Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഡൽഹിയുടെ രക്ഷകനായി ശ്രേയസ്; ഉറച്ച പിന്തുണയുമായി ആർ അശ്വിൻ; നാല് വിക്കറ്റ് ജയത്തോടെ പ്ലേ ഓഫ് ഉറപ്പിച്ച് ഋഷഭ് പന്തും സംഘവും; നിർണായക മത്സരത്തിൽ തോറ്റ മുംബൈയുടെ പ്ലേ ഓഫ് മോഹങ്ങൾ തുലാസിൽ

ഡൽഹിയുടെ രക്ഷകനായി ശ്രേയസ്; ഉറച്ച പിന്തുണയുമായി ആർ അശ്വിൻ; നാല് വിക്കറ്റ് ജയത്തോടെ പ്ലേ ഓഫ് ഉറപ്പിച്ച് ഋഷഭ് പന്തും സംഘവും; നിർണായക മത്സരത്തിൽ തോറ്റ മുംബൈയുടെ പ്ലേ ഓഫ് മോഹങ്ങൾ തുലാസിൽ

സ്പോർട്സ് ഡെസ്ക്

ഷാർജ: ഐ.പി.എല്ലിൽ ഷാർജയിലെ വേഗം കുറഞ്ഞ വിക്കറ്റിൽ 'ബൗളർമാരുടെ പോരാട്ടത്തിൽ' മുംബൈ ഇന്ത്യൻസിനെ കീഴടക്കി ഡൽഹി ക്യാപ്പിറ്റൽസ്. മുംബൈ ഉയർത്തിയ 130 റൺസ് വിജയലക്ഷ്യം അഞ്ചു പന്തുകൾ ബാക്കിനിൽക്കേ ആറ് വിക്കറ്റ് നഷ്ടത്തിൽ ഡൽഹി മറികടന്നു. പന്ത്രണ്ട് മത്സരങ്ങളിൽ നിന്നും പതിനെട്ട് പോയിന്റോടെ ഡൽഹി പ്ലേ ഓഫ് ബർത്ത് ഉറപ്പിച്ചപ്പോൾ അത്രതന്നെ മത്സരങ്ങളിൽ പത്ത് പോയിന്റ് മാത്രമുള്ള മുംബൈയുടെ പ്ലേ ഓഫ് സാധ്യതകൾ തുലാസിലായി.

33 പന്തിൽ നിന്ന് 33 റൺസെടുത്ത ശ്രേയസ് അയ്യർ നടത്തിയ ചെറുത്ത് നിൽപ്പാണ് തുടക്കത്തിൽ തകർച്ച നേരിട്ട ഡൽഹിയെ വിജയത്തിലെത്തിച്ചത്. 21 പന്തിൽ നിന്ന് 20 റൺസെടുത്ത ആർ. അശ്വിൻ ശ്രേയസിന് ഉറച്ച പിന്തുണ നൽകി. 21 റൺസ് വഴങ്ങി മൂന്ന് വിക്കറ്റെടുത്ത അക്‌സർ പട്ടേലാണ് കളിയിലെ താരം. സ്‌കോർ മുംബൈ ഇന്ത്യൻസ് 20 ഓവറിൽ 129-8, ഡൽഹി ക്യാപിറ്റൽസ് 19.1 ഓവറിൽ 132-6.

തുടക്കത്തിലെ ഓപ്പണർമാരായ ശീഖർ ധവാനെയും(8), പൃഥ്വി ഷായെയും(6) സ്റ്റീവ് സ്മിത്തിനെയും(9)നഷ്ടമായ ഡൽഹി 30-3ലേക്ക് കൂപ്പുകുത്തി. ക്യാപ്റ്റൻ റിഷഭ് പന്തും(22 പന്തിൽ 26) ശ്രേയസ് അയ്യരും ചേർന്ന് 50 കടത്തി. ഋഷഭ് പന്ത് മുംബൈ ബൗളിങ്ങിനെ കടന്നാക്രമിച്ചെങ്കിലും ഒമ്പതാം ഓവറിൽ പന്തിനെ ജയന്ത് യാദവ് മടക്കി. 22 പന്തിൽ നിന്ന് ഒരു സിക്സും മൂന്ന് ഫോറുമടക്കം 26 റൺസെടുത്താണ് പന്ത് മടങ്ങിയത്.

പിന്നാലെ ഒമ്പത് റൺസുമായി അക്സർ പട്ടേലും മടങ്ങി. ഷിംറോൺ ഹെറ്റ്മയർ എട്ട് പന്തിൽ 15 റൺസുമായി മടങ്ങി. തുടർന്നായിരുന്നു ഡൽഹിയുടെ വിജയത്തിൽ നിർണായകമായ ശ്രേയസ് - അശ്വിൻ കൂട്ടുകെട്ടിന്റെ പിറവി. സ്‌കോർ 100 കടക്കും മുമ്പെ ഹെറ്റ്‌മെയറിനെ ബുമ്ര മടക്കിയെങ്കിലും അശ്വിനെ കൂട്ടുപിടിച്ച് ശ്രേയസ് അയ്യർ ഡൽഹിയെ വിജയവര കടത്തി. അവസാന ഓവറിൽ ക്രുനാൽ പാണ്ഡ്യയുടെ പന്ത് സിക്‌സിന് പറത്തിയാണ് അശ്വിൻ ഡൽഹിക്ക് പ്ലേ ഓഫ് ബർത്ത് സമ്മാനിച്ചത്.



ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ മുംബൈക്ക് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 129 റൺസെടുക്കാനെ കഴിഞ്ഞുള്ളു. 26 പന്തിൽ 33 റൺസെടുത്ത സൂര്യകുമാർ യാദവാണ് മുംബൈയുടെ ടോപ് സ്‌കോറർ. ഡൽഹിക്കായി നാലോവറിൽ 15 റൺസിന് മൂന്ന് വിക്കറ്റെടുത്ത ആവേശ് ഖാനും 21 റൺസിന് മൂന്ന് വിക്കറ്റെടുത്ത അക്‌സർ പട്ടേലും ബൗളിംഗിൽ തിളങ്ങി.

രണ്ടാം ഓവറിലെ മുംബൈക്ക് തിരിച്ചടിയേറ്റു. ഏഴ് റൺസെടുത്ത ക്യാപ്റ്റന് രോഹിത് ശർമയെ തുടക്കത്തിലെ നഷ്ടമായതോടെ മുംബൈയുടെ സ്‌കോറിങ് മന്ദഗതിയിലായി. കൂടുതൽ വിക്കറ്റുകൾ നഷ്ടമായില്ലെങ്കിലും പവർ പ്ലേയിൽ മുംബൈക്ക് നേടാനായത് ഒരു വിക്കറ്റ് നഷ്ടത്തിൽ 35 റൺസ് മാത്രം.

പവർ പ്ലേക്ക് പിന്നാലെ നിലയുറപ്പിച്ചെന്ന് കരുതിയ ക്വിന്റൺ ഡീ കോക്കിനെ(18 പന്തിൽ 19) ആന്റിച്ച് നോർട്യയുടെ കൈകളിലെത്തിച്ച് അക്‌സർ പട്ടേൽ മുംബൈയുടെ തകർച്ചക്ക് വഴിമരുന്നിട്ടു. അശ്വിനെതിരെ രണ്ട് ബൗണ്ടറികളും റബാഡക്കെതിരെ സിക്‌സും നേടി സൂര്യകുമാർ യാദവ് ഒരറ്റത്ത് പോരാട്ടം തുടർന്നു. എന്നാൽ സൂര്യകുമാറിനെ (26 പന്തിൽ 33)വീഴ്‌ത്തി അക്‌സർ പട്ടേൽ രണ്ടാം പ്രഹരം ഏൽപ്പിച്ചതോടെ മുംബൈ കിതച്ചു. പിന്നാലെ സൗരഭ് തിവാരി(18 പന്തിൽ 15), കീറോൺ പൊള്ളാർഡ്(6) എന്നിവരും വീണതോടെ മുംബൈ 87-5ലേക്ക് കൂപ്പുകുത്തി.

അവസാന ഓവറുകളിൽ ആഞ്ഞടിക്കാനായില്ലെങ്കിലും ഹർദ്ദിക് പാണ്ഡ്യയും ക്രുനാൽ പാണ്ഡ്യയും ചേർന്ന് നടത്തിയ പോരാട്ടമാണ് മുംബൈയെ 100 കടത്തിയത്. മുംബൈ ഇന്നിങ്‌സിൽ ആകെ പിറന്നത് എട്ട് ബൗണ്ടറികളും രണ്ട് സിക്‌സുകളും മാത്രമാണ്. ആന്റിക്ക് നോർട്യയും ആവേശ് ഖാനും എറിഞ്ഞ പതിനഞ്ചാമത്തെയും പതിനാറാമത്തെയും ഓവറിൽ മുംബൈ നേടിയത് ഒരു റൺസ് മാത്രം.

പതിനെട്ടാം ഓവറിൽ ഹാർദ്ദിക് പാണ്ഡ്യയെ യോർക്കറിൽ ക്ലീൻ ബൗൾഡാക്കി ആവേശ് ഖാൻ മംബൈയുടെ അവസാന പ്രതീക്ഷയും എറിഞ്ഞിട്ടു. അതേ ഓവറിൽ കോൾട്ടർനൈലിനെയും മടക്കി ആവേശ് ഖാൻ മുംബൈയുടെ ആവേശം തണുപ്പിച്ചു. അവസാന ഓവറിൽ അശ്വിനെതിരെ 13 റൺസ് നേടാനായാതാണ് മുംബൈയെ 129ൽ എത്തിച്ചത്. അവസാന പന്ത് സിക്‌സിന് പറത്തി ക്രുനാൽ പാണ്ഡ്യ(13)യാണ് വിജയലക്ഷ്യം 130 ആയി ഉയർത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP