Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സൈബർ സുരക്ഷയുടെ 'കൊക്കൂണിൽ' അനിത എത്തിയത് മാവുങ്കലുമായി; നടുക്ക് നിന്നത് യതീഷ് ചന്ദ്ര; ഐ ആം സ്റ്റാന്റിങ് വിത്ത് യു പ്രിയ സഖാവേ! അമ്മയെപ്പോലെ ആണ് എനിക്കു ചേച്ചിയോടുള്ള സ്‌നേഹം; വിജയ് യേശുദാസും മോൻസണും പിന്നെ ബെഹ്‌റയും; സോഷ്യൽ മീഡിയയിൽ അനിതാ പുല്ലയിൽ പറയാതെ പറയുന്നത് ഉന്നത ബന്ധങ്ങൾ

സൈബർ സുരക്ഷയുടെ 'കൊക്കൂണിൽ' അനിത എത്തിയത് മാവുങ്കലുമായി; നടുക്ക് നിന്നത് യതീഷ് ചന്ദ്ര; ഐ ആം സ്റ്റാന്റിങ് വിത്ത് യു പ്രിയ സഖാവേ! അമ്മയെപ്പോലെ ആണ് എനിക്കു ചേച്ചിയോടുള്ള സ്‌നേഹം; വിജയ് യേശുദാസും മോൻസണും പിന്നെ ബെഹ്‌റയും; സോഷ്യൽ മീഡിയയിൽ അനിതാ പുല്ലയിൽ പറയാതെ പറയുന്നത് ഉന്നത ബന്ധങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മോൻസൺ മാവുങ്കൽ തട്ടിപ്പുകാരൻ എന്ന് ആദ്യം തിരിച്ചറിഞ്ഞത് അനിതാ പുല്ലയിലോ? ഇതേ തുടർന്നാണ് പൊലീസും മോൻസണിനെതിരെ തിരിഞ്ഞതെന്നാണ് സൂചന. ലോക കേരള സഭയിലും മറ്റും സജീവ സന്നിധ്യമാണ് ഈ തൃശൂരുകാരി. അതിനിടെ സൈബർ പൊലീസിന്റെ കൊക്കൂൺ മീറ്റിലും ഇവർ പങ്കെടുത്തിരുന്നു. അതും മോൻസൺ മാവുങ്കലിനൊപ്പം. 2019ലെ കൊക്കൂൺ സുരക്ഷാ മീറ്റിലാണ് അനിതയും മോൻസണും എത്തിയത്.

മുഖ്യമന്ത്രിയുടെ തൊട്ടടുത്ത് നിൽക്കുന്ന ചിത്രവും അനിതയുടെ ഫെയ്‌സ് ബുക്കിലുണ്ട്. ഐ ആം സ്റ്റാന്റിങ് വിത്ത് യു പ്രിയ സഖാവേ. ആയിരം കള്ളങ്ങൾ പറഞ്ഞു വ്യക്തിഹത്യ നടത്താൻ ശ്രെമിച്ചാലും സത്യമെന്ന വാക്കിന് വിലയുള്ളിടത്തോളം കാലം കൂടെനിൽക്കുന്നവർ ചതിച്ചു എന്ന് വരികിലും ,താങ്കൾ എന്താണെന്നറിയുന്നവർ താങ്കളെ എന്നും ഇരട്ട ചങ്കനായി തന്നെ അറിയുകയുള്ളൂ.ഒരിക്കലും ഒരു രാഷ്ട്രീയക്കാരിയായിരുന്നില്ല ഞാൻ.രാഷ്ട്രീയം ,ജനങ്ങൾക്ക് ഉപകാരപ്പെടുന്നത് എങ്ങനെയാണെന്ന് മനസ്സിലാക്കാൻ തുടങ്ങിയപ്പോഴാണ് താങ്കളോട് ബഹുമാനം തോന്നിയതു-ഇങ്ങനെ മുഖ്യമന്ത്രിയെ പുകഴത്തി പോസ്റ്റും ഇട്ടിട്ടുണ്ട്. ഇതിനൊപ്പം സിപിഎം നേതാവ് പികെ ശ്രീമതിയെ സ്വന്തം ചേച്ചിയാണെന്നും വിശദീകരിച്ചിട്ടുണ്ട് ഫെയ്‌സ് ബുക്കിൽ. അമ്മയെപ്പോലെ ആണ് എനിക്കു ചേച്ചിയോടുള്ള സ്‌നേഹം എന്നു പറഞ്ഞു തുടങ്ങുന്നതാണ് പോസ്റ്റ്.

മുൻ ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ വിശ്വാസത്തിന്റെ പ്രതിരൂപമായാണ് വിശേഷിപ്പിക്കുന്നത്. മുൻ ഡിജിപി ശ്രീലേഖയുമായുള്ള ചിത്രവുമുണ്ട്. എഡിജിപി മനോജ് എബ്രഹാമിനെ അനുകൂലിച്ചും പോസ്റ്റുകൾ. റോമിലാണ് ഇവരുടെ താമസമെന്നാണ് ഫെയ്‌സ് ബുക്കിൽ നിന്ന് മനസ്സിലാക്കുന്നത്. തൃശൂരുകാരിക്ക് പൊലീസുമായി അടുത്ത ബന്ധമുണ്ടെന്ന സൂചന നൽകുന്ന നിരവധി പോസ്റ്റുകൾ ഫെയ്‌സ് ബുക്കിലുണ്ട്. ബെഹ്‌റയും മോൻസണുമൊത്ത് നിൽക്കുന്ന ചിത്രവും കാണാം. എന്നാൽ കൊക്കൂൺ പോലൊരു സുരക്ഷാ തല മീറ്റിംഗിൽ മാവുങ്കൽ പങ്കെടുത്തുന്നുവെന്ന വസ്തുതയാണ് ഈ പോസ്റ്റിൽ ഏറ്റവും ഞെട്ടിക്കുന്നത്. വിജയ് യേശുദാസിനും ബെഹ്‌റയ്ക്കും ഒപ്പം മാവുങ്കലുമായി നിൽക്കുന്ന ചിത്രവും സോഷ്യൽ മീഡിയയിൽ വൈറലാണ്.

മനോരമയാണ് അനിതാ പുല്ലയിലുമായി ബന്ധപ്പെട്ട വാർത്ത പ്രസിദ്ധീകരിച്ചത്. മോൻസൺ മാവുങ്കൽ കുടുങ്ങാൻ കാരണം അനിതയാണെന്ന സൂചനയും ഉണ്ടായിരുന്നു. പ്രവാസി മലയാളി ഫെഡറേഷന്റെ സജീവ പ്രവർത്തകയാണ് അവർ. നിറപറ ബിജു കർണ്ണൻ അടക്കമുള്ളവരുമായി അടുത്ത ബന്ധവുമുണ്ട്. ഈ സംഘനാ പരിചയമാണ് മാവുങ്കലുമായി അടുക്കാനുള്ള കാരണം. തുടർന്ന് പൊലീസ് സേനയിലെ ഉന്നതരിലേക്ക് മാവുങ്കൽ എത്തി. ഇതിനിടെ അനിതയ്ക്ക് ചില സംശയങ്ങളുണ്ടായി. ഇതോടെ സുഹൃത്ത് ബന്ധം വിട്ടു. അതിനിടയിൽ തന്നെ മോൻസൺ വലിയ തോതിൽ വളർന്നിരുന്നു. ഡിഐജി സുരേന്ദ്രനെ പോലുള്ള അടുപ്പങ്ങളും ഉണ്ടാക്കിയെന്നതാണ് വസ്തുത.

മുഖ്യമന്ത്രിയുമായി അടുത്ത ബന്ധമുണ്ടെന്ന് തോന്നിക്കുന്ന ചിത്രം സഹിതമാണ് പിണറായിയെ പുകഴ്‌ത്തിയുള്ള അനിതയുടെ പോസ്റ്റ്. ശ്രീമതി ടീച്ചറും ശ്രീലേഖയുമായുള്ള അടുപ്പത്തിനും ചിത്രം തെളിവാണ്. കൊക്കൂണിൽ പോലും അനിത എത്തുമ്പോൾ പൊലീസിലെ സ്വാധീനം എത്രത്തോളമാണെന്ന വ്യക്തവുമാണ്. അതുകൊണ്ടാണ് മനോരമയിൽ ജി വിനോദിന്റെ വാർത്ത ശ്രദ്ധേയമാകുന്നതും. മോൻസന്റെ പുരാവസ്തു തട്ടിപ്പ് അന്വേഷിക്കണമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനോട് ആവശ്യപ്പെടാൻ എഡിജിപി മനോജ് ഏബ്രഹാം 2 വർഷം മുൻപ് അന്നത്തെ ഡിജിപി ലോക്നാഥ് ബെഹ്റയ്ക്കു നൽകിയ കത്ത് പൊലീസ് ആസ്ഥാനത്തു തന്നെ മുങ്ങി. ഇതിന് പിന്നിൽ ചില വിദേശ കരങ്ങൾക്കും പങ്കുണ്ടായിരുന്നു. ഇതേ കുറിച്ച് മനോരമ ഇന്ന് റിപ്പോർട്ട് ചെയ്യുന്നുണ്ട്.

ഒന്നര വർഷത്തിനു ശേഷം ഇന്റലിജൻസ് മുഖ്യമന്ത്രിക്കു വിശദ റിപ്പോർട്ട് നൽകിയതോടെ പുതിയ കത്ത് ഇഡിക്കു നൽകി. മോൻസനെയും പൊലീസ് ഉന്നതനെയും പരിചയപ്പെടുത്തിയത് ഇറ്റാലിയൻ പൗരത്വമുള്ള കോട്ടയത്തെ വനിതയാണെന്നും അറിവായി. ലോക കേരള സഭയിലും 'അസൻഡ് കേരള' നിക്ഷേപകസംഗമത്തിലും ഇവർ സജീവസാന്നിധ്യമായിരുന്നു. ഈ വനിത മോൻസനുമായി തെറ്റിയതോടെ പൊലീസ് ഉന്നതനും ഇയാളെ കൈവിട്ടു. തുടർന്നാണ് ശക്തമായ അന്വേഷണം ആവശ്യപ്പെട്ട് ഇന്റലിജൻസ് റിപ്പോർട്ട് സഹിതം ഇഡിക്കു റിപ്പോർട്ട് നൽകിയതെന്ന് ഉന്നതർ വ്യക്തമാക്കി. പൊലീസ് ആസ്ഥാനത്ത് അതിശക്തമായ ബന്ധം ഈ യുവതിക്കുണ്ടായിരുന്നു എന്നാണ് സൂചന. അനിതാ പുല്ലയിൽ എന്ന വനിതയെയാണ് മനോരമ വാർത്ത സംശയ നിഴലിൽ നിർത്തുന്നത്.

അനിതാ പുല്ലയിൽ എന്ന തൃശൂരുകാരിയെയാണ് ഈ വാർത്തയിൽ പരാമർശിക്കുന്നത്. ഇവർക്ക് പൊലീസ് ആസ്ഥാനത്ത് നിരവധി സുഹൃത്തുക്കളുണ്ടായിരുന്നുവെന്നത് വസ്തുതയാണ്. ലോക കേരള സഭയിൽ അംഗമായ ഇവർ പല രാഷ്ട്രീയ നേതാക്കൾക്കൊപ്പമുള്ള ചിത്രവും ഫെയ്സ് ബുക്കിൽ ഇട്ടിട്ടുണ്ട്. റോമിലാണ് ഇവർ ഇപ്പോൾ താമസം. എന്നാൽ ഈ വാർത്തകളിലൊന്നും പൂർണ്ണ സത്യമില്ലെന്നാണ് അവരുടെ അടുത്തു നിന്നും കിട്ടുന്ന സൂചനകൾ. മോൻസൺ മാവുങ്കൽ തന്നെയും പറ്റിക്കുകയായിരുന്നു എന്നാണ് ഇവർക്ക് പറയാനുള്ളത്. തട്ടിപ്പ് മനസ്സിലാക്കിയപ്പോൾ തന്നെ പിന്മാറിയെന്നും ഇവരുടെ അടുപ്പക്കാർ പറയുന്നുണ്ട്. ഏതായാലും ഈ റോം ലിങ്കിലേക്കും അന്വേഷണം കടക്കുമോ എന്നത് നിർണ്ണായകമാണ്. വളരെ വിശദമായാണ് ഇവരുമായി ബന്ധപ്പെട്ട കാര്യങ്ങൾ പേരു വയ്ക്കാതെ മനോരമ റിപ്പോർട്ട് ചെയ്യുന്നത്. ജി വിനോദാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.

2019 മേയിൽ എസ്‌പി സുജിത് ദാസിന്റെ വിവാഹത്തിൽ പങ്കെടുക്കാനാണു ഡിജിപി ലോക്നാഥ് ബെഹ്റയും എഡിജിപി മനോജ് ഏബ്രഹാമും അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ കൊച്ചിയിലെത്തിയത്. മടങ്ങാൻ നേരം മനോജിനെ ബെഹ്റ ക്ഷണിച്ചു 'മനോജ്, നമുക്കൊരു മ്യൂസിയം കണ്ടിട്ടുവരാം'. ഇരുവരും കാറിൽ കയറിയതോടെ, അന്നു കൊച്ചി കമ്മിഷണറായിരുന്ന എസ്. സുരേന്ദ്രൻ മ്യൂസിയത്തിലേക്കുള്ള വഴി പറഞ്ഞുകൊടുത്തു. മ്യൂസിയത്തിൽ മോൻസനും ജീവനക്കാരും മാത്രം. ഇതു കാണാൻ ആരും വരുന്നില്ലേ, വാങ്ങാനുള്ള പണം എവിടുന്നാണ്, എവിടെ വിൽക്കുന്നു തുടങ്ങിയ മനോജിന്റെ ചോദ്യങ്ങൾക്കു മറുപടിയുണ്ടായില്ല.

ആയുർവേദ ഡോക്ടറാണെന്നു പറഞ്ഞ മോൻസൻ, വജ്രക്കല്ലുകൾ പതിച്ച 100 വാച്ചുകൾ, സ്വർണ അക്ഷരങ്ങളിൽ എഴുതിയ വേദപുസ്തകം എന്നിങ്ങനെ പലതും കാണിച്ചു. സിംഹാസനത്തിൽ കയറ്റി ചിത്രങ്ങളുമെടുത്തു. ഏതാനും ദിവസം കഴിഞ്ഞു മോൻസൻ ഇതു സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചു. അതോടെയാണ് തട്ടിപ്പിനെക്കുറിച്ചു കുടുതൽ സംശയം ഉയർന്നത്. തുടർന്ന് 2019 മേയിൽ തന്നെ ഇഡിക്കു നൽകാനുള്ള കത്തു തയാറാക്കി മനോജ് ഡിജിപിക്കു നൽകി. അതു പക്ഷേ, ഇഡിക്കു ലഭിച്ചോയെന്നു വ്യക്തമല്ല.

ഒപ്പം സംസ്ഥാന ഇന്റലിജൻസിനോടും വിശദ അന്വേഷണം ആവശ്യപ്പെട്ടു. ആ സമയം പ്രവാസി വനിത പൊലീസ് ആസ്ഥാനത്ത് ഒട്ടേറെ തവണ വന്നിരുന്നതായി ഉന്നത ഉദ്യോഗസ്ഥർ ഓർക്കുന്നു. ഇറ്റലിയിലെ മലയാളികളുടെ വിവിധ പ്രശ്നങ്ങൾ ചർച്ച ചെയ്യാനാണു വരുന്നതെന്നാണു ഡിജിപി സഹപ്രവർത്തകരോടു പറഞ്ഞിരുന്നതെന്ന് മനോരമ റിപ്പോർട്ട് ചെയ്യുന്നു. 2020 ഡിസംബറിൽ തട്ടിപ്പിനെക്കുറിച്ചുള്ള മറ്റൊരു ഇന്റലിജൻസ് റിപ്പോർട്ട് ഡിജിപിക്കും മുഖ്യമന്ത്രിക്കും കിട്ടി. ഇയാളെ സൂക്ഷിക്കണമെന്നും തട്ടിപ്പുകാരനാണെന്നും അതിൽ ചൂണ്ടിക്കാട്ടിയിരുന്നു. ആ സമയത്താണു മോൻസനും വനിതയും ഇടയുന്നത്.

തുടർന്ന് 2021 ജനുവരിയിൽ മോൻസന്റെ ഇടപാട് അന്വേഷിക്കണമെന്ന ഔദ്യോഗിക കത്ത് ഡിജിപി ബെഹ്റ ഇഡിക്കു നൽകി; ഒപ്പം ഇന്റലിജൻസ് റിപ്പോർട്ടും. ഇതിൽ പൊലീസ് ഉദ്യോഗസ്ഥരുടെ പേരുകളില്ലായിരുന്നുവെന്ന് മനോരമ പറയുന്നു. അതിനിടെ മുഖ്യമന്ത്രിയുടെ പേരും ഇയാൾ തട്ടിപ്പിന് ഉപയോഗിക്കുന്നതായി വിവരം ലഭിച്ചു. ഈയിടെ മുഖ്യമന്ത്രിക്കു ലഭിച്ച പരാതി ഇന്റലിജൻസ് വിശദമായി അന്വേഷിച്ചു ശരിവയ്ക്കുകയും ചെയ്തു. ഉടൻ പൊലീസ് ഉന്നതരെ വിളിച്ചു വരുത്തി ശക്തമായ നടപടിക്കു മുഖ്യമന്ത്രി നിർദ്ദേശിച്ചു.

അതിന്റെ അടിസ്ഥാനത്തിലാണു ഡിജിപി അനിൽ കാന്ത് എറണാകുളം ക്രൈംബ്രാഞ്ച് എസ്‌പി എം.ജെ. സോജനെ അന്വേഷണം ഏൽപിച്ചത്. ഇറ്റലിയിലെ ഒരു സാമ്പത്തിക തട്ടിപ്പു കേസിൽ ഇടപെടണമെന്ന ആവശ്യവുമായി മുൻ ക്രൈംബ്രാഞ്ച് മേധാവിയെയും ഈ വനിത സന്ദർശിച്ചിരുന്നുവെന്നും മനോരമ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP