Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

രാജസ്ഥാനെ എറിഞ്ഞിട്ട് കോൾട്ടർനൈലും നിഷാമും; അർദ്ധ സെഞ്ചുറിയിലൂടെ 'തിരിച്ചുവരവ്' ആഘോഷിച്ച് ഇഷാൻ കിഷൻ; 91 റൺസ് വിജയലക്ഷ്യം മുംബൈ മറികടന്നത് 70 പന്തുകൾ ബാക്കിവച്ച്; എട്ട് വിക്കറ്റ് ജയവുമായി പ്ലേ ഓഫ് സാധ്യത നിലനിർത്തി

രാജസ്ഥാനെ എറിഞ്ഞിട്ട് കോൾട്ടർനൈലും നിഷാമും; അർദ്ധ സെഞ്ചുറിയിലൂടെ 'തിരിച്ചുവരവ്' ആഘോഷിച്ച് ഇഷാൻ കിഷൻ; 91 റൺസ് വിജയലക്ഷ്യം മുംബൈ മറികടന്നത് 70 പന്തുകൾ ബാക്കിവച്ച്; എട്ട് വിക്കറ്റ് ജയവുമായി പ്ലേ ഓഫ് സാധ്യത നിലനിർത്തി

സ്പോർട്സ് ഡെസ്ക്

ഷാർജ: ഐ.പി.എല്ലിലെ ജീവന്മരണ പോരാട്ടത്തിൽ രാജസ്ഥാൻ റോയൽസിനെ എട്ട് വിക്കറ്റിന് തകർത്ത് പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്തി മുംബൈ ഇന്ത്യൻസ്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ ഉയർത്തിയ 91 റൺസ് വിജയലക്ഷ്യം 8.2 ഓവറിൽ വെറും രണ്ടു വിക്കറ്റുകൾ മാത്രം നഷ്ടപ്പെടുത്തി മുംബൈ മറികടന്നു. 25 പന്തിൽ നിന്ന് മൂന്ന് സിക്സും അഞ്ചു ഫോറുമടക്കം 50 റൺസോടെ പുറത്താകാതെ നിന്ന ഓപ്പണർ ഇഷാൻ കിഷനാണ് മുംബൈയെ അനായാസം വിജയത്തിലെത്തിച്ചത്. സ്‌കോർ രാജസ്ഥാന് റോയൽസ് 20 ഓവറിൽ 90-9, മുംബൈ ഇന്ത്യൻസ് 8.2 ഓവറിൽ 94-2.

 

തോൽവിയോടെ രാജസ്ഥാന്റെ പ്ലേ ഓഫ് പ്രതീക്ഷകൾ ഏറെക്കുറെ അസ്തമിച്ചു. ജയത്തോടെ 12 പോയന്റുമായി മുംബൈ അഞ്ചാം സ്ഥാനത്തേക്കുയർന്നു. വമ്പൻ ജയം നേടിയതോടെ നെറ്റ് റൺറേറ്റ് മെച്ചപ്പെടുത്തിയ മുംബൈക്ക് അവസാന മത്സരത്തിൽ സൺറൈസേഴ്‌സ് ഹൈദാരാബാദിനെതിരെയും ജയിക്കാനായാൽ പ്ലേ ഓഫിൽ പ്രതീക്ഷവെക്കാം.

മുസ്തഫിസുർ റഹ്‌മാന്റെ ആദ്യ ഓവറിൽ തന്നെ സിക്‌സും ഫോറുമടിച്ച് ക്യാപ്റ്റൻ രോഹിത് ശർമ നല്ല തുടക്കമിട്ടു, ചേതൻ സക്കറിയ എറിഞ്ഞ രണ്ടാം ഓവർ മെയ്ഡനായെങ്കിലും മൂന്നാം ഓവറിൽ ശ്രേയസ് ഗോപാലിനെ സിക്‌സിന് പറത്തി രോഹിത് വെടിക്കെട്ട് തുടർന്നു. നാലാം ഓവറിൽ രോഹിത് 13 പന്തിൽ 22 റൺസുമായി മടങ്ങിയെങ്കിലും സൂര്യകുമാർ യാദവ് തുടക്കം മോശമാക്കിയില്ല.ചേതൻ സക്കറിയയെ ബൗണ്ടറിയടിച്ച് തുടങ്ങിയ സൂര്യകുമാർ പവർപ്ലേയിലെ അവസാന ഓവറിൽ മുസ്തഫിസുറിന് മുന്നിൽ വീണു. സൂര്യകുമാർ യാദവ് എട്ടു പന്തിൽ 13 റൺസെടുത്തു. പവർപ്ലേ കഴിഞ്ഞപ്പോഴെ മുംബൈ ലക്ഷ്യത്തിന് തൊട്ടടുത്തെത്തിയിരുന്നു.

ഹർദ്ദിക് പാണ്ഡ്യയെ(5) സാക്ഷി നിർത്തി ചേതൻ സക്കറിയ എറിഞ്ഞ എട്ടാം ഓവറിൽ 24 റൺസടിച്ച് ഇഷാൻ കിഷൻ മുംബൈ ഇന്ത്യൻസ് അതിവേഗം ലക്ഷ്യത്തിലെത്തി.

ഐ.പി.എല്ലിൽ മോശം ബാറ്റിങ് പ്രകടനം പുറത്തെടുത്ത രാജസ്ഥാൻ റോയൽസിന് 20 ഓവറിൽ ഒമ്പതു വിക്കറ്റ് നഷ്ടത്തിൽ നേടാനായത് 90 റൺസ് മാത്രമായിരുന്നു. ഇത്തവണത്തെ സീസണിൽ ഷാർജയിലെ ഏറ്റവും ചെറിയ സ്‌കോറാണിത്. 24 റൺസെടുത്ത എവിൻ ലൂയിസാണ് രാജസ്ഥാന്റെ ടോപ് സ്‌കോറർ. അഞ്ചു പേർ രണ്ടക്കം കാണാതെ പുറത്തായി.

നാലു വിക്കറ്റ് വീഴ്‌ത്തിയ നഥാൻ കോൾട്ടർ നൈലും മൂന്ന് വിക്കറ്റ് വീഴ്‌ത്തിയ ജെയിംസ് നീഷാമുമാണ് രാജസ്ഥാനെ തകർത്തത്. നാല് ഓവറിൽ വെറും 14 റൺസ് മാത്രം വഴങ്ങിയാണ് കോൾട്ടർ നൈൽ നാലു വിക്കറ്റ് വീഴ്‌ത്തിയത്. ബുംറ രണ്ടു വിക്കറ്റെടുത്തു.

എവിൻ ലൂയിസും യശസ്വി ജെയ്സ്വാളും ചേർന്ന് സാമാന്യം ഭേദപ്പെട്ട തുടക്കമാണ് തുടക്കമാണ് രാജസ്ഥാന് നൽകിയത്. എന്നാൽ നാലാം ഓവറിൽ ജെയ്സ്വാൾ പുറത്തായതോടെ തകർച്ച തുടങ്ങി. 12 (9) റൺസെടുത്ത ജെയ്സ്വാളിനെ നഥാൻ കോൾട്ടർ നൈലാണ് മടക്കിയത്. പിന്നാലെ 24 (19) റൺസെടുത്ത എവിൻ ലൂയിസിനെ ബുംറ വിക്കറ്റിന് മുന്നിൽ കുടുക്കി.

ക്യാപ്റ്റൻ സഞ്ജു സാംസണും ഇത്തവണ നിരാശപ്പെടുത്തി. മൂന്ന് റൺസ് മാത്രമെടുത്ത സഞ്ജുവിനെ ജെയിംസ് നീഷാം പുറത്താക്കി. കഴിഞ്ഞ മത്സരത്തിലെ വിജയശിൽപി ശിവം ദുബെയുടെ ഊഴമായിരുന്നു അടുത്തത്. മൂന്ന് റൺസെടുത്ത ദുബെയേയും നീഷാമാണ് മടക്കിയത്. തുടർന്നെത്തിയ ഗ്ലെൻ ഫിലിപ്പിനും പിടിച്ചുനിൽക്കാനായില്ല. നാലു റൺസ് മാത്രമെടുത്ത താരത്തെ കോൾട്ടർ നൈലാണ് മടക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP