Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സോമർസെറ്റ് സെന്റ് തോമസ് സീറോ മലബാർ ദേവാലയത്തിൽ വിശുദ്ധ ഫ്രാൻസിസ് അസ്സീസിയുടെ തിരുനാൾ ഒക്ടോബർ 1-ന്

സോമർസെറ്റ് സെന്റ് തോമസ് സീറോ മലബാർ ദേവാലയത്തിൽ വിശുദ്ധ ഫ്രാൻസിസ് അസ്സീസിയുടെ തിരുനാൾ ഒക്ടോബർ 1-ന്

ജോയിച്ചൻ പുതുക്കുളം

ന്യൂജേഴ്‌സി: സോമർ സെറ്റ് സെന്റ് തോമസ് സീറോ മലബാർ കാത്തലിക് ഫൊറോനാ ദേവാലയത്തിൽ വിശുദ്ധ വിശുദ്ധ ഫ്രാൻസിസ് അസ്സീസിയുടെ തിരുനാൾ ഒക്ടോബർ 1 ന് വെള്ളിയാഴ്ച ഭക്ത്യാദരപൂർവ്വം കൊണ്ടാടുന്നതാണെന്ന് വികാരി ഫാ. ആന്റണി പുല്ലുകാട്ട് അറിയിച്ചു. ഇടവകയിലെ വിശുദ്ധ ഫ്രാൻസിസ് അസ്സീസിയുടെ നാമഥേയം സ്വീകരിച്ചിട്ടുള്ളരുൾപ്പെടെയുള്ള കുടുംബങ്ങൾ ഒന്നിച്ചുചേർന്നാണ് വിശുദ്ധന്റെ തിരുനാൾ ആഘോഷിക്കുന്നത്.

വെള്ളിയാഴ്ച വൈകീട്ട് 7:30- ന് ആഘോഷമായ വിശുദ്ധ ദിവ്യബലിക്ക് ഷിക്കാഗോ രൂപതാ അസിസ്റ്റന്റ് വികാരി റവ. ഫാ. മെൽവിൻ പോൾ മുഖ്യ കാർമ്മികനായിരിക്കും. വികാരി വെരി റവ. ഫാ. ആന്റണി പുല്ലുകാട്ട് സഹകാർമികത്വം വഹിക്കും. ദിവ്യബലിമധ്യേ ഫ്രാൻസിസ്‌ക്കൻ സഭയിയിൽ നിന്നുള്ള റവ ഫാ. മീന വരപ്രസാദ് വചന സന്ദേശം നൽകും. തുടർന്നു ആഘോഷമായ ലദീഞ്ഞ്, പ്രദക്ഷിണം, നേർച്ച കാഴ്ച സമർപ്പണം എന്നിവ നടക്കും.

ഇറ്റലിയിലെ അസീസിയിൽ പ്രമുഖ പട്ടുവസ്ത്ര വ്യാപാരിയായ പീറ്റർ ബെർണാർഡിന്റെയും പിക്കാപ്രദ്വിയുടെയും മൂത്തമകനായി 1181-ൽ വിശുദ്ധ ഫ്രാൻസിസ് ജനിച്ചു.

ആദ്യകാലങ്ങളിൽ ലോകത്തിന്റെ ഭൗതികതയിൽ മുഴുകി വളരെ സുഖലോലുപരമായ ജീവിതമാണ് ഫ്രാൻസിസ് നയിച്ചിരുന്നത്. അദ്ദേഹത്തിന് യേശുവിന്റെ ഒരു ദർശനം ഉണ്ടാവുകയും ഇത് ജീവിതത്തെ മാറ്റിമറിക്കുകയും ചെയ്തു. തന്റെ ഇതുവരെയുള്ള ജീവിത ശൈലി ഉപേക്ഷിക്കുവാനും യേശുക്രിസ്തുവിന്റെ പാത പിന്തുടരുവാനുമുള്ള ഉറച്ച തീരുമാനം അദ്ദേഹം എടുത്തു. തന്റെ സമ്പാദ്യം മുഴുവനും ഉപേക്ഷിച്ച് ദാരിദ്ര്യം നിറഞ്ഞ ജീവിതം സ്വീകരിച്ച ഫ്രാൻസിസ് സുവിശേഷം തന്റെ ജീവിത നിയമമായി തിരഞ്ഞെടുത്തു. തന്നെ തന്നെ താഴ്‌ത്തി കൊണ്ട് അദ്ദേഹം പഴകിയ പരുക്കൻ വസ്ത്രങ്ങൾ ധരിച്ചു.

ഭക്ഷണത്തിനായി തെരുവിൽ യാചിച്ചു. ഫ്രാൻസിസിന്റെ ജീവിതവും വാക്കുകളും ധാരാളം പേരിൽ സ്വാധീനിച്ചിരിന്നു. 1209-ൽ പാപ്പായുടെ അനുഗ്രഹത്തോടെ ഫ്രാൻസിസ്‌കൻ സന്യാസ സഭ അദ്ദേഹം സ്ഥാപിച്ചു

വിശുദ്ധ ഫ്രാൻസിസിനെപ്പോലെ മിശിഹായെ അടുത്തനുകരിച്ചിട്ടുള്ള മറ്റൊരു വിശുദ്ധനില്ല എന്ന് ചരിത്രം രേഖപ്പെടുത്തുന്നു. ഭാരതത്തിലെ ഋഷികളെപ്പോലെ അസ്സീസിയിലെ മഹർഷി സകല ചരാചരങ്ങളെയും സ്‌നേഹിച്ചു.

പക്ഷികളോടു സുവിശേഷം പ്രസംഗിക്കുമ്പോൾ അവ അദ്ദേഹത്തിന്റെ കൈകളിലും തോളത്തുമൊക്കെ വന്നിരിക്കുമായിരുന്നു. ഗുബിയോയിലെ നരഭോജിയായ ചെന്നായെ അദ്ദേഹം മെരുക്കിയെടുത്ത കഥ പ്രസിദ്ധമാണ്.

1979-ൽ വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പാ അദ്ദേഹത്തെ പരിസ്ഥിതിയുടെ മദ്ധ്യസ്ഥനായി (Patron Saint of Ecology) പ്രഖ്യാപിച്ചു.

അദ്ദേഹത്തിന്റെ സൂര്യഗീതം (Canticle of the Sun) വിശ്വപ്രസിദ്ധമാണ്. എല്ലാം മരണം പോലും അദ്ദേഹത്തിന് സഹോദരനോ സഹോദരിയോ ആണ്. ' എന്റെ ദൈവം എന്റെ സമസ്തവും'' എന്ന് ഫ്രാൻസിസ് എപ്പോഴും ഉരുവിടുമായിരുന്നു. അദ്ദേഹം നിരവധി അത്ഭുതങ്ങൾ പ്രവർത്തിച്ചിട്ടുമുണ്ട്. ശക്തമായ പ്രലോഭനങ്ങളെയും പിശാചുക്കളുടെ ഉപദ്രവങ്ങളെയും അദ്ദേഹം അതിജീവിച്ചത് ദൈവകൃപയാലാണ്.

വിശുദ്ധന്റെ ജീവിതകാലത്തു തന്നെ ഫ്രാൻസിസ്‌കൻ സഭ യൂറോപ്പിലും പൗരസ്ത്യദേശത്തും വ്യാപിച്ചു. അതോടെ സഭ പുനഃസംഘടിപ്പിക്കപ്പെടുകയും ചെയ്തു. പഞ്ചക്ഷതങ്ങൾ ലഭിച്ച് രണ്ടു വർഷമായപ്പോൾ -1226 ഒക്ടോബർ 3-ന് വിശുദ്ധൻ 142-ാം സങ്കീർത്തനം പാടിക്കൊണ്ട് മരിച്ചു.

1228-ൽ ഒമ്പതാം ഗ്രിഗോറിയോസ് മാർപ്പാപ്പാ അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചു. കത്തോലിക്കാ സഭയിൽ മാത്രമല്ല, ആംഗ്ലിക്കൻ-പ്രൊട്ടസ്റ്റന്റ് സഭാവിഭാഗങ്ങളിലും വിശുദ്ധ ഫ്രാൻസിസ് ആദരിക്കപ്പെടുന്നു.

വിശുദ്ധന്റെ മധ്യസ്ഥ തിരുനാൾ ഇടവക സമൂഹം ഒന്നായി ആഘോഷിക്കുമ്പോൾ , ആത്മീയ നിറവിലും, വിശ്വാസത്തിലും കൂടുതൽ തീക്ഷണതയുള്ളവരാകുവാൻ തിരുനാൾ ദിവസത്തിലെ തിരുകർമ്മങ്ങളിൽ ഭക്ത്യാദരവുകളോടെ പങ്കെടുത്ത് വിശുദ്ധന്റെ മധ്യസ്ഥം വഴി ധാരാളം ദൈവാനുഗ്രഹങ്ങൾ പ്രാപിക്കാൻ വികാരിഅച്ചനും, ട്രസ്റ്റിമാരും എല്ലാവരേയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു.

തിരുനാളിനു നിയോഗങ്ങൾ സമർപ്പിക്കാൻ താഴെകാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://stsmcc.breezechms.com/form/feast

കൂടുതൽ വിവരങ്ങൾക്ക്: ജെയ്സൺ അലക്സ് (914) 6459899, ജസ്റ്റിൻ ജോസഫ് (732) 7626744, സെബാസ്റ്റ്യൻ ആന്റണി (73) 6903934, ടോണി മാങ്ങാൻ (347) 721 8076, മനോജ് പാട്ടത്തിൽ (908) 4002492
വെബ്: www.stthomassyronj.org

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP