Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എംഎൽഎ ഹോസ്റ്റലിലെ പീഡന കേസ് വിചാരണയിലേക്ക്; ഡി വൈ എഫ് ഐ മുൻ നേതാവായ പ്രതിയെ ഹാജരാക്കാൻ തിരുവനന്തപുരം കോടതിയുടെ ഉത്തരവ്

എംഎൽഎ ഹോസ്റ്റലിലെ പീഡന കേസ് വിചാരണയിലേക്ക്; ഡി വൈ എഫ് ഐ മുൻ നേതാവായ പ്രതിയെ ഹാജരാക്കാൻ തിരുവനന്തപുരം കോടതിയുടെ ഉത്തരവ്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: തലസ്ഥാനത്തെ നിയമസഭാ സാമാജിക മന്ദിരത്തിലെ എംഎൽഎ യുടെ വാസസ്ഥലത്ത് വച്ച് ഡിവൈഎഫ്‌ഐ ഭാരവാഹിയായ 19 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതിയായ ഡിവൈഎഫ് ഐ മുൻ നേതാവിനെ ഹാജരാക്കാൻ തിരുവനന്തപുരം മൂന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ട് കോടതി ഉത്തരവിട്ടു. പീഡന സമയത്ത് ഡിവൈഎഫ്‌ഐ ഇരിങ്ങാലക്കുട ബ്ലോക്ക് ജോയിന്റ് സെക്രട്ടറിയായിരുന്ന ആർ.എൽ. ജീവൻ ലാൽ ആണ് മാനഭംഗ കേസിലെ പ്രതി. പ്രതി 2022 ഫെബ്രുവരി 3 ന് ഹാജരാകാനാണ് മജിസ്‌ട്രേട്ട് അഭിനിമോൾ രാജേന്ദ്രൻ ഉത്തരവിട്ടത്.

തലസ്ഥാനത്തെ എഞ്ചിനീയറിങ് കോച്ചിങ് സെന്ററിൽ പഠിക്കാൻ പ്രവേശന അനുമതിക്കായി എത്തിയ പെൺകുട്ടിക്കു നേരെ പ്രതി അതിക്രമം കാട്ടിയെന്നാണ് കേസ്. പാർട്ടി നേതൃത്വത്തിന് പരാതി നൽകിയിട്ടും നടപടിയുണ്ടാകാത്തതിനാലാണ് സി പി എം കുടുംബമായ പെൺകുട്ടിയുടെ വീട്ടുകാരുടെ നിർദേശപ്രകാരം പെൺകുട്ടി പൊലീസിൽ പരാതി നൽകി കേസെടുത്തത്.

2018 ജൂലൈ 11 ന് ഇരിങ്ങാലക്കുട എം എൽ എ കെ.യു. അരുണിന്റെ മുറിയിൽ വച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്. എഞ്ചിനീയറിങ് കോച്ചിങ് ക്ലാസ് പ്രവേശന ശുപാർശക്ക് വേണ്ടിയാണ് തൃശൂരിൽ നിന്ന് ജീവൻ ലാലിനൊപ്പം ഡിവൈഎഫ്‌ഐ ഭാരവാഹിയായ പെൺകുട്ടി ജൂലൈ 9 ന് വൈകിട്ടോടെ എം എൽ എ ഹോസ്റ്റലിൽ എത്തിയത്. സീറ്റ് റെഡിയായി ജൂലൈ 11 ന് മടങ്ങാൻ ഒരുങ്ങവേ ജീവൻ ലാൽ പെൺകുട്ടിയെ മാനഭംഗപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ അവളുടെ നേർക്ക് കയ്യേറ്റവും ബലപ്രയോഗവും നടത്തി കടന്നുപിടിക്കുകയും അശ്ലീലച്ചുവയോടെ സംസാരിച്ചുവെന്നുമാണ് പരാതി.

വീട്ടിലെത്തിയ പെൺകുട്ടി മാതാപിതാക്കളോട് വിവരം പറയുകയും സി പി എം കുടുംബമായ വീട്ടുകാരുടെ നിർദേശ പ്രകാരം പാർട്ടി നേതൃത്വത്തെ അറിയിക്കുകയും ചെയ്തു. എന്നാൽ യാതൊരു തുടർ നടപടിയും ഉണ്ടായില്ല. കുടുംബം സി പി എം അനുഭാവിയായതുകൊണ്ടും മകൾ ഡിവൈഎഫ്‌ഐ ഭാരവാഹിയായതു കൊണ്ടും പാർട്ടിയോടുള്ള വിശ്വാസത്തിന്റെയും കൂറിന്റെയും പേരിൽ 2018 ഓഗസ്റ്റ് വരെ പൊലീസിൽ പരാതി നൽകിയില്ല. എന്നാൽ പാർട്ടി നേതൃത്വത്തിൽ നിന്ന് നീതി കിട്ടാതെ വന്നതോടെ ഇരിങ്ങാലക്കുട ഡിവൈഎസ്‌പിക്ക് പരാതി നൽകി സെപ്റ്റംബർ 5 ന് കാട്ടൂർ പൊലീസ് കേസെടുക്കുകയായിരുന്നു. എന്നാൽ കൃത്യ സ്ഥലം തലസ്ഥാനത്തെ മ്യൂസിയം പൊലീസ് സ്റ്റേഷൻ ലോക്കൽ ലിമിറ്റിനകമാകയാൽ കേസ് മ്യൂസിയം പൊലീസിന് ട്രാൻസ്ഫർ ചെയ്തു.

എം എൽ എ ഹോസ്റ്റൽ രജിസ്റ്റർ , ജീവനക്കാരുടെ മൊഴി എന്നിവ എം എൽ എ ഹോസ്റ്റലിൽ യുവതിയും ജീവൻ ലാലും താമസിച്ചതായി സാധൂകരിക്കുന്നുണ്ട്. എം എൽ എ യുടെ അനുവാദത്തോടെയാണ് ഹോസ്റ്റൽ ജീവനക്കാർ ഇവർക്ക് താമസിക്കാൻ സൗകര്യം ഏർപ്പാടാക്കിയത്. അതേ സമയം 2018 സെപ്റ്റംബർ 5 ന് ജീവൻ ലാലിനെതിരെ കാട്ടൂർ പൊലീസ് കേസെടുത്ത വിവരം മാധ്യമ വാർത്തയായതോടെ പ്രതിക്കെതിരെ ഇരിങ്ങാലക്കുട പാർട്ടി പ്രവർത്തകരായ രണ്ടു പെൺകുട്ടികൾ കൂടി നേതൃത്വത്തിന് പരാതി നൽകിയിരുന്നു.

രണ്ടു വർഷത്തോളമെത്തിയ സംഭവത്തിന്റെ പേരിലാണിത്. ഇരിങ്ങാലക്കുട പാർട്ടി പ്രവർത്തകരാണ് പരാതി കൈമാറിയത്.പാർട്ടി നേതാക്കൾക്ക് യുവതികൾ നേരത്തേ പരാതി നൽകിയെങ്കിലും ഒരു പ്രയോജനവുമുണ്ടായില്ല. ഇതിനെ തുടർന്ന് സജീവ പാർട്ടി പ്രവർത്തനത്തിൽ നിന്ന് മാറി നിൽക്കുകയായിരുന്നു യുവതികൾ. ഇപ്പോൾ കേസ് രജിസ്റ്റർ ചെയ്ത പെൺകുട്ടിയുടെ പരാതിയിൽ മറ്റൊരു പെൺകുട്ടിക്കും ഇയാളിൽ നിന്ന് സമാന അനുഭവമുണ്ടായതായി പറഞ്ഞിരുന്നു. സംഭവങ്ങൾ മാധ്യമ വാർത്തയായതോടെ ഒടുവിൽ പാർട്ടി നേതൃത്വം ജീവൻ ലാലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി.

2018 ഡിസംബർ 5 നാണ് മ്യൂസിയം പൊലീസ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്. തുടർന്ന് 2020 ഫെബ്രുവരി 12 ന് പ്രതി കോടതിയിൽ ഹാജരായി ജാമ്യമെടുത്തിരുന്നു. വിചാരണക്കു മുന്നോടിയായി കുറ്റപത്രം വായിച്ചു കേൾപ്പിച്ച് കുറ്റം ചുമത്തുന്നതിലേക്കായാണ് പ്രതിയെ കോടതി വീണ്ടും വിളിച്ചു വരുത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP