Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നാടകത്തിൽ ഉറച്ചുനിൽക്കാൻ ജീവനോപാധിയായത് മാധ്യമ പ്രവർത്തനം; കലാകൗമുദിയിൽ എത്തിച്ചത് കാവാലവും അരവിന്ദനും ചേർന്ന്; കലാരംഗത്തെ വ്യക്തിത്വങ്ങളെ പരിചയപ്പെടുത്തി; ഭരതനെ അഭിമുഖം ചെയ്യാൻ പോയി സിനിമാ നടനായ നെടുമുടി വേണു

നാടകത്തിൽ ഉറച്ചുനിൽക്കാൻ ജീവനോപാധിയായത് മാധ്യമ പ്രവർത്തനം; കലാകൗമുദിയിൽ എത്തിച്ചത് കാവാലവും അരവിന്ദനും ചേർന്ന്; കലാരംഗത്തെ വ്യക്തിത്വങ്ങളെ പരിചയപ്പെടുത്തി; ഭരതനെ അഭിമുഖം ചെയ്യാൻ പോയി സിനിമാ നടനായ നെടുമുടി വേണു

ന്യൂസ് ഡെസ്‌ക്‌

തിരുവനന്തപുരം: അഭിനയത്തിന്റെ അതുല്യ പ്രതിഭയെയാണ് നെടുമുടി വേണുവിന്റെ വിയോഗത്തിലൂടെ സിനിമാ ലോകത്തിന് നഷ്ടമായത്. കല ജന്മസിദ്ധമായി, വരദാനമായി ലഭിച്ച നടന വിസ്മയമെന്നാണ് നെടുമുടി വേണുവിനെപ്പറ്റി അടുപ്പമുള്ളവർ പറയാറുള്ളത്. അഭിനയവും എഴുത്തും,പാട്ടും നൃത്തവും എല്ലാം വഴങ്ങുന്ന സകലകലാ വല്ലഭൻ.

മലയാള സിനിമാ ചിത്രത്തിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാൻ നെടുമുടി വേണുവിന് സാധിച്ചിരുന്നു. സിനിമ ഒരിക്കലും അദ്ദേഹത്തിന്റെ ലക്ഷ്യമായിരുന്നില്ല. എന്നാൽ അദ്ദേഹം അഭിനയിച്ച സിനിമകളിലെല്ലാം തനിക്കായി കാത്തുവെച്ച സിനിമയെന്ന തരത്തിലായിരുന്നു പകർന്നാടിയത്.

1978ൽ അരവിന്ദന്റെ തമ്പിലൂടെയായിരുന്നു സിനിമാ ജീവിതം തുടങ്ങിയത്. തുടർന്ന് ഭരതന്റെ ആരവം, തകര, ചാമരം. പത്മരാജന്റെ ഒരിടത്തൊരു ഫയൽവാൻ, കള്ളൻ പവിത്രൻ തുടങ്ങിയ ചിത്രങ്ങൾ. മികച്ച സംവിധായകരുടെ കലാമൂല്യമുള്ള സിനിമകളിലൂടെ രംഗത്തുവന്ന വേണു പിന്നീട് ഒരടിപോലും പിന്നോട്ടു പോയില്ല.

നെടുമുടി വേണു സിനിമയിലേക്ക് എത്തുന്നത് യാദൃശ്ചികമായിട്ടാണ്. ആലപ്പുഴയിലെ നെടുമുടിക്കാരനായ വേണു മാധ്യമപ്രവർത്തകനായാണ് ജീവിതം ആരംഭിക്കുന്നത്. കാവാലത്തിനെ പിന്തുടർന്ന് തിരുവനന്തപുരത്തേയ്ക്ക് കൂടുമാറിയ നെടുമുടി വേണുവിന് ആദ്യ ജീവനോപാധി മാധ്യമപ്രവർത്തനമായിരുന്നു. നാടകത്തിൽ ഉറച്ചുനിൽക്കാൻ തിരുവനന്തപുരത്തുണ്ടായ മാർഗമായിരുന്നു മാധ്യമപ്രവർത്തനം എന്ന് നെടുമുടി വേണു തന്നെ അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്.

കലാകൗമുദിയിലായിരുന്നു മാധ്യമപ്രവർത്തനം. അവിടേക്ക് കൈപിടിച്ച് ഏൽപ്പിച്ചത് കാവാലവും അരവിന്ദനും ചേർന്ന്. ഇവൻ ഇവിടെ നിൽക്കേണ്ടത് ഞങ്ങളുടെ ആവശ്യമാണ് അതിൽ എന്തെങ്കിലും ജോലി കൊടുക്കണം എന്നാണ് അരവിന്ദൻ കൗമുദി പത്രാധിപരോട് ആവശ്യപ്പെട്ടതും. ജനങ്ങൾ അറിയേണ്ടതും എന്നാൽ അറിയാൻ അത്ര സാധ്യതയില്ലാത്ത കാര്യങ്ങൾ തേടിപിടിക്കലുമായിരുന്നു താൻ മാധ്യമപ്രവർത്തനത്തിലൂടെ ചെയ്തത് എന്നാണ് നെടുമുടി വേണു പറഞ്ഞതും

മാധ്യമപ്രവർത്തനവും നെടുമുടി വേണു തന്റെ കുസൃതിയോടെയും ആവേശത്തോടെയുമായിരുന്നു കണ്ടത്. എങ്ങനെയായിരുന്നു മാധ്യമപ്രവർത്തനത്തെ താൻ സമീപിച്ചത് എന്ന് അഭിമുഖങ്ങളിൽ നെടുമുടി വേണു തന്നെ തുറന്നുപറഞ്ഞിട്ടുണ്ട്. കലാരംഗത്തെ വ്യത്യസ്തങ്ങളായ വ്യക്തിതങ്ങളെ പരിചയപ്പെടുത്തലായിരുന്നു നെടുമുടി വേണു അധികവും ചെയ്തത്. സാംസ്‌കാരിക മാധ്യമപ്രവർത്തനത്തിൽ പ്രമുഖരായ ആൾക്കാരെ മാത്രമായിരുന്നില്ല നെടുമുടി വേണു തേടിപിടിച്ചതും അഭിമുഖം ചെയ്തതുമെല്ലാം. അത്രകണ്ട് ജനപ്രിയമല്ലാത്ത കലാ മേഖലകളിലേക്കും നെടുമുടി വേണുവെന്ന മാധ്യമപ്രവർത്തകൻ കയറിച്ചെന്നു.

മികച്ച മാധ്യമപ്രവർത്തകനായിരുന്നു താൻ എന്നൊന്നും പറയില്ലെങ്കിലും ചെയ്ത കാര്യങ്ങൾ അഭിമാനത്തോടെ എടുത്തുപറഞ്ഞിരുന്നു നെടുമുടി വേണു. കലാമണ്ഡലം ഹൈദരാലി അടക്കമുള്ള വേറിട്ട കലാ വ്യക്തിത്വങ്ങളെ ലേഖനം എഴുതിയതടക്കമുള്ളവയായിരുന്നു അത്. സിനിമയുടെ വെള്ളിവെളിച്ചത്തിൽ മാത്രം അഭിരമിക്കാതെ കട്ടൗട്ട് വരയ്ക്കുന്നവർ മുതലുള്ള മറ്റ് ചലച്ചിത്ര അനുബന്ധ ജീവനക്കാരെയും കുറിച്ചും എഴുതിയ കാര്യം നെടുമുടി വേണു അഭിമുഖങ്ങളിൽ വ്യക്തമാക്കിയിരുന്നു.

നെടുമുടി വേണുവിനെ കുറിച്ചുള്ള ഒരു ലേഖനത്തിൽ കലവൂർ രവികുമാർ രസകരമായ ഒരു അനുഭവം പങ്കുവയ്ക്കുന്നുണ്ട്. പ്രേം നസീറിനെ അഭിമുഖം ചെയ്യാൻ പോയപ്പോൾ ചോദ്യം ചോദിക്കുകയായിരുന്നില്ല നെടുമുടി വേണു ആദ്യം ചെയ്തത്. പ്രേം നസീറിന്റെ കുറെ ഫോട്ടോകൾ കാണിക്കുകയായിരുന്നു. ഇത് ഏത് ചിത്രങ്ങളിലേതാണ് എന്ന് തിരിച്ചറിയാമോ എന്നായിരുന്നു നെടുമുടി വേണു ചോദിച്ചത്. പ്രേം നസീർ കുഴങ്ങി. ഇത് ഓർത്താകണം ഓരോ കഥാപാത്രത്തെയും വേറിട്ടതാക്കാൻ നെടുമുടി വേണു ശ്രമിച്ചത് എന്നും കലവൂർ രവികുമാർ എഴുതുന്നു.

കാഞ്ചന സീതയ്ക്ക് ദേശീയ അവാർഡ് കിട്ടിയപ്പോൾ ഒരു വാണിജ്യ സിനിമ സംവിധായകനെ അഭിമുഖം ചെയ്ത കാര്യം മനോരമ ന്യൂസിന്റെ നേരെ ചൊവ്വയിൽ നെടുമുടി വേണു ഓർക്കുന്നുണ്ട്. ഒരു ലക്ഷം രൂപം കിട്ടിയാൽ താൻ കാഞ്ചന സീത സിനിമ ചെയ്യും എന്ന് സംവിധായകൻ പറഞ്ഞു. ഒരു ലക്ഷം പോര തലയിൽ എന്തെങ്കിലും വേണം എന്ന് സംവിധായകനോട് പറഞ്ഞ് പേപ്പർ മടക്കിവയ്ക്കുകയും ഇക്കാര്യം താൻ എഴുതില്ല എന്ന് പറയുകയും ചെയ്തു നെടുമുടി വേണു. എന്നിട്ട് തന്റെ അഭിപ്രായം വ്യക്തമാക്കിയതിന് ശേഷം സംവിധായകനോടുള്ള അഭിമുഖം തുടരുകയായിരുന്നു നെടുമുടി വേണു.

കലാകൗമുദിയിലും അവരുടെ തന്നെ ഫിലിം മാഗസിനുകളിലും പ്രവർത്തിക്കുമ്പോഴുള്ള പരിചയങ്ങളിൽ നിന്നാണ് നെടുമുടി വേണു വെള്ളിത്തിരിയിലേക്ക് എത്തുന്നതും. വിധുബാല, അടൂർ ഭാസി, സുകുമാരൻ, സോമൻ തുടങ്ങിയ പ്രശസ്ത താരങ്ങളുടെ അഭിമുഖമെടുത്തിട്ടുണ്ട് വേണു. അങ്ങനെ സംവിധായകൻ ഭരതന്റെ അഭിമുഖം എടുക്കാൻ പോയതാണ് വേണുവിന്റെ ജീവിതത്തിൽ നിർണായക വഴിത്തിരിവായത്. അഭിമുഖം ചെയ്യാനെത്തിയ ആളെ ഭരതന് ഒരുപാട് ഇഷ്ടപ്പെട്ടു. ഇരുവരും തമ്മിൽ നല്ല സൗഹൃദമായി. താനൊരു സിനിമ ചെയ്യുന്നുണ്ടെന്നും 'ആരവം' എന്നാണ് പേരെന്നും ഭരതൻ വേണുവിനോട് പറഞ്ഞു. നായകനായി താൻ കണ്ടിരിക്കുന്നത് കമൽഹാസനെയാണെന്നും ഭരതൻ പറഞ്ഞു.

എന്നാൽ താനിപ്പോൾ കമൽഹാസന് പകരം മറ്റൊരാളെയാണ് നായകനായി സങ്കൽപ്പിക്കുന്നതെന്നും ഭരതൻ വേണുവിനോട് പറഞ്ഞു. ഈ വേഷം വേണുവിന് ചെയ്തൂടേ എന്നായി ചോദ്യം. പിന്നെന്താ, എന്തും ചെയ്യാമെന്നായിരുന്നു വേണു നൽകിയ മറുപടി. പിന്നീടങ്ങോട്ട് നെടുമുടി വേണുവെന്ന അഭിനേതാവ് മലയാള സിനിമയിൽ തന്റേതായ സ്ഥാനം ഉറപ്പിക്കുന്ന കാഴ്ചയാണ് കണ്ടത്. ഭരതന്റെ തന്നെ തകര, ചാമരം തുടങ്ങിയ സിനിമകളിലും നെടുമുടി വേണു അഭിനയിച്ചു.

പത്മരാജന്റെ ഒരിടത്തൊരു ഫയൽവാനാണ് പിന്നീട് ബ്രേക്ക് കിട്ടിയ ചിത്രം. ഈ സിനിമ കാരണവർ വേഷങ്ങളിലേക്കുള്ള ചുവടുമാറ്റത്തിന് കാരണമായി. വൈകാതെ മലയാള സിനിമയുടെ ഒഴിച്ചുകൂടാനാകാത്ത നടനായി മാറി നെടുമുടി വേണു. കള്ളൻ പവിത്രൻ, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, ഭരതം, വിടപറയും മുമ്പേ, യവനിക, പഞ്ചവടിപ്പാലം, രചന, സാഗരം ശാന്തം, പറങ്കിമല, പൂച്ചയ്ക്കൊരു മൂക്കുത്തി, അച്ചുവേട്ടന്റെ വീട്, മാർഗം, പ്രേമഗീതങ്ങൾ, ആലോലം, ഹിസ് ഹൈനസ് അബ്ദുള്ള, താളവട്ടം, ചിത്രം, വന്ദനം, തേന്മാവിൻ കൊമ്പത്ത്, ബെസ്റ്റ് ആക്ടർ, നോർത്ത് 24 കാതം തുടങ്ങി അഞ്ഞൂറിലേറെ സിനിമകളിൽ അവിസ്മരണീയ വേഷങ്ങൾ.

മികച്ച സഹനടനുള്ള ദേശിയ അവാർഡ്(1990), മികച്ച നടനുള്ള സംസ്ഥാന അവാർഡ് (1981, 2003), മികച്ച രണ്ടാമത്തെ നടൻ (1980,1986,1994), ദേശിയ അവാർഡ് ജുറിയുടെ പ്രത്യേക അവാർഡ് (2003) തുടങ്ങിയ നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചു.

വൈകുന്നേരം വരെ മാധ്യമപ്രവർത്തന ജോലിയും ശേഷമുള്ള നാടകങ്ങളുമുള്ള കാലമായിരുന്നു ഏറ്റവും മധുരമായത് എന്നും നെടുമുടി വേണു പറയുമായിരുന്നു. ആദ്യ സിനിമ കഴിഞ്ഞതിനു ശേഷവും മാധ്യമപ്രവർത്തനം തുടർന്ന നെടുമുടി വേണു തന്റെ ഇഷ്ട തൊഴിൽ ആയിരുന്നുവെന്നും പറഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP