Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കേരളത്തിൽ എത്ര കോൺഗ്രസുകാരുണ്ട്? സെമി കേഡർ സംവിധാനത്തിലേക്കു മാറുന്നതിന്റെ ഭാഗമായി കെപിസിസി കോൺഗ്രസ് ജനസംഖ്യാ രജിസ്റ്റർ തയാറാക്കുന്നു; കോൺഗ്രസ് വീടുകൾ, കോൺഗ്രസ് സൗഹൃദ വീടുകൾ എന്നിങ്ങനെ തരംതിരിച്ചു സർവേ; ഡിസംബറോടെ രജിസ്റ്റർ

കേരളത്തിൽ എത്ര കോൺഗ്രസുകാരുണ്ട്? സെമി കേഡർ സംവിധാനത്തിലേക്കു മാറുന്നതിന്റെ ഭാഗമായി കെപിസിസി കോൺഗ്രസ് ജനസംഖ്യാ രജിസ്റ്റർ തയാറാക്കുന്നു; കോൺഗ്രസ് വീടുകൾ, കോൺഗ്രസ് സൗഹൃദ വീടുകൾ എന്നിങ്ങനെ തരംതിരിച്ചു സർവേ; ഡിസംബറോടെ രജിസ്റ്റർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കോൺഗ്രസിനെ പോലെ കുത്തഴിഞ്ഞ സംവിധാനമുള്ള ഒരു രാഷ്ട്രീയപാർട്ടി വേറെ കാണില്ല. ഈ പാർട്ടിയെ സെമി കേഡർ ശൈലിയിൽ കൊണ്ടുവരിക എന്ന ഉത്തരവാദിത്തമാണ് കെപിസിസി അധ്യക്ഷൻ കെ സുധാകരനിൽ നിക്ഷിപ്തമായിരിക്കുന്നത്. പാർട്ടിയിൽ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ പൊളിച്ചെഴുത്തലുകൾ നടന്നു വരികയാണ്. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് എത്ര കോൺഗ്രസുകാരുണ്ട് എന്ന കണക്കെടുക്കുകയാണ് പാർട്ടി.

സെമി കേഡർ സംവിധാനത്തിലേക്കു മാറുന്നതിന്റെ ഭാഗമായാ കെപിസിസി കോൺഗ്രസ് ജനസംഖ്യാ രജിസ്റ്റർ തയാറാക്കുന്നത്. സംസ്ഥാനത്തെ മുഴുവൻ കോൺഗ്രസ് പ്രവർത്തകരുടെയും വിവരങ്ങൾ അടങ്ങുന്നതാകും രജിസ്റ്റർ. പാർട്ടിയുടെ പുതിയ അടിസ്ഥാന ഘടകമായ യൂണിറ്റ് കമ്മിറ്റി (സിയുസി) രൂപീകരണത്തിനു മുന്നോടിയായി ഡിസിസികൾ വീടുകൾ കയറി സർവേ നടത്തുന്നുണ്ട്. ഇതിൽ നിന്നാണു രജിസ്റ്ററിനുള്ള വിവരങ്ങൾ ശേഖരിക്കുന്നത്. ഇവ ഡിജിറ്റൈസ് ചെയ്യും.

കോൺഗ്രസ് വീടുകൾ, കോൺഗ്രസ് സൗഹൃദ വീടുകൾ എന്ന രീതിയിലാണ് പാർട്ടി അനുകൂല വീടുകൾ തരംതിരിക്കുന്നത്. മുഴുവൻ അംഗങ്ങളും പാർട്ടി അനുഭാവികളോ പ്രവർത്തകരോ ആയ വീടുകളാണു കോൺഗ്രസ് വീടുകൾ. വീട്ടിലെ ഒരംഗമെങ്കിലും പാർട്ടി അനുഭാവിയെങ്കിൽ കോൺഗ്രസ് സൗഹൃദ വീട്. ഡിസംബറോടെ രജിസ്റ്റർ തയാറാകുമെന്നാണു പ്രതീക്ഷ.

നേരത്തെ ഡിസിസി അധ്യക്ഷന്മാരെ നിയമിച്ചതിന് പിന്നാലെ ഓരോ ശൈലിയിലാണ് കോൺഗ്രസ് പ്രവർത്തനം നടത്തി വരുന്നത്. ഡിസിസി പ്രസിഡന്റുമാർക്ക് 6 മാസം പ്രബേഷൻനാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഡിസിസി യോഗത്തിനെത്താത്തവർക്കു കാരണം കാണിക്കൽ നോട്ടിസ്. പ്രവർത്തകർക്കു പരിചയമില്ലാത്ത അച്ചടക്കത്തിന്റെ പുതുവഴികളിലൂടെ നടക്കാനുള്ള ശ്രമത്തിലാണ് കോൺഗ്രസ്. പുതിയ കെപിസിസി നേതൃത്വം സംസ്ഥാനത്ത് 3 സർവേകൾ നടത്തിയ ശേഷമാണ് മാർഗരേഖ തയാറാക്കിയത്.

നെയ്യാറിൽ നടന്ന ഡിസിസി പ്രസിഡന്റുമാരുടെ ക്യാംപിലാണ് ആറു മാസം പ്രബേഷൻ കാലം സംസ്ഥാന കോൺഗ്രസ് നേതൃത്വം പ്രഖ്യാപിച്ചത്. ആറു മാസത്തെ പ്രവർത്തനം വിലയിരുത്തിയാകും പുതിയ ഡിസിസി പ്രസിഡന്റുമാർ തുടരണോ എന്നു പാർട്ടി തീരുമാനിക്കുക. പിന്നീട് കോഴിക്കോട് നടന്ന ഡിസിസി നേതൃയോഗത്തിൽ കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ ആ തീരുമാനം പരസ്യമാക്കി. 'മികച്ച പ്രവർത്തനം നടത്താത്ത ഡിസിസി പ്രസിഡന്റുമാരെ ആറു മാസം കഴിഞ്ഞാൽ മാറ്റും. നിഷ്‌ക്രിയനായ ഒരു ഡിസിസി പ്രസിഡന്റ് ആറു മാസത്തിനപ്പുറം ആ സ്ഥാനത്തു തുടരില്ല' എന്നു സുധാകരൻ പ്രഖ്യാപിച്ചു. ഇത് എല്ലാ ഘടകങ്ങളിലും ബാധകമാണ് എന്നും എല്ലാ ഭാരവാഹികളുടെയും പ്രവർത്തനം വിലയിരുത്താൻ സമിതികളുണ്ടാവുമെന്നും സുധാകരൻ പറഞ്ഞു. പണിയെടുക്കാതെ ഭാരവാഹിത്വം അലങ്കാരമായി കൊണ്ടുനടക്കുന്നവർ ഇനി വേണ്ടെന്നാണ് നേതൃത്വത്തിന്റെ തീരുമാനം.

കോൺഗ്രസ് യോഗങ്ങളിൽ ഹാജർ നിർബന്ധമാക്കാനും തീരുമാനമെടുത്തു. ഇതിനു പിന്നാലെ കോഴിക്കോട് ചേർന്ന പോഷകസംഘടനാ ജില്ലാ ഭാരവാഹികളുടെ യോഗത്തിൽ പങ്കെടുക്കാത്തവർക്കു ഡിസിസി നേതൃത്വം കാരണം കാണിക്കൽ നോട്ടിസ് അയച്ചു. പാർട്ടിയുടെയും പോഷക സംഘടനകളുടെയും എല്ലാ യോഗങ്ങളിലും ഹാജർ നിർബന്ധമാക്കാനും തുടർച്ചയായി വിട്ടുനിൽക്കുന്നവരെ സ്ഥാനങ്ങളിൽനിന്നു നീക്കാനും നേതൃത്വം കർശന നിർദ്ദേശം നൽകി. പോഷക സംഘടനകളുടെ ഓരോ മാസത്തെയും പ്രവർത്തന റിപ്പോർട്ട് ഡിസിസിക്കു സമർപ്പിക്കണം. ഇതിൽ ഓരോ ഭാരവാഹിയുടെയും പ്രവർത്തനങ്ങൾ സൂചിപ്പിക്കണം.

സദസ്സിലേക്കാൾ ആളുകൾ വേദിയിൽ നിറയുന്ന കോൺഗ്രസ് പരിപാടികൾ ഇനി ഉണ്ടാകരുത് എന്നാണ് സംസ്ഥാന നേതൃത്വം നൽകിയ നിർദ്ദേശം. നേതൃയോഗങ്ങളുടെ സദസ്സിലും ഭാരവാഹികൾ അല്ലാത്തവർ വേണ്ട; ഭാരവാഹികൾ നിർബന്ധമായും ഉണ്ടാവുകയും വേണം. കഴിഞ്ഞ ദിവസം കോഴിക്കോട് കെപിസിസി പ്രസിഡന്റ് ഉദ്ഘാടനം ചെയ്ത ഡിസിസി നേതൃയോഗം ഈ മാറ്റങ്ങൾക്കു തുടക്കമിട്ടു. വേദിയിൽ കെപിസിസി പ്രസിഡന്റ് ഉൾപ്പെടെ 12 പേർ മാത്രം. കെപിസിസി സെക്രട്ടറിമാർക്കു വരെ സദസ്സിലായിരുന്നു സ്ഥാനം.

സദസ്സിലെ കസേരകളിൽ സംസ്ഥാന ഭാരവാഹികളുടെ പേരും മറ്റുള്ളവരുടെ ക്രമനമ്പരും രേഖപ്പെടുത്തിയിരുന്നു. കെപിസിസി, ഡിസിസി ഭാരവാഹികൾ, ബ്ലോക്ക്, മണ്ഡലം പ്രസിഡന്റുമാർ, പോഷകസംഘടനാ ജില്ലാ പ്രസിഡന്റുമാർ എന്നിവരാണു യോഗത്തിൽ പങ്കെടുത്തത്. ഇവരുടെ പേരും ക്രമനമ്പറും രേഖപ്പെടുത്തിയ പട്ടിക റജിസ്‌ട്രേഷൻ കൗണ്ടറിലുണ്ടായിരുന്നു. രജിസ്റ്റർ ചെയ്യുമ്പോൾ ക്രമനമ്പർ അറിയിക്കും. യോഗത്തിൽ പങ്കെടുക്കാത്ത ഭാരവാഹികളുടെ ക്രമനമ്പർ രേഖപ്പെടുത്തിയ കസേരകൾ ഒഴിഞ്ഞുകിടന്നു. പങ്കെടുക്കേണ്ട 293 പേരിൽ 26 പേർ എത്തിയില്ല. ഇതിൽ 12 പേർ അവധിക്ക് അപേക്ഷിച്ചിരുന്നു. മറ്റുള്ളവർക്കു കാരണം കാണിക്കൽ നോട്ടിസ് അയയ്ക്കും. മറുപടി തൃപ്തികരമല്ലെങ്കിൽ നടപടിയെടുക്കും.

പരിപാടികൾക്ക് സ്വന്തം പേരിൽ അഭിവാദ്യം അർപ്പിച്ചുള്ള ഫ്‌ളെക്‌സുകൾ നേതാക്കൾ വയ്ക്കരുത് എന്നു കർശന നിർദേശമുണ്ട്. സ്വന്തം ഫ്‌ളെക്‌സ് സ്ഥാപിച്ചല്ല നേതാവാകേണ്ടത് എന്നു ജില്ലാ നേതൃയോഗങ്ങളിൽ സുധാകരൻ ഭാരവാഹികളെ ഓർമിപ്പിക്കുന്നു. ബൂത്ത് കമ്മിറ്റികളുടെ കീഴിൽ പുതുതായി രൂപീകരിക്കുന്ന കോൺഗ്രസ് യൂണിറ്റ് കമ്മിറ്റികളുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ടു തയാറാക്കുന്ന പ്രചാരണ ബോർഡുകളിൽ മഹാത്മാ ഗാന്ധിയുടെ ചിത്രം മാത്രം മതിയെന്നാണു നിർദ്ദേശം.

സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികവുമായി ബന്ധപ്പെട്ടുള്ള പരിപാടികളുടെ ബോർഡുകളിലും സ്വാതന്ത്ര്യസമര സേനാനികളുടെ ചിത്രം മാത്രം മതിയെന്നാണു നിർദ്ദേശം. ഒരു വർഷം നീളുന്ന പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനത്തിനു വേണ്ടി തയാറാക്കിയ പോസ്റ്ററുകളിൽ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട ചിത്രങ്ങളാണ് ഉള്ളത്. പാർട്ടി പരിപാടികളുമായി ബന്ധപ്പെട്ടു പ്രാദേശിക കമ്മിറ്റികൾ തയാറാക്കുന്ന പ്രചാരണ ബോർഡുകളിൽനിന്ന് നേതാക്കളുടെ ചിത്രങ്ങൾ പരമാവധി ഒഴിവാക്കണമെന്നു ഡിസിസി പ്രസിഡന്റുമാരുടെ പരിശീലന ക്യാംപിൽ കെപിസിസി നേതൃത്വം നിർദ്ദേശം നൽകിയിരുന്നു.

പാർട്ടി ഭരിക്കുന്ന സഹകരണ സ്ഥാപനങ്ങളിലെ നിയമനങ്ങൾ പാർട്ടി നേതൃത്വം തീരുമാനിക്കും. സഹകരണ മേഖല നിയന്ത്രിക്കാൻ അഞ്ചംഗ സമിതിയെ നിയമിക്കും. പാർട്ടിക്കു വഴങ്ങാത്ത സഹകാരികളെ വച്ചുപൊറുപ്പിക്കില്ലെന്നു സുധാകരൻ പരസ്യമായി പ്രഖ്യാപിച്ചു. 40 വർഷത്തോളമായി ഒരു വ്യക്തി തന്നെ പ്രസിഡന്റായിരിക്കുന്ന സഹകരണ സ്ഥാപനങ്ങളുണ്ട് എന്നു സുധാകരൻ പറയുന്നു. ഇനി ഇത് അനുവദിക്കില്ല.

പാർട്ടി ഭരിക്കുന്ന സഹകരണ സ്ഥാപനങ്ങളിൽ പാർട്ടിക്കുവേണ്ടി കഷ്ടപ്പെടുന്ന പ്രവർത്തകർക്കു ജോലി നൽകണം. തദ്ദേശ സ്ഥാപനങ്ങൾക്കായും പ്രത്യേക സമിതിയെ നിയോഗിക്കും. തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് ഏകോപനവും സ്ഥാനാർത്ഥി നിർണയവും മുതൽ ഭരണസമിതിയുടെ പ്രവർത്തനം വരെ ഈ സമിതി നിയന്ത്രിക്കും. പാർട്ടി അച്ചടക്കം സംബന്ധിച്ച പരാതികൾക്കായി കൺട്രോൾ കമ്മിഷൻ ഉണ്ടാവും.

പാർട്ടി ഫണ്ടിനായി എംപിമാർ, എംഎൽഎമാർ, തദ്ദേശ സ്ഥാപനങ്ങളിലെയും സഹകരണ സ്ഥാപനങ്ങളിലെയും ഭരണസമിതി അംഗങ്ങൾ എന്നിവർ ലെവി നൽകണം. ജോലിയുള്ളവരിൽനിന്നു ലെവി പിരിക്കാം എന്ന നിർദ്ദേശം പരിഗണനയിലുണ്ട്. കോൺഗ്രസ് യൂണിറ്റ് കമ്മിറ്റികളിൽ വഴിയുള്ള ഫണ്ട് സമാഹരണവും ലക്ഷ്യമിടുന്നു. പരിശീലനം ലഭിച്ച മുഴുവൻ സമയ പ്രവർത്തകർക്കു വേതനം നൽകണമെന്നും നിർദേശമുണ്ട്.

പ്രവർത്തകർ പരസ്യ മദ്യപാനത്തിൽനിന്നു വിട്ടുനിൽക്കണം എന്നാണു നിർദ്ദേശം. ഇതു ലംഘിക്കുന്നവരെ ഭാരവാഹിത്വത്തിൽനിന്ന് ഒഴിവാക്കും. ചീട്ടുകളി, ചൂതാട്ടം എന്നിവ നടക്കുന്ന കേന്ദ്രങ്ങളിലെ സന്ദർശനം ഒഴിവാക്കണം. മറ്റു പാർട്ടികളിൽ ഉള്ളവരുമായി സൗഹൃദമുണ്ടാവുന്നതിൽ തെറ്റില്ല. പക്ഷേ അതു സ്വന്തം പാർട്ടിയുടെ വളർച്ചയ്ക്കു തടസ്സമാണെങ്കിൽ ഒഴിവാക്കണം. ഭീഷണിപ്പെടുത്തിയുള്ള പിരിവ്, വ്യക്തിപരമായ പിരിവ് എന്നിവ പാടില്ല.

ബൂത്ത് കമ്മിറ്റികൾക്കു കീഴിൽ രൂപീകരിക്കുന്ന യൂണിറ്റ് കമ്മിറ്റികളാകും (കോൺഗ്രസ് യൂണിറ്റ് കമ്മിറ്റിസിയുസി) ഇനി കോൺഗ്രസിലെ ഏറ്റവും താഴേത്തട്ടിലുള്ള ഘടകം. 14 ജില്ലകളിലെ തിരഞ്ഞെടുത്ത പഞ്ചായത്തുകളിൽ യൂണിറ്റ് കമ്മിറ്റികൾക്ക് ഗാന്ധിജയന്തി ദിനത്തിൽ തുടക്കമായിരുന്നു. 15 മുതൽ 20 വരെ വീടുകൾക്ക് ഒരു കോൺഗ്രസ് യൂണിറ്റ് എന്ന രീതിയിലാണ് കമ്മിറ്റികൾ രൂപീകരിക്കുന്നത്. ഇതിനു മുന്നോടിയായി മാതൃകാ പഞ്ചായത്തുകളിലെ ഓരോ ബൂത്ത് പരിധിയിലെയും കോൺഗ്രസ് കുടുംബങ്ങളുടെ വിവരങ്ങൾ ശേഖരിക്കാനുള്ള സർവേ നടത്തി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP