Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഷക്കീലയോട് ശരീരം വിറ്റിട്ടുണ്ടോ എന്നു ചോദിച്ച അരുൺ കുമാർ; സന്തോഷ് ജോർജ് കുളങ്ങര ഭാര്യയ്ക്കു പകരം മറ്റാരെയെങ്കിലും വിദേശയാത്രകളിൽ കൊണ്ടുപോകുന്നുണ്ടോ എന്ന് പരിശോധിക്കാൻ റിപ്പോർട്ടർമാർ പിന്നാലെയുണ്ടാകും എന്നു പറഞ്ഞ ശ്രീകണ്ഠൻ നായർ; 24ന്യൂസിന്റെ 'അവതാരകർ അതിര് വിടരുത്' ചർച്ചയെ 'അഭിനന്ദിച്ചു' ശ്രീജിത്ത് പണിക്കർ

ഷക്കീലയോട് ശരീരം വിറ്റിട്ടുണ്ടോ എന്നു ചോദിച്ച അരുൺ കുമാർ; സന്തോഷ് ജോർജ് കുളങ്ങര ഭാര്യയ്ക്കു പകരം മറ്റാരെയെങ്കിലും വിദേശയാത്രകളിൽ കൊണ്ടുപോകുന്നുണ്ടോ എന്ന് പരിശോധിക്കാൻ റിപ്പോർട്ടർമാർ പിന്നാലെയുണ്ടാകും എന്നു പറഞ്ഞ ശ്രീകണ്ഠൻ നായർ; 24ന്യൂസിന്റെ 'അവതാരകർ അതിര് വിടരുത്' ചർച്ചയെ 'അഭിനന്ദിച്ചു' ശ്രീജിത്ത് പണിക്കർ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസും 24 ന്യൂസ് ചാനലും തമ്മിലുള്ള ശീതയുദ്ധം മുറുകുമ്പോൾ ഇന്നലെ നിഴൽ യുദ്ധമെന്ന വിധത്തിൽ ഒരു ചാനൽ ചർച്ചയുമായി രംഗത്തുവന്നത് 24 ന്യൂസാണ്. ഇന്നലെ സംഘടിപ്പിച്ച ചർച്ച 'അവതാരകർ അതിര് വിടരുത്' എന്നതായിരുന്നു. ഈ വിഷയം ചർച്ചക്കെടുത്തത് വിനു വി ജോണിന്റെ മുൻ ചർച്ചകളെ ഉന്നം വെച്ചുകൊണ്ടായിരുന്നു. ഈ ചർച്ച സോഷ്യൽ മീഡിയയിലും ഇന്നലെ വിഷയമായി മാറി. ഇതോടെ സൈബർ വിമർശനങ്ങളും സജീവമാകുകയാണ്. അവതാരകർ മാത്രമല്ല, റിപ്പോർട്ടർമാരും അതിരു വിടരുത് എന്നു ചൂണ്ടിക്കാട്ടി ദീപക് ധർമ്മടത്തിന്റെയും സഹിൻ ആന്റണിയുടെയും വിഷയങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു പരിഹാസം.

രണ്ട് പേരും അടുത്തിടെ കേരളം ചർച്ച ചെയ്ത രണ്ട് വിഷയങ്ങളിലെ വിവാദ നായകരായിരുന്നു. അതേസമയം 24 ഇത്തരം ഒരു ചർച്ച സംഘടിപ്പിച്ചത് നന്നായി എന്നു പറഞ്ഞു കൊണ്ട് നിരവധി പേർ സോഷ്യൽ മീഡിയയിലൂടെ രംഗത്തുവന്നു. മുൻപ് ശ്രീകണ്ഠൻ നായർ സന്തോഷ് ജോർജ്ജ് കുളങ്ങരയോട് ചോദ്യം ചോദിച്ചു ഇളിഭ്യനായ വീഡിയോയും ചൂണ്ടിക്കാട്ടിയാണ് നിരവധി പേർ രംഗത്തുവന്നത്. ശ്രീകണ്ഠൻ നായരുടെ ശൈലിയെ വിമർശിച്ചതിനൊപ്പം ജനകീയ കോടതി എന്ന വിധത്തിൽ വിചാരണ പരിപാടി നടത്തിയത് 24 ആയിരുന്നു എന്ന കാര്യവും ഓർമ്മിപ്പിക്കുന്നു നെറ്റിസൺസ്.

ഈ വിഷയത്തിൽ ഫേസ്‌ബുക്ക് പോസ്റ്റുമായി രംഗത്തുവന്നത് നിരീക്ഷകനായ ശ്രീജിത്ത് പണിക്കരാണ്. 24 ന്യൂസിനെ അഭിനന്ദിച്ചു കൊണ്ടു രംഗത്തുവന്ന ശ്രീജിത്ത് ഇത്തരം ആത്മവിമർശനം നല്ലതാണെന്നാണ് പറഞ്ഞത്. ശ്രീജിത്തും പ്രധാനമായും ചൂണ്ടിക്കാട്ടിയത് രണ്ടു കാര്യങ്ങളായിരുന്നു. സന്തോഷ് ജോർജ്ജ് കുളങ്ങരയോട് മുമ്പ് ശ്രീകണ്ഠൻനായർ ചോദിച്ച ചോദ്യവും. ജനകീയ കോടതിയിൽ അരുൺ കുമാർ ഷക്കീലയോട് ശരീരം വിറ്റിട്ടുണ്ടോ എന്ന് അരുൺ കുമാർ ചോദിച്ച കാര്യവുമാണ് ശ്രീജിത്ത് ചൂണ്ടിക്കാട്ടിയത്.

ശ്രീജിത്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:

24ന്യൂസ് എന്ന മാധ്യമസ്ഥാപനത്തെ ഹൃദയം തൊട്ട് അഭിനന്ദിക്കുകയാണ്. ഇന്നലെ അവർ നടത്തിയ സംവാദ വിഷയം ''അവതാരകർ അതിര് വിടരുത്'' എന്നതായിരുന്നു. ശരിയായ അർത്ഥത്തിൽ ആത്മവിമർശനം. എനിക്കും പലപ്പോഴും തോന്നിയിട്ടുണ്ട് 24ന്യൂസിലെ ചില അവതാരകർ അതിര് വിടുന്നുണ്ടോ എന്ന്.

ഉദാഹരണത്തിന്, ഒരിക്കൽ ശ്രീമാൻ ശ്രീകണ്ഠൻ നായർ സെർ ഒരു അഭിമുഖത്തിൽ സന്തോഷ് ജോർജ് കുളങ്ങരയോട് പറഞ്ഞത് അദ്ദേഹത്തിന്റെ വിദേശയാത്രകളിൽ ഭാര്യയ്ക്കു പകരം മറ്റാരെയെങ്കിലും കൊണ്ടുപോകുന്നുണ്ടോ എന്ന് പരിശോധിക്കാൻ ചാനൽ റിപ്പോർട്ടർമാർ പിന്നാലെയുണ്ടാകും എന്നാണ്. തന്റെ ചാനലിലെ ഒരു റിപ്പോർട്ടറുടെ ഭാര്യക്കെതിരെ ഉണ്ടായ മോശം പരാമർശം അവർക്കുണ്ടാക്കിയ മാനസിക ആഘാതത്തെക്കുറിച്ച് പ്രേക്ഷകരോട് അടുത്തിടെ വിശദീകരിച്ച ആളാണ് അദ്ദേഹം. അങ്ങനെയുള്ള നായർ സെർ തന്റെ പരാമർശങ്ങൾ തന്റെ അതിഥികളുടെ കുടുംബങ്ങളിലെ സ്ത്രീകൾക്ക് മാനസിക ആഘാതം ഉണ്ടാക്കാനുള്ള സാധ്യതയെ കുറിച്ചുകൂടി ബോധവാനാകണമെന്ന് അപേക്ഷിക്കുന്നു.

മറ്റൊരിക്കൽ, അവതാരകൻ അരുൺ കുമാർ ഒരു അഭിമുഖത്തിൽ ഷക്കീലയോട് ചോദിച്ചത് പണത്തിനു വേണ്ടി സ്വന്തം ശരീരം വിറ്റിട്ടുണ്ടോ, ഉണ്ടെങ്കിൽ എത്രതവണ എന്നൊക്കെയാണ്. ഒരു സ്ത്രീയോടും ചോദിക്കാൻ പാടില്ലാത്ത ചോദ്യങ്ങളാണ്. ഷക്കീല ഒരു അഭിനേത്രിയാണ്. മറ്റേതെങ്കിലും അഭിനേത്രിയോട് ഇതേ ചോദ്യം അവതാരകൻ ചോദിച്ചിട്ടുണ്ടോ? തന്റെ അതിഥി മോശമാണെന്ന മുൻധാരണയിൽ നിന്നാണ് ഇത്തരം ചോദ്യങ്ങൾ ഉണ്ടാകുന്നതെന്നാണ് എന്റെ തോന്നൽ. ബുദ്ധിമുട്ടുണ്ടാക്കുന്ന ചോദ്യമാണെന്ന ആമുഖത്തോടെയുള്ള ആ ചോദ്യങ്ങൾ സ്ത്രീത്വത്തിന് എതിരായതിനാൽ ഒഴിവാക്കേണ്ടതായിരുന്നു എന്നാണ് എന്റെ പക്ഷം.

വൈകിയെങ്കിലും ആത്മവിമർശനത്തിനു മുതിർന്ന 24ന്യൂസിന് അഭിനന്ദനങ്ങൾ. ഇന്നുരാത്രി 'റിപ്പോർട്ടർമാർ അതിര് വിടരുത്'' എന്ന വിഷയം കൂടി ചർച്ച ചെയ്യണം എന്ന് താല്പര്യപ്പെടുന്നു. തേങ്‌സ്

'അവതാരകർ അതിരുവിടരുത്' എന്ന തലക്കെട്ടിലുള്ള ചർച്ചയിൽ അവതാരകൻ കെ ആർ ഗോപീകൃഷ്ണനൊപ്പം സിപിഎം നേതാവ് എം.സ്വരാജ്, അലക്‌സാണ്ടർ ജേക്കബ്, പി.ഡി.ടി ആചാരി, ജാൻസി ജെയിംസ്, പ്രേംകുമാർ എന്നിവരായിരുന്നു പാനലിൽ. ചർച്ചയിൽ ചില അവതാരകർ ജഡ്ജിമാരെ പോലെ പെരുമാറുന്നു എന്ന വിമർശനമാണ് എം സ്വരാജ് ഉന്നയിച്ചത്. സൗമ്യമായി പെരുമാറണമെന്ന് ജാൻസി ജെയിംസ് അടക്കമുള്ളവരും ചൂണ്ടിക്കാട്ടി.

യുപിയിലെ ലഖിംപൂരിൽ സമരം ചെയ്ത കർഷകർക്ക് നേരെ കേന്ദ്രമന്ത്രിയുടെ മകൻ വാഹമനോടിച്ച് കയറ്റിയതും കർഷക സമരത്തിനെതിരെയുള്ള പൊലീസ് നരനായാട്ടും ചർച്ച ചെയ്യാതെ മോൻസന്റെ കയ്യിലെ ചെമ്പോലയെക്കുറിച്ച് ഏഷ്യാനെറ്റ് ന്യൂസ് ചർച്ച ചെയ്തതിനെ വിമർശിച്ച് മുതിർന്ന മാധ്യമപ്രവർത്തകനും മീഡിയ വൺ എഡിറ്ററുമായ പ്രമോദ് രാമൻ ഫേസ്‌ബുക്ക് കുറിപ്പെഴുതിയിരുന്നു. പ്രമോദ് രാമനെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന രീതിയിലായിരുന്നു വിനു വി ജോണിന്റെ മറുപടി. ഈ വിഷയം അടക്കമാണ് ഇന്നലെ അവതാരകരെ കുറിച്ചുള്ള ചർച്ചക്ക് ഇടയാക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP