Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മോൻസണിന്റെ ചെമ്പോലയും സുപ്രീംകോടതിയിൽ സമർപ്പിച്ചോ എന്ന് പന്തളം രാജകുടുംബത്തിന് സംശയം; വിശദീകരിക്കാതെ സർക്കാരും; രാഘവ വാരിയർ കാലപ്പഴക്കം നിർണ്ണയിച്ചത് ലിപിയിലെ ഭാഷയും ശൈലിയും പരിശോധിച്ചു മാത്രമെന്ന് രാജൻ ഗുരുക്കളും; 'ചീരപ്പൻ ചിറ' ചെമ്പോലയിൽ ചർച്ച തുടരുമ്പോൾ

മോൻസണിന്റെ ചെമ്പോലയും സുപ്രീംകോടതിയിൽ സമർപ്പിച്ചോ എന്ന് പന്തളം രാജകുടുംബത്തിന് സംശയം; വിശദീകരിക്കാതെ സർക്കാരും; രാഘവ വാരിയർ കാലപ്പഴക്കം നിർണ്ണയിച്ചത് ലിപിയിലെ ഭാഷയും ശൈലിയും പരിശോധിച്ചു മാത്രമെന്ന് രാജൻ ഗുരുക്കളും; 'ചീരപ്പൻ ചിറ' ചെമ്പോലയിൽ ചർച്ച തുടരുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: 24 ന്യൂസ് പുറത്തുവിട്ട ചെമ്പോലയിലെ ദൂരൂഹത തുടരുന്നു. ഈ ചെമ്പോല ദുരുപയോഗം ചെയ്തിട്ടില്ലെന്നാ സർക്കാർ പറയുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ വ്യക്തമാക്കുകയും ചെയ്തു. ഇതിനിടെ ശബരിമല ക്ഷേത്രത്തിലെ ആചാര നിർവഹണത്തിനുള്ള അവകാശം സംബന്ധിച്ചു മോൻസൻ മാവുങ്കൽ വ്യാജമായി ചമച്ചെന്നു കണ്ടെത്തിയ ചെമ്പോല സുപ്രീംകോടതിയിൽ സമർപ്പിച്ചിട്ടുണ്ടോയെന്നു വ്യക്തമാക്കാതെ സംസ്ഥാന സർക്കാർ ഒളിച്ചു കളിക്കുന്നുവെന്ന പരാതിയും ഉയരുന്നു.

ഹർജികൾ സംബന്ധിച്ച കാര്യങ്ങൾ നിയമവകുപ്പിലാണു തയാറാക്കുന്നത്. എന്നാൽ ശബരിമല കേസിൽ നിയമ വകുപ്പിൽ നിന്നു റിപ്പോർട്ടുകൾ നൽകിയാലും മുഖ്യമന്ത്രിയുടെ ഓഫിസിലാണ് അന്തിമ തീരുമാനം എടുക്കുന്നതെന്നു നിയമവകുപ്പ് വൃത്തങ്ങൾ അറിയിച്ചു. കേസിലെ തെളിവിന്റെ ഭാഗമായി ചെമ്പോലയും ഹാജരാക്കിയിട്ടുണ്ടെന്നാണു പന്തളം രാജകുടുംബത്തിനു ലഭിച്ച വിവരം. ഇതു സ്ഥിരീകരിക്കാൻ കൊട്ടാരത്തിനു സാധിച്ചില്ല. സർക്കാർ കോടതിയിൽ നൽകിയ റിപ്പോർട്ടിൽ ചെമ്പോലയെക്കുറിച്ചു പറയുന്നുണ്ടോയെന്നു പരിശോധിക്കാൻ അഭിഭാഷകരോടു നിർദേശിച്ചിട്ടുണ്ട്. ഈ പരിശോധന അതിനിർണ്ണായകമാകും.

അതിനിടെ ശബരിമല ആചാരം ചീരപ്പഞ്ചിറ കുടുംബത്തിനാണെന്നു പറയുന്ന ചെമ്പോല താൻ കണ്ടിട്ടില്ലെന്നു ചരിത്രകാരനും ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാനുമായ പ്രഫ.രാജൻ ഗുരുക്കൾ പറഞ്ഞു. ചരിത്രകാരനായ എംജി ശശിഭൂഷൻ ചില ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ഇതിനുള്ള മറുപടിയായാണ് നിലപാട് വിശദീകരണം. മുഖ്യമന്ത്രി പിണറായി വിജയന്റെ 'നാം മുന്നോട്ട്' ചാനൽ പരിപാടിയിൽ ശബരിമല വിഷയം ചർച്ച ചെയ്തുവെന്ന ഡോ.എം.ജി.ശശിഭൂഷണിന്റെ വാദം ശരിയല്ല. നവോത്ഥാനത്തെക്കുറിച്ചായിരുന്നു ചർച്ച. എം.ആർ.രാഘവ വാരിയരും പരിപാടിയിൽ പങ്കെടുത്തിരുന്നുവെന്നും രാജൻ ഗുരുക്കൾ പറയുന്നു.

ചെമ്പോലയിലെ ലിപി മാത്രം കണക്കിലെടുത്താണു വാരിയർ കാലപ്പഴക്കം നിശ്ചയിച്ചത്. അക്കാലത്തെ ഭാഷയും ശൈലിയും മാത്രമേ അദ്ദേഹം പരിശോധിച്ചിട്ടുള്ളൂവെന്നും രാജൻ ഗുരുക്കൾ വ്യക്തമാക്കുന്നു. ഇത് തന്നെയാണ് രാഘവവാരിയരും പറയുന്നത്. എന്നാൽ ശശിഭൂഷൺ അതിൽ ചില സംശങ്ങൾ ഉന്നയിച്ചിരുന്നു. ഈ ചെമ്പോലയിലെ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടിയിട്ടും അത് തിരുത്താൻ രാഘവവാരിയർ തയ്യാറായില്ലെന്ന വിമർശനമാണ് ശശിഭൂഷൺ പറയുന്നത്. ചീരപ്പൻചിറയ്ക്കായുള്ള ചെമ്പോലയും വ്യാജ നിർമ്മതിയാണെന്ന് ശശിഭൂഷൺ പറയുന്നു.

24 ന്യൂസിൽ എത്തിയ ചെമ്പോല വ്യാജമെന്ന വാദം അതിശക്തമാണ്. ഹൈക്കോടതിയിലെ കേസിൽ ഇത് തെളിഞ്ഞതാണെന്നും ശശിഭൂഷൺ വെളിപ്പെടുത്തിയിരുന്നു. ഏഷ്യാനെറ്റ് ന്യൂസിന്റെ ചെമ്പോല ചർച്ചയിലാണ് ആ രേഖയ്ക്ക് പിന്നിലെ കഥ ശശിഭൂഷൻ പറഞ്ഞത്്. ചീരപ്പൻ ചിറക്കാർക്കു വേണ്ടി തിരുവനന്തപുരത്തെ പുരാവസ്തു വിദഗ്ധൻ ഉണ്ടാക്കിയതാണ് ഇതെന്നും ആരോപിക്കുന്നു. ഈ രേഖയാണ് ശബരിമല പ്രക്ഷോഭ കാലത്ത് പുനരവതരിപ്പിച്ചതെന്നും ശശിഭൂഷൺ വിശദീകരിക്കുന്നു. ഇതോടെ സംശങ്ങൾ കൂടുകയാണ്. മോൻസൺ മാവുങ്കലിന്റെ പുരാവസ്തു ശേഖരത്തിൽ ഇത് എങ്ങനെ എത്തിയതെന്നത് ദൂരൂഹമായി തുടരും.

ചീരപ്പൻ ചിറയുമായി ബന്ധപ്പെട്ട് അമ്പതുകളിലെ കേസാണ് ചെമ്പോലയ്ക്ക് അടിസ്ഥാനം. ശബരിമലയിൽ ദേവസ്വം ബോർഡിന് അവകാശം കിട്ടിയതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. ഇതോടെ ശബരിമലയിലെ കച്ചവടം ഉൾപ്പെടെ എല്ലാം ലേലം പോകാൻ തുടങ്ങി. ഇതിനെതിരെയാണ് ചീരപ്പൻ ചിറ കോടതിയിൽ എത്തിയത്. അന്ന് ആ കേസിന് ബലമേകാൻ ഒരു രേഖ ആവശ്യമുണ്ടായിരുന്നു. അങ്ങനെ തിരുവനന്തപുരത്തെ വട്ടെഴുത്തു വിദഗ്ധൻ തയ്യാറാക്കിയതാണ് ഈ രേഖയെന്ന് ശശിഭൂഷൺ പറയുന്നു. പ്രമുഖ ഗവേഷകൻ വി ആർ പരമേശ്വരൻ പിള്ളയാണ് ഈ രേഖ വ്യാജമെന്ന് കണ്ടെത്തിയത്. 1983ൽ തന്നോട് ഇക്കാര്യം നേരിട്ടു തന്നെ പറഞ്ഞു തന്നിട്ടുണ്ടെന്ന് ശശിഭൂഷൺ പറയുന്നു.

പ്രമുഖ സാഹിത്യകാരൻ ഗുപ്തനായരുടെ മകനാണ് ശശിഭൂഷൺ. അറിയപ്പെടുന്ന ചരിത്രകാരനും. ഏഷ്യാനെറ്റ് ന്യൂസിന്റെ ഇന്നലത്തെ ചർച്ചയിലാണ് ചെമ്പോലയിലെ വ്യാജം ശശിഭൂഷൻ വെളിപ്പെടുത്തുന്നത്. ചീരപ്പൻ ചിറക്കാർ കോടതിയിൽ ഹാജരാക്കിയ ചെമ്പോല നൂറു ശതമാനം വ്യാജമാണെന്ന് ശശിഭൂഷൺ പറയുന്നു. കടലാസിൽ എഴുതി തയ്യാറാക്കിയ രേഖ ഏതോ സ്വർണ്ണ പണിക്കാരന്റെ സഹായത്താൽ ചെമ്പോല ആക്കുകയായിരുന്നു. അഭിഭാഷകന്റെ നിർദ്ദേശ പ്രകാരമായിരിക്കും അത് നടന്നത്. ഇത് വ്യാജമെന്ന് പരമേശ്വരൻ പിള്ള ഉറപ്പിക്കാനുള്ള കാര്യകാരണങ്ങളും ശശിഭൂഷൺ വെളിപ്പെടുത്തുന്നു.

രാജകുടുംബങ്ങൾ തയ്യാറാക്കുന്ന ചെമ്പോലയ്ക്ക് കട്ടി കൂടുതലാണ്. ആ കട്ടി ശബരിമല ചെമ്പോലയ്ക്കില്ല. കേരളത്തിൽ ആയില്യം തിരുന്നാളാണ് റൗണ്ട് സീൽ അവതരിപ്പിച്ചത്. എന്നാൽ അതിന് മുമ്പേ തയ്യാറാക്കിയെന്ന് അവകാശപ്പെടുന്ന ചെമ്പോലയിൽ ഉള്ളത് റൗണ്ട് സീലാണ്. അതിൽ നിന്ന് തന്നെ കേസിന് വേണ്ടി ഉണ്ടാക്കിയതാണ് ചെമ്പോലയെന്ന് വ്യക്തമാണെന്നും ശശിഭൂഷൺ പറയുന്നു. ബ്രിട്ടീഷുകാരുടെ സ്വാധീനത്തിലാണ് റൗണ്ട് സീൽ വരുന്നത്. അത് ഈ രേഖയിൽ വന്നത് തന്നെ പിന്നീടെപ്പെഴോ തയ്യറാക്കിയാണ് ഇതെന്നതിന് തെളിവാണ്. ഇക്കാര്യം ഹൈക്കോടതിക്ക് വേണ്ടി നടന്ന പരിശോധനയിലും വ്യക്തമാണെന്ന് ശശിഭൂഷൺ പറയുന്നു.

പന്തളം രാജകുടുംബം പുറപ്പെടുവിച്ചതാണ് ചെമ്പോല എന്നാണ് അവകാശ വാദം. അതും 1671ൽ. അക്കാലത്ത് പന്തളം രാജവംശം ഇല്ല. 17-ാം നൂറ്റാണ്ടിന്റെ അവസാനം മാത്രമാണ് അവർ പന്തളത്ത് എത്തിയത്. പന്തളത്തിന്റെ ദേശവഴി അനുസരിച്ച് ഈ രേഖയുടെ കാലത്ത് അയിരൂർ രാജവംശമായിരുന്നു അവർ. ചെങ്ങന്നൂരിലെ പാണ്ടനാടായിരുന്നു താമസം. കോന്നിയിലും അച്ചൻകോവിലിലും താമസിച്ച ചരിത്രവും ഈ രാജവംശത്തിനുണ്ട്. അതുകൊണ്ട് ഹൈക്കോടതിയിലെ രേഖയിൽ പന്തളം രാജകുടുംബം എന്ന് വന്നതു തന്നെ തട്ടിപ്പിന് തെളിവാണ്-ശശി ഭൂഷൻ പറയുന്നു.

ഈ വ്യാജ രേഖ തന്നെയാണ് 24 ന്യൂസും കാണിച്ചതെന്ന് ശശിഭൂഷൻ ഉറപ്പിച്ചു പറയുന്നു. ഇതിന് കാരണം ഹൈക്കോടതിയിൽ സമർപ്പിച്ച രേഖയിലെ അതേ വാചകങ്ങളാണ് പുറത്തു വന്നതിലുമുള്ളത്. പുരാവസ്തു വിദഗ്ധനായ ബി ആർ രാഘവ വാര്യർ അത് വായിച്ചിട്ടുണ്ട്. ശബരിമല പ്രക്ഷോഭ കാലത്ത് ഈ വാർത്ത വന്നപ്പോൾ തന്നെ രാഘവ വാര്യരോട് താൻ ഇത് ചോദിച്ചിരുന്നു. അന്ന് തിരുവനന്തപുരത്തെ വട്ടോല എഴുത്ത് വിദഗ്ധന്റെ കാര്യവും സംസാരിച്ചിരുന്നു. എന്നാൽ താൻ പറഞ്ഞിട്ടും ആ രേഖയിലെ സത്യം പുറത്തു പറയാൻ രാഘവവാര്യർ തയ്യാറായില്ലെന്ന് ശശിഭൂഷൺ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP