Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബയോ-ബബിളിലെ നിയന്ത്രണങ്ങൾ താങ്ങാനാവുന്നില്ല; ക്രിസ് ഗെയ്ൽ ഐപിഎൽ വിട്ടു; മാനസിക കരുത്ത് വീണ്ടെടുക്കാൻ ടീം വിടുന്നുവെന്ന് താരം; പഞ്ചാബിന് കനത്ത തിരിച്ചടി; ട്വന്റി 20 ലോകകപ്പിനായി ദുബായിൽ തുടരും

ബയോ-ബബിളിലെ നിയന്ത്രണങ്ങൾ താങ്ങാനാവുന്നില്ല; ക്രിസ് ഗെയ്ൽ ഐപിഎൽ വിട്ടു; മാനസിക കരുത്ത് വീണ്ടെടുക്കാൻ ടീം വിടുന്നുവെന്ന് താരം; പഞ്ചാബിന് കനത്ത തിരിച്ചടി; ട്വന്റി 20 ലോകകപ്പിനായി ദുബായിൽ തുടരും

സ്പോർട്സ് ഡെസ്ക്

ദുബായ്: ഐപിഎൽ പതിനാലാം സീസണിലെ ശേഷിച്ച മത്സരങ്ങളിൽ നിന്നും പഞ്ചാബ് കിങ്‌സ് സൂപ്പർതാരം ക്രിസ് ഗെയ്ൽ പിന്മാറി. ഗെയ്ൽ ഐപിഎല്ലിലെ ബയോ-ബബിളിൽ നിന്ന് പുറത്തുകടന്നു. ബയോ-ബബിളിലെ മാനസിക സമ്മർദത്തെ തുടർന്നാണ് താരത്തിന്റെ പിന്മാറ്റം. ഐ.പി.എൽ പുനരാരംഭിച്ചശേഷം രണ്ട് മത്സരങ്ങൾ മാത്രമാണ് ഗെയ്ൽ കളിച്ചത്. എന്നാൽ വരുന്ന ട്വന്റി ലോകകപ്പിൽ വെസ്റ്റ് ഇൻഡീസ് കുപ്പായത്തിൽ കളിക്കും എന്ന് ഗെയ്ൽ സ്ഥിരീകരിച്ചിട്ടുണ്ട്.

'കഴിഞ്ഞ ഏതാനും മാസങ്ങളായി ഞാൻ മുഴുവൻ സമയവും വിവിധ ബബിളുകളിലായിരുന്നു ജീവിച്ചത്. ആദ്യം ക്രിക്കറ്റ് വെസ്റ്റിൻഡീസിന്റെ ബബിൾ. അതു കഴിഞ്ഞ് സിപിഎൽ ബബിൾ. അവിടുത്ത് നേരെ ഐ.പി.എൽ ബബിളിലേയ്ക്ക്. എനിക്ക് മാനസികമായി ഒന്ന് റീച്ചാർജ് ചെയ്യണം. ഒന്ന് മാനസികോന്മേഷം വീണ്ടെടുക്കണം. ടിട്വന്റി ലോകകപ്പിൽ വിൻഡീസ് ടീമിന് കരുത്തു പകരുകയാണ് ഇപ്പോൾ ലക്ഷ്യം. അതിനുവേണ്ടി മനസിനെ സജ്ജമാക്കേണ്ടതുണ്ട്. അതുകൊണ്ടാണ് ദുബായിൽ നിന്ന് ഒരു ബ്രേക്കെടുത്തത്. ഇതിന് അനുവദിച്ച പഞ്ചാബ് സൂപ്പർ കിങ്‌സിനോട് നന്ദിയുണ്ട്'-പഞ്ചാബ് കിങ്‌സ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ ഗെയ്ൽ പറഞ്ഞു.

ഐപിഎല്ലിൽ നിന്നും പിന്മാറിയെങ്കിലും ട്വന്റി 20 ലോകകപ്പിനായി ഗെയ്ൽ ദുബായിൽ തുടരും. ദുബായിൽ വെസ്റ്റ് ഇൻഡീസ് ടീമിനൊപ്പം ഗെയ്ൽ ചേരും. ഈ സീസണിൽ മികച്ച ഫോമിലായിരുന്നില്ല പഞ്ചാബ് കിങ്സ് ബാറ്റ്‌സ്മാൻ ക്രിസ് ഗെയ്ൽ. 10 മത്സരങ്ങൾ കളിച്ച താരം 21.44 ശരാശരിയിൽ 193 റൺസ് മാത്രമേ നേടിയുള്ളൂ. ഒരു അർധ സെഞ്ചുറി പോലുമില്ല. 46 ആണ് ഉയർന്ന സ്‌കോർ. വെടിക്കെട്ട് ബാറ്റിങ് പേരുകേട്ട താരത്തിന് ഇക്കുറി 125.32 സ്ട്രൈക്ക് റേറ്റ് മാത്രമേയുള്ളൂ എന്നതും ശ്രദ്ധേയം. ഗെയ്ൽ മോശം ഫോമിന് ഏറെ വിമർശനം നേരിട്ടിരുന്നു.

എന്നാൽ ഐപിഎൽ കരിയറിൽ മികച്ച റെക്കോർഡാണ് ഗെയ്ലിനുള്ളത്. വിവിധ ടീമുകൾക്കായി 142 മത്സരങ്ങൾ കളിച്ച താരം 39.72 ശരാശരിയിലും 148.96 സ്ട്രൈക്ക് റേറ്റിലും 4965 റൺസ് നേടി. ആറ് സെഞ്ചുറികൾ നേടിയപ്പോൾ പുറത്താകാതെ 175 റൺസടിച്ചതാണ് ഉയർന്ന സ്‌കോർ. 31 അർധ സെഞ്ചുറികളും ഗെയ്ലിനുണ്ട്.

യുഎഇ വേദിയാവുന്ന ടി20 ലോകകപ്പിനുള്ള ടീമിനെ വെസ്റ്റ് ഇൻഡീസ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഓൾറൗണ്ടർ കീറോൺ പൊള്ളാർഡാണ് നായകൻ. ടി20 ഫോർമാറ്റിലെ തീപ്പൊരി താരങ്ങളടങ്ങിയ ടീമിന് നിക്കോളാസ് പുരാനാണ് ഉപനായകൻ. ടീമിലെ ഏറ്റവും സീനിയർ താരം നാൽപ്പത്തിരണ്ടുകാരനായ ക്രിസ് ഗെയ്ലാണ്. കരീബിയൻ പ്രീമിയർ ലീഗിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ രവി രാംപോൾ ആറ് വർഷത്തിന് ശേഷം ടീമിൽ തിരിച്ചെത്തിയത് ശ്രദ്ധേയമാണ്.

റോസ്ടൺ ചേസിന് ആദ്യമായി ടി20 ടീമിലേക്ക് ക്ഷണം കിട്ടിയതാണ് മറ്റൊരു സവിശേഷത. എന്നാൽ 2016 ലോകകപ്പ് ഫൈനലിൽ ബെൻ സ്റ്റോക്സിനെ തുടർച്ചയായി നാല് സിക്സറിന് പറത്തി വിൻഡീസിന് രണ്ടാം കിരീടം സമ്മാനിച്ച കാർലോസ് ബ്രാത്ത്വെയ്റ്റ് ടീമിന് പുറത്തായി. ബ്രാത്ത്വെയ്റ്റിനൊപ്പം സുനിൽ നരെയ്നും ഇടമില്ല. ഓൾറൗണ്ടർ ജേസൻ ഹോൾഡർ റിസർവ് താരങ്ങളുടെ പട്ടികയിലാണ്.

വെസ്റ്റ് ഇൻഡീസ് ടീം

കീറോൺ പൊള്ളാർഡ്(ക്യാപ്റ്റൻ), നിക്കോളാസ് പുരാൻ(വൈസ് ക്യാപ്റ്റൻ), ക്രിസ് ഗെയ്ൽ, ഫാബിയൻ അലൻ, ഡ്വൊയ്ൻ ബ്രാവോ, റോസ്ടൺ ചേസ്, ആന്ദ്രേ ഫ്‌ളെച്ചർ, ഷിമ്രോൻ ഹെറ്റ്മേയർ, എവിൻ ലൂയിസ്, ഒബെഡ് മക്കോയ്, രവി രാംപോൾ, ആന്ദ്രേ റസൽ, ലെൻഡി സിമ്മൻസ്, ഒഷേൻ തോമസ്, ഹെയ്ഡൻ വാൽഷ്.

ഡാരൻ ബ്രാവോ, ഷെൽഡൺ കോട്രൽ, ജേസൻ ഹോൾഡർ, അക്കീൽ ഹൊസീൻ എന്നിവരാണ് സ്റ്റാൻഡ്ബൈ താരങ്ങൾ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP