Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പുരാവസ്തു തട്ടിപ്പ് കേസ്: മോൻസൻ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ; കലൂരിലെ വീട്ടിൽ ആനക്കൊമ്പ് കണ്ടെത്തിയതിൽ വനംവകുപ്പിന്റെ പരിശോധന; കലൂരിലെ വീട്ടിൽ റെയ്ഡ് നടത്തി കസ്റ്റംസും

പുരാവസ്തു തട്ടിപ്പ് കേസ്: മോൻസൻ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ; കലൂരിലെ വീട്ടിൽ ആനക്കൊമ്പ് കണ്ടെത്തിയതിൽ വനംവകുപ്പിന്റെ പരിശോധന; കലൂരിലെ വീട്ടിൽ റെയ്ഡ് നടത്തി കസ്റ്റംസും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: പുരാവസ്തുക്കളുടെ പേരിൽ കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ മോൻസൻ മാവുങ്കലിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു. മൂന്നു ദിവസത്തേക്കാണ് മോൻസനെ കസ്റ്റഡിയിൽ വിട്ടത്. എറണാകുളം അഡീഷണൽ സിജെഎം കോടതിയാണ് കസ്റ്റഡിയിൽ വിട്ടത്. ഇയാൾക്ക് മതിയായ ചികിത്സകൾ നൽകണമെന്നും കോടതി ഉത്തരവിൽ പറയുന്നു.അഞ്ച് ദിവസത്തേക്കാണ് ക്രൈംബ്രാഞ്ച് കസ്റ്റഡിയിലാവശ്യപ്പെട്ടത്.

എച്ച്എസ്‌ബിസി ബാങ്കിന്റെ വ്യാജ അക്കൗണ്ട് ഉണ്ടാക്കിയാണ് പ്രതി തട്ടിപ്പ് നടത്തിയതെന്ന് ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു. വ്യാജ അക്കൗണ്ട് എങ്ങനെ ഉണ്ടാക്കി, ഇതിനായി ഉപയോഗിച്ച ഹാർഡ് വെയർ എന്നിവ കണ്ടേത്തണ്ടതുണ്ട്. മോൻസന്റെ വീട്ടിൽ നിന്ന് നിരവധി ഇലക്ടോണിക് ഉപകരങ്ങളും പിടിച്ചടുത്തിട്ടുണ്ട്. ഇവ പരിശോധിക്കണമെന്നും തട്ടിപ്പിന്റെ വ്യാപ്തി അറിയണമെങ്കിൽ അഞ്ച് ദിവസമെങ്കിലും കസ്റ്റഡിയിൽ വേണമെന്ന് ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു. എന്നാൽ മൂന്ന് ദിവസത്തേക്കാണ് മോൻസനെ കോടതി ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടത്.

ചൊവ്വാഴ്ച രാവിലെ പതിനൊന്ന് മണിക്കാണ് കേസ് പരിഗണനയ്ക്കായി വച്ചത്. എന്നാൽ വൈദ്യപരിശോധനയ്ക്കിടെ രക്തസമ്മർദ്ദം ഉയർന്നതിനാൽ മോൻസനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആരോഗ്യനില വീണ്ടെടുത്തതിന് പിന്നാലെ വൈകീട്ട് നാല് മണിയോടെയാണ് മോൻസനെ കോടതിയിൽ ഹാജരാക്കിയത്. രാവിലെ കോടതിയിലെത്തിക്കുന്നതിന് മുൻപ് നടത്തിയ വൈദ്യപരിശോധനയിലാണ് രക്തസമ്മർദ്ദം ഉയർന്ന നിലയിൽ കണ്ടത്. തുടർന്ന് എറണാകുളത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് കോവിഡ് ടെസ്റ്റും പൂർത്തിയാക്കി.

അതേ സമയം മോൻസൻ മാവുങ്കലിന്റെ കലൂരിലെ വീട്ടിൽ വനം വകുപ്പ് പരിശോധന നടത്തി. മ്യൂസീയത്തിന്റെ ദൃശ്യങ്ങളിൽ ആനക്കൊമ്പിന്റെ ചിത്രങ്ങൾ കണ്ടതിന് പിന്നാലെയാണ് പരിശോധന. കഴിഞ്ഞ ദിവസങ്ങളിൽ വിവിധ വകുപ്പുകൾ ഇവിടെ പരിശോധന നടത്തിയിരുന്നു.

മോൺസൻ മാവുങ്കലിന്റെ മ്യൂസിയവുമായി ബന്ധപ്പെട്ട ദൃശ്യങ്ങളിൽ ആനക്കൊമ്പ് ഘടിപ്പിച്ച കസേരയുടെ ചിത്രം വ്യക്തമായിരുന്നു. മോൺസൻ മാവുങ്കലിന്റെ കലൂർ വൈലോപ്പിള്ളി ലൈനിലുള്ള വീട്ടിലാണ് വനം വകുപ്പ് പരിശോധന നടത്തിയത്. ആനക്കൊമ്പ് അടക്കമുള്ള വസ്തുക്കൾ കണ്ടെത്തിയ സാഹചര്യത്തിലായിരുന്നു പരിശോധന.

കഴിഞ്ഞ ദിവസങ്ങളിലായി പുറത്തുവന്ന മോൻസന്റെ പുരാവസ്തു ശേഖരത്തിൽ രണ്ട് ആനക്കൊമ്പുകളുടെ ചിത്രം പുറത്തുവന്നിരുന്നു.ആ ദൃശ്യങ്ങളുടെ ഭാഗമായാണ് വനം വകുപ്പ് പ്രാഥമിക പരിശോധന നടത്തിയത്. ഈ ആനക്കൊമ്പ് യഥാർഥമാണോ, അങ്ങനെയെങ്കിൽ എവിടെ നിന്നാണ് ലഭിച്ചത് തുടങ്ങിയ കാര്യങ്ങൾ അറിയുകയായിരുന്നു പരിശോധനയുടെ ലക്ഷ്യം. കൂടാതെ ആനക്കൊമ്പിന് പുറമെ മറ്റേതെങ്കിലും വന്യമൃഗങ്ങളുടെ കൊമ്പുകളും ശേഖരത്തിലുണ്ടോ എന്നും വനംവകുപ്പ് പരിശോധിച്ചു.

കൂടാതെ ആഡംബര വാഹനങ്ങളുമായി ബന്ധപ്പെട്ട് വലിയ തോതിലുള്ള തട്ടിപ്പ് നടത്തിയതായി പരാതി ഉയർന്നതിനിടെ മോൺസൻ മാവുങ്കലിന്റെ കലൂരിലെ വീട്ടിൽ കസ്റ്റംസും റെയ്ഡ് നടത്തി. കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ നിന്നുള്ള സംഘമാണ് കലൂരിലെ വീട്ടിലെത്തി പരിശോധന നടത്തിയത്.

നേരത്തെ കലൂരിലെ വീട്ടിലും ചേർത്തലയിലെ വീട്ടിലും ക്രൈംബ്രാഞ്ച് നടത്തിയ റെയ്ഡിൽ വലിയ തോതിൽ ആഡംബര വാഹനങ്ങൾ കണ്ടെത്തിയിരുന്നു. ഇതര സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്ത ആഡംബര വാഹനങ്ങളാണ് ഇവിടെയുള്ളത്. ഈയൊരു പശ്ചാത്തലത്തിൽ കൂടിയാണ് കസ്റ്റംസ് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തിയത്.

ചേർത്തല പൊലീസിൽ ലഭിച്ച പരാതി അനുസരിച്ച് ആഡംബര വാഹനങ്ങളുടെ ഇടപാടുമായി ബന്ധപ്പെട്ട് ഏഴ് കോടി രൂപയുടെ തട്ടിപ്പ് നടന്നിട്ടുണ്ട്. പിന്നീട് ഇത് ക്രൈംബ്രാഞ്ചിന് കൈമാറി


മോൻസനെതിരായ രണ്ടാമത്തെ കേസിലും ക്രൈംബ്രാഞ്ച് അറസ്റ്റ് രേഖപ്പെടുത്തി. പാലാ മീനച്ചിൽ സ്വദേശി രാജീവ് ശ്രീധരൻ നൽകിയ പരാതിയിലാണ് അറസ്റ്റ്. രാജീവിൽനിന്നു 1.68 കോടി രൂപ തട്ടിയെടുത്തെന്നാണ് പരാതി. രാവിലെ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ ജയിലിലെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

അതേസമയം, മോൻസൺ മാവുങ്കലിന് എതിരെ അന്വേഷണം വേണമെന്ന എഡിജിപി മനോജ് എബ്രഹാമിന്റെ നിർദ്ദേശം ഡിജിപിയായിരുന്ന ലോക്നാഥ് ബെഹ്റ ഗൗരവമായി കണ്ടില്ലെന്ന് റിപ്പോർട്ട്. മോൻസണിന് എതിരായ ക്രൈം ബ്രാഞ്ച് അന്വേഷണം എതിർത്ത ലക്ഷമണയ്ക്ക് എതിരെയുള്ള നടപടിയും ലോക്നാഥ് ബെഹ്റ ഒതുക്കി. മോൻസന്റെ വീട്ടിൽ കണ്ട കാര്യങ്ങളിൽ മനോജ് എബ്രഹാമിന്റെ സംശയമാണ് അന്വേഷണത്തിന് വഴിവെച്ചത്.

2019ൽ കൊച്ചിയിൽ നടന്ന ഒരു ഐപിഎസ് ഉദ്യോഗസ്ഥന്റെ വിവാഹത്തിൽ പങ്കെടുത്തതിന് പിന്നാലെയാണ് ബെഹ്റ മനോജ് എബ്രഹാമിനെയും കൂട്ടി മോൻസൺ മാവുങ്കലിന്റെ വീട്ടിലേക്ക് പോയത്. എന്നാൽ മോൻസണിന്റെ വീട്ടിൽ നിന്ന് തിരുവനന്തപുരത്ത് എത്തിയ മനോജ് എബ്രഹാം മോൻസൺന്റെ സാമ്പത്തിക വളർച്ചയിൽ അന്വേഷണം അനിവാര്യമാണെന്ന് ബെഹ്റയെ അറിയിച്ചുവെന്നാണ് വിവരം.

കൂടാതെ ഇന്റലിജൻസ് സംവിധാനം വഴി മനോജ് എബ്രഹാം ശേഖരിച്ചിരുന്ന വിവരങ്ങളും കൈമാറി. ക്രിമിനൽ പരാതി ഇല്ലാത്തതിനാൽ മോൻസണിന് എതിരെ പൊലീസ് അന്വേഷണം സാധിക്കില്ലെന്ന് മനസിലാക്കിയ മനോജ് എബ്രഹാം അനധികൃത പണ ഇടപാട് നടക്കുന്നതായി ഇഡിയുടെ ശ്രദ്ധയിൽപെടുത്താൻ ബെഹ്റയോട് ആവശ്യപ്പെട്ടുവെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ തന്നെ റിപ്പോർട്ടർ ചാനലിനോട് പറഞ്ഞു.

പിന്നീട് പരാതിക്കാർ മുഖ്യമന്ത്രിയെ കണ്ട് പരാതി നൽകിയ ശേഷം നടന്ന അന്വേഷണത്തിലും മനോജ് എബ്രഹാമാണ് ചുക്കാൻ പിടിച്ചതെന്നാണ് വിവരം. മോൻസൺ മാവുങ്കലിന് എതിരെയുള്ള ക്രൈം ബ്രാഞ്ച് അന്വേഷണം ലോക്കൽ പൊലീസിലേക്ക് മാറ്റാൻ നിർദ്ദേശിച്ച ഐജി ലക്ഷമണയ്ക്ക് എതിരെ നടപടി എടുക്കണമെന്ന് മനോജ് എബ്രഹാം ആവശ്യപ്പെട്ടിരുന്നുവെന്ന വിവരങ്ങളും പുറത്തു വരുന്നുണ്ട്. എന്നാൽ ഡിജിപിയായിരുന്ന ബെഹ്റ ലക്ഷമണയ്ക്ക് എതിരെയുള്ള നടപടിയെടുക്കുന്നതിനെ എതിർത്തെന്നാണ് വിവരം. മുൻ ഡിജിപിയും, ഐജിയും എഐജി യും എസിപിമാരും ആരോപണ വിധേയരായ കേസ് ആയതിനാൽ സേനയ്ക്ക് ഉളിൽ തന്നെ പരിശോധന നടത്താൻ ഇപ്പോഴത്തെ പൊലീസ് മേധാവി രഹസ്യ നിർദ്ദേശം നൽകിയെന്ന് പൊലീസ് വൃത്തങ്ങൾ നൽകുന്ന വിവരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP