Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മെഡിക്കൽ കോഴയിൽ അന്വേഷണം നടത്തിയ നേതാവും പടിക്ക് പുറത്ത്; എകെ നസീറിനെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി സുരേന്ദ്രൻ; മദൻലാലിനും ഇനി പാർട്ടിയിൽ അംഗത്വമില്ല; ശ്രീശ്രീയിൽ ശിവശങ്കറിനെതിരെ ഉണ്ടായത് അച്ചടക്ക നടപടി; പുറത്താകുന്നവരെ സ്വീകരിക്കാൻ സിപിഎമ്മും; ബിജെപിയിൽ അച്ചടക്കം നിർബന്ധമാകുമ്പോൾ

മെഡിക്കൽ കോഴയിൽ അന്വേഷണം നടത്തിയ നേതാവും പടിക്ക് പുറത്ത്; എകെ നസീറിനെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി സുരേന്ദ്രൻ; മദൻലാലിനും ഇനി പാർട്ടിയിൽ അംഗത്വമില്ല; ശ്രീശ്രീയിൽ ശിവശങ്കറിനെതിരെ ഉണ്ടായത് അച്ചടക്ക നടപടി; പുറത്താകുന്നവരെ സ്വീകരിക്കാൻ സിപിഎമ്മും; ബിജെപിയിൽ അച്ചടക്കം നിർബന്ധമാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനനന്തപുരം: പാർട്ടി അച്ചടക്കത്തിന് വിരുദ്ധമായി പെരുമാറിയതിന് ബിജെപി മുൻ മേഖലാ പ്രസിഡന്റ് എകെ നസീറിനെയും സുൽത്താൻ ബത്തേരി മണ്ഡലം പ്രസിഡന്റ് കെബി മദൻലാലിനെയും പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽ നിന്നും സസ്‌പെൻഡ് ചെയ്തതായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ അറിയിച്ചു. ഫെയ്‌സ് ബുക്ക് പോസ്റ്റിൽ ശ്രീ ശ്രീ സുരേന്ദ്രൻജി എന്നെഴുതിയ മുൻ വക്താവ് പി ആർ ശിവശങ്കറിനെതിരെ നേരത്തെ നടപടി എടുത്തിരുന്നു. ശിവശങ്കറിനെ ചാനൽ ചർച്ചകളിൽ പങ്കെടുപ്പിക്കേണ്ടതില്ലെന്നാണ് നിർദ്ദേശം. പി ആർ ശിവശങ്കർ ബിജെപിക്കാരനായി ചർച്ചയിൽ എത്തരുതെന്ന് ആവശ്യപ്പെട്ട് ചാനലുകൾക്ക് ബിജെപി നേതൃത്വം കത്ത് നൽകിയിരുന്നു,

മെഡിക്കൽ കോഴയിൽ അന്വേഷണം നടത്തിയ പാർട്ടി സംവിധാനത്തെ നയിച്ചത് നസീറാണ്. നസീറിന് ഈ രഹസ്യത്തിലെ പലതും അറിയാം. കുമ്മനം രാജശേഖരന്റെ അതിവിശ്വസ്തരെ പ്രതിക്കൂട്ടിലാക്കിയ ഈ വിവാദത്തിന് നസീറിന്റെ പുറത്താക്കൽ പുതിയ മാനങ്ങൾ നൽകുമോ എന്നത് നിർണ്ണായകമാണ്. ഇക്കാര്യത്തിൽ വെളിപ്പെടുത്തകുൾ നസീർ നടത്തിയാൽ അത് പൊട്ടിത്തെറിയാകും. സംസ്ഥാന നേതൃത്വത്തിനെതിരെ തുറന്നടിച്ച് ബിജെപി നേതാവും മുൻ സംസ്ഥാന സെക്രട്ടറിയുമായ എ.കെ.നസീർ നേരത്തെ രംഗത്ത് വന്നിരുന്നു. ബിജെപി സംസ്ഥാന നേതാക്കൾക്ക് സാമ്പത്തിക സുതാര്യത ഇല്ല. പണം സമാഹരിക്കാനുള്ള അവസരമായി തിരഞ്ഞെടുപ്പുകളെ നേതാക്കൾ കണ്ടുവെന്നും നസീർ പറഞ്ഞു. ഇതിന് പിന്നാലയൊണ് പുറത്താക്കൽ. പരസ്യ പ്രതികരണം അച്ചടക്ക ലംഘനമാണെന്ന വിലയിരുത്തലിലാണ് നടപടി.

സംസ്ഥാനത്ത് പാർട്ടിയുടെ അവസ്ഥ വളരെ സങ്കടകരമാണ്. പുതിയ നേതൃത്വം ജീവിത മാർഗമായി രാഷ്ട്രീയത്തെ ഉപയോഗപ്പെടുത്തുകയാണ്. തിരഞ്ഞെടുപ്പുകളെ ധനസമാഹരണത്തിനായി ഉപയോഗിക്കുന്നു. അങ്ങനെയുള്ള നേതാക്കളുടെ മുന്നിൽ പാർട്ടി കേരളത്തിൽ വളരില്ലെന്നും നസീർ വ്യക്തമാക്കി. ബിജെപിക്ക് സംസ്ഥാനത്ത് വളർച്ച ഉണ്ടായിട്ടുണ്ട്. എന്നാൽ ഒപ്പം നിൽക്കുന്ന പാർട്ടി പ്രവർത്തകരെ ഒരുമിച്ചുകൊണ്ടു പോകാനും ഒപ്പം നിൽക്കാനും സംഘടന ഇല്ലാത്ത അവസ്ഥയാണുള്ളത്. പുനഃസംഘടനയിൽ പ്രമുഖ നേതാക്കളെ എല്ലാം വെട്ടിനിരത്തി. പാലാ ബിഷപ്പ് വിവാദത്തിൽ എരിതീയിൽ എണ്ണ ഒഴിക്കുകായണ് നേതൃത്വം ചെയ്തതെന്നും നസീർ വിമർശിച്ചു. മെഡിക്കൽ കോഴ വിവാദത്തിൽ സത്യസന്ധമായ റിപ്പോർട്ടാണ് നൽകിയത്. അതിന് ശേഷമാണ് ഒതുക്കപ്പെട്ടത്. അന്വേഷണ റിപ്പോർട്ടുകൾ സമർപ്പിച്ച നേതാക്കളെല്ലാം പുറത്തുപോയ ചരിത്രമാണ് ബിജെപിക്കുള്ളതെന്നും നസീർ ഓർമിപ്പിച്ചു. അതുകൊണ്ട് തന്നെ കൂടുതൽ വെളിപ്പെടുത്തൽ ഈ വിഷയത്തിൽ ഉണ്ടാകാൻ സാധ്യത ഏറെയാണ്.

തൃശൂരിലെ സംഘപരിവാറിന്റെ പ്രമുഖനായിരുന്ന കെ. കേശവദാസ് സിപിഎമ്മിൽ ചേർന്നിരുന്നു. തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം. ആക്ടിങ് സെക്രട്ടറി എ. വിജയരാഘവനുമാണ് കേശവദാസ് അടക്കമുള്ള നേതാക്കളെ സ്വീകരിച്ചത്. കുമ്മനം ഉൾപ്പെടെയുള്ള നേതാക്കളുമായി വ്യക്തിപരമായ അടുപ്പം സൂക്ഷിച്ചിരുന്ന ആളുകൂടിയാണ് സിപിഎം. പാതയിലേക്കു മാറുന്നത്. 16 വർഷം ഹിന്ദു ഐക്യവേദി ജില്ലാ ജനറൽ സെക്രട്ടറിയായിരുന്നു. നാലുവർഷം യുവമോർച്ച ജില്ലാ സെക്രട്ടറിയുമായിരുന്നു. പൂങ്കുന്നം ഗണേശോത്സവം, മണ്ഡലകാലത്തെ 41 ദിവസത്തെ അന്നദാനം എന്നിവയുടെയെല്ലാം നേതൃത്വം കേശവദാസിനായിരുന്നു. ഇതേ മാതൃകയിൽ കൂടുതൽ പേരെ സിപിഎമ്മിൽ എത്തിക്കാൻ നീക്കമുണ്ട്. ഇതിനിടെയാണ് നസീറും നേതൃത്വവുമായി തെറ്റുന്നത്.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് കേശവദാസിന്റെ സംഘപരിവാറുമായുള്ള അകൽച്ചക്ക് കാരണമായത്. ബിജെപി. സംസ്ഥാനനേതാവായ ബി. ഗോപാലകൃഷ്ണനുമായുള്ള തർക്കം നിയമനടപടികളിലേക്കും കടന്നിരുന്നു. കോൺഗ്രസിന്റെ കുത്തക ഡിവിഷനായിരുന്ന കുട്ടൻകുളങ്ങര പിടിച്ചെടുക്കാൻ നേതൃത്വംനൽകിയത് കേശവദാസ് ആയിരുന്നു. ഐ. ലളിതാംബിക വിജയിക്കുകയും ചെയ്തു. തൊട്ടടുത്ത തിരഞ്ഞെടുപ്പിൽ ബി. ഗോപാലകൃഷ്ണൻ ഈ സീറ്റിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. ഇതാണ് നേതൃത്വവുമായി തെറ്റാൻ കാരണം.

പാർട്ടി പുനഃസംഘടനയ്ക്ക് പിന്നാലെ വയനാട് ബിജെപിയിലും പൊട്ടിത്തെറിയാണ്. നേതാക്കൾ കൂട്ടത്തോടെ രാജിക്കൊരുങ്ങി. ബത്തേരി നിയോജക മണ്ഡലം കമ്മിറ്റി പിരിച്ചുവിട്ടു. കമ്മിറ്റി അംഗങ്ങളായ മുഴുവൻ പേരും ഇന്ന് ഉച്ചയോടെ രാജിക്കത്ത് കൈമാറുമെന്നാണ് സൂചന. പുതിയ ജില്ലാ അധ്യക്ഷനെ തിരഞ്ഞെടുത്തതിലുള്ള പ്രതിഷേധമാണ് പൊട്ടിത്തെറിയിലേക്ക് നയിച്ചത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഫണ്ട് അഴിമതിയുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ കെ.പി.മധുവിനെ ജില്ലാ അധ്യക്ഷനായി തിരഞ്ഞെടുത്തിരുന്നു.

കോടികളുടെ ഫണ്ട് തട്ടിയെടുത്തെന്നാരോപിച്ച് കെ.പി.മധുവിനെതിരെ ബത്തേരി നിയോജക മണ്ഡലം കമ്മിറ്റി സംസ്ഥാന കമ്മിറ്റിക്കും മറ്റും പരാതി നൽകിയിരുന്നു. എന്നാൽ ഇതിൽ യാതൊരു നടപടിയും സ്വീകരിക്കാതെ ജില്ലാ അധ്യക്ഷ സ്ഥാനത്തേക്ക് നിയോഗിച്ചതാണ് പൊട്ടിത്തെറിയിലേക്ക് നയിച്ചതെന്ന് നേതാക്കൾ പറഞ്ഞു. സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ പക്ഷക്കാരൻ കൂടിയാണ് കെ.പി.മധു. ഇന്ന് ബിജെപിയുടെ ജില്ലാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം നടക്കാനിരിക്കെയാണ് ഇത്തരത്തിലൊരു കൂട്ട രാജിക്ക് നേതാക്കൾ തയ്യാറെടുത്തിരിക്കുന്നത്. കേന്ദ്ര മന്ത്രി വി.മുരളീധരനാണ് ഓഫീസ് ഉദ്ഘാടനത്തിനായി എത്തുന്നത്.

കെ.സുരേന്ദ്രനടക്കമുള്ളവരും പങ്കെടുത്തേക്കും. കേന്ദ്ര-സംസ്ഥാന നേതൃത്വത്തിന്റെ ശ്രദ്ധയിലേക്ക് എത്തിക്കുന്നതിനാണ് രാജിക്കായി ഈ ദിവസം തന്നെ തിരഞ്ഞെടുത്തിരിക്കുന്നതെന്നാണ് സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP