Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബിജെപിയിലെ കൊട്ടരവിപ്ലവം പട്ടേലിന് വിനയായി; പകരം മോദിയെ ഗുജറാത്തിൽ നിർദ്ദേശിച്ചത് അദ്വാനി; രാഷ്ട്രീയ ഗുരുവിന്റെ പ്രധാനമന്ത്രി മോഹങ്ങൾ തകർത്ത് ഇന്ദ്രപ്രസ്ഥവും പിടിച്ചു; കർഷക സമരവും പെട്രോൾ വിലയും 'ഗ്ലാമറിന്' മങ്ങലായി; മോദി അധികാരത്തിൽ എത്തിയിട്ട്‌ ഇന്ന് 20 വർഷം

ബിജെപിയിലെ കൊട്ടരവിപ്ലവം പട്ടേലിന് വിനയായി; പകരം മോദിയെ ഗുജറാത്തിൽ നിർദ്ദേശിച്ചത് അദ്വാനി; രാഷ്ട്രീയ ഗുരുവിന്റെ പ്രധാനമന്ത്രി മോഹങ്ങൾ തകർത്ത് ഇന്ദ്രപ്രസ്ഥവും പിടിച്ചു; കർഷക സമരവും പെട്രോൾ വിലയും 'ഗ്ലാമറിന്' മങ്ങലായി; മോദി അധികാരത്തിൽ എത്തിയിട്ട്‌ ഇന്ന് 20 വർഷം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരപദവിയിലെത്തിയിട്ട് ഇന്ന് 20 വർഷം. 2001 ഒക്ടോബർ ഏഴിനാണ് ഗുജറാത്തിന്റെ പതിനേഴാമത് മുഖ്യമന്ത്രിയായി നരേന്ദ്ര മോദി ആദ്യം അധികാരസ്ഥാനത്തെത്തുന്നത്. പിന്നീട് ആ മോദി മാജിക്ക് പ്രധാനമന്ത്രി പദത്തിലും എത്തി. അധികാരത്തിൽ 25 കൊല്ലം മോദി പൂർത്തിയാക്കുമോ എന്നതാണ് ഉയരുന്ന ചോദ്യം. അതിന് അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിലും ജയിക്കേണ്ടതായി വരും.

കേശുഭായ് പട്ടേൽ രാജിവച്ചതിനെത്തുടർന്ന് മുഖ്യമന്ത്രി പദത്തിൽ നിയോഗിക്കപ്പെട്ട മോദി തൊട്ടടുത്ത വർഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ച് സ്ഥാനത്തു തുടർന്നു. 2007ലും 2012ലും നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിലും വിജയിച്ച് തുടർച്ചയായി 13 വർഷം ഗുജറാത്ത് മുഖ്യമന്ത്രിയായി. അതിന് ശേഷം ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി. ഗുജറാത്ത് മോഡൽ വികസനം ഇന്ത്യയിൽ ഉടനീളം ചർച്ചയാക്കിയായിരുന്നു ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി മാറിയത്. രാഷ്ട്രീയ ഗുരുനാഥൻ എൽകെ അദ്വാനിയുടെ പ്രധാനമന്ത്രി മോഹത്തെ തകർത്തായിരുന്നു ഡൽഹിയിലേക്കുള്ള യാത്ര.

2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിലെ വാരാണസി, ഗുജറാത്തിലെ വഡോദര മണ്ഡലങ്ങളിൽ നിന്നും പാർലമെന്റിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. മെയ്‌ 26ന് ആദ്യമായി പ്രധാനമന്ത്രി പദത്തിലെത്തി. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലൂടെ തുടർഭരണം നേടി. സെപ്റ്റംബർ 17ന് ആരംഭിച്ച മോദിയുടെ 71-ാം ജന്മദിനാഘോഷങ്ങളുടെ സമാപനവും ഇന്നാണ്. കേരളത്തിലും ബിജെപി വിപുലമായ ആഘോഷം നടത്തുന്നുണ്ട്. ഗുജറാത്ത് ബിജെപിയിലെ വിഭാഗീയതയാണ് മോദിയെ 2001ൽ മുഖ്യമന്ത്രിയാക്കിയത്. അദ്വാനിയായിരുന്നു ഗുജറാത്തിന് നല്ലത് മോദിയാണെന്ന ആശയം മുമ്പോട്ട് വച്ചത്. അത് എല്ലാവരും അംഗീകരിച്ചു.

ഗോദ്രകാലപത്തിലും മറ്റും അന്ന് പ്രധാനമന്ത്രിയായിരുന്ന എബി വാജ്‌പേയ് പൂർണ്ണ അതൃപ്തനുമായിരുന്നു. എന്നാൽ ഗുജറാത്തിലെ പാർട്ടിയെ ഒന്നടങ്കം കൈപ്പിടിയിൽ ഒതുക്കി ഗുജറാത്തിലെ അനിഷേധ്യനായി മോദി മാറി. അമിത് ഷാ എന്ന സന്തത സഹചാരിയുടെ കരുത്തിലാണ് ഗുജറാത്തിൽ മോദി തിളങ്ങിയത്. ഇതേ കരുത്ത് ഡൽഹിയിൽ ഇന്ന് മോദിക്കൊപ്പമുണ്ട്. അങ്ങനെ അദ്വാനിയേയും അപ്രസക്തനാക്കി മോദി അധികാരത്തിൽ തുടരുകയാണ്.

ഗാന്ധിജി വിഭാവനം ചെയ്ത സ്വച്ഛ് ഭാരത് പദ്ധതിയിലൂടെയാണു മോദി സർക്കാരിന്റെ തുടക്കം. എല്ലാവർക്കും ശൗചാലയങ്ങൾ എന്ന പദ്ധതിയും മോദിയുടെ ചിന്തയായിരുന്നില്ല, മറിച്ച് ഗാന്ധിജിയുടേതായിരുന്നു. പാവപ്പെട്ടവർക്ക് പ്രധാനമന്ത്രി ആവാസ് യോജനയിലൂടെ രണ്ടു കോടിയിലേറെ വീടുകൾ നിർമ്മിച്ചു നൽകി. ഉജ്വൽ യോജനയിലൂടെ ഓരോ പാവപ്പെട്ട കുടുംബത്തിനും സൗജന്യ എൽ.പി.ജി. കണക്ഷൻ അനുവദിച്ചു. ക്ഷേമപ്രവർത്തനങ്ങൾക്കൊപ്പം പ്രകൃതിസംരക്ഷണത്തിനും തുല്യപ്രാധാന്യം നൽകുന്ന സർക്കാരാണ് കേന്ദ്രം ഭരിക്കുന്നത്-ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ മോദി ഭരണത്തെ വിലയിരുത്തുന്നത് ഇങ്ങനെയാണ്.

ഭൂകമ്പം തീർത്ത പ്രതിസന്ധിയുടെ ഘട്ടത്തിലാണ് നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായി എത്തുന്നത്. സർദാർ പട്ടേലിന്റെ നാട്ടിലേക്ക് മറ്റൊരു കരുത്തന്റെ ആഗമനമായിരുന്നു അത്. ഭൂകമ്പബാധിത സംസ്ഥാനത്തെ രക്ഷിക്കാൻ മാത്രമല്ല ഒരു നവ ഗുജറാത്തിന്റെ നിർമ്മിതി കൂടിയാണ് അന്ന് അദ്ദേഹം വിഭാവനം ചെയ്തത്. പല കാരണങ്ങളാൽ രാജ്യം അസ്ഥിരപ്പെട്ടിരുന്ന കാലഘട്ടത്തിലാണു മോദിസർക്കാർ ഡൽഹിയിൽ അധികാരത്തിലെത്തിയത്. ഭീകരവാദത്തിന്റെ പിടിയിലായ കശ്മീർ, വികസനമെത്താത്ത വടക്ക്-കിഴക്കൻ സംസ്ഥാനങ്ങൾ, പ്രധാന നഗരങ്ങളിലെ ഭീകരാക്രമണങ്ങൾ, അഴിമതിയിൽ മുങ്ങിയ ഭരണവ്യവസ്ഥ, രാജ്യത്തിന്റെ പ്രതിരോധം പോലും പാടെ അവഗണിക്കപ്പെട്ട അവസ്ഥ... എന്നാൽ അനുഛേദം 370 റദ്ദാക്കപ്പെട്ടതോടെ ഇന്ത്യയിലെ മറ്റ് ഏത് പ്രദേശത്തെയും പോലെ ജമ്മു കശ്മീരിലും വലിയ മാറ്റങ്ങളുണ്ടായി. ഇന്ന് പഴയ സുവർണകാലത്തേക്ക് കശ്മീർ മടങ്ങുകയാണ്സുരേന്ദ്രൻ പറയുന്നു.

ഇന്ധന വില വർദ്ധനയും കാർഷിക നയങ്ങളും മോദി സർക്കാരിന്റെ പ്രഭാവത്തെ ബാധിച്ചിട്ടുണ്ട്. യുപിയിലും പഞ്ചാബിലും തെരഞ്ഞെടുപ്പ് ഉടനുണ്ട്. മോദിയെന്ന ഭരണാധികാരിക്ക് ഈ സംസ്ഥാന തെരഞ്ഞെടുപ്പും നിർണ്ണായകമാണ്. ഹിന്ദി ഹൃദയഭൂമിയിൽ ചുവടുറപ്പിച്ച് നിൽക്കാൻ മോദിക്ക് കഴിയുമോ എന്ന ചോദ്യത്തിന് ഉത്തരമാകും ഈ തെരഞ്ഞെടുപ്പുകൾ. രാജ്യത്തിന് ആവശ്യമില്ലാത്ത നിയമങ്ങൾ എടുത്തുകളയാനും പുതിയ പരിഷ്‌ക്കാരങ്ങൾ കൊണ്ടുവരാനുമുള്ള ഇച്ഛാശക്തിയാണ് മോദിയെ മറ്റ് ഭരണാധികാരികളിൽനിന്നു വേറിട്ടുനിർത്തുന്നതെന്നാണ് ബിജെപിയുടെ അവകാശ വാദം.

നോട്ട് നിരോധനം പരാജയമാണെന്ന് പ്രതിപക്ഷം വിമർശിക്കുമ്പോഴും ബിജെപി അത് സമ്മതിക്കുന്നില്ല. ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ ഇതിനെ വിലയിരുത്തുന്നത് ഇങ്ങനെയാണ്-നോട്ട് നിരോധനത്തിന്റെ സമയത്ത് ഡിജിറ്റൽ ഇന്ത്യ എന്ന സ്വപ്നം മോദി മുന്നോട്ട് വച്ചപ്പോൾ പലരും പരിഹസിച്ചു. രാജ്യത്തെ പാവപ്പെട്ടവരെ മോദി അപമാനിക്കുകയാണെന്ന് ആരോപിച്ചു. എന്നാൽ ഇന്ന് ലോകത്ത് ഏറ്റവും കൂടുതൽ ഡിജിറ്റൽ പണമിടപാട് നടത്തുന്ന രാജ്യമായി ഇന്ത്യ മാറി. ഈ വർഷം 6.39 ലക്ഷം കോടി രൂപയുടെ ഡിജിറ്റൽ ഇടപാടാണു രാജ്യത്ത് നടന്നത്. റെയിൽവെ സ്റ്റേഷനിൽ ചായ വിൽക്കുന്നവരും തെരുവിൽ പൂ വിൽക്കുന്ന സ്ത്രീകളും ഡിജിറ്റൽ ഇടപാടുകൾ നടത്തുന്നു. പാവപ്പെട്ടവനും ടെക്നോളജിയുടെ ഉപയോഗം സ്വായത്തമാക്കാമെന്ന് വിമർശകരെ മോദി പഠിപ്പിച്ചു. യുവാക്കളും സ്ത്രീകളും ഉൾപ്പെടെയുള്ളവരെ സഹായിക്കുകയല്ല മറിച്ച് അവർക്ക് അവസരം കൊടുക്കുകയാണ് മോദിയുടെ നയം.

സെൽഫ് അറ്റസ്റ്റേഷൻ മുതൽ രാജ്യത്തെ കർഷകരെ ഇടനിലക്കാരിൽനിന്നു രക്ഷിക്കാനുള്ള കർഷക നിയമ ഭേദഗതി അടക്കം ഈ ഇന്ത്യൻ പ്രധാനമന്ത്രിയുടെ ദൃഢനിശ്ചയത്തിന് നിരവധി ഉദ്ദാഹരണങ്ങളുണ്ട്. 'വൺ നേഷൻ വൺ റേഷൻ കാർഡ്' പദ്ധതി ലക്ഷക്കണക്കിന് കുടിയേറ്റ തൊഴിലാളികൾക്കാണ് ആശ്രയമായത്. ഇതിന് മുമ്പ് ഇത്തരത്തിലൊരു തീരുമാനം ഏതെങ്കിലും ഒരു ഭരണാധികാരി കൈക്കൊള്ളുമെന്ന് നമുക്ക് ചിന്തിക്കാൻ പോലും സാധിക്കുമായിരുന്നില്ലെന്ന് സുരേന്ദ്രൻ വിലയിരുത്തുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP