Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പാൻഡോറയിൽ കുടുങ്ങി കൂടുതൽ ഇന്ത്യക്കാർ; പാപ്പർ ഹർജി നൽകിയ പ്രമോദ് മിത്തലിന് വിദേശത്ത് കോടികളുടെ നിക്ഷേപം; മുൻ മിലിറ്ററി ഇന്റലിജൻസ് മേധാവിയും കള്ളപ്പണക്കാരുടെ കൂട്ടത്തിൽ: രഹസ്യ സമ്പാദ്യക്കാർക്ക് ഏറ്റവും പ്രിയം ലണ്ടൻ നഗരത്തോട്

പാൻഡോറയിൽ കുടുങ്ങി കൂടുതൽ ഇന്ത്യക്കാർ; പാപ്പർ ഹർജി നൽകിയ പ്രമോദ് മിത്തലിന് വിദേശത്ത് കോടികളുടെ നിക്ഷേപം; മുൻ മിലിറ്ററി ഇന്റലിജൻസ് മേധാവിയും കള്ളപ്പണക്കാരുടെ കൂട്ടത്തിൽ: രഹസ്യ സമ്പാദ്യക്കാർക്ക് ഏറ്റവും പ്രിയം ലണ്ടൻ നഗരത്തോട്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: പാൻഡോറ രേഖകളിൽ കുടുങ്ങി കൂടുതൽ ഇന്ത്യക്കാരുടെ കള്ളപ്പണ രേഖകൾ പുറത്ത്. മുൻ മിലിറ്ററി ഇന്റലിജൻസ് മേധാവിയുടെ പേരും പ്രമുഖ ഉരുക്കു വ്യവസായി ലക്ഷ്മി മിത്തലിന്റെ സഹോദരന്റെ പേരും പുതിയ ലിസ്റ്റിൽ പെടുന്നു. കടലാസുകമ്പനികളുടെ പേരിൽ കോടികളുടെ നിക്ഷേപമാണ് ആഫ്രിക്കൻ രാജ്യങ്ങളിൽ മുതൽ യൂറോപ്യൻ രാജ്യങ്ങളിലും ഇന്ത്യക്കാർക്കുള്ളത്. മുൻ മിലിറ്ററി ഇന്റലിജൻസ് മേധാവി റിട്ട.ലഫ്.ജനറൽ രാകേഷ് ലൂംബയും മകൻ രാഹുലും കിഴക്കൻ ആഫ്രിക്കൻ രാജ്യമായ സെയ്ഷൽസിൽ നിക്ഷേപത്തിനായി 2016 ൽ രാരിന്ത് പാർട്‌ണേഴ്‌സ് എന്ന കമ്പനി തുടങ്ങിയതായാണ് രേഖകൾ ചൂണ്ടിക്കാട്ടുന്നത്. 2010 ൽ വിരമിക്കുമ്പോൾ രാകേഷ് ലൂംബ മിലിറ്ററി ഇന്റലിജൻസ് മേധാവിയായിരുന്നു.

പ്രമുഖ ഉരുക്കു വ്യവസായി ലക്ഷ്മി മിത്തലിന്റെ സഹോദരനും വ്യവസായിയുമായ പ്രമോദ് മിത്തലിന് വിദേശത്ത് കോടികളുടെ നിക്ഷേപമാണുള്ളതെന്ന് റിപ്പോർട്ടിൽ പറയുന്നു. അതേസമയം താൻ കടക്കാരനാണെന്നായിരുന്നു പ്രമോദിന്റെ പുറംമൂടി. യുകെയിൽ പാപ്പർ ഹർജി നൽകുകയും ചെയ്തിരുന്നു ഇയാൾ. തട്ടിപ്പ്, അധികാര ദുരുപയോഗം എന്നീ കുറ്റങ്ങൾക്ക് 2019ൽ ബോസ്‌നിയ പൊലീസ് പ്രമോദിനെ അറസ്റ്റ് ചെയ്തിരുന്നു.

ഇന്ത്യൻ നിർമ്മിത വിദേശമദ്യ കമ്പനിയായ റാഡികോ ഖയ്ത്താന്റെ ഉടമകൾക്ക് ഓഫ്‌ഷോർ കമ്പനികളിൽ നിക്ഷേപമുണ്ടെന്നും രേഖകൾ പറയുന്നു. ഡൽഹിയിലെ സീതാറാം ഭാർടിയ ആശുപത്രി നടത്തുന്ന കുടുംബത്തിനു കെയ്മാൻ ദ്വീപിൽ 3.5 കോടി ഡോളറിന്റെ നിക്ഷേപമുണ്ട്. ഇന്റർനാഷനൽ കൺസോർഷ്യം ഫോർ ഇൻവെസ്റ്റിഗേറ്റീവ് ജേണലിസ്റ്റ്‌സാണ് ഒരു വർഷം നീണ്ട അന്വേഷണം നടത്തിയത്. അതേസമയം വരും ദിവസങ്ങളിൽ കൂടുതൽ ഇന്ത്യക്കാരുടെ വിവരങ്ങൾ പുറത്തുവരുമെന്നാണ് റിപ്പോർട്ട്.

പാൻഡോറയിൽ ഇന്ത്യക്കാരടക്കം ലോകത്തെ നിരവധി പ്രമുഖരുടെ കള്ളപ്പണത്തിന്റെ ഉറവിടം പുറത്തു വരുമ്പോൾ രഹസ്യ സമ്പാദ്യക്കാരുടെ ഏറ്റവും പ്രിയപ്പെട്ട നഗരം ലണ്ടനാണ്. ഇന്ത്യക്കാർക്കും മറ്റ് വിദേശ പ്രമുഖർക്കും ലണ്ടനിൽ വൻ തോതിലാണ് കള്ളപ്പണ നിക്ഷേപമുള്ളത്. ജോർദാനിലെ അബ്ദുല്ല രണ്ടാമൻ രാജാവിനും അസർബൈജാൻ പ്രസിഡന്റ് ഇൽഹാം അലിയേവിനും പാക്കിസ്ഥാനിലെ ചില മന്ത്രിമാർക്കും വൻതോതിൽ രഹസ്യസമ്പാദ്യങ്ങളുള്ളതു ലണ്ടനിലാണെന്നാണു പാൻഡോറ രേഖകൾ വ്യക്തമാക്കുന്നത്.

അതേസമയം കള്ളപ്പണത്തിന്റെ രേഖകളടക്കം പുറത്ത് വന്നതോടെ ഒന്നും ഒളിക്കാനില്ലെന്നു വ്യക്തമാക്കിയ ജോർദാൻ രാജാവ് സകലതും നിഷേധിച്ചു. ജോർദാന്റെ സാമ്പത്തികനില പരുങ്ങലിലാണെന്നു പറഞ്ഞു ലോകബാങ്കിനോട് അബ്ദുല്ല രണ്ടാമൻ ധനസഹായം ചോദിച്ചതിനു പിന്നാലെയാണ് യുഎസിലും ബ്രിട്ടനിലുമായി 10 കോടി ഡോളറിന്റെ ആഡംബരവസതികൾ അദ്ദേഹം സ്വന്തമാക്കിയെന്നതിന്റെ രേഖകൾ പുറത്തുവന്നത്. ബ്രിട്ടിഷ് നിയമപ്രകാരം ഇത്തരം ഇടപാടുകൾ അനധികൃതമല്ല.

വിശ്വസ്തരുടെ രഹസ്യ ഇടപാടുകളെപ്പറ്റി അന്വേഷണം നടത്തി നടപടിയെടുക്കുമെന്നു പാക്ക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അറിയിച്ചു. എന്നാൽ, അസർബൈജാൻ പ്രസിഡന്റ് ഇതുവരെ പ്രതികരിച്ചിട്ടില്ല. പാൻഡോറ വെളിപ്പെടുത്തലുകളിൽ നികുതിവകുപ്പ് അധികൃതർ അന്വേഷണം നടത്തുമെന്നു ബ്രിട്ടിഷ് ധനമന്ത്രി ഋഷി സുനുക് പറഞ്ഞു. പുതിയ നിയമനിർമ്മാണത്തിനു ശുപാർശ നൽകുമെന്ന് യൂറോപ്യൻ കമ്മിഷൻ അറിയിച്ചു. വിശദാംശങ്ങൾ പഠിക്കുകയാണെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്‌മെന്റ് വ്യക്തമാക്കി.

ഇംഗ്ലണ്ടിലും വെയിൽസിലുമായി 87,000 വസ്തുവകകളുടെ ഉടമസ്ഥാവകാശം കടലാസുകമ്പനികളുടെ ഇടപാടുകാർക്കാണെന്ന് ഗ്ലോബൽ വിറ്റ്‌നസ് എന്ന സംഘടന കണ്ടെത്തിയിരുന്നു. അജ്ഞാതരായ ഉടമകളുള്ള ഇത്തരം വസ്തുവകകളിൽ 40 ശതമാനവും ലണ്ടനിലാണ്. ഇവയ്‌ക്കെല്ലാം കൂടി ആകെ 10,000 കോടി പൗണ്ട് വിലമതിക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP