Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷം: പഞ്ചാബിലും മഹാരാഷ്ട്രയിലുമായി 16 താപവൈദ്യുതി നിലയങ്ങൾ അടച്ചു; വൈദ്യുതി ഉപഭോഗം നിയന്ത്രിക്കാൻ നിർദ്ദേശം; അനാവശ്യമായ ഭീതി ചിലർ സൃഷ്ടിക്കുന്നുവെന്ന് കേന്ദ്ര ഊർജമന്ത്രി ആർ.കെ സിങ്; വിമർശിച്ച് സിസോദിയ; പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്രസർക്കാർ ഇടപെടമെന്ന് പഞ്ചാബ് മുഖ്യമന്ത്രി

രാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷം: പഞ്ചാബിലും മഹാരാഷ്ട്രയിലുമായി 16 താപവൈദ്യുതി നിലയങ്ങൾ അടച്ചു; വൈദ്യുതി ഉപഭോഗം നിയന്ത്രിക്കാൻ നിർദ്ദേശം; അനാവശ്യമായ ഭീതി ചിലർ സൃഷ്ടിക്കുന്നുവെന്ന് കേന്ദ്ര ഊർജമന്ത്രി ആർ.കെ സിങ്; വിമർശിച്ച് സിസോദിയ; പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്രസർക്കാർ ഇടപെടമെന്ന് പഞ്ചാബ് മുഖ്യമന്ത്രി

ന്യൂസ് ഡെസ്‌ക്‌

മുംബൈ: കൽക്കരി ക്ഷാമത്തെ തുടർന്നുണ്ടായ പ്രതിസന്ധി മൂലം മഹാരാഷ്ട്രയിലെ പതിമൂന്ന് താപവൈദ്യുത പ്ലാന്റ് യൂണിറ്റുകളും പഞ്ചാബിൽ മൂന്ന് താപവൈദ്യുത നിലയങ്ങളും താൽക്കാലികമായി അടച്ചു. 3330 മെഗാവാട്ടിന്റെ ക്ഷാമമാണ് ഇപ്പോൾ മഹാരാഷ്ട്ര നേരിടുന്നത്. പഞ്ചാബും സമാനമായ സാഹചര്യത്തെ അഭിമുഖീകരിക്കുകയാണ്.

അതേ സമയം കൽക്കരി ക്ഷാമത്തിന്റെ പേരിൽ അനാവശ്യമായ ഭീതിയാണ് ചിലർ സൃഷ്ടിക്കുന്നതെന്ന് കേന്ദ്ര ഊർജമന്ത്രി ആർ.കെ സിങ് നേരത്തെ പറഞ്ഞിരുന്നു. രാജ്യത്ത് ആവശ്യത്തിന് വൈദ്യുതി ലഭ്യമാണെന്നും നിലവിലെ പ്രശ്നങ്ങൾ ദിവസങ്ങൾക്കകം പരിഹരിക്കാൻ കഴിയുമെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു.

അടിയന്തര സാഹചര്യത്തെ നേരിടാൻ ഹൈഡ്രോപവർ യൂണിറ്റുകളിൽ നിന്ന് വൈദ്യുതി എത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് മഹാരാഷ്ട്ര വൈദ്യുത സ്റ്റേറ്റ് ഇലക്ട്രിസിറ്റ് കമ്മീഷൻ വ്യക്തമാക്കി. സംസ്ഥാനത്തെ ജനങ്ങൾ രാവിലെ 6 മുതൽ 10 വരേയും വൈകുന്നേരം 6 മുതൽ പത്ത് വരേയും വൈദ്യുതി സൂക്ഷിച്ച് ഉപയോഗിക്കണമെന്നും ഡിപ്പാർട്ട്മെന്റ് ആവശ്യപ്പെട്ടു.

പഞ്ചാബും സമാനമായ സാഹചര്യം നേരിടുകയാണ്. 5620 മെഗാവാട്ട് ആണ് പഞ്ചാബിലെ താപവൈദ്യുതി നിലയങ്ങളുടെ ആകെ ഉത്പാദനശേഷി. എന്നാൽ നിലവിൽ 2800 മെഗാവാട്ട് വൈദ്യുതി മാത്രമാണ് സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്നത്. രൂപ്നഗർ, രജ്പുര, തൽവാണ്ടി സബോ, ഗോയിന്ദ്വാൾ സാഹിബ് എന്നീ പ്ലാന്റുകൾ മാത്രമാണ് ഇപ്പോൾ ഏതാനും ദിവസങ്ങളായി പ്രവർത്തിക്കുന്നത്.

കൽക്കരി ക്ഷാമത്തെ തുടർന്ന് മൂന്ന് പ്ലാന്റുകളും സാങ്കേതിക പ്രശ്‌നങ്ങളെ തുടർന്ന് രണ്ട് പ്ലാന്റുകളും അടച്ചുപൂട്ടാൻ നിർബന്ധിതരായെന്ന് മുഖ്യമന്ത്രി ചരൺജിത്ത് സിങ് ചന്നി വിശദീകരിച്ചു. പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്രസർക്കാർ ഇടപെടണം. ഏതാനും ദിവസങ്ങൾക്കുള്ളിൽ സംസ്ഥാനത്തെ കൽക്കരി സ്റ്റോക്ക് തീരും. പഞ്ചാബിനുള്ള കൽക്കരി വിതരണം വർധിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വൈദ്യുതി ക്ഷാമത്തെ നേരിടാൻ ഇപ്പോൾ അയൽ സംസ്ഥാനങ്ങളിൽ നിന്നും സ്വകാര്യ കേന്ദ്രങ്ങളിൽ നിന്നുമാണ് പഞ്ചാബ് വൈദ്യുതി വാങ്ങുന്നത്. എന്നാൽ സർക്കാരിന് ഭീമമായ തുകയാണ് ഇതിനായി ചെലവഴിക്കേണ്ടി വരുന്നതെന്ന് പഞ്ചാബ് സ്റ്റേറ്റ് പവർ കോർപ്പറേഷൻ ലിമിറ്റഡ് ചെയർമാൻ എ വേണുപ്രസാദ് പറഞ്ഞു. വൈദ്യുതി ക്ഷാമത്തെ തുടർന്ന് സംസ്ഥാനത്ത് മൂന്ന് മണിക്കൂർ മുതൽ ആറ് മണിക്കൂർ വരെ പവർ കട്ട് ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിനെതിരേ വലിയ പ്രതിഷേധവും സംസ്ഥാനത്ത് ഉയർന്നിട്ടുണ്ട്.

വൈദ്യുതി ക്ഷാമത്തെപ്പറ്റി പശ്ചാത്തപിക്കുന്നതിനു പകരം പ്രതിരോധിക്കുകയും ഇതിനെതിരേ സജ്ജമാവുകയും വേണമെന്ന് പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ നവജ്യോത് സിദ്ദു പറഞ്ഞു. 30 ദിവസത്തേക്കുള്ള കൽക്കരി മുൻകൂറായി സംഭരിക്കാതെ ഗാർഹിക ഉപഭോക്താക്കളെ പ്രയാസപ്പെടുത്തുന്ന സ്വകാര്യ തെർമൽ പ്ലാന്റുകാരെ ശിക്ഷിക്കണം. സോളാർ പ്ലാന്റുകളിലേക്കും റൂഫ് ടോപ്പ് സോളാർ ഗ്രിഡുകളിലേക്കും മാറേണ്ട സമയമാണിതെന്നും സിദ്ദു പറഞ്ഞു.

കൽക്കരി ക്ഷാമവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഉന്നയിച്ചത്. കോവിഡിന്റെ രണ്ടാംഘട്ട വ്യാപനത്തിനിടെ കടുത്ത ഓക്സിജൻ ക്ഷാമം നേരിട്ടപ്പോഴും അത്തരത്തിൽ ഒരു പ്രതിസന്ധിയേ ഇല്ല എന്നാണ് കേന്ദ്ര സർക്കാർ പറഞ്ഞതെന്ന് സിസോദിയ ചൂണ്ടിക്കാട്ടി. നിലവിൽ കൽക്കരിയുടെ അവസ്ഥയും അതുതന്നെ. കടുത്ത പ്രതിസന്ധിയാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര ഊർജമന്ത്രി നടത്തിയത് നിരുത്തരവാദപരമായ പ്രസ്താവനയാണെന്ന് സിസോദിയ ആരോപിച്ചു. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ വൈദ്യുതി പ്രതിസന്ധി സംബന്ധിച്ച മുന്നറിയിപ്പുകൾ നൽകുന്നതിനിടെയാണ് കേന്ദ്രമന്ത്രി ഇത്തരത്തിൽ സംസാരിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.

ഗുജറാത്ത്, പഞ്ചാബ്, രാജസ്ഥാൻ, ഡൽഹി, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങൾ വൈദ്യുതി പ്രതിസന്ധി സംബന്ധിച്ച ആശങ്ക ഉയർത്തിയിരുന്നു. രാജ്യതലസ്ഥാനം നേരിടാൻ പോകുന്ന വൈദ്യുതി പ്രതിസന്ധി ഒഴിവാക്കണമെന്ന് അഭ്യർത്ഥിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പ്രധാനമന്ത്രിക്ക് കത്തയയ്ക്കുകയും ചെയ്തിരുന്നു. ഊർജപ്രതിസന്ധി കേരളത്തെ ബാധിച്ചുകഴിഞ്ഞതായും ഇതിനെ നേരിടാൻ സംസ്ഥാനത്ത് പവർകട്ട് ഏർപ്പെടുത്തേണ്ടി വരുമെന്ന് വൈദ്യുതിമന്ത്രി കെ.കൃഷ്ണൻകുട്ടി പറഞ്ഞിരുന്നു.

കേന്ദ്രത്തിൽ നിന്ന് ലഭിക്കുന്ന വൈദ്യുതിയിൽ ആയിരം മെഗാവാട്ടിന്റെ കുറവുണ്ടായിട്ടുണ്ട്. കൂടംകുളത്ത് നിന്ന് 30 ശതമാനം മാത്രമാണ് കഴിഞ്ഞ ദിവസം ലഭിച്ചത്. കൽക്കരി ക്ഷാമം ഉടൻ പരിഹരിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നില്ല. അതുകൊണ്ടാണ് പവർകട്ടിലേക്ക് പോകേണ്ടിവരുമെന്ന് പറയുന്നത്. വൈദ്യുതി പ്രതിസന്ധി സംബന്ധിച്ച് കെ.എസ്.ഇ.ബി കാര്യങ്ങൾ കൃത്യമായി നിരീക്ഷിച്ചുവരികയാണ്. ജനങ്ങൾ വൈദ്യുതി ഉപയോഗം നിയന്ത്രിക്കണമെന്ന് കെ.എസ്.ഇ.ബി ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞിരുന്നു.

ബിഹാർ, രാജസ്ഥാൻ, ജാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളും വൈദ്യുതി പ്രതിസന്ധി നേരിടുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഈ സംസ്ഥാനങ്ങളിൽ 14 മണിക്കൂർവരെ പവർകട്ട് ഉണ്ടെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ കൽക്കരി ക്ഷാമത്തിന് പിന്നിൽ നാല് കാരണങ്ങളാണ് ഉള്ളതെന്നാണ് കേന്ദ്ര സർക്കാർ ചൂണ്ടിക്കാട്ടുന്നത്.

സമ്പദ്വ്യവസ്ഥ തിരിച്ചുവരവിന്റെ പാതയിൽ ആയതിനാൽ വൈദ്യുതി ഉപയോഗം വർധിച്ചു, കൽക്കരി ഖനികൾ ഉള്ള പ്രദേശങ്ങളിലെ കനത്ത മഴ, ഇറക്കുമതി ചെയ്യുന്ന വൈദ്യുതിയുടെ വില കൂടി, പാട്ടക്കരാറുമായി ബന്ധപ്പെട്ട് പല സംസ്ഥാനങ്ങളിലെയും കൽക്കരി കമ്പനികൾ നേരിടുന്ന പ്രശ്നങ്ങൾ എന്നിവയാണ് കൽക്കരി ക്ഷാമത്തിന് പിന്നിൽ എന്നാണ് വിശദീകരണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP