Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആകെ ഇഷ്ടമുള്ള ബോളിവുഡ് താരം നികുതി വെട്ടിക്കാത്ത സിങ്കം ഫെയിം അജയ് ദേവ്ഗൻ; വീട്ടിൽ വരുന്ന പാഴ്സലുകൾ ഒന്നും സ്വീകരിക്കരുത് എന്ന് കുടുംബത്തിന് നിർദ്ദേശം; രാജ്യസേവനം ആദ്യം, കുടുംബം പിന്നീട് എന്ന് ഭാര്യ ക്രാന്തി; ബോളിവുഡിന്റെ ഉറക്കം കെടുത്തുന്ന സമീർ വാങ്കഡെ എന്ന ഇരട്ടച്ചങ്കൻ

ആകെ ഇഷ്ടമുള്ള ബോളിവുഡ് താരം നികുതി വെട്ടിക്കാത്ത സിങ്കം ഫെയിം അജയ് ദേവ്ഗൻ; വീട്ടിൽ വരുന്ന പാഴ്സലുകൾ ഒന്നും സ്വീകരിക്കരുത് എന്ന് കുടുംബത്തിന് നിർദ്ദേശം; രാജ്യസേവനം ആദ്യം, കുടുംബം പിന്നീട് എന്ന് ഭാര്യ ക്രാന്തി;  ബോളിവുഡിന്റെ ഉറക്കം കെടുത്തുന്ന സമീർ വാങ്കഡെ എന്ന ഇരട്ടച്ചങ്കൻ

മറുനാടൻ ഡെസ്‌ക്‌

മുംബൈ: ആഡംബര കപ്പലിലെ ലഹരിമരുന്ന് വേട്ടയിൽ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാനെയും കൂട്ടുകാരെയും പിടികൂടിയതോടെ സമീർ വാങ്കഡേയാണ് എല്ലായിടത്തും സംസാരവിഷയം. ബോളിവുഡിന്റെ പേടിസ്വപ്നം, ലഹരിമാഫിയയുമായി ബന്ധമുള്ള പ്രമുഖരെ മുഖം നോക്കാതെ കുടുക്കുന്ന തന്റേടി, അങ്ങനെ വിശേഷണങ്ങൾ ഏറെ. ഇത് ആദ്യമായി ഒന്നുമല്ല, സമീർ ലഹരി മരുന്ന് കേസിൽ വല വിരിക്കുന്നത്. സുശാന്ത് സിങ് രാജ്പുത്തിന്റെ മരണത്തോട് അനുബന്ധിച്ചുള്ള അന്വേഷണത്തിൽ വലിയ സ്രാവുകളെ പോലും സമീർ നോട്ടമിട്ടു. മറാത്തി നടിയും ഭാര്യയുമായ ക്രാന്തി റെഡ്കർ പറയുന്നത് കേട്ടാൽ മനസ്സിലാകും ആരാണ് യഥാർത്ഥ സമീർ വാങ്കഡേ എന്ന്.

ആദ്യം രാജ്യം, അതിന് ശേഷം കുടുംബം, അതാണ് സമീർ വാങ്കഡേയുടെ ആപ്തവാക്യം. രാജ്യസേവനത്തിൽ മുന്നോട്ട് വച്ച കാൽ പിന്നോട്ടില്ല, അതാണ് അദ്ദേഹത്തിന്റെ ആദർശം, ക്രാന്തി പറയുന്നു. ലഹരി മരുന്ന് വേട്ടയിൽ സമീർ ഇതാദ്യമല്ല. എന്നും അതിന് പിന്നാലെ തന്നെയായിരുന്നു. ബോളിവുഡിലെ ലഹരികേസുകളിലേക്ക് തിരിഞ്ഞപ്പോൾ ലൈംലൈറ്റിൽ വന്നുവെന്ന് മാത്രം. 24 മണിക്കൂറും ജോലി, അതാണ് സമീർ.

ക്രാന്തി വളരെ തമശക്കാരിയും, രസികത്തിയുമാണ്. സമീറാകട്ടെ ഗൗരവക്കാരനും. 'ഞാനും, സമീറും ധ്രുവങ്ങൾ പോലെയാണ്. വളരെ വിഷമിച്ചാണ് ചിരിക്കുന്നത്. എല്ലാം വളരെ ആസൂത്രണത്തോടെയാണ് ചെയ്യുക. ഒരുകാര്യം 10 മണിക്കാണ് നടക്കേണ്ടത് എങ്കിൽ അത് ക്യത്യം 10 മണിക്ക് നടന്നിരിക്കും. 10.15 ആകില്ല. എല്ലാ കാര്യവും അങ്ങനെ അച്ചടക്കത്തോടെയാണ് ചെയ്യുക. അധികം സംസാരിക്കാത്ത പ്രകൃതമാണ്. പാർട്ടികൾക്കൊന്നും പോകുന്നത് ഇഷ്ടമല്ല. രണ്ടോ മൂന്നോ കൂട്ടുകാർ, ഏതാനും ബന്ധുക്കൾ, പിന്നെ കുടുംബം, അതിന് അപ്പുറം ഒന്നുമില്ല.'

'ഏതെങ്കിലും കേസ് കൈയിൽ വന്നുപെട്ടാൽ അതിന്റെ അറ്റവും കണ്ടേ മതിയാവൂ, ക്രാന്തി പറയുന്നു. കേസിനെ കുറിച്ചൊന്നും കുടുംബത്തോട് വെളിപ്പെടുത്തില്ല. ചോദിച്ചാലും പറയില്ല. എല്ലാം പരമരഹസ്യം. സുശാന്ത് സിങ്ങിന്റെ കേസ് വന്നപ്പോൾ ക്രാന്തിക്ക് കൗതുകമുണ്ടായിരുന്നു, വിവരങ്ങൾ അറിയാൻ. എന്നാൽ, എന്തുചെയ്യാൻ, സമീർ ഒന്നും പറഞ്ഞില്ല. ഇരട്ടകുട്ടികളാണ് ദമ്പതികൾക്ക്. കേസിന്റെ തിരക്കിൽ ചിലപ്പോൾ ആഴ്ചകളോളം സമീറിനെ കാണാൻ പോലും കിട്ടില്ല. എന്നാലും പരാതിയില്ല. എല്ലാം, രാജ്യത്തിന് വേണ്ടിയല്ലേ.'

ജോലിക്കിടെ എന്തെങ്കിലും സംഭവിച്ചാൽ...

നേരത്തെ ക്രാന്തി റെഡ്കറുടെ ഭർത്താവ് എന്ന നിലയിലാണ് സമീർ അറിയപ്പെട്ടിരുന്നത്. എന്നാൽ, ഇപ്പോൾ കഥ മാറി. ഭീമൻ കേസുകൾ, വിശേഷിച്ച് ബോളിവുഡ് താരങ്ങൾ ഉൾപ്പെട്ട കേസുകൾ വന്നതോടെ സമീറിന് ആരാധകരായി. എല്ലാവരും സമീറിനെ അംഗീകരിക്കുന്നു. തന്റെ ജോലിയിൽ അഭിമാനമുണ്ട് സമീറിന്. പൂർണ സംതൃപ്തിയും കിട്ടുന്നു. കഠിനാദ്ധ്വാനത്തിന് ഫലം കാണുന്നതിൽ ക്രാന്തിക്കും സന്തോഷം. ഒരുധീരന്റെ ഭാര്യ ആയതിൽ ക്രാന്തിക്ക് എന്നും അഭിമാനമാണ്. ഡ്യൂട്ടിക്കിടെ, തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ, ഒരിക്കലും വിഷമിക്കരുത്, എന്റെ ജോലി ഇതാണ്, സമീർ വാങ്കഡെ ഇങ്ങനെ പറയാറുണ്ടെന്ന് ക്രാന്തി.

കഴിഞ്ഞ നവംബറിൽ, ജോലിക്കിടെ, വാങ്ക്‌ഡെയെയും അദ്ദേഹത്തിന്റെ സംഘത്തിലെ 6 ഉദ്യോഗസ്ഥരെയും ഗുഡ്ഗാവിനു സമീപം ലഹരി മാഫിയ ആക്രമിച്ചിരുന്നു. ആക്രമത്തെ വിജയകരമായി പ്രതിരോധിച്ചതിനു ശേഷം ഇദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത് ഇങ്ങനെ: ' അക്രമം ഉണ്ടായാൽ കൈയും കെട്ടി നോക്കി നിൽക്കില്ല. നവംബർ 22 ന് ഗുഡ്ഗാവിൽ കാരി മണ്ഡിസ് എന്ന ലഹരിമാഫിയതലവനെ പൊക്കാൻ, മുംബൈയിലെ പ്രാന്ത പ്രദേശത്ത് പോയപ്പോഴായിരുന്നു ആക്രമണം. രണ്ട് ഉദ്യോഗസ്ഥർക്ക് ഗുരുതര പരിക്കേറ്റെങ്കിലും, സമീർ വാങ്കഡെ ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു. കാരി മണ്ഡിസിനെയും മൂന്നു കൂട്ടാളികളെയും പിടികൂടുകയും ചെയ്തു.

താരാരാധന ഉണ്ടെങ്കിലും നിയമം നിയമമാണ്

40 കാരനായ സമീർ വാങ്കഡെ മുംബൈ സ്വദേശിയാണ്. ബോളിവുഡിനെയും ക്രിക്കറ്റിനെയും നെഞ്ചിലേറ്റിയ ആൾ. എന്നാൽ, നിയമവും ചട്ടവും വരുമ്പോൾ വാങ്കഡെ ആളുവേറെയാണ്. ആളും തരവും പദവിയും ഒന്നും നോക്കില്ല. ഡപ്യൂട്ടി കസ്റ്റംസ് കമ്മീഷണറായിരിക്കെ, വാങ്കഡെ ആദ്യംചെയ്ത കാര്യം വിമാനത്താവളത്തിൽ സെലിബ്രിറ്റികളുടെ പുറകേ ഓട്ടോഗ്രാഫിനായി ഓടുന്ന കീഴുദ്യോഗസ്ഥരുടെ പതിവ് വിലക്കുകയായിരുന്നു. ലഗേജ് പോലും ചെക്ക് ചെയ്യാതെയായിരുന്നു പലരുടെയും ഓട്ടോഗ്രാഫിനായുള്ള ഓട്ടം.

വിദേശത്ത് നിന്നും മറ്റും വാങ്ങിയ സ്വർണാഭരണങ്ങൾക്ക് നികുതി അടയ്ക്കാൻ പറയുമ്പോൾ ചില വനിതാ താരങ്ങൾ കാട്ടിയ ജാഡയൊന്നും വാങ്കഡെ വകവച്ചില്ല. നിയമപ്രകാരം, ഓരോ യാത്രക്കാരനും കസ്റ്റംസിന് മുമ്പാകെ സ്വന്തം ലഗേജുമായി എത്തണം. എന്നാൽ, സെലിബ്രിറ്റികൾ പലപ്പോഴും, അവരുടെ അസിസ്റ്റന്റുമാരെ കൊണ്ടാണ് ലഗേജ് എടുപ്പിച്ചിരുന്നത്. ഇത് ഭാരക്കൂടുതൽ വന്നാൽ, താരങ്ങൾക്ക് നടപടിയിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടിയായിരുന്നു. വാങ്കഡെ ഉണ്ടെങ്കിൽ സെലിബ്രിറ്റി ആരായാലും ലഗേജ് സ്വന്തമായി ചുമക്കണം. പലരും അവിടെ സീൻ ക്രിയേറ്റ് ചെയ്യും. മേലുദ്യോഗസ്ഥർക്ക് പരാതി കൊടുക്കുമെന്ന് ഭീഷണി മുഴക്കും. താനാണ് അവിടെ ഏറ്റവും മുതിർന്ന ഉദ്യോഗസ്ഥൻ എന്ന് പറയുമ്പോൾ അവർക്ക് വഴങ്ങുകയല്ലാതെ തരമില്ല.

ഒരുഇതിഹാസ ക്രിക്കറ്റ് താരത്തിന്റെ മകനും, ഒരുക്രിക്കറ്റ് താരത്തിന്റെ ഭാര്യയുമായിട്ടുള്ള വാങ്കഡെയുടെ ഏറ്റുമുട്ടലും പ്രസിദ്ധമാണ്. വിമാനത്താവളത്തിൽ വച്ച് നികുതി വെട്ടിപ്പിന് അറസ്റ്റ് ചെയ്യുമെന്ന് വ്യക്തമാക്കിയപ്പോഴാണ് ഇരുവരും ഉടനടി ഫൈൻ അടച്ചത്.

2011 ലെ ലോകകപ്പിന്റെ സമയത്ത് ഒരു ക്രിക്കറ്റ് താരം തന്റെ സുഹൃത്തിന് 18 ബോട്ടിൽ മദ്യം വിമാനത്താവളത്തിന് പുറത്ത് നികുതി കെട്ടാതെ എത്തിക്കാൻ സഹായിക്കണമെന്ന് അഭ്യർത്ഥിച്ചിരുന്നു. ദക്ഷിണാഫ്രിക്കയിൽ നിന്ന് പുലർച്ചെ മൂന്നുമണിക്ക് എത്തിയ സുഹൃത്ത് വാങ്കഡെയെ വിളിച്ചു. ബാറ്റ്‌സ്മാനെ ഉദാരപൂർവം കേട്ട വാങ്കഡെ 16 ബോട്ടിലിനെ നികുതി ചുമത്തിയുള്ളു. കാരണം നിയമപ്രകാരം രണ്ടുബോട്ടിൽ മദ്യം മാത്രമാണ് ഡ്യൂട്ടി ഫ്രീ.

സിങ്കം ഫെയിം അജയ് ദേവഗനെ ഇഷ്ടം

വാങ്കഡെയ്ക്ക് രണ്ട്‌സെലിബ്രറ്റികളെ മാത്രമാണ് ഇഷ്ടം. അജയ് ദേവ്ഗൻ. വളരെ സത്യസന്ധനായ താരം. ഒരിക്കലും നികുതി വെട്ടിച്ചിട്ടില്ല.

രണ്ടാമത്തെ ആൾ മറാത്തി നടി ക്രാന്തി റെഡ്കർ. അവരെ 2017 ൽ വാങ്കഡെ വിവാഹം കഴിച്ചു.

ചട്ടം പറഞ്ഞാൽ ചട്ടം തന്നെ

ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ മകൻ എന്ന നിലയ്ക്ക് നിയമവും, ചട്ടവുമൊക്കെ പാലിച്ച് വേണം ജീവിക്കാൻ എന്നാണ് വാങ്കഡെ പഠിച്ചത്. പേടിയില്ലാത്ത മുഖം നോക്കാത്ത ഉദ്യോഗസ്ഥന് ശത്രുക്കൾ ഏറെയുണ്ടെന്ന് പറയേണ്ടതില്ലല്ലോ. ഒരുസമയത്ത്, വീട്ടിൽ വരുന്ന പാഴ്‌സസുകൾ ഒന്നും സ്വീകരിക്കരുതെന്ന് കുടുംബാംഗങ്ങൾക്ക് അദ്ദേഹം നിർദ്ദേശം നൽകിയിരുന്നു. കാരണം തന്നെ കുടുക്കാൻ മയക്കുമരുന്ന് ഒളിപ്പിച്ച് പാഴ്‌സലുകൾ എതതിക്കാൻ മാഫിയ മടിക്കില്ലെന്ന് വാങ്കഡെയ്ക്ക് അറിയാമായിരുന്നു.

വാങ്കഡെ ഇന്ന് ഹീറോ

കഴിഞ്ഞവർഷം നടൻ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസിലാണ് സമീർ വാങ്കെഡെ എന്ന എൻ.സി.ബി. ഉദ്യോഗസ്ഥൻ വാർത്തകളിലിടം നേടുന്നത്. നടി റിയ ചക്രവർത്തി ഉൾപ്പെടെയുള്ളവരുടെ അറസ്റ്റിലേക്ക് നയിച്ച കേസിൽ ഒട്ടേറെ പ്രമുഖരെയാണ് എൻ.സി.ബി. സംഘം ചോദ്യംചെയ്തത്. മുംബൈ കേന്ദ്രീകരിച്ചുള്ള പല മയക്കുമരുന്ന് വിൽപ്പനക്കാരും പിന്നീട് പിടിയിലാവുകയും ചെയ്തു. എൻ.സി.ബി. മുംബൈ സോണൽ ഡയറക്ടാറയ സമീർ വാങ്കെഡെയായിരുന്നു ഈ ഓപ്പറേഷനുകൾക്കെല്ലാം നേതൃത്വം വഹിച്ചിരുന്നത്.

എന്നാൽ ഇതിനൊക്കെ മുൻപെ തന്നെ അദ്ദേഹത്തിന്റെ കാർക്കശ്യവും അർപ്പണമനോഭാവവും സഹപ്രവർത്തരൊക്കെയും അനുഭവിച്ചറിഞ്ഞിരുന്നു.കസ്റ്റംസ് ഓഫീസറായിരിക്കെ സിനിമാതാരങ്ങൾ ഉൾപ്പെടെയുള്ള സെലിബ്രിറ്റികൾക്ക് യാതൊരു ഇളവും നൽകാത്ത ഉദ്യോഗസ്ഥനായിരുന്നു സമീർ വാങ്കെഡെ. വിദേശരാജ്യങ്ങളിൽനിന്ന് കൊണ്ടുവരുന്ന വസ്തുക്കൾ കൃത്യമായ നികുതി ഈടാക്കാതെ വിട്ടുനൽകിയിരുന്നില്ല. 2013-ൽ മുംബൈ വിമാനത്താവളത്തിൽ വെച്ച് ഗായകൻ മിക സിങ്ങിനെ വിദേശകറൻസിയുമായി പിടികൂടിയത് സമീർ വാങ്കെഡെയായിരുന്നു.

മഹാരാഷ്ട്ര സർവീസ് ടാക്‌സ് വിഭാഗത്തിൽ ഡെപ്യൂട്ടി കമ്മീഷണറായിരിക്കെ നികുതി അടയ്ക്കാത്തതിന് രണ്ടായിരത്തിലേറെ പേർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്.എന്തിനേറെ പറയുന്നു.2011-ലെ ക്രിക്കറ്റ് ലോകകപ്പിന്റെ സ്വർണക്കപ്പ് പോലും മുംബൈ വിമാനത്താവളത്തിൽനിന്ന് വിട്ടുനൽകിയത് കസ്റ്റംസ് ഡ്യൂട്ടി അടച്ചതിനുശേഷമാണ്.ചുരുക്കി പറഞ്ഞാൽ ഡ്യൂട്ടി ടൈമിൽ തന്റെ മുന്നിലെത്തുന്നവരുടെ വലിപ്പച്ചെറുപ്പമൊന്നും ഇദ്ദേഹത്തിന്റെ ജോലിയെ ബാധിക്കാറില്ല.ഇങ്ങനെയാണ് ബോളിവുഡിനെപ്പോലും അടക്കി ഭരിക്കുന്ന ലഹരി മാഫിയയുടെ പേടി സ്വപ്നമായി സമീർ വാങ്കഡെ എന്ന പേര് മാറിയതും.

എൻ.സി.ബി.യിൽ ചുമതലയേറ്റെടുത്ത ശേഷം ഏകദേശം 17000 കോടി രൂപയുടെ ലഹരിമരുന്ന് വേട്ടയാണ് സമീർ വാങ്കെഡെയുടെ നേതൃത്വത്തിൽ നടന്നത്. കേസുകളുമായി ബന്ധപ്പെട്ട് പല പ്രമുഖരുടെയും വസതികളിൽ സമീർ വാങ്കെഡെ യാതൊരു മടിയും കൂടാതെ പരിശോധന നടത്തി. ഉന്നതരാണെങ്കിലും അദ്ദേഹം വിട്ടുവീഴ്ച കാണിച്ചില്ല.

2008 ബാച്ചിലെ ഐ.ആർ.എസ്. ഓഫീസറാണ് സമീർ വാങ്കെഡെ. മുംബൈ വിമാനത്താവളത്തിൽ കസ്റ്റംസ് ഓഫീസറായാണ് തുടക്കം. പിന്നീട് എയർ ഇന്റലിജൻസ് യൂണിറ്റ് ഡെപ്യൂട്ടി കമ്മീഷണർ, എൻ.ഐ.എ. അഡീഷണൽ എസ്‌പി, ഡി.ആർ.ഐ. ജോയിന്റ് കമ്മീഷണർ തുടങ്ങിയ പദവികളിലും പ്രവർത്തിച്ചു. ഇതിനുശേഷമാണ് എൻ.സി.ബി.യിൽ എത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP