Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മുഖ്യമന്ത്രിക്ക് എതിരെ മൊഴി നൽകാൻ ഇഡി നിർബന്ധിച്ചു; മറ്റുമൂന്നു പേർക്ക് എതിരെ പറയാനും ആവശ്യപ്പെട്ടു; കിട്ടിയ ഓഫർ മാപ്പുസാക്ഷിയാക്കാം എന്ന്; നിരവധി പേപ്പറുകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടപ്പോൾ സമ്മർദ്ദത്തിലായി; സ്വപ്നയെ പരിചയപ്പെട്ടത് സരിത് വഴി; ജയിൽ മോചിതനായ സന്ദീപ് നായരുടെ വെളിപ്പെടുത്തലുകൾ

മുഖ്യമന്ത്രിക്ക് എതിരെ മൊഴി നൽകാൻ ഇഡി നിർബന്ധിച്ചു; മറ്റുമൂന്നു പേർക്ക് എതിരെ പറയാനും ആവശ്യപ്പെട്ടു; കിട്ടിയ ഓഫർ മാപ്പുസാക്ഷിയാക്കാം എന്ന്; നിരവധി പേപ്പറുകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടപ്പോൾ സമ്മർദ്ദത്തിലായി; സ്വപ്നയെ പരിചയപ്പെട്ടത് സരിത് വഴി; ജയിൽ മോചിതനായ സന്ദീപ് നായരുടെ വെളിപ്പെടുത്തലുകൾ

മറുനാടൻ മലയാളി ബ്യൂറോ

 തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരേ മൊഴി നൽകാൻ ഇഡി നിർബന്ധിച്ചെന്ന വെളിപ്പെടുത്തലുമായി ജയിൽ മോചിതനായ സന്ദീപ് നായർ. മുൻ മന്ത്രി കെടി ജലീൽ, അന്നത്തെ സ്പീക്കർ ശ്രീരാമകൃഷ്ണൻ, ബിനീഷ് കോടിയേരി എന്നിവർക്കെതിരെ മൊഴി നൽകാനും ആവശ്യപ്പെട്ടുവെന്ന് സന്ദീപ് പറയുന്നു.

മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ ഓഫീസിനും സ്വർണക്കടത്തിനെ കുറിച്ച് എല്ലാമറിയാം എന്ന് മൊഴി നൽകിയാൽ മാപ്പ് സാക്ഷിയാക്കാമെന്ന ഓഫറാണ് ഇഡി നൽകിയതെന്ന് സന്ദീപ് പറയുന്നു. തന്നിൽ നിന്ന് ചില പേപ്പറുകളിൽ ഒപ്പിട്ട് നൽകണമെന്ന് ആവശ്യപ്പെട്ടതായും സന്ദീപ് നായർ വെളിപ്പെടുത്തി. ഒരു രാഷ്ട്രീയ പാർട്ടിക്കെതിരെയുള്ള കരുനീക്കമാണെന്ന് മനസിലായപ്പോഴാണ് കോടതിയോട് സംസാരിക്കണമെന്ന ആവശ്യം മുന്നോട്ടുവെച്ചത്. ഇതിനെ തുടർന്നാണ് കോടതി തന്നെ മാപ്പ് സാക്ഷിയാക്കിയത്.

നിരവധി പേപ്പറുകളിൽ ഒപ്പിടാൻ ഇഡി ആവശ്യപ്പെട്ടപ്പോൾ താൻ സമ്മർദത്തിലായെന്നും അവർ ആ രേഖകളൊന്നും കോടതിയിൽ ഹാജരാക്കിയില്ലെന്നും സന്ദീപ് പറയുന്നു. കെടി ജലീലിന് കോൺസുലേറ്റ് വഴിയുള്ള കള്ളപ്പണ ഇടപാടിൽ പങ്കുണ്ടെന്ന് മൊഴി നൽകാനായിരുന്നു നിർബന്ധിച്ചത്. സ്പീക്കർക്കെതിരേ മൊഴി നൽകണമെന്നും ആവശ്യപ്പെട്ടു. മുൻ സ്പീക്കർ ശ്രീരാമകൃഷ്ണൻ തന്റെ കട ഉദ്ഘാടനം ചെയ്തത് ക്ഷണിച്ചതിന്റെ അടിസ്ഥാനത്തിലാണെന്നും അദ്ദേഹത്തിന് സ്വപ്നയുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്ന് തനിക്ക് അറിയില്ലെന്നും സന്ദീപ് പറയുന്നു.

സരിത് തന്റെ സുഹൃത്താണ്. അങ്ങനെയാണ് സ്വപ്നയെ പരിചയപ്പെട്ടത്. ഇവർ വഴിയാണ് ശിവശങ്കറിനെ പരിചയപ്പെട്ടത്. ലൈഫ് മിഷന് സ്വർണക്കടത്തുമായി ബന്ധമില്ല. ചാരിറ്റി എന്ന നിലയിൽ സംസ്ഥാന സർക്കാർ കാണിച്ചുകൊടുത്ത ഭൂമിയിൽ യുഎഇ കോൺസുലേറ്റ് നിർമ്മാണം നടത്തുകയാണ് ചെയ്തത്. ഇതിന് ഒരു ബിൽഡറെ ഏർപ്പാടാക്കിയത് താനാണ്. ആ വകയിൽ തനിക്ക് കമ്മീഷൻ കിട്ടിയെന്നും ഇതിന് ടാക്സ് അടച്ചിട്ടുണ്ടെന്നും സന്ദീപ് പറയുന്നു.

യുഎഇ കോൺസുലേറ്റിൽ ചെറിയ ചില പരിപാടികൾ ചെയ്തിരുന്നു. അങ്ങനെയാണ് ഖാലിദിനെ കണ്ട് പരിചയം. അയാളുമായി വ്യക്തിപരമായി പരിചയമില്ല. ഡോളർക്കേസ് എന്താണെന്ന് തനിക്ക് അറിയില്ലെന്നും കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാൽ കൂടതൽ പറയാൻ ബുദ്ധിമുട്ടുണ്ടെന്നും സന്ദീപ് പറഞ്ഞു. ഒളിവിൽ കഴിയാൻ എറണാകുളത്താണ് പോയതെന്നും അതിന് ആരുടേയും സഹായം ലഭിച്ചിട്ടില്ലെന്നും സന്ദീപ് പറഞ്ഞു.

സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് വിവാദങ്ങളുണ്ടായപ്പോൾ സ്വപ്നയ്ക്കൊപ്പം ബംഗളൂരുവിലേയ്ക്ക് പോയത് അവർ ആവശ്യപ്പെട്ടതനുസരിച്ച് അഭിഭാഷകനെ കാണാനാണ്. കേസിൽ അഭിഭാഷകനെ ഏർപ്പാടാക്കിയത് താനായതിനാലാണ് അവർക്കൊപ്പം ബംഗളൂരിലേയ്ക്ക് പോയതെന്നും സന്ദീപ് വ്യക്തമാക്കി.

കൊഫേപോസ തടവ് കാലാവധി അവസാനിച്ച പശ്ചാത്തലത്തിലാണ് സന്ദീപിന്റെ മോചനം. പൂജപ്പുര സെൻട്രൽ ജയിലിൽ കരുതൽ തടങ്കലിലാലിയിരുന്നു സന്ദീപ്.നേരത്തെ സ്വർണക്കടത്ത് കേസിന് പുറമെ ഡോളർക്കടത്ത്, കള്ളപ്പണക്കേസുകളിലും സന്ദീപ് ജാമ്യം നേടിയിരുന്നു. എൻഐഎ കേസിൽ മാപ്പ് സാക്ഷിയായതോടെയാണ് ജാമ്യം ലഭിച്ചിരുന്നു. എന്നാൽ കെഫേപോസ നിയമപ്രകാരം ഒരു വർഷത്തേക്ക് കരുതൽ തടങ്കലിന് സന്ദീപിനെ കോടതി ശിക്ഷിക്കുകയിരുന്നു. ഇത് അവസാനിച്ച സാഹചര്യത്തിലാണ് സന്ദീപ് ജയിൽ മോചിതനാകുന്നത്.

യുഎഇ കോൺസൽ ജനറൽ അറ്റാഷെയുടെ ഉൾപ്പടെ സഹായത്തോടെ തിരുവനന്തപുരം വിമാനത്താവളത്തിലെ ഡിപ്ലോമാറ്റിക്ക് ബാഗേജ് വഴി വൻ സ്വർണ്ണക്കടത്തിയ കേസിൽ മുന്നാം പ്രതിയാണ് സന്ദീപ് നായർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP