Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഫലം കണ്ടത് നിയമസഭാ തെരഞ്ഞെടുപ്പിൽ എല്ലാം തീരുമാനിച്ചത് ആർഎസ്എസ് എന്ന വാദം; ലോക്‌സഭയിൽ മുന്നേറ്റം ഉറപ്പുനൽകി എല്ലാം അനുകൂലം ആക്കിയത് മുരളീധര നയതന്ത്രം; സുരേന്ദ്രന് കരുത്തായത്‌ അമിത് ഷായുടെ പിന്തുണ

ഫലം കണ്ടത് നിയമസഭാ തെരഞ്ഞെടുപ്പിൽ എല്ലാം തീരുമാനിച്ചത് ആർഎസ്എസ് എന്ന വാദം; ലോക്‌സഭയിൽ മുന്നേറ്റം ഉറപ്പുനൽകി എല്ലാം അനുകൂലം ആക്കിയത് മുരളീധര നയതന്ത്രം; സുരേന്ദ്രന് കരുത്തായത്‌ അമിത് ഷായുടെ പിന്തുണ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ബിജെപിയിൽ വീണ്ടും മുരളീധര പക്ഷത്തിന് മുൻതൂക്കം കിട്ടാൻ കാരണം ആഭ്യന്തരമന്ത്രി അമിത് ഷായുടെ മനസ്സ്. കേരളത്തിലെ ആർഎസ്എസ് നേതൃത്വത്തിനോടുള്ള താൽപ്പര്യക്കുറവും ഇതിൽ പ്രതിഫലിച്ചിട്ടുണ്ട്. കേരളത്തിൽ ബിജെപിയെ ഉയർത്തിയെടുക്കാൻ ഒരുഅവസരം കൂടി നൽകണമെന്ന നിർദ്ദേശം കേന്ദ്രമന്ത്രി കൂടിയായ വി മുരളീധരനാണ് അമിത് ഷായ്ക്ക് മുമ്പിൽ വച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മെച്ചപ്പെട്ട ഫലമാണ് വാഗ്ദാനം ചെയ്യുന്നത്. ഇത് വിശ്വസിച്ചാണ് കെ സുരേന്ദ്രനെ അധ്യക്ഷനായി തുടരാൻ അനുവദിച്ചതും.

അമിത് ഷായുടെ നിലപാടാണ് കെ സുരേന്ദ്രന് തുണയായത്. ഇതുമായി ബന്ധപ്പെട്ട നിർണ്ണായക നീക്കങ്ങൾ മുരളീധരൻ നടത്തുകയും ചെയ്തു. രണ്ട് കാര്യങ്ങളാണ് അമിത് ഷായ്ക്ക് മുമ്പിൽ മുരളീധര വിഭാഗം അവതരിപ്പിച്ചത്. നേമത്ത് ഉൾപ്പെടെ തെരഞ്ഞെടുപ്പ് കാര്യങ്ങൾ തീരുമാനിച്ചതും നടപ്പാക്കിയതും ആർ എസ് എസാണ്. കുമ്മനം രാജശേഖരന്റെ സ്ഥാനാർത്ഥിത്വം പോലും ആർഎസ്എസ് തീരുമാനമായിരുന്നു. അങ്ങനെ എല്ലാം പിഴച്ചു. ഈ സാഹചര്യം വിശദീകരിച്ചായിരുന്നു ഇടപെടലുകൾ. ഇത് അമിത് ഷായും അംഗീകരിച്ചു. ഒരു അവസരം കൂടി നൽകാമെന്ന് സമ്മതിക്കുകയും ചെയ്തു. ദേശീയ ജനറൽ സെക്രട്ടറിയായ ബി എൽ സന്തോഷും സുരേന്ദ്രന് വേണ്ടി നിലയുറപ്പിച്ചു.

ഇപ്പോഴുള്ള ടീമിനെ തന്നെ വേണമെന്നായിരുന്നു സുരേന്ദ്രന്റെ നിലപാട്. ജില്ലാ തലത്തിൽ മാറ്റങ്ങൾ വേണമെന്നും വാദിച്ചു. തിരുവനന്തപുരം, ആറ്റിങ്ങൽ, തൃശൂർ ലോക്‌സഭാ സീറ്റുകളെ ജയപ്പട്ടികയിലേക്ക് എത്തുമെന്നാണ് കേന്ദ്ര നേതൃത്വത്തിന് മുരളീധരൻ നൽകിയിരിക്കുന്ന ഉറപ്പ്. അതിശക്തമായ കേഡർ സംവിധാനം നടപ്പാക്കും. ഇതിലൂടെ തിരുവനന്തപുരത്തും തൃശൂരും ജയിക്കാമെന്നാണ് മുരളീധരന്റെ നിലപാട്. ആറ്റിങ്ങലിലും അതിശക്തമായ മത്സരം ഉറപ്പാക്കും. വി മുരളീധരൻ തന്നെ ഇവിടെ സ്ഥാനാർത്ഥിയാകുമെന്നും സൂചനയുണ്ട്. തൃശൂരിനെ സുരേഷ് ഗോപിയെ മുൻനിർത്തിയാകും പിടിക്കാൻ ശ്രമിക്കുക. തിരുവനന്തപുരത്തും പ്രമുഖനെ തന്നെ നിർത്തും.

സ്ഥാനാർത്ഥി നിർണ്ണയം അടക്കം മുരളീധരനും സുരേന്ദ്രനും നേരിട്ട് നടത്തുമെന്നാണ് സൂചന. കേരളത്തിലെ ബിജെപിയിൽ സമ്പൂർണ്ണ ആധിപത്യം ഈ ഗ്രൂപ്പിന് നൽകുന്നതും ലോക്‌സഭയിലെ വാക്കുകൾ കൂടി കണക്കിലെടുത്താണ്. അതായത് ലോക്‌സഭാ തെരഞ്ഞെടുപ്പു വരെ സുരേന്ദ്രൻ അധ്യക്ഷനായി തുടരാനാണ് സാധ്യത. സംസ്ഥാന ആർഎസ്എസ് നേതൃത്വത്തെ പിണക്കാതെ കാര്യങ്ങൾ നീക്കാമെന്നും മുരളീധരൻ കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ലോക്‌സഭയിലെ ഫലം എതിരായാൽ കേരളാ ബിജെപിയിലെ അടിമുടി മാറ്റമുണ്ടാകും.

എല്ലാ തലത്തിലും പുതിയ നേതാക്കളെ നിയോഗിക്കുകയും ചെയ്യും. സംഘടനാ ജനറൽ സെക്രട്ടറി സ്ഥാനത്ത് എം ഗണേശ് തുടരുന്നതും മുരളീധരന്റെ ആഗ്രഹ പ്രകാരമാണ്. ഭാരവാഹികൾ തമ്മിൽ ഏറ്റുമുട്ടുന്നില്ലെന്ന് ഉറപ്പിക്കുകയും ചെയ്യും. ശോഭാ സുരേന്ദ്രനെ പൂർണ്ണമായും അവഗണിക്കുന്ന പുനഃസംഘടനയാണ് ഉണ്ടായിരിക്കുന്നത്. കേരളത്തിൽ നിന്നുള്ള ദേശീയ സമിതി അംഗങ്ങളുടെ തെരഞ്ഞെടുപ്പിലും മുരളീധരന്റെ താൽപ്പര്യം വ്യക്തമായി. കുമ്മനം രാജശേഖരനെ ദേശീയ സമിതിയിലേക്ക് എടുത്തത് കേരളത്തിലെ ആർ എസു എസുമായി തൽകാലം ഏറ്റുമുട്ടലിന് ഇല്ലെന്ന സൂചന നൽകാനാണ്.

ശോഭാ സുരേന്ദ്രനെ ഒഴിവാക്കിയതും ഗ്രൂപ്പ് പോരിന്റെ ഭാഗമാണ്. മുരളീധരനെതിരെ അതിശക്തമായ നിലപാട് എടുത്ത ശോഭാ സുരേന്ദ്രൻ പാർട്ടിയുടെ സംസ്ഥാന വൈസ് പ്രസിഡന്റാണ്. ഒരാൾക്ക് ഒരു പദവി എന്ന തന്ത്രത്തിന്റെ ഭാഗമായാണ് ദേശീയ നിർവ്വാഹക സമിതിയിൽ നിന്നും മാറ്റിയത്. പുനഃസംഘടനയിൽ അതൃപ്തി പുകയുന്ന ബിജെപി.യിൽ പരസ്യപ്രതികരണത്തിന്റെ പേരിൽ നടപടി തുടങ്ങിയതും മുരളീധപക്ഷത്തിന്റെ തന്ത്രത്തിന്റെ ഭാഗമാണ്. പാർട്ടിയുടെ മുൻ മേഖലാ പ്രസിഡന്റ് എ.കെ. നസീറിനെയും കഴിഞ്ഞദിവസം രാജിവെച്ച സുൽത്താൻ ബത്തേരി മണ്ഡലം പ്രസിഡന്റ് കെ.ബി. മദൻലാലിനെയും പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽനിന്ന് സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ വെള്ളിയാഴ്ച സസ്‌പെൻഡ് ചെയ്തിരുന്നു.

അച്ചടക്ക ലംഘനമുണ്ടായാൽ കടുത്ത നടപടിയുണ്ടാകുമെന്ന് സുരേന്ദ്രൻ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ പുനഃസംഘടന വിവേകപരമായി നടത്തണമായിരുന്നെന്നാണ് മുതിർന്ന നേതാവ് പി.പി. മുകുന്ദന്റെ പ്രതികരണം. വയനാട് ജില്ലാ പ്രസിഡന്റിനെ മാറ്റിയതിൽ പ്രതിഷേധിച്ചാണ് മദൻലാലിന്റെ രാജി. അടുത്തദിവസംതന്നെ സസ്‌പെൻഷനുമുണ്ടായി. സാമൂഹികമാധ്യമങ്ങളിൽ തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുകയും മാധ്യമങ്ങൾക്ക് തെറ്റായ വാർത്ത നൽകുകയും ചെയ്യുന്നവരെ 'ശാസ്ത്രീയമായി'ത്തന്നെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവരെ കേന്ദ്രഘടകത്തിനും അറിയാമെന്നുമാണ് സുരേന്ദ്രൻ പറഞ്ഞത്.

കേന്ദ്രനേതൃത്വത്തിന്റെ അനുമതിയോടെയാണ് നിരീക്ഷണമെന്നു പരോക്ഷമായി പറയുകയായിരുന്നു സുരേന്ദ്രൻ. നേതൃത്വത്തിനെതിരേ വരാനിരിക്കുന്ന പ്രതികരണങ്ങളെ തടയുക എന്ന ലക്ഷ്യത്തോടെയായിരുന്നു എ.കെ. നസീറിന്റെ സസ്‌പെൻഷൻ. ഇതിനോടുള്ള കൃഷ്ണദാസ് പക്ഷത്തിന്റെ എതിർപ്പുകൾ നേതാക്കൾ തമ്മിലുള്ള മുറുമുറുപ്പിൽ ഒതുങ്ങുകയാണ്. എ.കെ. നസീർ, ബിജെപി.യിൽ ഉണ്ടായ മെഡിക്കൽ കോഴ വിവാദം അന്വേഷിക്കാൻ പാർട്ടി നിയോഗിച്ച കമ്മിഷൻ അംഗമായിരുന്നു. കമ്മിഷൻ റിപ്പോർട്ട് ചോർന്നതായി പിന്നീട് വിവാദം ഉയരുകയും അത് നസീറിനെതിരേ ചില നേതാക്കൾ തിരിച്ചുവിടുകയും ചെയ്തിരുന്നു.

അതിനുശേഷം നസീറിനെ ഒതുക്കി മധ്യമേഖല പ്രസിഡന്റാക്കി. നേതൃത്വത്തോട് ഇടഞ്ഞ് അധികം വൈകാതെ അദ്ദേഹം സ്ഥാനം രാജിവെക്കുകയുംചെയ്തു.സംസ്ഥാന നേതൃത്വത്തെ കടുത്ത ഭാഷയിലാണ് നസീർ വിമർശിച്ചത്. നേതാക്കൾക്ക് സാമ്പത്തിക സുതാര്യതയില്ല. പണം സമാഹരിക്കാനുള്ള മാർഗമായാണ് അവർ തിരഞ്ഞെടുപ്പുകളെ കാണുന്നത്. അങ്ങനെയൊരു സാഹചര്യത്തിൽ പാർട്ടി എങ്ങനെ വളരുമെന്നും അദ്ദേഹം ചോദിച്ചു. പാലാ ബിഷപ്പുമായി ഉയർന്ന വിവാദത്തിൽ എരിതീയിൽ എണ്ണ ഒഴിക്കുന്ന നിലപാടാണ് പാർട്ടി നേതൃത്വം സ്വീകരിച്ചത്- നസീർ വ്യക്തമാക്കി.

ശോഭാ സുരേന്ദ്രനെ ദേശീയ കൗൺസിലിൽ ഉൾപ്പെടുത്താത്തത് തന്റെ അധികാരപരിധിയിൽ വരുന്ന വിഷയമല്ലെന്ന് കെ. സുരേന്ദ്രൻ പറയുന്നു. കേന്ദ്രസർക്കാരിന്റെ ഒരു പ്രധാനപ്പെട്ട ബോർഡിലേക്ക് എ.കെ. നസീറിനെ ശുപാർശ ചെയ്യാനിരിക്കെയാണ് നേതൃത്വത്തിനെതിരേ അദ്ദേഹം ഗുരുതര പരാമർശങ്ങൾ നടത്തിയതെന്നും സുരേന്ദ്രൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP