Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മോൻസന്റെ കൈവശമുള്ള ശബരിമല രേഖ പരിശോധിക്കണം; രേഖയ്ക്ക് പിന്നിലെ യാഥാർഥ്യം പുറത്തു കൊണ്ടുവരണം; എവിടെനിന്ന് കിട്ടി എന്നതടക്കം കണ്ടെത്തണം; ഭക്തജന സമരം തകർക്കാനാണ് ചെമ്പോല അവതരിപ്പിച്ചതെന്ന് പന്തളം കൊട്ടാരം; വ്യാജമെങ്കിൽ നിയമ നടപടി ആലോചനയിലെന്ന് ശശികുമാര വർമ്മ

മോൻസന്റെ കൈവശമുള്ള ശബരിമല രേഖ പരിശോധിക്കണം; രേഖയ്ക്ക് പിന്നിലെ യാഥാർഥ്യം പുറത്തു കൊണ്ടുവരണം; എവിടെനിന്ന് കിട്ടി എന്നതടക്കം കണ്ടെത്തണം; ഭക്തജന സമരം തകർക്കാനാണ് ചെമ്പോല അവതരിപ്പിച്ചതെന്ന് പന്തളം കൊട്ടാരം; വ്യാജമെങ്കിൽ നിയമ നടപടി ആലോചനയിലെന്ന് ശശികുമാര വർമ്മ

മറുനാടൻ മലയാളി ബ്യൂറോ

ചെങ്ങന്നൂർ: മോൻസൺ മാവുങ്കലിന്റെ കൈവശമുണ്ടായിരുന്ന വ്യാജ ചെമ്പോല പന്തളം കൊട്ടാരത്തിന്റേതെന്ന പേരിൽ പ്രചരിപ്പിച്ചതിന് പിന്നിൽ ഗൂഢാലോചന നടന്നതായി പന്തളം കൊട്ടാരം. ശബരിമല സ്ത്രീ പ്രവേശനത്തിനെതിരെയുള്ള ഭക്തജന സമരം തകർക്കാനാണ് വ്യാജ ചെമ്പോല അവതരിപ്പിച്ചത്. ഇത്തരം ഒരു ചെമ്പോലയെക്കുറിച്ച് പന്തളം കൊട്ടാരത്തിന് അറിവില്ല. ആധികാരികത പരിശോധിക്കണമെന്നാവശ്യപ്പെട്ട് പുരാവസ്തു വകുപ്പിന് പരാതി നൽകുമെന്ന് കൊട്ടാരം നിർവാഹക സംഘം പ്രസിഡന്റ് ശശികുമാര വർമ്മ പറഞ്ഞു.

യുവതീപ്രവേശന വിവാദസമയത്താണ് ശബരിമല മൂന്നര നൂറ്റാണ്ടുമുമ്പ് ദ്രാവിഡ ആരാധനാകേന്ദ്രമായിരുന്നെന്ന് സൂചിപ്പിക്കുന്ന രാജമുദ്രയുള്ള രേഖ വാർത്തയിൽ നിറഞ്ഞത്. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയും സംസ്ഥാനസർക്കാരും രേഖയുടെ ആധികാരികത പരിശോധിക്കണമെന്ന് ശശികുമാര വർമ്മ ആവശ്യപ്പെട്ടു. ശബരിമല യുവതീപ്രവേശനവിവാദം കത്തിനിൽക്കുന്ന സമയത്താണ് മോൻസൻ മാവുങ്കലിന്റെ ശേഖരത്തിലുള്ള ചെപ്പേടും വാർത്തകളിൽ നിറഞ്ഞത്. രേഖയ്ക്ക് 351 വർഷം പഴക്കമുണ്ടെന്നായിരുന്നു അവകാശവാദം.

ശബരിമലയിലെ ആചാരങ്ങളെക്കുറിച്ച് ലഭ്യമാകുന്ന ഏറ്റവും പഴയ രേഖയാണിതെന്നും വ്യാഖ്യാനങ്ങളുണ്ടായി. പലരും ചർച്ചകളിൽ ഈ രേഖ ആധികാരികമായി ഉദ്ധരിക്കുകയും ചെയ്തു. മോൻസൻ മാവുങ്കലിന്റെ തട്ടിപ്പുകഥകൾ ഓരോന്നായി പുറത്തുവരുമ്പോൾ ചെപ്പേടെന്ന് അവകാശപ്പെടുന്ന ഈ രേഖയുടെ പിന്നിലെ യാഥാർഥ്യവും പുറത്തുകൊണ്ടുവരണമെന്നാണ് പന്തളം കൊട്ടാരം ആവശ്യപ്പെടുന്നത്. രേഖ കിട്ടിയത് എവിടെനിന്ന് എന്നതടക്കം കണ്ടെത്തണം. അയ്യപ്പനുമായി ബന്ധപ്പെട്ട് മുമ്പും പല അവകാശവാദങ്ങളും വന്നിട്ടുണ്ടെന്നും ആ വിലയേ ഈ രേഖയ്ക്കും നൽകുന്നുള്ളു എന്നും ശശികുമാര വർമ പറഞ്ഞു. പരിശോധനയിൽ രേഖ വ്യാജമെന്ന് വ്യക്തമായാൽ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും ശശികുമാര വർമ്മ വ്യക്തമാക്കി.

ശബരിമല മൂന്നര നൂറ്റാണ്ട്മുമ്പ് ദ്രാവിഡ ആരാധനാകേന്ദ്രമായിരുന്നുവെന്നും അവിടെ വൈദിക ചടങ്ങുകളോ അനുഷ്ഠാനങ്ങളോ ഉണ്ടായിരുന്നില്ലെന്നും വ്യക്തമാക്കുന്ന പന്തളം കൊട്ടാരം രേഖ പുറത്തു വിട്ടത് ഒരു ചാനലും പത്രവുമാണ്. ഇത് വിശ്വസിച്ച് പലരും വാർത്ത നൽകി. കലൂരിലെ ഡോ. മോൺസൻ മാവുങ്കലിന്റെ സ്വകാര്യശേഖരത്തിലാണ് ശബരിമലയുടെ ചരിത്രം വിളിച്ചോതുന്ന 351 മലയാളവർഷം പഴക്കമുള്ള രാജമുദ്രയുള്ള രേഖയുള്ളത് എന്നായിരുന്നു വാർത്ത. ട്വന്റിഫോറും ദേശാഭിമാനിയുമായിരുന്നു വാർത്ത നൽകിയത്. ഇതിൽ ട്വന്റിഫോറായിരുന്നു ആ വ്യാജ രേഖ പുറത്തു വിട്ടത്.

വ്യാജരേഖ ചമയ്ക്കുന്നത് ജാമ്യമില്ലാ കുറ്റമാണ്. ഇതിനൊപ്പം വർഗ്ഗീയ സംഘർഷത്തിന് വഴിമരുന്നിട്ടേക്കാവുന്ന വിവാദവും. അതുകൊണ്ട് തന്നെ മോൻസൺ മാവുങ്കൽ പിടിയിലാകുമ്പോൾ ഈ രേഖയും വിവാദത്തിലാകുന്നു. 24 ഫോർ ന്യൂസ് നൽകിയ മോൻസൺ മാവുങ്കലിന്റെ പ്രതികരണം പോലും ഇല്ലായിരുന്നു. മോൻസൺ മാവുങ്കലിന്റെ പേര് മാത്രമാണ് പറഞ്ഞിരുന്നത്. ഈ സാഹചര്യത്തിൽ ഇതിലെ നിയമപ്രശ്നങ്ങൾ ഹൈന്ദവ സംഘടനകൾ പരിശോധിക്കുകയാണ്. വ്യാജ രേഖ ഉണ്ടാക്കിയതിന് കേസു കൊടുക്കാനാണ് തീരുമാനം. എൻ എസ് എസും പന്തളം രാജ കുടുംബവും പോലും ആലോചനകളിലാണ്.

പന്തളം കോവിലധികാരി ശബരിമലയിലെ മകരവിളക്കിനും അനുബന്ധ ചടങ്ങുകൾക്കും പണം അനുവദിച്ച് 'ചവരിമല' കോവിൽ അധികാരികൾക്ക് കൊല്ലവർഷം 843 ൽ എഴുതിയ ചെമ്പൊല തിട്ടൂരമാണ് ശബരിമലയുടെ പ്രാചീന ചരിത്രത്തിലേക്ക് വെളിച്ചം വീശുന്നത് (ശബരിമലയ്ക്ക് കോലെഴുത്തിൽ 'ചവരിമല' എന്നാണ് എഴുതിയിരുന്നത്). യുവതീ പ്രവേശന വിലക്കു സംബന്ധിച്ചും ഈ രേഖ ഒന്നും പറയുന്നില്ലെന്നും അന്ന് ദേശാഭിമാനിയും 24 ന്യൂസും വാർത്ത നൽകിയിരുന്നു.

ശബരിമലയിൽ പുള്ളുവൻ പാട്ട്, വേലൻ പാട്ട് എന്നീ ദ്രാവിഡ ആചാരങ്ങളാണുണ്ടായിരുന്നതെന്നും സന്നിധാനത്തെ കാണിക്കയ്ക്ക് സമീപം കുടിൽകെട്ടി പാർത്തിരുന്നത് തണ്ണീർമുക്കം ചീരപ്പൻ ചിറയിലെ കുഞ്ഞൻ പണിക്കരാണെന്നും ചെമ്പോല വ്യക്തമാക്കുന്നുവെന്നായിരുന്നു വ്യാജ വാർത്ത. ചെമ്പോല തീർത്തും വസ്തുനിഷ്ഠവും ആശ്രയിക്കാൻ കഴിയുന്ന രേഖയുമാണെന്ന് ചരിത്രകാരനും തൃപ്പൂണിത്തുറ ഹിൽപാലസിലെ പൈതൃക പഠനകേന്ദ്രം ഡയറക്ടറുമായ ഡോ. എം ആർ രാഘവവാര്യർ പറഞ്ഞുവെന്നും വിശദീകരിച്ചിരുന്നു.

ഇതിന്റെ കാലപ്പഴക്കം, അതിലെ പുരാതനമായ കോലെഴുത്ത് മലയാളം എന്നിവ ഇതാണ് വ്യക്തമാക്കുന്നത്. ചെമ്പോല കൊല്ലവർഷം 843 (ക്രിസ്തുവർഷം 1668) ധനുമാസം ഞായറാഴ്ചയാണ് പുറപ്പെടുവിക്കുന്നത്. ഈ കാലഘട്ടത്തിൽ തന്നെയാണ് മധുരനായ്ക്കൻ പാണ്ടിനാട് ആക്രമിക്കുന്നതും രാജവംശം പന്തളത്തേയ്ക്ക് കുടിയേറുന്നതുമെന്നും രാഘവവാര്യർ പറഞ്ഞിരുന്നു. ഈ ചരിത്ര കാരനേയും ഈ രേഖ കാട്ടി പറ്റിച്ചുവെന്നാണ് ആരോപണം. അതുകൊണ്ട് തന്നെ ഈ ചെമ്പോല വീണ്ടും അന്വേഷണ വിധേയമാക്കണമെന്നാണ് ആവശ്യം.

ശബരിമലയിലെ ആചാരങ്ങളെയും ചടങ്ങുകളെയും കുറിച്ച് ഇന്ന് ലഭ്യമാകുന്ന ഏറ്റവും പഴയ രേഖയാണിത്. ശബരിമലയിൽ രാജാധികാരം പ്രയോഗിക്കപ്പെട്ടതിന്റെ രേഖ കൂടിയാണിത്. ശബരിമലയിൽ മകരവിളക്കും അനുബന്ധ ചടങ്ങുകൾക്കും 3001 'അനന്തരാമൻ പണം' (അക്കാലത്തെ പണം) കുഞ്ഞൻ കുഞ്ഞൻ പണിക്കർ മുതലായവർക്ക് നൽകണമെന്നും ഇതിൽ പറയുന്നുവെന്നാണ് ദേശാഭിമാനി വിശദീകരിച്ചിരുന്നത്, ശബരിമലയിലെ പ്രതിഷ്ഠയെക്കുറിച്ചോ മറ്റ് ബ്രാഹ്ണണാചാരങ്ങളെക്കുറിച്ചോ ഒരു സൂചനയുമില്ലെന്നതാണ് ഈ തിട്ടൂരത്തിലെ മറ്റൊരു പ്രത്യേകത. തന്ത്രിമാരെക്കുറിച്ചോ, ബ്രാഹ്മണശാന്തിമാരെക്കുറിച്ചോ ഒരു സൂചനയുമില്ലെന്നും വിശദീരിച്ചിരുന്നു.

എന്നാൽ ദ്രാവിഡ ആചാരങ്ങളെക്കുറിച്ച് പറയുന്നുമുണ്ട്. പുള്ളുവൻ പാട്ട്, വേലൻപാട്ട് എന്നിവ നടത്തുന്നവർക്ക് പണം അനുവദിക്കണമെന്നാണ് തിട്ടൂരത്തിൽ നിർദ്ദേശിക്കുന്നത്. ഇവ കൂടാതെ വെടി വഴിപാട്, മകരവിളക്ക് എന്നിവയെക്കുറിച്ചും മാളികപ്പുറത്തമ്മയെക്കുറിച്ചും മാത്രമാണ് തിട്ടൂരം പറയുന്നത്. 18-ാം പടിക്കുതാഴെ ഇന്നയിന്ന ദിക്കിലുള്ള ഇന്നയിന്ന കുഴികളിൽ വെച്ചുമാത്രമേ കതിന പൊട്ടിക്കാവൂ. ശബരിമലയിലെ ചടങ്ങുകൾ നടത്താനും തിരുവാഭരണം സുക്ഷിക്കുന്നതിനും ചീരപ്പൻചിറയിലെ കുഞ്ഞൻ കുഞ്ഞൻ പണിക്കർക്കാണ് അധികാരം. മേൽനോട്ട അവകാശത്തിന് കോവിൽ അധികാരികളുമുണ്ട്. അവർ ഇരിക്കേണ്ട സ്ഥാനവും ചെമ്പൊല വ്യക്തമാക്കുന്നവെന്നും ദേശാഭിമാനി പറഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP