Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സാങ്കേതികതയിൽ ഊന്നി ജാതി സെൻസസിൽ നിന്ന് രക്ഷപ്പെടാൻ ബിജെപിയും കേന്ദ്രസർക്കാരും നോക്കുമ്പോൾ മറുവശത്ത് സമ്മർദ്ദം കൂട്ടി പ്രാദേശിക പാർട്ടികൾ; ജെഡിയുവും എതിരാളികൾക്കൊപ്പം കൂട്ടുകൂടിയതും തലവേദന

സാങ്കേതികതയിൽ ഊന്നി ജാതി സെൻസസിൽ നിന്ന് രക്ഷപ്പെടാൻ ബിജെപിയും കേന്ദ്രസർക്കാരും നോക്കുമ്പോൾ മറുവശത്ത് സമ്മർദ്ദം കൂട്ടി പ്രാദേശിക പാർട്ടികൾ; ജെഡിയുവും എതിരാളികൾക്കൊപ്പം കൂട്ടുകൂടിയതും തലവേദന

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ജാതി സെൻസസ് നടത്താൻ കടുത്ത സമ്മർദ്ദം ചെലുത്താൻ പ്രാദേശിക പാർട്ടികൾ നീക്കം തുടങ്ങി. ആർജെഡിയും, സമാജ്വാദി പാർട്ടിയും, ബിഎസ്‌പിയും ജാതി സെൻസസിന് വേണ്ടി വാദിക്കുമ്പോൾ അവർക്കൊപ്പം എൻഡിഎയിലുള്ള ജെഡിയുവും ചേർന്നിരിക്കുകയാണ്. ഈ വിഷയത്തിൽ തങ്ങൾ ബിഹാറിൽ സർവകക്ഷി യോഗം ചേരുമെന്ന് മുഖ്യമന്ത്രി നിതീഷ് കുമാർ ഞായറാഴ്ച വ്യക്തമാക്കിയിരുന്നു. ആർജെഡിയുടെ നേതൃത്വത്തിൽ പ്രതിപക്ഷ പാർട്ടികളുടെ ഐക്യനിര തീർത്ത് സർക്കാരിന് മേൽ സമ്മർദ്ദം ശക്തമാക്കാനാണ് ശ്രമം. ജാതി സെൻസസ് നടത്തില്ലെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ അറിയിച്ചതോടെയാണ് എതിർനീക്കം ശക്തമായത്.

അടുത്ത വർഷം നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പുകളിൽ ജാതി സെൻസസ് നിർണായക വിഷയമാക്കാനാണ് പ്രതിപക്ഷ നീക്കം. ജാതി രാഷ്ട്രീയം ശക്തമായ ബിഹാർ, ജാർഖണ്ഡ് സംസ്ഥാനങ്ങളിലെ പാർട്ടികൾ, വിഷയമുയർത്തി ഇതിനോടകം പ്രധാനമന്ത്രിയേയും ആഭ്യന്തരമന്ത്രിയേയും കണ്ടുകഴിഞ്ഞു. വിവിധ പാർട്ടികളിലെ 33 നേതാക്കൾക്ക് കത്തെഴുതി പ്രതിപക്ഷത്തെ ഒരുമിപ്പിക്കാനുള്ള ശ്രമത്തിലാണ് ആർജെഡി. ആവശ്യം ഉയർത്തുന്നത്.

ജാതി സെൻസസ് നടത്തിയാൽ ഇത് അടിസ്ഥാനമാക്കിയുള്ള ആവശ്യങ്ങളും ശക്തമാകുമെന്നതാണ് ബിജെപിയുടെ വിലയിരുത്തൽ. ജാതി സെൻസസ് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് നിതീഷ് കുമാർ ഞായറാഴ്ച ഡൽഹിയിൽ പറഞ്ഞു. നിയമാനുസൃതമായ ആവശ്യമാണ് ജാതി സെൻസസ്. ജാതി സെൻസസ് രാജ്യത്തിന്റെ വികസനത്തിന് അനുകൂലമാണ്. പിന്നോക്ക ജാതികൾക്കായി ലക്ഷ്യമിട്ട ക്ഷേമ പദ്ധതികൾ രൂപീകരിക്കാൻ നയങ്ങൾക്ക് രൂപംകൊടുക്കുന്നവരെ ഇത് സഹായിക്കും. ജാതി സെൻസസ് നടത്തണം.

ജാതി സെൻസസിന് വേണ്ടി വാദിക്കുന്ന പാർട്ടികൾ തങ്ങളുടെ സംഘടനയിലും ജനപ്രതിനിധികളിലും എത്രത്തോളം വ്യത്യസ്ത സാമൂഹിക ഗ്രൂപ്പുകൾ ഉണ്ടെന്ന് പരിശോധിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടിരുന്നു. ദരിദ്രരരുടെ നേതാക്കളായി സ്വയം ഉയർത്തിക്കാട്ടുന്ന നേതാക്കൾ സ്വന്തം കുടുംബങ്ങൾക്കാണ് പ്രാധാന്യം നൽകിയതെന്നും ബിജെപി വക്താവ് സുധാംശു ത്രിവേദി ഞായറാഴ്ച വിമർശിച്ചിരുന്നു.

മുലായം സിങ്ങിനെ ധർത്തി പുത്ര അല്ലെങ്കിൽ മണ്ണിന്റെ മകൻ എന്നാണ് വിളിച്ചിരുന്നതെങ്കിലും ഒടുവിൽ അദ്ദേഹം മകനെ പ്രമോട്ട് ചെയ്യുകയായിരുന്നു. ആരാധകർ ബെഹൻ എന്ന് വിശേഷിപ്പിക്കുന്ന മായാവതി സ്വന്തം സഹോദരനെ വളർത്തുകയായിരുന്നു. ആർജെഡിയാകട്ടെ കുടുംബഭരണത്തിലും അഴിമതിയിലും മുങ്ങി കിടക്കുന്നു, ബിജെപി വക്താവ് വെള്ളിയാഴ്ച പരിഹസിച്ചു.

ജാതി അടിസ്ഥാനത്തിലുള്ള സെൻസസ് നടത്തില്ലെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. സെൻസസിൽ പിന്നാക്ക വിഭാഗക്കാർക്ക് പ്രത്യേക പ്രാതിനിധ്യം നൽകുന്നത് സാങ്കേതികമായ വെല്ലുവിളികൾ ഉണ്ടാക്കുന്നതാണ്.കഴിഞ്ഞ പ്രാവശ്യത്തെ സാമൂഹിക-സാമ്പത്തിക ജാതി സെൻസസിൽ ധാരാളം തെറ്റായ വിവരങ്ങൾ ഉണ്ടായിരുന്നതായും കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. 2011ലെ സാമൂഹിക സാമ്പത്തിക ജാതി സെൻസസിൽനിന്നും മറ്റു പിന്നാക്ക വിഭാഗങ്ങളെ കുറിച്ചുള്ള വിവരങ്ങൾ ആവശ്യപ്പെട്ടുകൊണ്ടുള്ള മഹാരാഷ്ട്ര സർക്കാരിന്റെ ഹർജിയെ തുടർന്നാണ് കേന്ദ്രം സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചത്.

ഈ വർഷം നടക്കുന്ന സെൻസസിൽ പട്ടിക ജാതി, പട്ടിക വർഗക്കാർ ഒഴികെയുള്ള വിഭാഗക്കാരെ പരിഗണിക്കേണ്ടതില്ലെന്ന തീരുമാനം ജനുവരിയിൽ കേന്ദ്ര സാമൂഹിക ക്ഷേമ മന്ത്രാലയം എടുത്തിരുന്നു.രാജ്യത്തെ കുടുംബങ്ങളുടെ ജീവിത സാഹചര്യം വിലയിരുത്തുന്നതിന് വിവിധ സാമൂഹിക സാമ്പത്തിക സൂചികകളാകും ഉപയോഗിക്കുക. അങ്ങനെ ലഭ്യമാ കുന്ന വിവരങ്ങൾ ഉപയോഗിച്ചാവും കേന്ദ്രസർക്കാർ രൂപം നൽകുന്ന വിവിധ ദാരിദ്ര്യനിർമ്മാർജന പദ്ധതികളിലേക്കായി ആളുകളെ ഉൾപ്പെടുത്തുക.

കഴിഞ്ഞ എസ്ഇസി സെൻസസിൽ 4.28 ലക്ഷം ജാതികളാണ് മഹാരാഷ്ട്രയിൽ നിലവിലുള്ളതായി കണ്ടെത്തിയത്. എന്നാൽ മഹാരാഷ്ട്ര സർക്കാരിന്റെ കണക്കു പ്രകാരം സംസ്ഥാനത്തെ എസ്സി, എസ്ടി വിഭാഗക്കാരടക്കമുള്ള പിന്നാക്കക്കാരായി 494 വിഭാഗങ്ങളെ മാത്രമേ തരംതിരിച്ചിട്ടുള്ളു. ജാതി തിരിച്ചുള്ള സെൻസസ് നടത്തുന്ന രീതിയിലുള്ള പിഴവുകളാണിതിനു കാരണമെന്നാണ് കേന്ദ്രത്തിന്റെ വാദം.

ജാതിയടിസ്ഥാനത്തിൽ രാജ്യത്തെ വിവിധ സ്ഥാപനങ്ങളിലേക്കായുള്ള പ്രവേശനം, സംവരണം, തെരഞ്ഞെടുപ്പുകൾ തുടങ്ങിയവയ്ക്ക് യാതൊരു മാനദണ്ഡവും നിലവിൽ പിന്തുടരുന്നില്ലെന്നും ജാതിയടിസ്ഥാനത്തിലുള്ള ജനസംഖ്യ കണക്കെടുപ്പ് ജനങ്ങളുടെ ജീവിത നിലവാരങ്ങൾ മനസിലാക്കുന്നതിനുള്ള നേരായ മാർഗമല്ലെന്നും ഇപ്പോഴത്തെ രീതി പിന്തുടർന്നാൽ ശരിയായ കണക്കുകൾ ലഭിക്കില്ലെന്നും കേന്ദ്രസർക്കാർ സത്യവാങ്മൂലത്തിൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP