Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മിന്നും പ്രകടനം തുടർന്ന് മാക്സ്വെൽ; ഏഴ് വിക്കറ്റിന്റെ തകർപ്പൻ ജയവുമായി ബാംഗ്ലൂർ; പ്ലേ ഓഫ് സാധ്യത നിലനിർത്തി മൂന്നാം സ്ഥാനത്ത്; നിർണായക മത്സരത്തിൽ തോറ്റ രാജസ്ഥാന്റെ പ്ലേ ഓഫ് പ്രതീക്ഷകൾ തുലാസിൽ

മിന്നും പ്രകടനം തുടർന്ന് മാക്സ്വെൽ; ഏഴ് വിക്കറ്റിന്റെ തകർപ്പൻ ജയവുമായി ബാംഗ്ലൂർ; പ്ലേ ഓഫ് സാധ്യത നിലനിർത്തി മൂന്നാം സ്ഥാനത്ത്; നിർണായക മത്സരത്തിൽ തോറ്റ രാജസ്ഥാന്റെ പ്ലേ ഓഫ് പ്രതീക്ഷകൾ തുലാസിൽ

സ്പോർട്സ് ഡെസ്ക്

ദുബായ്: ഐപിഎല്ലിൽ നിർണായക മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെതിരേ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് ഏഴുവിക്കറ്റിന്റെ ആധികാരിക വിജയം. രാജസ്ഥാൻ ഉയർത്തിയ 150 റൺസ് വിജയലക്ഷ്യം 17 പന്തുകൾ ശേഷിക്കേ കോലിയും സംഘവും മറികടന്നു. സ്‌കോർ: രാജസ്ഥാൻ റോയൽസ്-149/9 (20), റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ-153/3 (17.1)

അർധസെഞ്ചുറി നേടി പുറത്താവാതെ നിന്ന ഗ്ലെൻ മാക്സ്വെല്ലും 44 റൺസെടുത്ത ശ്രീകർ ഭരതുമാണ് ബാംഗ്ലൂരിന് വിജയം സമ്മാനിച്ചത്. ബാംഗ്ലൂർ ബൗളർമാരും മികച്ച പ്രകടനം പുറത്തെടുത്തു. സ്‌കോർ: രാജസ്ഥാൻ റോയൽസ് 20 ഓവറിൽ ഒൻപതിന് 149. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ 17.1 ഓവറിൽ മൂന്നിന് 153.

പതിനൊന്ന് മത്സരങ്ങളിൽ നിന്നും ഏഴ് ജയവുമായി ബാംഗ്ലൂർ മൂന്നാം സ്ഥാനം കൂടുതൽ ഉറപ്പിച്ചു. അതേസമയം ഏഴാം സ്ഥാനത്ത് നിന്ന് ഒരുപടി മുന്നോട്ടുകയറാൻ നിർണായക മത്സരത്തിൽ രാജസ്ഥാനായില്ല. ബാംഗ്ലൂരിനോടും തോൽവി വഴങ്ങിയ രാജസ്ഥാൻ റോയൽസിന്റെ പ്ലേ ഓഫ് പ്രതീക്ഷകൾ ഇതോടെ തുലാസിലായി. ശേഷിക്കുന്ന മൂന്ന് മത്സരങ്ങളും ജയിച്ചാലും മറ്റ് ടീമുകളുടെ ഫലം കൂടി അനുസരിച്ചാകും രാജസ്ഥാന് പ്ലേ ഓഫ് സാധ്യതകൾ നിർണയിക്കുക.

ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ രാജസ്ഥാൻ റോയൽസിന് സ്വപ്നതുല്യമായ തുടക്കമാണ് ഓപ്പണർമാരായ എവിൻ ലൂയിസും യശസ്വി ജയ്സ്വാളും നൽകിയത്. പവർപ്ലേയിൽ ഇരുവരും ചേർന്ന് രാജസ്ഥാനെ വിക്കറ്റ് നഷ്ടമില്ലാതെ 56 റൺസിലെത്തിച്ചു. ഓപ്പണിങ് വിക്കറ്റിൽ ജയ്‌സ്വാളും ലൂയിസും 8.2 ഓവറിൽ 77 റൺസടിച്ചു.

പവർ പ്ലേയിലെ ആദ്യ രണ്ടോവറിൽ എട്ട് റൺസ് മാത്രമെടുത്ത രാജസ്ഥാൻ ഗ്ലെൻ മാക്‌സ്വെൽ എറിഞ്ഞ മൂന്നാം ഓവറിലാണ് ആക്രമണം തുടങ്ങിയത്. മാക്‌സ്വെല്ലിനെതിരെ ജയ്സ്വാൾ ഇന്നിങ്‌സിലെ ആദ്യ സിക്‌സ് നേടിയതിന് പിന്നാലെ ആക്രമണം ഏറ്റെടുത്ത ലൂയിസ്, ഗാർട്ടൻ എറിഞ്ഞ നാലാം ഓവറിൽ 18 റൺസടിച്ചു. അഞ്ചാം ഓവറിൽ ഹർഷൽ പട്ടേലിനെയെും സിക്‌സിനും ഫോറിനും പറത്തി ലൂയിസ് 13 റൺസടിച്ചതോടെ രാജസ്ഥാൻ സ്‌കോർ കുതിച്ചു. 22 പന്തിൽ 31 റൺസടിച്ച ജയ്സ്വാളിനെ ഡാൻ ക്രിസ്റ്റ്യൻ മടക്കിയശേഷം ക്രീസിലെത്തിയ ക്യാപ്റ്റൻ സഞ്ജു സാംസണും തകർത്തടിച്ചതോടെ രാജസ്ഥാൻ അതിവേഗം 100 ലെത്തി.

പന്ത്രണ്ടാം ഓവറിലെ ആദ്യ പന്തിൽ 37 പന്തിൽ 58 റൺസടിച്ച ലൂയിസ് മടങ്ങി. അഞ്ച് ഫോറും മൂന്ന് സിക്‌സും പറത്തിയാണ് ലൂയിസ് 58 റൺസടിച്ചത്. അതേ ഓവറിലെ അവസാന പന്തിൽ സിക്‌സടിച്ച് സഞ്ജു കഴിഞ്ഞ മത്സരത്തിലെ ഫോം തുടരുമെന്ന് തോന്നിച്ചു. എന്നാൽ പതിമൂന്നാം ഓവറിൽ മഹിപാൽ ലോമറോറിനെ(3) ചാഹൽ പുറത്താക്കി രാജസ്ഥാന്റെ കുതിപ്പ് തടഞ്ഞു.

പതിനാലാം ഓവറിലെ ആദ്യ പന്തിൽ ഇടം കൈയൻ സ്പിന്നർ ഷഹബാദ് അഹമ്മദിനെ എക്‌സ്ട്രാ കവറിലൂടെ സിക്‌സിന് പറത്താനുള്ള സഞ്ജുവിന്റെ ശ്രമം ബൗണ്ടറിയിൽ ദേവ്ദത്ത് പടിക്കലിന്റെ കൈകളിലൊതുങ്ങി. 15 പന്തിൽ രണ്ട് സിക്‌സ് സഹിതമാണ് സഞ്ജു 19 റൺസടിച്ചത്. അതേ ഓവറിൽ രാഹുൽ തിവാട്ടിയയെയും(2) മടക്കി ഷഹബാസ് ഇരട്ടപ്രഹരമേൽപ്പിച്ചു. ഇതോടെ 100-1ൽ നിന്ന് 117-5ലേക്ക് രാജസ്ഥാൻ കൂപ്പുകുത്തി.

പതിനേഴാം ഓവറിൽ ലിയാം ലിവിങ്സ്റ്റണെ(6) ചാഹലും അവസാന ഓവറിൽ റിയാൻ പരാഗിനെയും(9), ക്രിസ് മോറിസിനെയും(14) ചേതൻ സക്കറിയെയും(2) ഹർഷൽ പട്ടേൽ വീഴ്‌ത്തിയതോടെ രാജസ്ഥാന്റെ പതനം പൂർത്തിയായി.

150 റൺസ് വിജലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ ബാംഗ്ലൂരിന് വേണ്ടി വിരാട് കോലിയും ദേവ്ദത്ത് പടിക്കലും ചേർന്ന് ഇന്നിങ്സ് ഓപ്പൺ ചെയ്തു. ആദ്യ ഓവറിൽ മൂന്ന് ബൗണ്ടറികൾ നേടിക്കൊണ്ട് കോലി വരവറിയിച്ചു. സക്കറിയ എറിഞ്ഞ മൂന്നാം ഓവറിലെ അഞ്ചാം പന്തിൽ ദേവ്ദത്തിനെ പുറത്താക്കാനുള്ള സുവർണാവസരം സഞ്ജു പാഴാക്കി.

കോലിയും ദേവ്ദത്തും ചേർന്ന് അതിവേഗത്തിൽ ബാംഗ്ലൂർ ഇന്നിങ്സിനെ നയിച്ചു. ആദ്യ അഞ്ചോവറിൽ ഇരുവരും 48 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. എന്നാൽ ആറാം ഓവറിൽ 17 പന്തുകളിൽ നിന്ന് 22 റൺസെടുത്ത ദേവ്ദത്തിനെ ക്ലീൻ ബൗൾഡാക്കി മുസ്താഫിസുർ റഹ്‌മാൻ രാജസ്ഥാന് പ്രതീക്ഷ സമ്മാനിച്ചു.

പിന്നാലെ അപ്രതീക്ഷിതമായി കോലി റൺ ഔട്ടായതോടെ ബാംഗ്ലൂർ അപകടം മണത്തു. 20 പന്തുകളിൽ നിന്ന് 25 റൺസെടുത്ത കോലിയെ തകർപ്പൻ ത്രോയിലൂടെ റിയാൻ പരാഗാണ് പുറത്താക്കിയത്. രണ്ടുവിക്കറ്റ് വീണ ശേഷം ക്രീസിൽ ശ്രീകർ ഭരത്തും ഗ്ലെൻ മാക്സ്വെല്ലും ഒത്തുചേർന്നു. ആദ്യ പത്തോവറിൽ 79 റൺസാണ് ബാംഗ്ലൂർ നേടിയത്.

വളരെ ശ്രദ്ധയോടെ കളിച്ച ഭരതും മാക്സ്വെല്ലും ചേർന്ന് ബാംഗ്ലൂരിനെ തകർച്ചയിൽ നിന്ന് കരകയറ്റി. 12.3 ഓവറിൽ ടീം സ്‌കോർ 100 കടന്നു. ഒപ്പം അർധസെഞ്ചുറി കൂട്ടുകെട്ടും ഇവർ പടുത്തുയർത്തി.

ഭരത്താണ് കൂടുതൽ ആക്രമിച്ച് കളിച്ചത്. മാക്സ്വെൽ അതിനുള്ള അവസരമൊരുക്കി. പിന്നാലെ ട്വന്റി 20 യിൽ മാക്സ്വെൽ 7000 റൺസ് തികച്ചു. മികച്ച രീതിയിൽ മുന്നോട്ടുപോകുകയായിരുന്ന ഭരത്-മാക്സ്വെൽ കൂട്ടുകെട്ടിനെ തകർത്ത് മുസ്താഫിസുർ വീണ്ടും രാജസ്ഥാന് പ്രതീക്ഷ പകർന്നു.

35 പന്തുകളിൽ നിന്ന് 44 റൺസെടുത്ത ഭരതിനെ പുറത്താക്കിയാണ് മുസ്താഫിസുർ ഈ കൂട്ടുകെട്ട് പൊളിച്ചത്. ടീമിനെ വിജയത്തിന്റെ പടിക്കലെത്തിച്ച ശേഷമാണ് ഭരത് ക്രീസിൽ നിന്ന് മടങ്ങിയത്. ഒപ്പം മാക്സ്വെല്ലിനൊപ്പം നിർണായകമായ 69 റൺസിന്റെ കൂട്ടുകെട്ടും പടുത്തുയർത്തി.

ഭരത് പുറത്തായ ശേഷം ആക്രമിച്ച് കളിച്ച മാക്സ്വെൽ അതിവേഗത്തിൽ ടീമിനെ വിജയത്തിലെത്തിച്ചു. ഒപ്പം അർധശതകവും നേടി. 30 പന്തുകളിൽ നിന്ന് ആറുഫോറിന്റെയും ഒരു സിക്സിന്റെയും സഹായത്തോടെയാണ് താരം പുറത്താവാതെ 50 റൺസ് നേടിയത്. ഡിവില്ലിയേഴ്സാണ് ടീമിന് വേണ്ടി വിജയറൺ നേടിയത്. താരം നാല് റൺസെടുത്ത് പുറത്താവാതെ നിന്നു. രാജസ്ഥാന് വേണ്ടി മുസ്താഫിസുർ റഹ്‌മാൻ രണ്ട് വിക്കറ്റ് വീഴ്‌ത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP