Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബിഗ്ബജറ്റ് സിനിമകൾ ഉടൻ റിലീസ് ചെയ്യില്ല; 'മരയ്ക്കാർഅറബിക്കടലിന്റെ സിംഹം','ആറാട്ട്', തുടങ്ങിയ ചിത്രങ്ങൾ എത്തുക ക്രിസ്തുമസിന്: സിനിമാ റിലീസിൽ അവ്യക്തത

ബിഗ്ബജറ്റ് സിനിമകൾ ഉടൻ റിലീസ് ചെയ്യില്ല; 'മരയ്ക്കാർഅറബിക്കടലിന്റെ സിംഹം','ആറാട്ട്', തുടങ്ങിയ ചിത്രങ്ങൾ എത്തുക ക്രിസ്തുമസിന്: സിനിമാ റിലീസിൽ അവ്യക്തത

സ്വന്തം ലേഖകൻ

കൊച്ചി: കോവിഡ് കുറഞ്ഞതോടെ സംസ്ഥാനത്തു 25 നു സിനിമ തിയറ്ററുകൾ തുറക്കാൻ സർക്കാർ തീരുമാനമായി. അതേസമയം ആദ്യ റിലീസുകൾ ഏതെന്നു തീരുമാനമായിട്ടില്ല. ബിഗ്ബജറ്റ് സിനിമകൾ ഉടൻ റിലീസ് ചെയ്യേണ്ടെന്നാണ് തീരുമാനം. 50% പ്രേക്ഷകർക്കു മാത്രമാണു പ്രവേശനമെന്നതിനാലാണ് ബിഗ് ബജറ്റ് സിനിമകളെ തൽക്കാലത്തേക്ക് തിയറ്ററുകളിൽ നിന്നും മാറ്റി നിർത്തുന്നത്. ക്രിസ്മസിനായിരിക്കും ബിഗ് ബജറ്റ് റിലീസുകൾ എന്നാണു സൂചന.

ആദ്യ ആഴ്ചയിൽ ഏതൊക്കെ സിനിമകൾ എത്തുമെന്ന് ഇപ്പോൾ പറയാറാനാവില്ലെന്നു കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് എം.രഞ്ജിത്ത് പറഞ്ഞു. നിർമ്മാതാക്കളുടെ യോഗം വിളിക്കും. 'മരയ്ക്കാർഅറബിക്കടലിന്റെ സിംഹം', 'ആറാട്ട്', 'തുറമുഖം' എന്നിവയാണ് റിലീസിനായി കാത്തിരിക്കുന്ന ബിഗ് ബജറ്റ് ചിത്രങ്ങൾ. മമ്മൂട്ടിയുടെ 'ഭീഷ്മപർവ'ത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ നടക്കുന്നു. പല മുൻനിര താരങ്ങളുടെയും ചിത്രങ്ങൾ ഒടിടി വഴി റിലീസ് ചെയ്തതിനാൽ തിയറ്റർ റിലീസ് കാക്കുന്ന മറ്റു പ്രധാന ചിത്രങ്ങളില്ല.

നവംബർ 4നു ഏതാനും തമിഴ് സിനിമകൾ എത്തും. രജനീകാന്ത് ചിത്രം 'അണ്ണാത്തെ', 'മാനാട്' (ചിമ്പു) , 'എനിമി' (വിശാൽ) എന്നിവയാണു ദീപാവലി റിലീസിനുള്ളത്. രോഹിത് ഷെട്ടിഅക്ഷയ് കുമാർ ചിത്രം 'സൂര്യവൻശി'യും റിലീസ് ചെയ്യും. തിയറ്ററുകൾ തുറക്കാൻ എല്ലാ ഒരുക്കങ്ങളും നടത്തിവരികയാണെന്നു തിയറ്റർ ഉടമകളുടെ സംഘടന ഫിയോക് സംസ്ഥാന ജനറൽ സെക്രട്ടറി സുമേഷ് ജോസഫ് മണർകാട് പറഞ്ഞു.

തിയറ്ററുകൾ തുറക്കാൻ അനുവദിച്ച സർക്കാർ തീരുമാനം സ്വാഗതാർഹമാണെന്നു നിർമ്മാതാക്കളുടെയും വിതരണക്കാരുടെയും തിയറ്റർ ഉടമകളുടെയും ഔദ്യോഗിക കൂട്ടായ്മയായ കേരള ഫിലിം ചേംബർ പ്രതികരിച്ചു. ചലച്ചിത്ര മേഖലയിലെ പ്രതിസന്ധികളുമായി ബന്ധപ്പെട്ടു സർക്കാരുമായി ചർച്ചകൾ നടത്തിവരികയാണ്. തിയറ്ററുകൾ തുറക്കുന്നതു സംബന്ധിച്ചു കൂടുതൽ വിശദാംശങ്ങൾ അതിനുശേഷം പ്രഖ്യാപിക്കുമെന്നു ചേംബർ പ്രസിഡന്റ് ജി.സുരേഷ് കുമാർ പറഞ്ഞു.

മന്ത്രി സജി ചെറിയാൻ സിനിമാ സംഘടനകളുടെ യോഗം വിളിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. യോഗത്തിൽ കൂടുതൽ നടപടികളുണ്ടാകുമെന്ന പ്രതീക്ഷയിലാണു സംഘടനകൾ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP