Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കനയ്യ പോകില്ലെന്ന പ്രതീക്ഷയിൽ സിപിഐ; യുവതലമുറകളുടെ ഹീറോകളായ രണ്ട് നേതാക്കൾ രാഹുലിനൊപ്പം അണിചേരുമ്പോൾ കോൺഗ്രസിന് നേട്ടമുണ്ടാകുമോ? സിന്ധ്യ അടക്കമുള്ള രാഹുൽ ബ്രിഗേഡ് നേതാക്കൾ ബിജപിയിലേക്ക് മറുകണ്ടം ചാടിയപ്പോൾ അടിയുറച്ച സംഘപരിവാർ വിരുദ്ധ പോരാളികൾക്ക് കൈ കൊടുക്കാൻ കോൺഗ്രസ്

കനയ്യ പോകില്ലെന്ന പ്രതീക്ഷയിൽ സിപിഐ; യുവതലമുറകളുടെ ഹീറോകളായ രണ്ട് നേതാക്കൾ രാഹുലിനൊപ്പം അണിചേരുമ്പോൾ കോൺഗ്രസിന് നേട്ടമുണ്ടാകുമോ? സിന്ധ്യ അടക്കമുള്ള രാഹുൽ ബ്രിഗേഡ് നേതാക്കൾ ബിജപിയിലേക്ക് മറുകണ്ടം ചാടിയപ്പോൾ അടിയുറച്ച സംഘപരിവാർ വിരുദ്ധ പോരാളികൾക്ക് കൈ കൊടുക്കാൻ കോൺഗ്രസ്

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ജിഗ്നേഷ് മേവാനിക്കൊപ്പം കോൺഗ്രസ് അംഗത്വം സ്വീകരിക്കാൻ സിപിഐയിലെ തീപ്പൊരി നേതാവ് കനയ്യ കുമാർ ഉണ്ടാകുമോ? സിപിഐ വിട്ട് കനയ്യ കോൺഗ്രസിലേക്ക് പോകുമെന്ന വാർത്തകൾ ശക്തമാകുമ്പോൾ അവസാന നിമിഷത്തെ പ്രതീക്ഷയിലാണ് സിപിഐ. കനയ്യ കുമാറിനെതിരെ നടപടി ആലോചിക്കുന്നില്ലെന്ന് സിപിഐ വൃത്തങ്ങൾ പറയുന്നു. എന്തു സംഭവിക്കുന്നു എന്നറിയാൻ ഒരു ദിവസം കാത്തിരിക്കുമെന്നും നേതാക്കൾ അറിയച്ചു. കനയ്യ ഇതുവരെ പാർട്ടി വിടുമെന്ന് അറിയിച്ചിട്ടില്ലെന്നും സിപിഐ ദേശീയ നേതൃത്വം ആരോപിക്കുന്നത്.

അതേസമയം കോൺഗ്രസ് പ്രവേശം സ്ഥിരീകരിച്ച ഗുജറാത്ത് എംഎൽഎ ജിഗ്‌നേഷ് മേവാനി, തനിക്കൊപ്പം കനയ്യ കുമാറും കോൺഗ്രസിലേക്ക് ചേരുമെന്നും പരസ്യ പ്രതികരണം നടത്തിയിരുന്നു. നാളെയാകും ഇരുവരും കോൺഗ്രസിൽ ചേരുക. രാഹുൽ ഗാന്ധിയുടെ സാന്നിധ്യത്തിൽ ഡൽഹിയിലായിരിക്കും പാർട്ടി പ്രവേശം. ഭഗത് സിങ് ദിനത്തിൽ ഇരുവരും പാർട്ടിയിലെത്തുമെന്ന് ഉന്നത കോൺഗ്രസ് വൃത്തങ്ങൾ സ്ഥിരീകരിച്ചിരുന്നു. എന്നാൽ കനയ്യ റിപ്പോർട്ടുകൾ തള്ളുകയോ സ്ഥിരീകരിക്കുകയോ ചെയ്തിട്ടില്ല.

രാഹുൽഗാന്ധിക്ക് പുറമെ പ്രിയങ്കാ ഗാന്ധി, പ്രശാന്ത് കിഷോർ എന്നിവരുമായും യുവനേതാക്കൾ സംസാരിച്ചെന്നാണ് നേരത്തെ വിവരം പുറത്തുവന്നത്. കനയ്യ കുമാറിന് ബിഹാറിൽ നിർണ്ണായക പദവി നൽകുമ്പോൾ ജിഗ്‌നേഷ് മേവാനിക്ക് ഗുജറാത്ത് വർക്കിങ് പ്രസിഡന്റ് സ്ഥാനം വാഗാദാനം ചെയ്തതെന്നാണ് സൂചന. മോദിക്കും ബിജെപിക്കും എതിരെ പോരാട്ടം നയിക്കുമ്പോൾ അടിയുറച്ചു നിൽക്കുന്ന രണ്ട് യുവമുഖങ്ങളെയാണ് രാഹുൽ ഗാന്ധിക്ക് ആവശ്യം. അതുകൊണ്ടാണ് അദ്ദേഹം ജിഗ്നേഷ് മേവാനിയെയും കനയ്യ കുമാറിനെയും ഒപ്പം ചേർക്കുന്നത്.

കഴിഞ്ഞ നിയമ സഭ തെരഞ്ഞെടുപ്പിൽ ഗുജറാത്തിലെ വാദ്ഗാം സീറ്റിൽ മത്സരിക്കുമ്പോൾ സ്ഥാനാർത്ഥിയെ നിർത്താതെ ജിഗ്‌നേഷ് മേവാനിക്ക് കോൺഗ്രസ് പൂർണ്ണ പിന്തുണ നൽകുകയായിരുന്നു. വരാനിരിക്കുന്ന ഗുജറാത്ത് തെരഞ്ഞെടുപ്പിലും മേവാനിയുമായുള്ള സഹകരണം ഗുണം ചെയ്യുമെന്ന് കോൺഗ്രസ് കരുതുന്നു. ഇരുവരും കോൺഗ്രസിലെത്തുമ്പോൾ വലിയൊരു അനുയായി വൃന്ദവും ഒപ്പം ചേരും. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി കൂടുതൽ യുവ നേതാക്കളെ പാളയത്തിലെത്തിക്കാനാണ് രാഹുൽ ഗാന്ധിയുടെ നീക്കം. ആൾക്കൂട്ടത്തെ ആകർഷിക്കാൻ കഴിയുന്ന നേതാക്കളുടെ ക്ഷാമമുള്ളപ്പോൾ ഇരുവരുടെയും കടന്ന് വരവ് ഗുണം ചെയ്യുമെന്നാണ് കണക്ക് കൂട്ടൽ.

സംഘവിരുദ്ധരായ രണ്ട് നേതാക്കൾ രാഹുൽ ഗാന്ധിക്കൊപ്പം കൈകോർക്കുമ്പോൾ എന്തെങ്കിലും അത്ഭുതം സംഭവിക്കുമോ എന്ന് കണ്ടു തന്നെ അറിയണം. മോദിയോട് നേരിട്ടു പോരാടി അടുത്തകാലത്ത് വിജയിച്ചത് മമത ബാനർജിയാണ്. അതേസമയം രാഹുൽ ഗാന്ധിയാകട്ടെ മോദിക്ക് ഒരു എതിരാളി പോലുമല്ലെന്ന നിലയിലാണ് ദേശീയ തലത്തിലെ ഇപ്പോഴത്തെ അവസ്ഥ. മുഴുവൻ സമയം രാഷ്ട്രീയത്തിൽ ഇടപെടാതെ ഇടക്കിടെ മുങ്ങി പൊങ്ങി കളിക്കുന്ന വ്യക്തിയാണ് രാഹുൽ.

കുടുംബ പാരമ്പര്യമായി കിട്ടിയ രാഷ്ട്രീയത്തിന് അപ്പുറത്തേക്ക് ഒന്നും ചെയ്യാൻ രാഹുലിനെ കൊണ്ട് സാധിച്ചിട്ടില്ല. രാഷ്ട്രീയത്തിൽ ഒപ്പം കൂട്ടിയതാകട്ടെ കുടുംബ പാരമ്പര്യവുമായി രാഷ്ട്രീയത്തിൽ എത്തപ്പെട്ട ഒരുകൂട്ടം രാജകുമാരന്മാരെയായിരുന്നു. ജ്യോതിരാദിത്യ സിന്ധ്യ, സച്ചിൻ പൈലറ്റ്, ഗൗരവ് ഗോഗോയ്, ദീപീന്ദർ സിങ് ഹൂഡ അങ്ങനെ പോകുന്നു രാഹുൽ ബ്രിഗേഡ്. ഈ ബ്രിഗേഡെല്ലാം രാഹുലിന് കൈമോശം സംഭവിച്ചു കഴിഞ്ഞു.

രാഹുൽ ബ്രിഗേഡെന്ന രാഷ്ട്രീയ ബ്രാൻഡിന്റെ പ്രഭാവം സ്വന്തം പാർട്ടിയിൽ പോലും എശാതെപോയി. ജി 23 യെന്ന ബദൽ സംഘത്തെ സൃഷ്ടിക്കുന്നതിൽ വരെ അതെത്തി. ഒരു സാധാരണ രാഷ്ട്രീക്കാരനെന്നതിന് അപ്പുറം രാഹുൽ ഗാന്ധി ഒന്നുമല്ലെന്ന് ഈ വർഷങ്ങൾ തെളിയിച്ചു കഴിഞ്ഞു. നരേന്ദ്ര മോദിയെപ്പോലെ രാഹുൽ ഒരു ജനകീയ നേതാവല്ല. അമിത് ഷായെപ്പോലെ തന്ത്രശാലിയുമല്ല. ഇത് രണ്ടുമില്ലാതെ രാഷ്ട്രീയത്തിൽ എന്ത് നിലനിൽപ്പ്.

മോദി അധികാരത്തിലെത്തിയ ശേഷം ഉയർന്നുവന്ന രണ്ട് നേതാക്കളാണ് കനയ്യ കുമാറും ജിഗ്നേഷ് മേവാനിയും. രണ്ട് പേരും തീപ്പൊരി പ്രാസംഗികർ. ജെഎൻയു വിദ്യാർത്ഥി യൂണിയൻ മുൻ പ്രസിഡന്റും സിപിഐ നേതാവുമായ കനയ്യ കുമാർ, രണ്ടാമത്തേത് മോദിയുടെ തട്ടകമായ ഗുജറാത്തിൽ നിന്നുള്ള ദളിത് നേതാവ് ജിഗ്നേഷ് മേവാനി. രാഷ്ട്രീയത്തിൽ പേരാടി ഇടം കണ്ടെത്തിയ രണ്ട് നായകന്മാർ.

ഇരുവരും രാഹുൽ ഗാന്ധിക്കൊപ്പം ചേരുമ്പോൾ കോൺഗ്രസ് പാർട്ടിക്ക് പ്രതീക്ഷിക്കാൻ എറെയുണ്ട്. നാടിനെയും നാട്ടുകാരെയും അറിയുന്ന രണ്ട് നേതാക്കൾ രാഹുൽ ഗാന്ധിക്ക് നൽകുന്നത് പുതിയ ചിന്തയാകും. അവർ രാഹുലിന് പുതിയ അറിവും ആവേശവും നൽകും. ആംആദ്മിയെ അറിയുന്ന നേതാക്കൾ കൈപിടിക്കുമ്പോൾ രാഹുൽ ഗാന്ധിയും ജനങ്ങൾക്ക് ഇടയിലേക്ക് ഇറങ്ങേണ്ടി വരും. നേരിട്ടു പോരാടാൻ നെഞ്ചുറപ്പോടെ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP