Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പുതിയ കെപിസിസി നേതൃത്വത്തിന്റേത് തെറ്റായ ശൈലി; പ്രതീക്ഷയ്ക്ക് ഒത്ത് ഉയർന്നില്ല; ഈ രീതി പാർട്ടിക്ക് കനത്ത തിരിച്ചടി ഉണ്ടാക്കുമെന്നും താരിഖ് അൻവറും ആയുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം സുധീരൻ; സുധീരന്റെ രാജി ശരിയായില്ലെന്ന് പി.ജെ.കുര്യൻ

പുതിയ കെപിസിസി നേതൃത്വത്തിന്റേത് തെറ്റായ ശൈലി; പ്രതീക്ഷയ്ക്ക് ഒത്ത് ഉയർന്നില്ല; ഈ രീതി പാർട്ടിക്ക് കനത്ത തിരിച്ചടി ഉണ്ടാക്കുമെന്നും താരിഖ് അൻവറും ആയുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം സുധീരൻ; സുധീരന്റെ രാജി ശരിയായില്ലെന്ന് പി.ജെ.കുര്യൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കെ.സുധാകരനും, വി.ഡി.സതീശനും അടക്കമുള്ള പുതിയ കെപിസിസി നേതൃത്വത്തിന് എതിരെ വി എം.സുധീരന്റെ രൂക്ഷ വിമർശനം. നേതൃത്വത്തിന്റെ ശൈലി തെറ്റാണെന്നും പ്രതീക്ഷയ്ക്ക് ഒത്തുയർന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. താനുമായി കൂടിക്കാഴ്ചയ്ക്ക് എത്തിയ എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറിനോടാണ് സുധീരൻ ഇക്കാര്യം തുറന്നടിച്ചത്.

കോൺഗ്രസിന്റെ നന്മയ്ക്ക് യോജിക്കാത്ത നടപടികൾ ഉണ്ടായതാണ് പ്രതികരിക്കാൻ കാരണമെന്നും പാർട്ടിയുടെ പുതിയ നേതൃത്വം പ്രതീക്ഷയ്ക്ക് ഉയർന്നില്ലെന്നും സുധീരൻ പറഞ്ഞു. പരാതികൾ ചൂണ്ടിക്കാണിച്ചിട്ടും നേതൃത്വം അത് പരിഗണിച്ചില്ല. കോൺഗ്രസിലെ തെറ്റായ ശൈലികളും പ്രവർണതകളുമാണ് ചൂണ്ടിക്കാട്ടിയത്. പാർട്ടിയെക്കുറിച്ചുള്ള തന്റെ ആകുലതകൾ താരീഖ് അൻവറുമായി പങ്കുവെച്ചു. പാർട്ടിയെ ശരിയായ ദിശയിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ ഹൈക്കമാന്റിൽ നിന്നും പ്രതീക്ഷിക്കുന്നുണ്ട്. താൻ ഉന്നയിച്ച പരാതികൾക്ക് പരിഹാരം ഉണ്ടാകുമോ എന്നാണ് കാത്തിരിക്കുന്നത്. ഇപ്പോഴത്തെ നിലയിൽ മുന്നോട്ട് പോയാൽ തിരിച്ചടി ഉണ്ടാകുമെന്നും സുധീരൻ പറഞ്ഞു.

സുധീരന്റെ വാക്കുകൾ:

താരീഖ് അൻവർ എനിക്ക് പറയാനുള്ളത് ശ്രദ്ധിച്ചു കേട്ടു. കോൺഗ്രസിനെ സംബന്ധിച്ച് പുതിയ നേതൃത്വം വളരെ പ്രതീക്ഷയോടെയാണ് വന്നത്. പക്ഷെ, പ്രതീക്ഷക്ക് അനുസരിച്ച് കാര്യങ്ങൾ മുന്നോട്ട് പോകാത്ത സാഹചര്യമുണ്ടായി. തെറ്റായ ശൈലിയും പ്രവണതകളും പ്രകടമായി. അതൊന്നും സംസ്‌കാരത്തിന് ചേർന്നതല്ല. ഇതോടെയാണ് ഞാൻ പ്രതികരിക്കാൻ തീരുമാനിച്ചത്. കത്ത് നൽകിയെങ്കിലും മറുപടി ലഭിച്ചില്ല. ഇപ്പോഴും എന്റെ മനസിലെ കാര്യങ്ങൾ വെളിപ്പെടുത്തുന്നില്ല. തെറ്റായ ശൈലികൾ പാർട്ടിക്ക് ദോഷമായി വരും, ഇതും ഞാൻ താരീഖ് അൻവറിനോട് പറഞ്ഞിട്ടുണ്ട്

ഇന്ന് കേരളത്തിൽ നടന്നുകൊണ്ടിക്കുന്ന നടപടികൾ തീരുത്തുമെന്ന് പ്രതീക്ഷിക്കുന്നു. തീരുമാനങ്ങളും നടപടികളും എങ്ങനെ വരുമെന്ന് ഞാൻ കാത്തിരിക്കുകയാണ്. പറഞ്ഞ കാര്യങ്ങൾക്ക് ഉചിതമായ പരിഹാരമുണ്ടാകുമോയെന്നാണ് ഉറ്റുനോക്കുന്നത്. അതിന് വേണ്ടിയാണ് കാത്തിരിക്കുന്നത്. കോൺഗ്രസിനെ ശരിയായ ദിശയിൽ മുന്നോട്ട് കൊണ്ടുപോകണം. ശക്തിപ്പെടുത്തണം. ഈ രീതിയിൽ മുന്നോട്ട് പോയാൽ കനത്ത തിരിച്ചടിയായിരിക്കും പാർട്ടി നേരിടേണ്ടി വരുക. ഉചിതമായ തീരുമാനമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. എന്റെ ഒരു നിലപാടിലും മാറ്റമില്ല.''

സുധീരന്റെ നിർദ്ദേശങ്ങൾ ഗൗരവത്തോടെ പരിഗണിക്കുമെന്ന് താരീഖ് അൻവർ പ്രതികരിച്ചു. സുധീരന്റെ ഉപദേശങ്ങൾ പാർട്ടിക്ക് അനിവാര്യമാണെന്നും അദ്ദേഹവുമായുള്ള ചർച്ച ഫലപ്രദമായിരുന്നെന്നും താരീഖ് പറഞ്ഞു.മുല്ലപ്പള്ളി രാമചന്ദ്രനുമായും താരിഖ് അൻവർ ചർച്ച നടത്തി. കൂടിയാലോചിക്കാതെ തീരുമാനങ്ങളെടുക്കുന്നതിലെ അതൃപ്തി അദ്ദേഹം അറിയിച്ചതായാണ് സൂചന.

ഡിസിസി പുനഃസംഘടനയിൽ പൊട്ടിത്തെറി പരസ്യമാക്കിയ സുധീരൻ ഹൈക്കമാൻഡിനോട് കടുത്ത അതൃപ്തി പ്രകടമാക്കിയാണ് എഐസിസി അംഗത്വം രാജിവെച്ചത്. വെള്ളിയാഴ്ച വൈകിട്ടാണ് സോണിയാഗാന്ധിക്ക് കത്തയച്ചത്. എഐസിസി അംഗത്വം രാജി വച്ചെങ്കിലും പാർട്ടിയിൽ തന്നെ തുടരുമെന്നാണ് സുധീരൻ അറിയിക്കുന്നത്.

പുനഃസംഘടനയിൽ നാല് പേർ മാത്രം തീരുമാനമെടുക്കുന്നുവെന്ന ആക്ഷേപം ഉന്നയിച്ച സുധീരൻ ഇക്കാര്യം അറിയിച്ചിട്ടും ഹൈക്കമാൻഡ് ഇടപെട്ടിട്ടില്ലെന്നാണ് പരാതിപ്പെടുന്നത്. ഹൈക്കമാൻഡ് ബ്ലാങ്ക് ചെക്ക് നൽകിയിട്ടും സംസ്ഥാനനേതൃത്വം പരാജയപ്പെട്ടുവെന്നും ഇതറിഞ്ഞിട്ടും ഹൈക്കമാൻഡ് മിണ്ടിയില്ലെന്നുമാണ് സുധീരൻ ഉന്നയിക്കുന്ന ആക്ഷേപം.

അതേസമയം, വി എം. സുധീരനെ രൂക്ഷമായി വിമർശിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് പി.ജെ. കുര്യൻ രംഗത്തെത്തി. പാർട്ടിക്ക് അധികാരമില്ലാതെ ക്ഷീണിച്ചിരിക്കുമ്പോളുള്ള സുധീരന്റെ രാജി നീതീകരിക്കാനാവില്ലെന്ന് അദ്ദേഹം ഫേസ്‌ബുക്ക് കുറിപ്പിൽ പറഞ്ഞു.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

രാജി വേണ്ടിയിരുന്നോ?

പാർട്ടിക്ക് അധികാരവും ശക്തിയും ഉള്ളപ്പോൾ പല സ്ഥാനങ്ങളും വഹിച്ച ശ്രീ. വി എം.സുധീരൻ പാർട്ടി ക്ഷീണിച്ചിരിക്കുന്ന ഈ അവസരത്തിൽ രാജിവയ്ക്കണമായിരുന്നോ? അധികാരവും ശക്തിയും ഉള്ളപ്പോൾ ഇത്തരം ലക്ഷ്വറി വേണമെങ്കിൽ ആകാം.

ശ്രീ വി എം സുധീരൻ കമ്മറ്റികളിൽ നിന്ന് രാജിവെയ്ക്കുന്നതിനു പകരം കമ്മിറ്റികളിൽ സജീവമായി പങ്കെടുത്ത് അഭിപ്രായം പറഞ്ഞ് നേതൃത്വത്തിന് തെറ്റു പറ്റിയെങ്കിൽ തിരുത്താൻ ശ്രമിക്കുകയായിരുന്നു വേണ്ടത്. എന്തായാലും പാർട്ടിക്ക് അധികാരമില്ലാതെ ശക്തി കുറഞ്ഞ് ക്ഷീണിച്ചിരിക്കുമ്പോൾ രാഷ്ട്രീയകാര്യ സമിതിയിൽ നിന്നും, എഐസിസിയിൽ നിന്നുമുള്ള ശ്രീ.സുധീരന്റെ രാജി നീതീകരിക്കാനാവില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP