Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ചാനൽ എംഡിയായി കെപിസിസി മനസ്സിൽ കാണുന്നത് കെ മുരളീധരനെ; കണക്കു കൊടുത്തില്ലെങ്കിൽ ചെന്നിത്തല കുരുക്കിലാകും; ശമ്പള കുടിശികയ്ക്കൊപ്പം ജി എസ് ടിയിലും തിരിച്ചടി; അക്കൗണ്ടന്റിന് കണ്ണാശുപത്രിയിൽ ജോലി വാങ്ങി നൽകിയതും നേതാക്കൾ; ജയ്ഹിന്ദിൽ ശുദ്ധികലശത്തിന് സുധാകരൻ

ചാനൽ എംഡിയായി കെപിസിസി മനസ്സിൽ കാണുന്നത് കെ മുരളീധരനെ; കണക്കു കൊടുത്തില്ലെങ്കിൽ ചെന്നിത്തല കുരുക്കിലാകും; ശമ്പള കുടിശികയ്ക്കൊപ്പം ജി എസ് ടിയിലും തിരിച്ചടി; അക്കൗണ്ടന്റിന് കണ്ണാശുപത്രിയിൽ ജോലി വാങ്ങി നൽകിയതും നേതാക്കൾ; ജയ്ഹിന്ദിൽ ശുദ്ധികലശത്തിന് സുധാകരൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ജയ്ഹിന്ദ് ടിവിയിൽ നിന്നുള്ള രാജി സ്വീകരിക്കണമെങ്കിൽ ചാനൽ കണക്കുകളിൽ വ്യക്തത വരുത്തണമെന്ന നിർദ്ദേശം രമേശ് ചെന്നിത്തലയ്ക്ക് കെപിസിസി നൽകിയതായി സൂചന. കണക്കുകളിൽ വ്യക്തത വരുത്തിയ ശേഷമേ ചാനലിന്റെ ചുമതല കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ഏറ്റെടുക്കൂ. ചാനൽ എംഡിയായി കെപിസിസി മനസ്സിൽ കാണുന്നത് കെ മുരളീധരനെയാണ്. എന്നാൽ സാമ്പത്തിക പ്രതിസന്ധികളിൽ പരിഹാരം ഉണ്ടായാലേ ഈ പദവി ഏറ്റെടുക്കൂവെന്നാണ് മുരളീധരന്റെ നിലപാട്.

ജയ്ഹിന്ദ്, വീക്ഷണം, രാജീവ്ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് എന്നീ സ്ഥാപനങ്ങളിൽ 35 കോടി രൂപയുടെ ബാധ്യതയുണ്ട്. നേരത്തെ കെപിസിസിയുടെ നിർദ്ദേശാനുസരണം കെവി തോമസ് ചാനലിലും മറ്റും പരിശോധന നടത്തിയിരുന്നു. തോമസിനെ എംഡിയായി നിയോഗിക്കുകയും ചെയ്തു. എന്നാൽ വലിയ സാമ്പത്തിക തിരിമറി കണ്ടെത്തിയതോടെ ദൗത്യം ഏറ്റെടുക്കാതെ തോമസ് പിന്മാറി. ഇതിൽ വിശദ റിപ്പോർട്ട് അന്ന് കെപിസിസി അധ്യക്ഷനായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രന് തോമസ് നൽകിയിരുന്നു. ഇതെല്ലാം പരിഗണിച്ചാണ് കണക്ക് പരിശോധനയ്ക്ക് ശേഷം പുതിയ ടീമെന്ന നിലപാടിൽ സുധാകരൻ എത്തിയത്.

സംസ്ഥാന കോൺഗ്രസിൽ പ്രതിസന്ധി തുടരുന്നതിനിടെ ജയ്ഹിന്ദ്, രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് പദവികളിൽ നിന്നും രാജി വെച്ച് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കെപിസിസിക്ക് കത്ത് കൈമാറിയിരുന്നു. ഇതിന് പിന്നാലെയാണ് ചാനലിൽ ഓഡിറ്റ് നടത്താനുള്ള തീരുമാം. ചാനൽ കടക്കെണിയിലാെന്ന് തിരിച്ചറിഞ്ഞാണ്. നാലു മാസമായി ചാനലിൽ ശമ്പളം കൊടുത്തിട്ട്. സുധാകരന്റെ ഇടപെടലിൽ ഒരു മാസത്തെ ശമ്പളം കൊടുത്തു. ജി എസ് ടി പോലും ചാനലിന് ഇല്ലെന്നാണ് ജീവനക്കാർ പറയുന്നത്. കെടുകാര്യസ്ഥതയാണ് ഇതിന് പിന്നിൽ. അതുകൊണ്ട് തന്നെ ജയ്ഹിന്ദ് ടിവിയുടെ എംഡി ആയിരുന്ന എംഎം ഹസനും സാമ്പത്തിക പ്രതിസന്ധിയിൽ നിലപാടുകൾ വിശദീകരിക്കേണ്ടി വരും.

ജയ് ഹിന്ദ് ടിവിയിൽ അക്കൗണ്ട് മേൽനോട്ടം വഹിച്ച ആളിനെ കണ്ണാശുപത്രിയിലേക്ക് മാറ്റിയതും സുധാകരൻ ഗൗരവത്തോടെ എടുത്തിട്ടുണ്ട്. ചാനലിലന്റെ യഥാർത്ഥ കണക്കുകൾ കെപിസിസി അറിയാതിരിക്കാനാണ് സ്വകാര്യ ആശുപത്രിയിൽ ഈ അക്കൗണ്ടന്റിന് ജോലി നൽകിയതെന്നാണ് സുധാകരന്റെ കണക്കു കൂട്ടൽ. കോൺഗ്രസ് നേതാക്കൾക്ക് ഈ ആശുപത്രിയിൽ ഓഹരിയുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. ചാനലിൽ ഈ അക്കൗണ്ടന്റെ ജോലി ചെയ്താൽ സുധാകരന് കണക്കുകൾ പറഞ്ഞു കൊടുക്കുമെന്ന ഭീതിയിലാണ് ഇയാളെ മാറ്റിയതെന്നാണ് വിലയിരുത്തൽ.

പാർട്ടിയുടെ കീഴിലുള്ള സ്ഥാപനങ്ങളുടെ ചുമതലകളിൽ നിന്നുമാണ് ചെന്നിത്തല ഒഴിഞ്ഞിരിക്കുന്നത്. എന്നാൽ ചെന്നിത്തലയുടെ രാജി സ്വീകരിക്കേണ്ടതില്ലെന്നാണ് ഇപ്പോൾ കെപിസിസി നേതൃത്വത്തിന്റെ തിരുമാനം. ഈ സ്ഥാപനങ്ങളിൽ കോടികളുടെ ബാധ്യത ഉണ്ടെന്നും ഓഡിറ്റ് കഴിഞ്ഞതിന് ശേഷം മാത്രം രാജി അംഗീകരിച്ചാൽ മതിയെന്നുമാണ് കെപിസി നിർദ്ദേശം. കഴിഞ്ഞ 24 നായിരുന്നു രമേശ് ചെന്നിത്തല പദവികൾ ഒഴിഞ്ഞ് കൊണ്ടുള്ള കത്ത് നേതൃത്തിന് കൈമാറിയത്. സാധാരണ നിലയിൽ കെപിസിസി അധ്യക്ഷനാണ് ഈ പദവികൾ വഹിക്കേണ്ടതെന്നാണ് ചെന്നിത്തല പറയുന്നത്. നേരത്തേ മുല്ലപ്പള്ളി രാമചന്ദ്രനും വി എം സുധീരനും കെ പി സി സി അധ്യക്ഷന്മാരായിരുന്നപ്പോഴും ചെന്നിത്തലയായിരുന്നു പദവികൾ വഹിച്ചിരുന്നത്. ഇരു നേതാക്കളും ചുമതലകൾ ഏറ്റെടുക്കാൻ തയ്യാറാകാതിരുന്നതിനാലാണ് പദവി ഏറ്റെടുത്തതെന്നാണ് ചെന്നിത്തല പറയുന്നത്. പുതിയ അധ്യക്ഷനായ കെ സുധാകരൻ ചുമതലയേറ്റെടുത്ത സാഹചര്യത്തിൽ അദ്ദേഹമാണ് ഇനി ചുമതല വഹിക്കേണ്ടതെന്നാണ് ചെന്നിത്തലയുടെ നിലപാട്.

അതുകൊണ്ട് തന്നെ ഇവിടെ ഓഡിറ്റിങ് നടത്തിയ ശേഷം രാജി അംഗീകരിച്ചാൽ മതിയെന്നാണ് രാജി പരിശോധിച്ച ശേഷം നേതൃത്വം വ്യക്തമാക്കിയിരിക്കുന്നത്. എങ്ങനെയാണ് ഇത്രയും ബാധ്യതകൾ വന്നിരിക്കുന്നതെന്നും ചാനലിന്റേയും പത്രത്തിന്റേയുമെല്ലാം പ്രവർത്തനങ്ങൾ ഏത് തരത്തിലാണ് നടക്കുന്നത് തുടങ്ങിയ കാര്യങ്ങളെല്ലാം സ്‌പെഷ്യൽ ഓഡിറ്ററെ വെച്ച് പരിശോധിക്കും. ഒരു സ്ഥാപനത്തിന്റെ ചുമതല വഹിച്ചിരുന്നയാൾ ആ സ്ഥാപനത്തിന് വന്നിരിക്കുന്ന ബാധ്യത സംബന്ധിച്ചുള്ള വിശദീകരണം നൽകാൻ ബാധ്യസ്ഥനാണെന്നാണ് പാർട്ടി കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെ നിലപാട്.

കെപിസിസിക്ക് കീഴിലുള്ള സ്ഥാപനങ്ങൾ സംബന്ധിച്ച് കൃത്യമായ ഓഡിറ്റിങ് നടക്കാറില്ല. പലപ്പോഴും നേതാക്കൾ ചുമതല ഒഴിഞ്ഞ് പോകുമ്പോൾ സ്ഥാപനങ്ങളുടെ അക്കാലയളവിലെ പ്രവർത്തനങ്ങൾ പരിശോധിക്കപ്പെടുന്നില്ല. പലപ്പോഴും പരാതികൾ ഉയർന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. ഇനി അത് തുടരാൻ സാധിക്കില്ല. സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ സംബന്ധിച്ച് വിശദീകരിക്കാൻ നേതാക്കൾക്ക് ഉത്തരവാദിത്തം ഉണ്ടെന്നും കെ പി സി സി വ്യക്തമാക്കുന്നു.

രണ്ട് കമ്പനികളാണ് ജയ്ഹിന്ദ് ടിവിയുടെ നിയന്ത്രണത്തിലുള്ളത്. ഇതിൽ ഒന്നിൽ എംഎം ഹസനായിരുന്നു മാനേജിങ് ഡയറക്ടർ. മറ്റൊന്നിൽ പന്തളം സുധാകരനും. ഇതിൽ യുഡിഎഫ് കൺവീനർ കൂടിയായ എംഎം ഹസൻ മാനേജിങ് ഡയറക്ടർ സ്ഥാനം നേരത്തെ രാജി വച്ചിരുന്നു. എന്നാൽ ഇതിന് ശേഷവും ഹസൻ ചാനൽ കാര്യങ്ങളിൽ ഇടപെട്ടിരുന്നു. എന്നാൽ എംഡി സ്ഥാനം ഒഴിഞ്ഞ ഹസന് ഇനി ദൈനംദിന കാര്യങ്ങളിൽ ഇടപെടാനാകില്ല. ഡയറക്ടർ ബോർഡ് അംഗമായി ഹസൻ തുടരും. മറ്റൊരു കമ്പനിയിൽ പന്തളം സുധാകരൻ തന്നെയാകും മാനേജിങ് ഡയറക്ടർ. അടിമുടി പരിഷ്‌കാരങ്ങൾ ചാനലിൽ സുധാകരൻ വരുത്തും.

കോൺഗ്രസിന്റെ ഔദ്യോഗിക ചാനലായി അറിയപ്പെടുന്ന ജയ്ഹിന്ദ് ടിവിയിൽ എ-ഐ ഗ്രൂപ്പു സമാവാക്യങ്ങൾ എക്കാലത്തും പാലിക്കപ്പെട്ടിരുന്നു. ഹസൻ എംഡിയായിരിക്കുമ്പോൾ ചെന്നിത്തലയ്ക്ക് പ്രസിഡന്റ് പദവിയിൽ എത്തിച്ചത് കെപിസിസി അധ്യക്ഷനെന്ന പോസ്റ്റിൽ ഇരിക്കുമ്പോഴായിരുന്നു. പിന്നീടൊരിക്കലും ചെന്നിത്തലയ്ക്ക് സ്ഥാനം മാറേണ്ടി വന്നിട്ടില്ല. എന്നാൽ പാർട്ടിയെ കൂടുതൽ ചലനാത്മകമാക്കാൻ ചാനലിന്റെ നിയന്ത്രണവും വേണമെന്ന് സുധാകരൻ തീരുമാനിക്കുകയായിരുന്നു. അങ്ങനെ കെപിസിസി അധ്യക്ഷൻ, ചാനൽ പ്രസിഡന്റ് എന്ന നിലയിലേക്ക് കാര്യങ്ങളെത്തും. അതിന് മുമ്പ് കണക്കുകൾ പരിശോധിച്ച് വ്യക്തത വരുത്തും.

പാർട്ടി ഫണ്ടുകളിൽ വന്നിട്ടുള്ള ക്രമക്കേടുകളും പരിശോധിക്കും. ഫണ്ട് വിനിയോഗം സംബന്ധിച്ചുള്ള മാനദണ്ഡങ്ങളെ കുറിച്ചും അന്വേഷിക്കും. ഉത്തരവാദിത്തങ്ങളിൽ നിന്നും ആർക്കും കൈ കഴുകി ഒഴിയാൻ സാധിക്കില്ലെന്നും നേതൃത്വം വ്യക്തമാക്കുന്നു.ജയ്ഹിന്ദ് ടിവി, വീക്ഷണം ദിനപത്രം ,രാജീവ് ഗാന്ധി ഫൗണ്ടേഷൻ, പ്രിയദർശിനി പബ്ലിക്കേഷൻസ് എന്നിവ ഉൾപ്പെടെയുള്ള കെ പി സി സിക്ക ്കീഴിലെ സ്ഥാപനങ്ങളിൽ വലിയ സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നത്. ഇവിടങ്ങളിലെല്ലാം കോടതികളുടെ ബാധ്യത ഉണ്ടെന്നാണ് കണ്ടെത്തൽ.

കിഴക്കേക്കോട്ടയിൽ പ്രവർത്തിച്ചിരുന്ന ചാനലിന്റെ ഹെഡ് ഓഫീസ് കെ.മുരളീധരൻ എം പി യുടെ പി.എം.ജി യിലുള്ള ബഹുനില മന്ദിരത്തിലേക്ക് മാറ്റി സ്ഥാപിച്ചിട്ടും സ്ഥാപനത്തിന് ഗുണമുണ്ടായിട്ടില്ല. പലവിധ ആരോപണങ്ങളും അക്ഷേങ്ങളും നിലനിൽക്കുകയും ചെയ്യുന്നു. ചാനലിന്റെ കണക്കുകൾ കൃത്യമായി ഓഡിറ്റ് നടത്തുന്നുണ്ടോയെന്നും വ്യക്തമല്ല. ഈ സാഹചര്യത്തിൽ സമഗ്ര ഇപെടലിനാണ് ജയ്ഹിന്ദിൽ സുധാകരൻ ശ്രമം നടക്കുന്നത്. 2007 ഓഗസ്ത് 17നാണ് ജയ്ഹിന്ദ് കോൺഗ്രസിന്റെ ഔദ്യോഗിക ജിഹ്വയായി പ്രവർത്തനം തുടങ്ങിയത്. ഇതിന് ശേഷം തുടങ്ങിയ പാർട്ടി ചാനലുകളടക്കമുള്ളവ മുന്നോട്ടു കുതിച്ചിട്ടും ജയ് ഹിന്ദിന്റെ കിതപ്പിന് കാരണം വ്യക്തമല്ല. എല്ലാ കെ പി.സി.സി അധ്യക്ഷന്മാരുടെ കാലത്തും കോടികളാണ് ജയ്ഹിന്ദിന് വേണ്ടി ചിലവഴിച്ചിട്ടുള്ളത്.

പല കാലങ്ങളിൽ നൽകിയ തുകയ്ക്ക് കൃത്യമായ കണക്കുണ്ടോ എന്ന് ഇതിനെല്ലാം കൃത്യമായുള്ള ഓഡിറ്റിങ് നടത്തിയിട്ടുണ്ടോ എന്നതും വ്യക്തമല്ല. ഇവയടക്കം നടത്തി ചാനലിന്റെ ഇപ്പോഴത്തെ അവസ്ഥ കൃത്യമായി മനസിലാക്കിയ ശേഷമാവും കെ.സുധാകരൻ തുടർ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോവുകയെന്നും പറയപ്പെടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP