Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആര്യനൊപ്പം സെൽഫിയിലും വിഡിയോയിലും കാണുന്നത് കെപി ഗൊസാവിയെന്ന സ്വകാര്യ ഡിക്ടറ്റീവ്; രണ്ടാമൻ ബിജെപി വൈസ് പ്രസിഡന്റ് മനീഷ് ഭാനുഷ; ഷാരൂഖിന്റെ മകനെ കുടുക്കിയതോ? ആഡംബര കപ്പലിലെ മയക്കു മരുന്ന് വേട്ട വിവാദത്തിൽ; എൻസിബി സംശയത്തിലേക്ക്

ആര്യനൊപ്പം സെൽഫിയിലും വിഡിയോയിലും കാണുന്നത് കെപി ഗൊസാവിയെന്ന സ്വകാര്യ ഡിക്ടറ്റീവ്; രണ്ടാമൻ ബിജെപി വൈസ് പ്രസിഡന്റ് മനീഷ് ഭാനുഷ; ഷാരൂഖിന്റെ മകനെ കുടുക്കിയതോ? ആഡംബര കപ്പലിലെ മയക്കു മരുന്ന് വേട്ട വിവാദത്തിൽ; എൻസിബി സംശയത്തിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: ആഡംബരക്കപ്പലിൽ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ നടത്തിയ റെയ്ഡിൽ ബോളിവുഡ് താരം ഷാരുഖ് ഖാന്റെ മകൻ ആര്യൻ അറസ്റ്റിലായ സംഭവം രാഷ്ട്രീയ വഴിത്തിരിവിലേക്ക്. സംഭവം രാഷ്ട്രീയ ഗൂഢാലോചനെന്നാണ് ഉയരുന്ന വാദം. തെളിവുകളും പുറത്തു വന്നു. ഇതോടെ എൻസിബി റെയ്ഡ് വ്യാജമാണെന്ന ആരോപണം ശക്തമാണ്.

എൻസിപി മന്ത്രി നവാബ് മാലിക്കാണ് കേന്ദ്ര ഏജൻസിക്കെതിരെ ആരോപണം ഉന്നയിച്ചത്. എന്നാൽ നവാബ് മാലിക്കിന്റെ മരുമകൻ സമീർ ഖാനെ ജനുവരിയിൽ ലഹരിമരുന്നു കേസിൽ എൻസിബി അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരുന്നുവെന്നും ഇതാണ് ആരോപണങ്ങൾക്കു പിന്നിലെന്നും ബിജെപി എംഎൽഎ അതുൽ ഭട്കാൽക്കർ തിരിച്ചടിച്ചു. നിയമപ്രകാരമാണ് നടപടികൾ സ്വീകരിക്കുന്നതെന്നും അറസ്റ്റിലായത് പ്രമുഖനാണോ അല്ലയോ എന്നു നോക്കാറില്ലെന്നും എൻസിബി സോണൽ ഡയറക്ടർ സമീർ വാങ്കഡെ പറഞ്ഞു. പക്ഷേ പുറത്തു വന്ന തെളിവുകൾ ആരോപണത്തിന് പുതിയ മാനം നൽകുന്നു.

അറസ്റ്റിലായ ആര്യനെയും അർബാസ് മെർച്ചന്റിനെയും എൻസിബി ഓഫിസിലേക്ക് കൊണ്ടുപോയത് എൻസിബി ഉദ്യോഗസ്ഥരല്ലെന്നും അർബാസിനൊപ്പം ഉണ്ടായിരുന്നത് ബിജെപി പ്രവർത്തകനാണെന്നും വിഡിയോകളിൽ വ്യക്തമാണെന്ന് എൻസിപി ആരോപിച്ചു. ആര്യനൊപ്പം സെൽഫിയിലും വിഡിയോയിലും കാണുന്നത് കെ.പി. ഗൊസാവിയെന്ന ആളാണെന്നും രണ്ടാമൻ ബിജെപി വൈസ് പ്രസിഡന്റ് മനീഷ് ഭാനുഷാ ആണെന്നും എൻസിപി അവകാശപ്പെട്ടു. ഈ ചിത്രങ്ങളും ഫോട്ടോകളും പുറത്തു വന്നിട്ടുണ്ട്.

വിവിധ പരിപാടികളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവർക്കൊപ്പവും മനീഷിനെ കണ്ടിട്ടുണ്ടെന്നും എൻസിപി ആരോപിച്ചു. ഒരു സാക്ഷി എന്ന നിലയിലാണ് താൻ എൻസിബി ഓഫിസിലെത്തിയതെന്നാണ് മനീഷ് ദേശീയ മാധ്യമത്തോടു പ്രതികരിച്ചത്. ഗൊസാവിയും മനീഷും സാക്ഷികളാണെന്നാണ് എൻസിബിയും അറിയിച്ചത്. എങ്ങനെ ബിജെപിക്കാർ സാക്ഷികളായി എന്നതും ഉയരുന്ന ചോദ്യമാണ്.

എൻസിബി റെയ്ഡ് വ്യാജമാണെന്നും മഹാരാഷ്ട്ര സർക്കാരിനെയും മുംബൈ സിനിമാ വ്യവസായത്തെയും അവഹേളിക്കാൻ എൻസിബിയെ ഉപയോഗിച്ച് ബിജെപി നടത്തിയ നീക്കമാണിതെന്നും ആരോപിക്കുകയാണ് എൻസിപിയും കോൺഗ്രസും. ''നടൻ സുശാന്ത് സിങ് രാജ്പുത് മരിച്ചപ്പോൾ അതുകൊലപാതകമാണെന്ന് ആദ്യം ആരോപണം ഉന്നയിച്ചു. തുടർന്ന് ലഹരിമരുന്നു കഴിച്ചു മരിച്ചതാണെന്ന് വാർത്ത വന്നു. പിന്നാലെ മുംബൈ എൻസിബി രംഗത്തെത്തി. കഥകൾ മെനഞ്ഞ് ബോളിവുഡിനെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചു. നിരവധി പ്രമുഖരെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. ബോളിവുഡിനും ലഹരിറാക്കറ്റിനും തമ്മിൽ ഉറ്റബന്ധമുണ്ടെന്ന പ്രതീതിയുണ്ടാക്കി. എന്നാൽ ഒടുവിൽ എന്താണു സംഭവിച്ചത്. സമാനമായ സംഭവമാണ് ആഡംബരക്കപ്പലിലെ എൻസിബി റെയ്ഡും.'' -ഇതാണ് എൻസിപി ആരോപണം.

കുറച്ചു ദിവസങ്ങളായി ഡൽഹിയിലും ഗുജറാത്തിലുമായിരുന്ന മനീഷ് റെയ്ഡിനു ദിവസങ്ങൾക്കു മുമ്പ് മാത്രമാണ് മുംബൈയിൽ എത്തിയതെന്നാണു അറിയാൻ കഴിഞ്ഞതെന്നും നവാബ് മാലിക്ക് പറഞ്ഞു. സെപ്റ്റംബർ 31ന് മനീഷ് ഡൽഹിയിലായിരുന്നു. 22 ഗാന്ധിനഗറിൽ എത്തിയ മനീഷ് 29 വരെ അവിടെ തുടർന്നു. 21,22 തീയതികൾ ഏറെ പ്രാധാന്യം അർഹിക്കുന്നതാണ്. ആ സമയത്താണ് ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് വമ്പൻ ലഹരിമരുന്ന് വേട്ട നടന്നത്. മനീഷ് ഡൽഹിയിൽ കണ്ടത് ആരെയൊക്കെയാണ്. ഗുജറാത്തിൽ ഏതൊക്കെ മന്ത്രിമാരുമായാണ് മനീഷ് കൂടിക്കാഴ്ച നടത്തിയത്. ഇദ്ദേഹത്തിന്റെ സമൂഹമാധ്യമ അക്കൗണ്ടുകൾ നിലവിൽ ലോക്ക് ചെയ്തിരിക്കുകയാണെന്നും നവാബ് മാലിക് പറഞ്ഞു.

ഗുജറാത്തിലെ മന്ത്രാലയങ്ങളിൽ 28 വരെ ചെലവഴിച്ച മനീഷ് മുംബൈയിൽ മടങ്ങിയെത്തിയ ശേഷം ഒക്ടോബർ ഒന്നിനു വീണ്ടും ഗുജറാത്തിലെത്തി. തുടർന്ന് ഒക്ടോബർ മൂന്നിന് മുംബൈയിൽ പ്രത്യക്ഷപ്പെട്ടുവെന്നും നവാബ് മാലിക്ക് പറഞ്ഞു. ആഡംബരക്കപ്പലിൽനിന്നു പിടികൂടിയതെന്ന് എൻസിബി പറയുന്ന ലഹരിവസ്തുക്കളുടെ ചിത്രം മാധ്യമങ്ങൾ ചോർന്നുകിട്ടിയതും സംശയകരമാണെന്ന് എൻസിപി നേതാവ് പറയുന്നു.

അതേസമയം ലഹരിമരുന്നിനെക്കുറിച്ചു വിവരം നൽകുക മാത്രമാണ് ചെയ്തതെന്ന് മനീഷ് ദേശീയ മാധ്യമത്തോടു പറഞ്ഞു. റെയ്ഡിനു ശേഷം സാക്ഷിയായി ഒപ്പു വയ്ക്കാനാണ് എത്തിയത്. എൻസിബി ഉദ്യോഗസ്ഥരും പ്രതികളും അവിടെ ഉണ്ടായിരുന്നു. അതൊരു ചെറിയ സ്ഥലമായതിനാലാണ് ഞങ്ങൾ പ്രതികളുടെ പിന്നാലെ പോയെന്നു വിഡിയോ കണ്ടാൽ തോന്നുന്നതെന്നും മനീഷ് പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP