Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പി.വി അൻവർ എംഎ‍ൽഎയുടെ ഭാര്യാപിതാവിന്റെ ഉടമസ്ഥതയിലുള്ള അനധികൃത തടയണ പൊളിക്കാൻ ഉത്തരവിട്ടിട്ട് ഒരുവർഷവും നാലുമാസവും കഴിഞ്ഞിട്ടും നടപ്പാക്കിയില്ല; മലപ്പുറം കളക്ടറോട് വിശദീകരണം തേടി ഹൈക്കോടതി

പി.വി അൻവർ എംഎ‍ൽഎയുടെ ഭാര്യാപിതാവിന്റെ ഉടമസ്ഥതയിലുള്ള അനധികൃത തടയണ പൊളിക്കാൻ ഉത്തരവിട്ടിട്ട് ഒരുവർഷവും നാലുമാസവും കഴിഞ്ഞിട്ടും നടപ്പാക്കിയില്ല; മലപ്പുറം കളക്ടറോട് വിശദീകരണം തേടി ഹൈക്കോടതി

ജംഷാദ് മലപ്പുറം

കൊച്ചി: പി.വി അൻവർ എംഎ‍ൽഎയുടെ ഭാര്യാപിതാവിന്റെ ഉടമസ്ഥതയിലുള്ള ചീങ്കണ്ണിപ്പാലിയിലെ അനധികൃത തടയണ പൊളിക്കണമെന്നുള്ള ഹൈക്കോടതി ഉത്തരവ് ഒരുവർഷവും നാലുമാസവും കഴിഞ്ഞിട്ടും നടപ്പാക്കാത്തതിൽ മലപ്പുറം കളക്ടറോട് വിശദീകരണം തേടി ഹൈക്കോടതി. തടയണക്കെതിരായ പരാതിക്കാരൻ നിലമ്പൂർ സ്വദേശി എംപി വിനോദ് സമർപ്പിച്ച കോടതി അലക്ഷ്യഹർജിയിലാണ് ജസ്റ്റിസ് എൻ. നഗരേഷ് മലപ്പുറം കളക്ടർ വി.ആർ പ്രേംകുമാർ, ചെറുകിട ജലസേചന വിഭാഗം എക്‌സിക്യുട്ടീവ് എൻജിനീയർ ഇ.പി ബാലകൃഷ്ണൻ എന്നിവരോട് രണ്ടാഴ്ചക്കകം വിശദസത്യവാങ്മൂലം സമർപ്പിക്കാൻ നിർദ്ദേശം നൽകിയത്. കേസ് 25ന് വീണ്ടും പരിഗണിക്കും. പരാതിക്കാരനുവേണ്ടി അഭിഭാഷകരായ ഈനോക്ക് ഡേവിഡ്, എസ്.ശ്രീദേവ്, റോണി ജോസ്, സൂസാൻ കുര്യൻ, സിമിൽ ചെറിയാൻ കോട്ടാലിൽ എന്നിവർ ഹാജരായി.

പി.വി അൻവർ എംഎ‍ൽഎയുടെ രാഷ്ട്രീയ സ്വാധീനത്തിന് വഴങ്ങി കളക്ടർ ഹൈക്കോടതി ഉത്തരവിനെ അപഹസിക്കുകയും നിയമവാഴ്ചയെ വെല്ലുവിളിക്കുകയാണെന്നും ചൂണ്ടികാട്ടിയാണ് ഹർജി. കരാർ പ്രകാരം സ്വന്തമാക്കിയ സ്ഥലത്ത് മലയിടിച്ച് ആദിവാസികൾക്ക് കുടിവെള്ള മാകേണ്ട കാട്ടരുവിയിൽ തടയണകെട്ടിയത് പി.വി അൻവറായിരുന്നു. പിന്നീട് തടയണ നിൽക്കുന്ന സ്ഥലം ഭാര്യാപിതാവിന്റെ പേരിലേക്ക് മാറ്റി. നിയമവിരുദ്ധമായി കാട്ടരുവിയിൽ കെട്ടിയ തടയണ താഴ്‌വാരത്ത് താമസിക്കുന്ന ആദിവാസി കുടുംബങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാണെന്ന് കണ്ടെത്തിയാണ് ദുരന്തനിവാരണ നിയമപ്രകാരം 14 ദിവസത്തിനകം സ്വന്തം ചെലവിൽ തടയണപൊളിച്ചുനീക്കാൻ പി.വി അൻവറിന്റെ ഭാര്യാപിതാവ് സി.കെ അബ്ദുൽ ലത്തീഫിനോട് മലപ്പുറം കളക്ടറായിരുന്ന അമിത് മീണ 2017 ഡിസംബർ എട്ടിന് ഉത്തരവിട്ടത്. എന്നാൽ തന്റെ ഭാഗം കേൾക്കാതെയാണ് കളക്ടർ ഉത്തരവിട്ടതെന്നു കാണിച്ച് അബ്ദുൽലത്തീഫ് ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ നേടുകയായിരുന്നു.

കോഴിക്കോട് ജില്ലയിലെ കട്ടിപ്പാറയിൽ സ്വകാര്യ വ്യക്തി കെട്ടിയ തടയണ തകർന്നുണ്ടായ ഉരുൾപൊട്ടലിൽ 14 പേർ മരണപ്പെട്ട സംഭവം ചൂണ്ടികാട്ടി് ജനങ്ങളുടെ ജിവനും സ്വത്തിനും സംരക്ഷണം നൽകാൻ തടയണ പൊളിക്കണമെന്നാവശ്യപ്പെട്ട് എംപി വിനോദ് ഹൈക്കോടതിയെ സമീപിച്ച് കേസിൽ കക്ഷിചേർന്നു. രണ്ടാഴ്ചക്കകം തടയണയിലെ വെള്ളം പൂർണ്ണമായും ഒഴുക്കിവിടണമെന്ന് 2018 ജൂലൈ 10ന് അന്നത്തെ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. ഈ ഉത്തരവ് 10 മാസമായിട്ടും നടപ്പാക്കിയില്ല. ഇതോടെ സി.കെ അബ്ദുൽലത്തീഫ് ഹൈക്കോടതി ഉത്തരവ് നടപ്പാക്കുന്നതിൽ വീഴ്ചവരുത്തിയെന്നു വിലയിരുത്തിയ ഹൈക്കോടതി തടയണപൊളിച്ച് വെള്ളം തുറന്നുവിടാൻ മലപ്പുറം കളക്ടറോട് ഉത്തരവിടുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മുൻ കളക്ടർ ജാഫർ മാലിക് 2019 ജൂണിൽ തടയണയുടെ ഒരു ഭാഗം പൊളിച്ച് വെള്ളം തുറന്നിവിട്ടിരുന്നു. എന്നാൽ തടയണ പൂർണമായും പൊളിച്ചിരുന്നില്ല.

കളക്ടറുടെ ഉത്തരവ് റദ്ദാക്കണമെന്ന എംഎ‍ൽഎയുടെ ഭാര്യാപിതാവ് സി.കെ അബ്ദുൽ ലത്തീഫിന്റെ ഹരജി തള്ളിയാണ് തടയണപൊളിക്കാൻ കളക്ടർ ഇറക്കിയ ഉത്തരവ് ശരിവെച്ച് ചീഫ് ജസ്റ്റിസ് എസ് .മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരടങ്ങുന്ന ഹൈക്കോടതി ഡിവിഷൻ ബെഞ്ച് 2020 ജൂൺ ഒമ്പതിന് അന്തിമ വിധി പുറപ്പെടുവിച്ചത്. ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിറങ്ങി നാലു മാസം കഴിഞ്ഞിട്ടും തടയണപൊളിക്കാൻ മുൻ മലപ്പുറം കളക്ടർ കെ. ഗോപാലകൃഷ്ണൻ നടപടി സ്വീകരിച്ചിരുന്നില്ല. ഇതോടെ വിനോദ് വീണ്ടും ഹൈക്കോടതിയെ സമീപിച്ചു.

തടയണയും അനധികൃതനിർമ്മാണങ്ങളും പൂർണമായും പൊളിച്ചുനീക്കിയെന്നാണ് കളക്ടർ ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചത്. ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവ് നടപ്പാക്കാൻ 2021 ജനുവരി 15ന് കോടതി കളക്ടർക്ക് നിർദ്ദേശം നൽകി. നിശ്ചിത ഇടവേളകളിൽ കളക്ടർ തടയണ സന്ദർശിക്കണമെന്നും വെള്ളം കെട്ടിനിൽക്കാനുള്ള സാഹചര്യം ഒഴിവാക്കി സ്വാഭാവിക നീരൊഴുക്ക് നിലനിർത്തണമെന്നുമുള്ള ഹൈക്കോടതി ഉത്തരവിലെ നിർദ്ദേശവും പാലിക്കപ്പെട്ടില്ല. തടയണയിൽ ഇപ്പോൾ വൻതോതിൽ വെള്ളം സംഭരിച്ചതായും ഇത് താഴ്ഭാഗത്ത് താമസിക്കുന്നവരുടെ ജീവനും സ്വത്തിനും ഭീഷണിയാണെന്നും ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP