൻ നെടുമുടി വേണുവിന്റെ വിയോഗ വാർത്ത ഞെട്ടലോടെയാണ് അറിഞ്ഞത്. കഴിഞ്ഞ മാസം നടന്ന മഴ മിഴി സിഗ്‌നേച്ചർ ഫിലിം പ്രകാശന ചടങ്ങിലാണ് അദ്ദേഹത്തെ അവസാനമായി നേരിട്ട് കണ്ടത്. ആശുപത്രിയിൽ ആണെന്ന് അറിയാമായിരുന്നു, എന്നാലും രോഗാവസ്ഥയെയൊക്കെ മറികടന്നു കൊണ്ട് അദ്ദേഹം നിറപുഞ്ചിരിയോടെ മടങ്ങി വരുമെന്നായിരുന്നു പ്രതീക്ഷിച്ചത്. മലയാള സാംസ്‌കാരിക ലോകത്തെ കാരണവരിലൊരാളെയാണ് നമുക്ക് നഷ്ടമായിരിക്കുന്നത്. സ്വതസിദ്ധമായ അഭിനയവും ശരീരഭാഷയും സംഭാഷണ അവതരണത്തിലെ വ്യത്യസ്തതയും നാടകക്കളരികളിലെ അനുഭവസമ്പന്നതയും അദ്ദേഹത്തെ മലയാളസിനിമയിലെ പകരം വെക്കാനില്ലാത്ത സാന്നിദ്ധ്യമായി മാറ്റി. നായകനായും വില്ലനായും സ്വഭാവ നടനായും അരങ്ങിലും വെള്ളിത്തിരയിലും അദ്ദേഹം നിറഞ്ഞാടി. ഗൗരവകരമായ വേഷങ്ങളും ഹാസ്യപ്രധാനമായ വേഷങ്ങളും നെടുമുടിയിൽ ഭദ്രമായിരുന്നു. ജീവിതത്തിന്റെ അരങ്ങിലെ വേഷമഴിച്ചു പിൻവാങ്ങുമ്പോഴും തിരശീലയിൽ അദ്ദേഹം അനശ്വരമാക്കിയ കഥാപാത്രങ്ങൾ എന്നും മലയാളികളുടെ മനസ്സിൽ മരണമില്ലാതെ ജീവിക്കും.

മന്ത്രി കെ. രാജൻ

മലയാളസിനിമയിലെ എക്കാലത്തെയും മികച്ച നടന്മാരിൽ അഗ്രഗണ്യനായിരുന്നു നെടുമുടി. അഭിനയത്തിൽ മാത്രമല്ല സംഗീതത്തിലും പ്രാവീണ്യം നേടിയിരുന്നു. വ്യത്യസ്ത വേഷങ്ങളെ അനായാസം അവതരിപ്പിക്കുന്നതിൽ മികവ് പുലർത്തിയ നെടുമുടി മലയാളമടക്കം അഞ്ഞൂറിലധികം തെന്നിന്ത്യൻ സിനിമകളിൽ അഭിനയിച്ചു എന്നത് തന്നെ വിസ്മയകരമായ നേട്ടമാണ്. രണ്ട് ദേശീയ പുരസ്‌കാരങ്ങളും ആറു തവണ സംസ്ഥാന അവാർഡുകളും നേടിയിട്ടുണ്ട്. പ്രതിഭാധനനായആ അതുല്യപ്രതിഭക്ക് മുൻപിൽ പ്രണാമം അർപ്പിക്കുന്നു.

മന്ത്രി പി.രാജീവ്

സിനിമ കണ്ടു തുടങ്ങിയ നാൾ മുതൽ മനസിൽ ചേക്കേറിയ ഒരാളാണ് നെടുമുടി വേണു. ഒരു ചലച്ചിത്ര താരത്തിന്റെ അകലം മലയാളിക്ക് നെടുമുടിയോട് ഇല്ല. വീട്ടിലെ ഒരംഗം എന്ന അടുപ്പം, തന്റെ അനിതരസാധാരണമായ അഭിനയശേഷിയിലൂടെ സൃഷ്ടിച്ചെടുത്ത പ്രതിഭയാണ് അദ്ദേഹം. മലയാളത്തിലെ മാസ്റ്റേഴ്‌സിനൊപ്പം അദ്ദേഹം സൃഷ്ടിച്ച സിനിമകളാണ് നമ്മുടെ ഈടുവെയ്പ്. ഇന്ത്യൻ സിനിമയിൽ മലയാളത്തെ മുൻ നിരയിലേക്ക് കൈപിടിച്ച് ഉയർത്തുന്നതും ആ സംഭാവനകൾ തന്നെ. അഭിനേതാവ്, നാടക പ്രവർത്തകൻ, പത്രപ്രവർത്തകൻ, പാട്ടുകാരൻ എന്നിങ്ങനെ ഏതരങ്ങിലും കൊടുമുടിയുടെ ഉയരത്തിൽ തലപ്പൊക്കത്തോടെ നിന്ന ഒരാൾ. തമ്പ്, അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ, തകര എന്ന് തുടങ്ങി പുതുതലമുറയുടെ സിനിമകളിൽ വരെ അദ്ദേഹം തീർത്ത പ്രകടനം കാലാതിവർത്തിയായി മാറി. കാവാലത്തിനൊപ്പമുള്ള നാടക രംഗത്തെ സംഭാവനകൾ വേറെ. ഇന്ത്യൻ സിനിമയിലെ അഭിനയ പ്രതിഭ അരങ്ങൊഴിഞ്ഞെങ്കിലും അദ്ദേഹം സൃഷ്ടിച്ച കഥാപാത്രങ്ങളും സിനിമകളും ഇനിയും എത്രയോ തലമുറകൾ ജീവിക്കും.

മന്ത്രി വി.ശിവൻകുട്ടി

നെടുമുടിവേണു അരങ്ങൊഴിഞ്ഞിരിക്കുന്നു. എന്തു വിശേഷണമാണ് നെടുമുടി വേണുവിന് നൽകുക . അതിനൊക്കെ മുകളിലാണ് അദ്ദേഹത്തിന്റെ പ്രതിഭ! അഭിനയരംഗത്ത് സജീവമായി അരനൂറ്റാണ്ട് പിന്നിടുക ... അഞ്ഞൂറിലധികം വേഷങ്ങളിൽ പകർന്നാടുക... നായകനായി വില്ലനായി സഹനടനായി... പകരം വെക്കാനില്ലാത്ത അതുല്യപ്രതിഭയായി അദ്ദേഹം മലയാളിക്കൊപ്പം ജീവിച്ചു. മലയാളത്തിലെ എക്കാലത്തേയും മികച്ച നടന്മാരുടെ പട്ടികയിൽ അദ്ദേഹം ഉണ്ടാകുമെന്ന് തീർച്ച. സകലകലാവല്ലഭനായിരുന്നു അദ്ദേഹം.

മന്ത്രി കെ.രാധാകൃഷ്ണൻ

താളലയചാരുതയുള്ള അഭിനയത്തിന്റെ ഉജ്വല മാതൃകയായിരുന്ന നെടുമുടി വേണുവിന്റെ വേർപാട് കല, സാംസ്‌കാരിക മേഖലയ്ക്ക് നികത്താനാവാത്ത നഷ്ടം തന്നെയാണ്.

മന്ത്രി ജി.ആർ.അനിൽ

ഇന്ത്യൻ സിനിമയിലെ നടന വിസ്മയം തീർത്ത അഭിനയ പ്രതിഭയായിരുന്നു നെടുമുടിവേണു. തിരശ്ശീലയിൽ സ്വഭാവനടൻ എന്ന നിലയിൽ തന്റെ വ്യക്തിമുദ്ര പതിപ്പിച്ച അഭിനേതാവ്. കേരളത്തിന്റെ തനിമയും സംസ്‌കാരവും കഥാപാത്രങ്ങളിൽ ആവാഹിച്ച അപൂർവ്വ പ്രതിഭയായിരുന്നു. നാടകങ്ങളിലൂടെയും, സിനിമകളിലൂടെയും നൂറുകണക്കിന് കഥാപാത്രങ്ങളെയാണ് അഭ്രപാളികളിൽ അദ്ദേഹം അനശ്വരമാക്കിയത്. ഇന്ത്യൻ സിനിമയ്ക്കും, കലാകേരളത്തിനും നികത്താനാവാത്ത നഷ്ടമാണിത്.

കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി

അഞ്ചുപതിറ്റാണ്ടായി മലയാള സിനിമയിലെ പ്രതിഭാധനനായ നടനായിരുന്നു നെടുമുടി വേണു. അഭിനയ മികവ് കൊണ്ട് അദ്ദേഹം അനശ്വരമാക്കിയ കാഥാപാത്രങ്ങൾ നിരവധിയാണ്. മലയാള സിനിമയിൽ പകരം വയ്ക്കാനില്ലാത്ത അഭിനേതാവാണ് നെടുമുടി.സിനിമയിൽ അദ്ദേഹം അഭിനയിക്കുകയായിരുന്നില്ല, ജീവിക്കുക ആയിരുന്നു.അകാലത്തിലുള്ള അദ്ദേഹത്തിന്റെ വിടവാങ്ങൽ മലയാളികൾ ഒട്ടും പ്രതീക്ഷിച്ചതല്ല. ഇനിയും നിരവധി കഥാപാത്രങ്ങൾക്ക് അഭ്രപാളിയിൽ ജീവൻ പകരാൻ ശേഷിയുള്ള വലിയ ഒരു കലാകാരന്റെ വിയോഗം ഇന്ത്യൻ സിനിമയ്ക്ക് അപരിഹാര്യമാണ്. തന്റെ സ്വതസിദ്ധമായ ശൈലയിൽ നമുക്ക് ഇടയിലെ മനുഷ്യജീവിതങ്ങൾ തികഞ്ഞ മെയ്വഴക്കത്തോടെയും ഭാവങ്ങളിലൂടെയും പകർന്നാടിയ നെടുമുടി വേണുവിന്റെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു.

ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ

മലയാളത്തിന്റെ മഹാനടനായ നെടുമുടി വേണുവിന്റെ വിയോഗം ഇന്ത്യൻ സിനിമയ്ക്ക് തീരാനഷ്ടമാണ്. രാജ്യത്തെ പ്രതിഭാധനന്മാരായ അഭിനേതാക്കളിൽ ഏറ്റവും മുമ്പിൽ നിൽക്കുന്ന ഒരു അഭിനേതാവിനെയാണ് നമുക്ക് നഷ്ടപ്പെട്ടത്. മലയാളത്തിലും തമിഴിലുമായി 500ൽ അധികം ചിത്രങ്ങളിൽ അഭിനയിച്ച അദ്ദേഹത്തിന് രണ്ട് തവണ ദേശീയ അവാർഡ് ലഭിച്ചത് മലയാളികൾക്ക് അഭിമാനകരമായിരുന്നു. ആറു തവണ സംസ്ഥാന അവാർഡ് നേടിയ അദ്ദേഹത്തിന്റെ അഭിനയം മലയാളികളെ ആസ്വാദനത്തിന്റെ അവാച്യമായ തലത്തിലേക്ക് ഉയർത്തുന്നതായിരുന്നു. അദ്ദേഹത്തിന്റെ വിയോഗത്തിൽ കുടുംബത്തിന്റെയും സഹപ്രവർത്തകരുടേയും ആരാധകരുടേയും ദുഃഖത്തിൽ പങ്കുചേരുന്നു.

കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല

അയത്‌നലളിതമായ അഭിനയശൈലി കൊണ്ട് ഒട്ടേറെ കഥാപാത്രങ്ങളെ അനശ്വരമാക്കിയ നടനവിസ്മയമായിരുന്നു നെടുമുടി വേണു. പല ചിത്രങ്ങളുടെയും വമ്പിച്ച വിജയത്തിന് നെടുമുടിയുടെ അഭിനയമികവ് അത്യധികം സഹായകമായിട്ടുണ്ട്. നെടുമുടിയുടെ വിയോഗത്തിലൂടെ ഒരു നല്ല സുഹൃത്തിനെയാണ് തനിക്കു നഷ്ടപ്പെട്ടത്.

സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ

ജാടയോ ആടയാഭരണങ്ങളോ ഇല്ലാതെ നടന വിസ്മയം തീർത്ത നടനായിരുന്നു നെടുമുടി. സിനിമാ നാടക രംഗത്തെ ബഹുമുഖ പ്രതിഭയെ ആണ് കലാലോകത്തിനു നഷ്ടമായത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP