Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ലഹരി വസ്തുക്കൾ വാങ്ങാൻ ഡാർക് വെബ് ഉപയോഗപ്പെടുത്തി; ആര്യൻഖാന് ലഹരി മരുന്ന് നൽകിയത് ക്രിപ്‌റ്റോ കറൻസി ഇടപാടിലൂടെ; വാട്‌സ് ആപ്പ് ചാറ്റുകൾ തെളിവായി നിരത്തി എൻസിബി; പ്രതിയായ ശ്രേയസ് നായരെ ഒക്ടോബർ 11 വരെ കസ്റ്റഡിയിൽ വിട്ടു; ലഹരി ഇടപാടിലെ മലയാളി വേരുകൾ തേടി അന്വേഷണ സംഘം

ലഹരി വസ്തുക്കൾ വാങ്ങാൻ ഡാർക് വെബ് ഉപയോഗപ്പെടുത്തി; ആര്യൻഖാന് ലഹരി മരുന്ന് നൽകിയത് ക്രിപ്‌റ്റോ കറൻസി ഇടപാടിലൂടെ; വാട്‌സ് ആപ്പ് ചാറ്റുകൾ തെളിവായി നിരത്തി എൻസിബി; പ്രതിയായ ശ്രേയസ് നായരെ ഒക്ടോബർ 11 വരെ കസ്റ്റഡിയിൽ വിട്ടു; ലഹരി ഇടപാടിലെ മലയാളി വേരുകൾ തേടി അന്വേഷണ സംഘം

ന്യൂസ് ഡെസ്‌ക്‌

മുംബൈ: ബോളിവുഡ് താരം ഷാറുഖ് ഖാന്റെ മകൻ ആര്യൻ ഖാനു ലഹരിമരുന്ന് എത്തിച്ചു നൽകിയതടക്കം മയക്കുമരുന്ന് ശൃംഖലയിലെ മുഖ്യകണ്ണികളിൽ ഒരാളായ മലയാളി ശ്രേയസ് നായരെ എൻസിബി കസ്റ്റഡിയിൽ വിട്ടു. ഒക്ടോബർ 11 വരെയാണ് ശ്രേയസിനെ എൻസിബി കസ്റ്റഡിയിൽ വിട്ടത്. ശ്രേയസ് നായരെ ചോദ്യം ചെയ്തതിൽ നിന്നാണ് ക്രിപ്‌റ്റോ കറൻസി വഴി ലഹരി മരുന്നിനുള്ള പണമിടപാടുകൾ നടന്നതെന്ന വിവരം എൻസിബിസിക്ക് ലഭിച്ചത്. ശ്രേയസ് നായർ ലഹരികടത്തുരംഗത്തെ സജീവസാന്നിദ്ധ്യമാണെന്നാണ് എൻസിബി വ്യക്തമാക്കുന്നത്.

ആഡംബര കപ്പലിലെ ലഹരി മരുന്ന് കേസിൽ അറസ്റ്റിലായ ശ്രേയസ് നായർ മുൻപും പലവട്ടം ആര്യൻഖാന് ലഹരി മരുന്ന് എത്തിച്ച് നൽകിട്ടുണ്ടെന്നാണ് എൻസിബി പറയുന്നത്. ക്രിപ്‌റ്റോ കറൻസി വഴിയാണ് ഇടപാടുകൾ നടന്നത്. വാട്‌സ് ആപ്പ് ചാറ്റുകളാണ് ഇതിനെല്ലാം തെളിവായി അന്വേഷണ ഏജൻസി നിരത്തുന്നത്.

ലഹരി വസ്തുക്കൾ വാങ്ങാൻ ഡാർക് വെബ് ഉപയോഗപ്പെടുത്തിയെന്നും എൻസിബി വൃത്തങ്ങൾ പറയുന്നു.കേസിനാസ്പദമായി ആഡംബര കപ്പൽ യാത്രയിൽ ശ്രേയസും പങ്കെടുക്കേണ്ടതായിരുന്നു. എന്നാൽ പിന്നീട് ചില കാരങ്ങളാൽ പിന്മാറുകയായിരുന്നു. ശ്രേയസ് നായരെ ആര്യൻഖാനൊപ്പമിരുത്തി ചോദ്യം ചെയ്യും.

കപ്പലിൽ നടത്തിയ റെയ്ഡിനിടെ തന്റെ പക്കൽ നിന്ന് ലഹരി വസ്തുക്കളൊന്നും പിടിച്ചില്ലെന്ന് വാദിക്കുമ്പോഴും വാട്‌സ് ആപ്പ് ചാറ്റുകൾ ആര്യൻഖാന് കുരുക്കാവുകയാണ്. 2020 ജൂലെ മുതലുള്ള ചാറ്റുകളാണ് ആദ്യഘട്ടത്തിൽ എൻസിബി പരിശോധിച്ചത്. ശ്രേയസ് സുരേന്ദ്ര നായർ എന്ന 23കാരനിലേക്ക് അന്വേഷണമെത്തിയതും ഈ ചാറ്റുകളിലൂടെയാണ്. പലവട്ടം വലിയ അളവിൽ ശ്രേയസ് ലഹരി വസ്തുക്കൾ എത്തിച്ചിട്ടുണ്ടെന്ന് വ്യക്തമായിട്ടുണ്ട്.

ആര്യൻ ഖാനു പുറമെ ആംഡംബര കപ്പലിൽ യാത്ര ചെയ്ത 25 പേർക്ക് ഇയാൾ ലഹരിമരുന്ന് കൈമാറിയെന്നാണു സൂചന. ഓൺലൈൻ വഴി രഹസ്യമായി ഓർഡർ സ്വീകരിച്ച ശേഷം ക്രിപ്‌റ്റോ കറൻസി വഴിയാണ് പണം വാങ്ങിയത്.

ആര്യനും അർബാസ് മെർച്ചന്റുമായി പരിചയമുള്ള ശ്രേയസ് ഇവർക്കൊപ്പം വിരുന്നുകളിൽ പങ്കെടുക്കാറുള്ള ആളാണ്. ആര്യന്റെയും അർബാസിന്റെയും വാട്‌സാപിൽ നിന്നുള്ള വിവരങ്ങളാണ് ശ്രേയസിലേക്കുള്ള വഴി തുറന്നത്.

അതിനിടെകേസിൽ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സഹായം തേടി. ആഡംബര കപ്പലിലെ ലഹരി പാർട്ടി കേസിൽ മയക്കു മരുന്നുമായി ബന്ധപ്പെട്ട പണം ഇടപാടിനെക്കുറിച്ച് അന്വേഷിക്കുന്നതിനാണ് എൻസിബി, ഇഡിയുടെ സഹായം തേടിയത്. കോർഡേലിയയിൽ നിന്ന് വീണ്ടും മയക്കുമരുന്നു കണ്ടെത്തിയ സാഹചര്യത്തിൽ കപ്പൽ ഉടമയെ വീണ്ടും ചോദ്യം ചെയ്യാൻ എൻസിബി തീരുമാനിച്ചു.

അതേസമയം അർബാസ് മെർച്ചന്റ്ന് ബോളിവുഡിലെ ലഹരി ഇടപാടുകളുമായി നിർണായക ബന്ധമുണ്ടെന്നാണ് എൻസിബിക്ക് ബോധ്യപ്പെട്ടിരിക്കുന്നത്. കസ്റ്റഡിയിൽ ലഭിച്ചതിന് പിന്നാലെ അർബാസിനെ മറ്റൊരു കേന്ദ്രത്തിലേക്കു മാറ്റി തെളിവെടുപ്പ് തുടരുകയാണ്.

ആര്യനും സുഹൃത്തുക്കൾക്കും ലഹരിമരുന്ന് ഇടപാടുകാരുമായി അടുത്ത ബന്ധമുണ്ടെന്ന് എൻസിബി കോടതിയിൽ വ്യക്തമാക്കിയിരുന്നു. മൊബൈൽ ചാറ്റുകൾ, ചിത്രങ്ങൾ, സാമ്പത്തിക ഇടപാടുകൾ എന്നിങ്ങനെ ഒട്ടേറെ രേഖകൾ കണ്ടെത്തിയതായും അവകാശപ്പെട്ടു. കപ്പലിന്റെ ഉടമകൾ, കപ്പൽ ഗോവയ്ക്ക് ചാർട്ടർ ചെയ്‌തെടുത്ത ഡൽഹി ആസ്ഥാനമായ സ്ഥാപനം, ലഹരി വിരുന്ന് സംഘടിപ്പിച്ചവർ തുടങ്ങി കൂടുതൽ പേരിലേക്ക് അന്വേഷണം നീളുകയാണ്.

കപ്പലിലെ ലഹരിവിരുന്നിൽ പങ്കെടുത്ത കേസിൽ ആര്യന്റെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. അറസ്റ്റിലായ എട്ട് പേരെയും വ്യാഴാഴ്ച വരെ എൻസിബി കസ്റ്റഡിയിൽ വിട്ടിരുന്നു. അറസ്റ്റിലായവരുടെ ഫോണുകളിൽ കോഡ് ഭാഷയിലുള്ള ചാറ്റുകളുണ്ടെന്നും വിദേശലഹരിസംഘങ്ങളുമായി ഇവർക്കു ബന്ധമുണ്ടെന്നും അന്വേഷണസംഘം ആരോപിച്ചു. ലഹരിവിരുന്ന് നടന്ന കോർഡിലിയ കപ്പലിൽനിന്ന് എൻസിബി എട്ട് പേരെക്കൂടി കസ്റ്റഡിയിലെടുത്തു.

ആര്യന്റെ പക്കൽനിന്നു ലഹരിമരുന്നു കണ്ടെത്തിയിട്ടില്ലെന്നും സംഘാടകരുടെ ക്ഷണപ്രകാരം കപ്പലിലെ വിരുന്നിനെത്തിയതാണെന്നും അഭിഭാഷകൻ കോടതിയിൽ വാദിച്ചു. ബലിയാട് ആക്കപ്പെടുകയായിരുന്നെന്നും കപ്പൽ അധികൃതരുമായി ബന്ധമില്ലെന്നും അവകാശപ്പെട്ടു. എന്നാൽ, അറസ്റ്റിലാകുമ്പോൾ താരപുത്രൻ ലഹരിമരുന്ന് ഉപയോഗിച്ചിരുന്നതായി എൻസിബി വ്യക്തമാക്കുന്നു. അന്വേഷണം പൂർത്തിയാക്കുക എന്നതാണ് പ്രധാനമെന്നു ചൂണ്ടിക്കാട്ടിയാണ് കോടതി കസ്റ്റഡി നീട്ടിയത്.

അറസ്റ്റിലായ അർബാസ് മെർച്ചന്റിന്റെ പക്കൽനിന്ന് ആറു ഗ്രാം ചരസും മോഡൽ മുൺ മുൺ ധമേച്ഛയുടെ കയ്യിൽ നിന്ന് 5 ഗ്രാം കഞ്ചാവും കണ്ടെടുത്തിട്ടുണ്ട്. ആര്യന്റെ അടുത്ത സുഹൃത്താണ് അർബാസ്. പിടിയിലായ കപ്പൽ യാത്രികരിൽ നൂപുർ സതിജ, ഇസ്മീത് ചന്ദ, മോഹക് ജെയ്‌സ്വാൾ, ഗോമിത് ചോപ്ര, വിക്രാന്ത് ചോക്കർ എന്നിവരിൽ നിന്ന് വിവിധ ലഹരിമരുന്നുകൾ പിടിച്ചെടുത്തതായി അന്വേഷണസംഘം അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP